വെള്ളാശേരി ജോസഫ്

ഉത്തരേന്ത്യയിൽ നടമാടുന്ന ‘വയലൻസിനെ’ കുറിച്ച് മനസിലാക്കാനുള്ള വളരെ നല്ല ഒരു സിനിമയാണ് ‘ബണ്ടിറ്റ് ക്യൂൻ’. ആ സിനിമ കേവലം ഫൂലൻ ദേവിയുടെ ചരിത്രം മാത്രമല്ല കാണിക്കുന്നത്. ഫൂലൻ ദേവിയെ നഗ്നയാക്കി ഗ്രാമ വഴികളിലൂടെ നടത്തുമ്പോൾ അമ്മമാർ ആൺകുട്ടികളുടെ കണ്ണ് പൊത്തുന്ന രംഗമുണ്ടത്തിൽ!!! ഇത്തരത്തിൽ ഉത്തരേന്ത്യയിൽ ആൾക്കൂട്ട വിചാരണയും, മർദ്ദനവും കൊലപാതകവും, കൂട്ട ബലാത്സംഗങ്ങളും ചില ഗ്രാമങ്ങളിൽ ഉണ്ടാകാറുണ്ട്. ഉത്തർ പ്രദേശ്, ഹരിയാന, മധ്യ പ്രദേശ് – ഇവിടെയൊക്കെ ഏറ്റവും കൂടുതൽ അക്രമം കാണിക്കുന്നത് ജാട്ടുകളാണ്. പണ്ട് ഉപ പ്രധാന മന്ത്രിയായിരുന്ന ദേവി ലാലിൻറ്റെ ഒരു ‘പച്ച സേന’ ഉണ്ടായിരുന്നു. ഹരിയാന തെരെഞ്ഞെടുപ്പിൽ അവർ ആണിയടിച്ച ലാത്തി വെച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചു കൊല്ലുന്ന ഫോട്ടോയൊക്കെ പത്രങ്ങളിൽ വന്നതാണ്. അന്നൊക്കെ ‘ജാട്ട്’ സമ്മേളനം നടക്കുമ്പോൾ അമ്മമാർ പെൺകുട്ടികളെ ഒളിപ്പിക്കുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ബീഹാറിലെ യാദവരും അക്രമം കാണിക്കുന്നതിൽ ഒട്ടും മോശക്കാരല്ല. ലാലു പ്രസാദ് യാദവിനെ കാലിത്തീറ്റ കേസിൽ അറസ്റ്റു ചെയ്യുന്നതിനെതിരെ കണ്ടമാനം അക്രമം കാണിച്ചവരാണവർ. ജാർക്കണ്ട്, ബീഹാർ, ഛത്തിസ്ഗഢ് – ഈ സംസ്ഥാനങ്ങളിൽ നിന്ന് ദുർമന്ത്രവാദം ആരോപി ച്ച് സ്ത്രീകളെ നഗ്നയാക്കി ഗ്രാമ വഴികളിലൂടെ നടത്താറുണ്ട്. അവരുടെ സ്വത്തു തട്ടിയെടുക്കാനുള്ള തൽപര കക്ഷികളുടെ ശ്രമമാണിതൊക്കെ എന്നാണ് ചിലരൊക്കെ ഇതിനെ കുറിച്ച് പറയുന്നത്.

20-30 വർഷങ്ങൾക്കു മുൻപ് പോലും ദേവദാസി സമ്പ്രദായവും, പെൺകുട്ടികളെ യെല്ലമ്മ ദേവിക്ക് സമർപ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര – എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയിൽ പോലീസ് ദേവദാസി സമ്പ്രദായം അമർച്ച ചെയ്തത്. ഈ പ്രത്യേക സ്ക്വാഡിനോട് പൊരുതാൻ ഗുണ്ടാ സംഘങ്ങളും, തൽപര കക്ഷികളും എത്തി. ഇതൊക്കെ ഈയടുത്ത് നടന്ന സംഭവങ്ങളാണ്. ലോക്സഭാ ചാനലിൽ ആണെന്ന് തോന്നുന്നു – മഹാരാഷ്ട്രയിലെ ദേവദാസി സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി നല്ല ഒരു സിനിമ പ്രക്ഷേപണം ചെയ്തിരുന്നു. ഇത്തരത്തിൽ നോക്കുമ്പോൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ‘സ്ട്രക്ച്ചറൽ വയലൻസ്’ കണ്ടമാനം ഉണ്ട്. ‘സുബ്രമണ്യപുരം’ സിനിമ തമിഴ്നാട്ടിലെ ‘സ്ട്രക്ച്ചറൽ വയലൻസ്’ കാണിക്കുന്നുണ്ടല്ലോ. പണ്ട് ഗിരീഷ് കർണാട് സംവിധാനം ചെയ്ത ഒരു കന്നഡ സിനിമയും രണ്ടു ഗ്രാമങ്ങളിലുള്ളവർ ഏറ്റുമുട്ടുന്നത് കാണിച്ചു. അതും ദേശീയ ചാനലിൽ വന്നതാണ്. പോലീസ് പോലും ഇത്തരക്കാരുടെ മുമ്പിൽ നിസ്സഹായരാകുകയാണ്.

ഒരു വശത്ത് ആത്മീയതയും, ഭക്തിയും ഉള്ളപ്പോൾ തന്നെ മറുവശത്ത് ഗുണ്ടായിസവും, അക്രമവും, അടിച്ചമർത്തലും ഇന്ത്യയിൽ ധാരാളമായി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള ‘വയലൻസിൻറ്റെ’ പശ്ചാത്തലത്തിൽ വേണം നാം ഗാന്ധിജിയുടെ അക്രമ രഹിത രാഷ്ട്രീയത്തിൻറ്റെ മഹത്ത്വം മനസിലാക്കാൻ. ഇന്ത്യ ഇപ്പോഴും ഒരു രാഷ്ട്രം ആയി നില നിൽക്കാൻ പ്രധാന കാരണം നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ അക്രമ രാഹിത്ത്യത്തിൽ ഊന്നിയ മഹത്തായ ആശയങ്ങളാണ്. അക്രമത്തിലൂടെ സാമൂഹ്യ മാറ്റത്തിനുള്ള ആഹ്വാനങ്ങൾ വന്നിരുന്നെന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യയിൽ രക്ത പുഴകൾ ഒഴുകിയേനേ!!!

ഇപ്പോൾ വാളയാറിലെ ദളിത് പെൺകുട്ടികളുടെ അത്യന്തം നിർഭാഗ്യകരമായ കൊലപാതകത്തിന് ശേഷമുള്ള വിധിയുടെ പിന്നാലേ കേരളം സാമൂഹ്യ നീതിയുടെ കാര്യത്തിൽ ഉത്തരേന്ത്യയെക്കാൾ പിന്നിലാണെന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. സംഘ പരിവാറുകാരാണെന്നു തോന്നുന്നു ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. സത്യത്തിൽ ഉത്തരേന്ത്യയും കേരളവും തമ്മിൽ ഏതെങ്കിലും രീതിയിലുള്ള താരതമ്യം സാധ്യമാണോ? സാമൂഹ്യ നീതിയുടെ കാര്യത്തിൽ ഒരിക്കലും സാധ്യമല്ല. എത്രമാത്രം അനീതികളാണ് ഉത്തരേന്ത്യയിലെ സാമ്പത്തികവും സാമൂഹ്യവും ആയി പിന്നോക്കം നിൽക്കുന്നവർ അനുഭവിക്കേണ്ടി വരുന്നതെന്ന് അറിയാൻ ‘ബണ്ടിറ്റ് ക്യൂൻ’ എന്ന സിനിമ കണ്ടാൽ മാത്രം മതി. ഗ്രാമീണ രീതികൾക്ക് എതിരായിട്ടുള്ള കുടുംബങ്ങളിലെ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്ന കാട്ടു നീതി ഒക്കെ ഇപ്പോഴും ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുണ്ട്. ഫൂലൻ ദേവിയെ കുറിച്ചുള്ള ‘ബണ്ടിറ്റ് ക്യൂൻ’ സിനിമ അത് കാണിക്കുന്നുമുണ്ടല്ലോ.

കേരളത്തിൽ ആയിരക്കണക്കിന്‌ കുറ്റക്രുത്യങ്ങൾ രെജിസ്റ്റർ ചെയ്യപ്പെട്ട് അന്വേഷണം നടക്കുമ്പോൾ ഹരിയാനയിലും, ഉത്തർ പ്രദേശിലും, ബീഹാറിലും മറ്റും പോലീസിന്‌ അത്തരം ബുദ്ധിമുട്ടുകളില്ല; കേസുകൾ വെറുതെ എഴുതി തള്ളിയാൽ മാത്രം മതി. കേരളം അത്രയൊക്കൊന്നും എന്തായാലും പുരോഗമിക്കില്ല. പഞ്ചാബിയായ ഒരാൾ ഇതെഴുതുന്ന ആളോട് കുറച്ചു വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് കൊലപാതകത്തിന് ഇത്ര; ബലാൽസംഗത്തിന് ഇത്ര എന്നൊക്ക പറഞ്ഞു ഉത്തരേന്ത്യയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും അത്തരം കുറ്റകൃത്യങ്ങളൊക്കെ സെറ്റിൽ ചെയ്യാൻ കണക്കുണ്ടെന്നാണ്!!! ഉത്തരേന്ത്യയിൽ നടക്കുന്നത് പോലെ ‘വാളയാർ’ എന്നത് നാം പുലർത്തുന്ന മൗനങ്ങളുടേയും നമ്മുടെ അനീതികളുടേയും വിളിപ്പേരാകാത്തിരിക്കാനാണ് ഇപ്പോൾ മലയാളികളായ നാം ശ്രദ്ധിക്കേണ്ടത്.

‘അച്ചൂത്തുകൾ’ ഉള്ള ബീഹാറിനെയോ, ഉത്തർ പ്രദേശിനേയോ കുറിച്ച് കേരളത്തിലെ അധികമാർക്കും അറിയില്ല. ഇന്നും തോട്ടിപ്പണി ചെയ്യുന്ന ആളുകളെ കുറിച്ചും മലയാളികൾക്ക് അറിയില്ല. ‘ജീവിതമാണ്’ എന്ന പുസ്തകത്തിൽ എച്മുക്കുട്ടി ഇവരെ കുറിച്ചൊക്കെ കുറെ വിവരിക്കുന്നുണ്ട്. ബി. ജെ. പി. ഇപ്പോൾ പല പോഷക സംഘടനകളിലൂടെ പാവപ്പെട്ടവർക്ക് എതിരേയുള്ള വയലൻസിന് കൂട്ട് നിൽക്കുന്നു എന്നേയുള്ളൂ. അല്ലാതെ ഉത്തരേന്ത്യൻ സമൂഹങ്ങളിലെ ‘വയലൻസ്’ ബി. ജെ. പി. അധികാരത്തിൽ വന്നതുകൊണ്ടു മാത്രമല്ല. ദുരഭിമാന കൊലകൾ തന്നെ നോക്കൂ. ഉത്തരേന്ത്യയിൽ ദുരഭിമാന കൊലകൾ സ്ഥിരം സംഭവമാണ്. ഗ്രാമങ്ങളിൽ ഇത്തരത്തിൽ കൊലകൾ നടന്നാൽ സാക്ഷി പറയാൻ ഗ്രാമങ്ങളിലുള്ള ആരും തയാറാവുകയില്ല. സ്ത്രീകൾ പോലും ഇത്തരം ദുരഭിമാന കൊലകൾക്ക് കൂട്ട് നിൽക്കും – കുടുംബത്തിൻറ്റെയും, വംശത്തിൻറ്റെയും, കുലത്തിൻറ്റെയും അഭിമാനം സംരക്ഷിക്കാൻ!!!! അവർക്ക് ഇത്തരം കാര്യങ്ങളിൽ പശ്ചാത്താപവുമില്ല. കോടതിയും, പോലീസും, ഭരണ വ്യവസ്ഥിതിയും മിക്കപ്പോഴും ഇത്തരം കൊലയാളികൾക്ക് കൂട്ട് നിൽക്കും. ഇത്തരം ദുരഭിമാന കൊലകളിൽ ശിക്ഷിക്കപ്പെട്ട കേസുകൾ വളരെ അപൂർവം.

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, പാവപ്പെട്ടവർക്കും എതിരേ ഇന്ത്യയിൽ കണ്ടമാനം വയലൻസ് ഉണ്ട്. പശുവിൻറ്റെ പേരിൽ ഉത്തരേന്ത്യയിൽ കാണുന്ന വയലൻസ് അത്തരത്തിലുള്ളതാണ്. ബി.ജെ.പി. അധികാരത്തിലേറിയത് മുതൽ ഹിന്ദു മതത്തിൻറ്റെ പേര് പറഞ്ഞു ചില എക്സ്ട്രീമിസ്റ്റ് ഗ്രൂപ്പുകൾ വളരുമ്പോൾ അവരും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, പാവപ്പെട്ടവർക്കും എതിരേയാണ് നിലകൊള്ളുന്നത്; അല്ലാതെ സമൂഹത്തിലെ സമ്പന്നർക്കെതിരേ അല്ല. കൊലപാതകങ്ങൾ സംഭവിക്കുന്നതിൻറ്റെ അടിസ്ഥാനപരമായ കാരണം ഇന്ത്യൻ സമൂഹത്തിൽ നില നിൽക്കുന്ന മിഥ്യാഭിമാനത്തിൽ ഊന്നിയ ‘വയലൻസ്’ ആണ്; നിയമവ്യവസ്ഥയോട് ആദരവില്ലാത്തതാണ്. ഈ ‘വയലെൻസിനെതിരാണ്’ പൊതു ബോധം ഉയരേണ്ടത്.

കുട്ടികളുടെ ഉന്നമനത്തിനായി രൂപം കൊടുത്ത ICPS (Integrated Child Protection Scheme) പൂർണമായി കേരളത്തിൽ നടപ്പാക്കിയാൽ തന്നെ കുറ്റകൃത്യങ്ങൾ ഒരു പരിധി വരെ തടയാൻ സാധിക്കും. ഗവൺമെൻറ്റും, സിവിൽ സെസൈറ്റിയിൽ സ്വാധീനമുള്ളവരും യോജിച്ച് ഇത്തരം കാര്യങ്ങളിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഉത്തരവാദിത്ത്വബോധമുള്ള പൗര സമൂഹം ഉണർന്നു പ്രവർത്തിക്കേണ്ടത് സമൂഹത്തിൽ ഒരു ‘ക്രൈസിസ്’ അതല്ലെങ്കിൽ പ്രതിസന്ധി രൂപപ്പെടുമ്പോഴാണ്. പാർശ്വവൽക്കരിക്കപ്പെട്ടവർക്കെതിരെ ‘സുപ്പീരിയോറിറ്റി കോംപ്ലക്സോട്’ കൂടി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോട് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അതൊന്നും ചിലവാകില്ല എന്ന് തന്നെ പറയണം. ചിലരെ നിയമം കർശനമായി നടപ്പാക്കുന്നതിലൂടെ തന്നെ അതൊക്കെ ബോധ്യപ്പെടുത്തണം. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരെ ഉള്ള കുറ്റപ്പെടുത്തലുകൾ അല്ല ഈ സമയത്ത് ഉണ്ടാവേണ്ടത്. സമുദായ സൗഹാർദം കാത്തു സൂക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. അല്ലാതെ വാളയാറിൽ ഉണ്ടായ അത്യന്തം ദൗർഭാഗ്യകരമായ സംഭവം ഉയർത്തി കാട്ടി സമുദായ സൗഹാർദം തകർക്കാനല്ല ഉത്തരവാദിത്ത്വമുള്ളവർ ശ്രമിക്കേണ്ടത്.

Advertisements
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.