സവർക്കറിന് ഭാരത രത്നം കൊടുക്കണമെന്ന് അമിതാജി പറയുമ്പോൾ…

വെള്ളാശേരി ജോസഫ്

വീർ സവർക്കറിന് ഭാരത രത്നം കൊടുക്കണമെന്ന് അമിതാജി പറയുന്നു. മരിച്ചു മണ്ണടിഞ്ഞ വീർ സവർക്കറിന് ഭാരത രത്നം കൊടുത്താൽ കണ്ടമാനം ആർ.എസ്.എസ്. ശാഖകളുള്ള കേരളത്തിൽ പലരും കയ്യടിക്കും. സംഘ പരിവാറുകാരുടെ കൂലി എഴുത്തുകാർ വീർ സവർക്കറിൻറ്റെ വീര കൃത്യങ്ങൾ പ്രഘോഷിക്കും; വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റികൾ സജീവങ്ങളാകും. പലരുടേയും കണ്ണുകൾ സജലങ്ങളാകുകയും ചെയ്യും. ഈ അമിതാജി മരടിലെ ഫ്ലാറ്റ് പൊളിക്കുന്ന വിഷയത്തിലോ, പ്രളയ സമയത്തോ ഒന്നും ഇടപെട്ടിട്ടില്ല എന്നതൊന്നും ഇവരെ സംബന്ധിച്ച് വിഷയങ്ങളേ അല്ല. അതൊക്കെ ചീള് കേസുകൾ. അല്ലെങ്കിലും കേരളത്തിലെ മനുഷ്യർക്ക് എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ ബി.ജെ.പി. – ക്കാരെ ആരും കാണാറില്ല. ഏതെങ്കിലും ജനകീയ പ്രശ്നങ്ങൾക്ക് സമരം നടത്തിയ കഥ കേരളത്തിലെ ബി.ജെ.പി. – ക്കാർക്ക് പറയാനുണ്ടോ? മാലിന്യ നിർമാർജനം, കൊതുക് നിവാരണം, കാർഷിക പ്രശ്നങ്ങൾ, മൽസ്യ മേഖലയുടെ പ്രശ്നങ്ങൾ – ഇങ്ങനെയുള്ള ഇഷ്ടം പോലെ പ്രശ്നങ്ങൾ കേരളത്തിൽ ഉണ്ട്. കുലസ്ത്രീകൾ ശബരിമല വിഷയത്തിലെന്നത് പോലെ ബ്രാഹ്മണ ശ്രേഷ്ഠനായ കണ്ഠരര് മോഹനരെ പോലുള്ള ആളുകളുടെ പിന്നിൽ ഇതിൽ ഏതെങ്കിലും ഒരു പ്രശ്നത്തിൽ അണിനിരക്കുന്നത് കണ്ടിട്ടുണ്ടോ?

“A friend in need is a friend indeed” – എന്നാണ് ഇംഗ്ളീഷിൽ പറയുന്നത്. ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് എന്ന് അർഥം. കേരളത്തെ ഇതുവരെ ആപത്തിൽ സഹായിക്കാത്ത ഒരു സുഹൃത്താണ് കേരളത്തിലെ ബി.ജെ.പി. എന്ന പാർട്ടി. അതേസമയം മലയാള ഭാഷയുടെ തനിമയും, പ്രാദേശിക വൈശിഷ്ട്യങ്ങളും മറന്നുകൊണ്ട് ഉത്തരേന്ത്യൻ സാംസ്കാരിക ചിഹ്നങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. കേരളത്തിൽ മതപരവും, സാമൂഹ്യവും ആയ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് കൂടാതെ രക്ഷാ ബന്ധനും, ഗണേശോത്സവവും പോലെ കേരളത്തിൽ ഇതുവരെ ഇല്ലാതിരുന്ന ഉത്തരേന്ത്യൻ ഉത്സവങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന പാർട്ടി കൂടിയാണ് ബി.ജെ.പി. കേരളത്തിലെ പല ബി.ജെ.പി. നേതാക്കൾക്കും ‘ജി’ കൂട്ടി പറഞ്ഞാലേ ഒരു ‘ഗമ’ ഇപ്പോൾ കേരളത്തിൽ കിട്ടുന്നുള്ളൂ. ഇനി ചിലപ്പോൾ ‘ജി’ കൂട്ടി വിളിച്ചാലേ കേരളത്തിലെ പല ബി.ജെ.പി. നേതാക്കളും വിളി കേൾക്കുകയുള്ളൂ എന്ന അടുത്ത ഘട്ടവും വരാം. ‘ജി’ – മാരാണ് അല്ലെങ്കിലും ബി.ജെ.പി. – യുടെ കേരളത്തിലെ മിന്നുന്ന താരങ്ങൾ. സുരേന്ദ്രൻജി, മുരളീധരൻജി, കുമ്മനംജി, ശോഭാജി – അങ്ങനെ പോകുന്നു താരങ്ങളുടെ നീണ്ട പട്ടിക. ചില സംഘ പരിവാർ പ്രവർത്തകരൊക്കെ ഫെയിസ്ബുക്കിലൊക്കെ ‘ജി’ സ്വയം എടുത്തണിയുന്നതും കണ്ടിട്ടുണ്ട്. ഇനീയിപ്പോൾ ‘ജി’ കൂട്ടി വിളിക്കാതെ പലരും വിളി കേൾക്കാത്ത സാഹചര്യം ഭാവിയിൽ വരാം.

പ്രളയത്തിൻറ്റെ സമയത്തും, മരടിലെ ഫ്‌ളാറ്റ് നിവാസികൾക്കും ഈ ‘ജി’-മാരെ കൊണ്ട് ഒരു ഉപകാരവും ഉണ്ടായില്ലെങ്കിലും, സവർക്കർക്ക് ഭാരത രത്നം കിട്ടുകയാണെങ്കിൽ ‘ജി’-മാരുടെ കൂടെ പലരും അത് ആഘോഷിക്കാനിടയുണ്ട്. എന്തായാലും സവർക്കറിനെ പരാമർശിക്കുമ്പോൾ സവർക്കറുടെ മറ്റു പല വീര കൃത്യങ്ങളും കൂടി നോക്കി കാണണം. 2018 സെപ്റ്റംബറിൽ ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ അഞ്ചംഗ സുപ്രീം കോടതിയുടെ ബഞ്ച് നടത്തിയ സ്വവർഗാനുരാഗത്തെ കുറിച്ചുള്ള വിധിയെ കേന്ദ്രസർക്കാർ എതിർക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു??? ഐ.പി.സി വകുപ്പ് 377 റദ്ദ് ചെയ്തു സുപ്രീം കോടതി സ്വവർഗ്ഗാനുരാഗം കുറ്റകരമല്ലാതാക്കിയ ചരിത്ര വിധി എങ്ങനെ ഉണ്ടായി??? സ്ഥിരം ഭാരത സംസ്കാരത്തിൻറ്റെ കാവൽ ഭടൻമാരായി അഭിനയിക്കുന്ന ബി.ജെ.പി. സുപ്രീം കോടതിയിൽ സ്വവർഗ്ഗാനുരാഗത്തെ എതിർക്കാതിരിക്കാനുള്ള കാരണം എന്തായിരുന്നു??? അതിനു കാരണം ബി.ജെ.പി. അണികളും, നേതാക്കളും ആരാധിക്കുന്ന വീർ സവർക്കർ ആണെന്ന് ചരിത്രം പഠിച്ചിട്ടുള്ള എല്ലാവർക്കും അറിയാം. ‘ഫ്രീഡം അറ്റ് മിഡ്നയിറ്റ് – ൻറ്റെ പഴയ എഡിഷനിൽ വീർ സവർക്കറും, ഗാന്ധി ഖാതകനായ ഗോഡ്സെയും തമ്മിൽ സ്വവർഗ രതി ഉണ്ടായിട്ടുണ്ട് എന്ന് കൃത്യമായി പറയുന്നുണ്ട്. പുതിയ എഡിഷനുകളിൽ അതില്ല. അത് സംഘ പരിവാറിൻറ്റെ സമ്മർദം മൂലമാകണം. എൻറ്റെ കയ്യിലുള്ള ‘ഫ്രീഡം അറ്റ് മിഡ്നയിറ്റ്’ – ൻറ്റെ പഴയ എഡിഷനിൽ ഗോഡ്സെ വീർ സവർക്കറിൻറ്റെ അനുഗ്രഹം ഗാന്ധി വധത്തിനു വേണ്ടി വാങ്ങുന്നതും, അവർ തമ്മിലുള്ള സ്വവർഗ്ഗാനുരാഗ ബന്ധവും കൃത്യമായി പറയുന്നുണ്ട്. ‘ഫ്രീഡം അറ്റ് മിഡ്നയിറ്റ്’ – ൽ പറയുന്നത് ഇപ്രകാരമാണ്: “At the age of twenty-eight, Godse had finally taken that ancient Hindu vow whose observance had so concerned and troubled Gandhi, that of the Brahmacharya, the voluntary renunciation of sex in all its forms. He apparently remained faithful to it for the rest of his life. Before taking it, he had only one known sexual relationship. It was homosexual. His partner was his political mentor, Veer Savarkar”. ‘ഫ്രീഡം അറ്റ് മിഡ്നയിറ്റ്’ – ൽ നിന്ന്’ (New York : Avon Books, 1975 എഡിഷൻ), പേജ് 423. ഇതിൻറ്റെ ഒക്കെ കൂടെ ഗോഡ്സെ വീർ സവർക്കറിൻറ്റെ അനുഗ്രഹം ഗാന്ധി വധത്തിനു വേണ്ടി വാങ്ങുന്നത് ‘ഫ്രീഡം അറ്റ് മിഡ്നയിറ്റ്’ – ൽ പറയുന്നുണ്ടെന്നുള്ള കാര്യം കൂടി പ്രത്യേകമായി ഓർമിക്കണം.

Advertisements