ഉത്തർപ്രദേശിലെ ഉന്നാവോ പെൺകുട്ടിയുടെ ദുരന്ത കഥ

വെള്ളാശേരി ജോസഫ്

ഇതെഴുതുന്നയാൾ ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഉത്തർ പ്രദേശിലെ ഉധം സിംഗ്‌ നഗറിൽ സർവേ നടത്തിയപ്പോൾ അവിടെയൊരു ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റിനെ കാണുവാൻ ഇടയായി. കണ്ടു അതല്ലെങ്കിൽ കാണുവാൻ ഇടയായി എന്നൊക്കെ പറയുന്നത് വലിയ അതിശയോക്തിയാണ്. കാരണം ആ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റ് അവിടുത്തെ VVIP ആണ്. വെറുതെയങ്ങ് VVIP ആയതല്ല. ഉധം സിംഗ്‌ നഗറിൽ അന്വേഷിച്ചപ്പോൾ മുപ്പതോളം ക്രിമിനൽ കേസുകളാണ് ആ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റിൻറ്റെ പേരിലുള്ളത്!!! അതിൽ തന്നെ 15-16 കേസുകൾ മർഡർ കേസുകളുമാണ്!!! ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ 3 തവണ പോയിക്കഴിഞ്ഞതിനു ശേഷമാണ് ആ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്റിനെ ഒന്ന് കാണുവാൻ കഴിഞ്ഞത് തന്നെ. എന്തായാലും രാജ്യ തലസ്ഥാനത്തു നിന്നുള്ള ഞങ്ങളോട് വളരെ വിനയത്തോടെയും, എളിമയോടെയും, മര്യാദയോടെയും കൂടിയാണ് അദ്ദേഹം സംസാരിച്ചത്. പക്ഷെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ അദ്ദേഹത്തിൻറ്റെ ബോഡി ഗാർഡുകളായ 6 പേരുടെ ഇരട്ടക്കുഴൽ തോക്കുകൾ ഞങ്ങളിൽ നിന്ന് ഏതാനും ഇഞ്ചുകൾക്കകലത്തിൽ സ്ഥാനം പിടിച്ചിരുന്നു. ആ തോക്കൊന്നും അബദ്ധത്തിൽ പോലും പൊട്ടരുതേ എന്നായിരുന്നു അന്നെൻറ്റെ പ്രാർഥന. എന്തായാലും ആ പ്രാർഥന ദൈവം കേട്ടു. തോക്കുകളൊന്നിൽ നിന്നും ഞങ്ങളുടെ നേരെ വെടിയുതിർക്കപ്പെട്ടില്ല. പക്ഷെ അദ്ദേഹത്തോട് സംസാരിച്ചു കഴിഞ്ഞു വാതിൽ തുറന്നപ്പോൾ അവിടെയുമുണ്ട് അനേകം തോക്കുധാരികൾ. റോഡിൽ എത്തിയപ്പോൾ പോലീസ് വാഹനങ്ങളും, അനേകം തോക്കുധാരികളും വേറെ. സംസ്ഥാനത്തെ പോലീസും കൂടി ചേർന്നാണ് ഇത്തരം രാഷ്ട്രീയ ഗുണ്ടകൾക്ക് സുരക്ഷ ഒരുക്കുന്നത്!!!! ഇത്രയും തോക്കുധാരികളെ ഒരുമിച്ചു കണ്ടതിനാലാകാം എൻറ്റെ കൂടെ വന്നയാളുടെ മുഖം പിന്നീട് കുറെ നേരത്തേക്ക് ആകെപ്പാടെ പേടി തട്ടിയ പോലെയായി.

ഇതുപോലുള്ള കണ്ടമാനം തോക്കുധാരികളെ ഉത്തർ പ്രദേശിൽ കണ്ടതുകൊണ്ടാവാം ഇപ്പോൾ കേൾക്കുന്ന ഉന്നാവോ പെൺകുട്ടിയുടെ ദുരന്ത കഥ ഇതെഴുതുന്നയാളെ അധികമൊന്നും അലോസരപ്പെടുത്തുന്നില്ല. ബീഹാറിലും, ഉത്തർ പ്രദേശിലും 1990-കളിൽ ‘പൊളിറ്റിക്കൽ വയലൻസ്’ ഒരു തുടർക്കഥ ആയിരുന്നു. 20 വർഷങ്ങൾക്കു മുൻപ് ഉത്തർ പ്രദേശിലെ ഉധം സിങ് നഗറിൽ ഇതെഴുതുന്ന ആൾ സർവേ നടത്തിയപ്പോൾ അന്ന് അവിടുത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായ പണ്ഡിറ്റ് ജനക് രാജ് ശർമയെ പോലീസും, ഡബിൾ ബാരൽ തോക്കേന്തിയ സഹായികളും ഒരുമിച്ച് സംരക്ഷിക്കുന്ന കാഴ്ച നേരിട്ട് കണ്ടത്തിൽ പിന്നെ ഉത്തരേന്ത്യൻ രാഷ്ട്രീയ നേതാക്കളുടെ ക്രിമിനൽ പശ്ചാത്തലങ്ങൾ കുറെയൊക്കെ മനസിലാക്കാൻ കഴിഞ്ഞു. പണ്ഡിറ്റ് ജനക് രാജ് ശർമയെ പോലെ ക്രിമിനൽ പശ്ചാത്തലമുള്ള ഡി.പി. യാദവ്, മുക്തർ അൻസാരി – ഇങ്ങനെ അനേകം നേതാക്കൾ ഉത്തർ പ്രദേശിൽ ഉണ്ട്. മായാവതിയും, മുലായം സിങ്ങും, രാജ്നാഥ് സിങ്ങും അവിടെ സഞ്ചരിക്കുന്നത് തോക്കേന്തിയ കമാണ്ടോകളുടെ പിൻബലത്തിൽ മാത്രമാണ്. ഈ തോക്കിൻറ്റെ സംസ്കാരത്തിൽ നിന്ന് ഉത്തർ പ്രദേശിനെ ശുദ്ധീകരിക്കാൻ ബി.ജെ.പ്പി – യ്ക്ക് എന്തായാലും ഇതുവരെ സാധിച്ചിട്ടില്ല.

തോക്കിൻറ്റെ പിൻബലത്തിൽ മാത്രം സഞ്ചരിക്കുന്ന നേതാക്കൾ ക്രിമിനൽ പശ്ചാത്തലമുള്ള അനേകം പ്രാദേശിക നേതാക്കളെ സംരക്ഷിക്കുക കൂടി ചെയ്യുന്നു. മലയാളിക്ക് അന്യമായ ഈ ക്രിമിനൽ രാഷ്ട്രീയ സംസ്കാരമാണ് ജോലി തേടി ബന്ധുവിനൊപ്പം എം.എല്‍.എ.-യുടെ വീട്ടിലെത്തിയപ്പോൾ ഉന്നാവോ പെൺകുട്ടിയുടെ തുടർച്ചയായ ബലാല്‍സംഗത്തിന് കാരണമായി തീർന്നത്. പിന്നീട് ഒൻപതു ദിവസങ്ങൾക്ക് ശേഷം ഉന്നാവോ പെൺകുട്ടിയെ മറ്റൊരു പ്രദേശത്തു നിന്ന് മൃതപ്രായമായ അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

എം.എല്‍.എ.-യുടെ നേത്വത്ത്വത്തിലുള്ള അനേകം ദിവസങ്ങൾ നീണ്ട ക്രൂരമായ ബലാത്സംഗത്തിന് ശേഷം പോലീസിനോട് പരാതി പറയാൻ പോയ ആ പെൺകുട്ടിയുടെ അച്ഛൻ ലോക്കൽ പോലീസിനാൽ ലോക്കപ്പിൽ വെച്ച് മർദിക്കപ്പെട്ട് കൊല്ലപ്പെട്ടു. അതിനുമുമ്പേ ചില പോലീസ് കോൺസ്റ്റബിൾമാർ ലാത്തിയടി കൊണ്ട ആ പിതാവിനെ കളിയാക്കുന്ന ചിത്രങ്ങൾ പുറത്തെ ലാത്തിയടിയുടെ പാടുകൾ സഹിതം പത്രങ്ങളിൽ വന്നതാണ്.

ഉന്നാവോ പെൺകുട്ടിയുടെ പിതാവിനെ അവർ കസ്റ്റഡിയിൽ എടുത്തു വധിച്ചത് കൂടാതെ പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ കൃത്രിമം എന്നാരോപിച്ചു അവളുടെ അമ്മാവനും അമ്മയും അറസ്റ്റ് ചെയ്യപ്പെട്ടു. അമ്മ പിന്നീട് ജാമ്യം നേടി ജയിൽ മോചിത ആയെങ്കിലും അമ്മാവനെ വിട്ടയച്ചില്ല. അമ്മാവൻ ഇപ്പോഴും ജയിലിലാണ്.

ഇപ്പോഴിതാ റായ്ബറേലി ഹൈവേയിൽ വച്ച് എതിരെ വന്ന ട്രക്ക് ഇടിച്ചു ക്രൂരമായ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ രണ്ടു അമ്മായിമാർ മരിച്ചു. ഉന്നാവോ പെൺകുട്ടിയും, അവളുടെ അഡ്വക്കേറ്റും സീരിയസ് ആയി തുടരുന്നു എന്നുമാണ് വാർത്ത മാധ്യമങ്ങളിലൂടെ ഇപ്പോൾ അറിയുവാൻ സാധിക്കുന്നത്.

ഉത്തർ പ്രദേശ് ബി.ജെ.പി. എം.എല്‍.എ. കുൽദീപ് സെൻഗർ ബലാത്സംഗക്കേസിലെ മുഖ്യ പ്രതി ആകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മുഖ്യമന്ത്രി യോഗി ആദിത്യ നാധിൻറ്റെ വലം കൈ കൂടിയാണ് ഈ എം.എല്‍.എ. എന്ന് വാർത്ത മാധ്യമങ്ങൾ പറയുമ്പോൾ എന്ത് വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ടാകാം ഭരണകൂടം ഇത്തരം സംഭവങ്ങളോട് നിസ്സംഗത പുലർത്തുന്നത്.

സാധാരണ ജനങ്ങൾക്ക് ഇന്ന് ഈ രാജ്യത്ത് നീതി നിഷേധിക്കപ്പെടുകയാണ്. കലികാലത്തിലെ യോഗിമാർ ഭരിക്കുമ്പോൾ അല്ലെങ്കിലും അവരൊക്കെ സാധാരണ ജനത്തെ രാമരാജ്യത്തെ കുറിച്ച് പറഞ്ഞു മോഹിപ്പിച്ച് ഒടുവിൽ അവർ തന്നെ ജനങ്ങൾക്ക് മുന്നിൽ യമരാജന്മാരാകും. സാധാരണ ജനങ്ങൾക്ക് വിശ്വാസമർപ്പിക്കാൻ കഴിയാത്ത നിയമവ്യവസ്ഥയും കൂടിയാണ് ഇന്നിപ്പോൾ ഈ രാജ്യത്തുള്ളത് എന്ന് വളരെ പ്രകടമാക്കിയിരിക്കുകയാണ് ഉന്നാവോ പെൺകുട്ടിക്ക് നേരിടേണ്ട നീതി നിഷേധത്തിലൂടെ.

റായ്ബറേലി ഹൈവേയിൽ വച്ച് എതിരെ വന്ന ട്രക്ക് ഇടിച്ചു ഇത്രയും പേർ മരിക്കുകയും, ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇപ്പോൾ നീതിപൂര്‍വമായ അന്വേഷണം നടത്തുമെന്നാണ് ഉത്തർ പ്രദേശ് DGP പറയുന്നത്. പക്ഷെ പറയുന്നതെന്താണ്? “ട്രക്കിൻറ്റെ അമിതവേഗം മൂലമുണ്ടായ അപകടം മാത്രമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന്”!!! ഇങ്ങനേയും ജനങ്ങളെ വിഡ്ഢികളാക്കാൻ സാധിക്കുമോ? അല്ലെങ്കിലും ഇതിനു മുമ്പ് ഉന്നാവോ പെൺകുട്ടിയുടെ കൂട്ട ബലാത്സംഗത്തെ ചൊല്ലി നടന്ന കേസുകളെല്ലാം വളരെ നീതിപൂർവമായാണ് അന്വേഷണം നടത്തിയത് എന്ന് പറഞ്ഞാൽ മന്ദബുദ്ധികൾക്ക് പോലും വിശ്വസിക്കാൻ സാധിക്കുകയില്ല. ചുരുക്കം പറഞ്ഞാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നീതിപൂർവം അന്വേഷിച്ചാൽ DGP-യും RIP ആവുമെന്ന് സാരം.

Previous articleമുതലാളിത്തത്തിന്റെ ചില പ്രായോഗിക പ്രശ്നങ്ങൾ
Next articleപാക്കിസ്ഥാനിൽ ഇന്ന് കാണുന്ന അസ്ഥിരതയും മതമൗലിക വാദവും
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.