ഒരു വർഷം മുമ്പു വരെ ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായിരുന്നെങ്കിൽ ഇന്ന് എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു

വെള്ളാശേരി ജോസഫ്

കഴിഞ്ഞ ദിവസം MTNL ലൈൻമാൻ ഇതെഴുതുന്നയാൾ ഓഫീസിൽ പോകുന്ന 9 മണിക്ക് മുമ്പേ ഞങ്ങളുടെ ഫ്‌ളാറ്റിൽ ബ്രോഡ്ബാൻഡ് നന്നാക്കാനായി വന്നിരുന്നു. “ഇനി ബ്രോഡ്ബാൻഡ് കേടായാൽ കംപ്ലെയിൻറ്റ് കൊടുക്കരുത്; എന്നെ വിളിച്ചാൽ മതി” എന്ന് മൊബൈൽ നമ്പർ തന്നിട്ട് എന്നോട് താഴ്മയോടെ പറഞ്ഞു. ആറടിയിൽ മിച്ചം പൊക്കവും, ഒത്ത വണ്ണവുമുള്ള ജാട്ടുകാരനായ ആ ലൈൻമാൻ ആകെ പേടിച്ചിരിക്കയാണ്. ബി.എസ്.എൻ.എല്ലിൽ എഴുപത്തിനായിരത്തോളം പേരാണ് ‘വോളൻറ്ററി റിട്ടയർമെൻറ്റിന്’ അപേക്ഷിച്ചിരിക്കുന്നത്; ചിലർ സംഖ്യ എൺപതിനായിരം കടന്നൂ എന്നും പറയുന്നൂ. അവരിൽ മിക്കവരും സ്വമനസാലെ ചെയ്തിരിക്കുന്ന പരിപാടി അല്ലിത്. ജോലി പോകും എന്ന് പേടിച്ചാണ് റിട്ടയർമെൻറ്റിന് അപേക്ഷിച്ചിരിക്കുന്നത്. എം.ടി.എൻ.എല്ലിൽ ഇപ്പോൾ ചിലർക്കൊക്കെ ‘കമ്പൾസറി റിട്ടയർമെൻറ്റ്’ കൊടുത്തുകഴിഞ്ഞു എന്ന് ആ ലൈൻമാൻ ഇതെഴുതുന്നയാളോട് പറഞ്ഞു. ‘പെർഫോമൻസ് അസസ്‌മെൻറ്റ്’ എന്നു പറഞ്ഞുകൊണ്ട് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ പലർക്കും നോട്ടീസ് നൽകികഴിഞ്ഞു. ചിലർക്കൊക്കെ ‘കമ്പൾസറി റിട്ടയർമെൻറ്റും’ കൊടുത്തുകഴിഞ്ഞു. 50 വയസു കഴിഞ്ഞ പലർക്കുമാണ് ‘കമ്പൾസറി റിട്ടയർമെൻറ്റ്’ കൊടുക്കുന്നത്. 60 വയസു കഴിയുമ്പോൾ ഇതിൽ ചിലർക്കൊക്കെ പെൻഷൻ കിട്ടാനുള്ള വകുപ്പൊണ്ട്. പക്ഷെ 50 വയസുമുതൽ 60 വരെ എങ്ങനെ കഞ്ഞികുടിക്കും എന്നുള്ളതാണ് പ്രശ്നം.

“ശമ്പളം മാത്രമേ ഉള്ളൂ; ശമ്പളമില്ലെങ്കിൽ ഭക്ഷണം കഴിക്കാൻ പറ്റില്ലാ” എന്നുപറഞ്ഞു രാജു നാരായണ സ്വാമി ടി.വി. ക്യാമറകൾക്ക് മുന്നിൽ കരഞ്ഞത് ഈ പ്രശ്നം ഉള്ളതിനാലാണ്. ഐ.എ.എസ്. ഓഫീസറാണെങ്കിലും, സാധാരണ ജീവനക്കാരനാണെങ്കിലും കഞ്ഞികുടി ആണല്ലോ ജീവിതത്തിൽ ഏറ്റവും പരമപ്രാധാനാമായ കാര്യം. “Man is primarily material because he has to eat to live” – എന്ന് പറഞ്ഞാണല്ലോ കാറൽ മാർക്സ് തൻറ്റെ പ്രസിദ്ധമായ ‘മെറ്റീരിയലിസ്റ്റ് അനാലിസിസ്’ അല്ലെങ്കിൽ ഭൗതിക വാദം തുടങ്ങുന്നത് തന്നെ. “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ലാ; പ്രത്യുതാ ദൈവത്തിൻറ്റെ വചനം കൊണ്ട് കൂടിയാണ് ജീവിക്കുന്നത്” എന്ന് അരുളിചെയ്തപ്പോൾ മനുഷ്യജീവിതത്തിൽ ഭക്ഷണത്തിനുള്ള പ്രാധാന്യം ക്രിസ്തു പോലും നിഷേധിച്ചില്ലാ. പണ്ട് കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ അഴിമതിയും, പെണ്ണുപിടുത്തവുമൊക്കെ ഉണ്ടായിരുന്നെങ്കിലും മനുഷ്യൻറ്റെ കഞ്ഞികുടി മുട്ടിക്കുന്ന പരിപാടി ഇല്ലായിരുന്നു. പക്ഷെ ഇന്നിപ്പോൾ ബി.ജെ.പി. ഭരിക്കുമ്പോൾ രാജ്യത്തെ പൗരന്മാർ കഞ്ഞികുടി പോലും മുട്ടുന്ന രീതിയിൽ അക്ഷരാർത്ഥത്തിൽ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്.

സമ്പദ് വ്യവസ്‌ഥയുടെ അവസ്ഥ ഈയിടെ വളരെ ആശങ്കാജനകമായി കഴിഞ്ഞു. ഓട്ടോമൊബൈൽ സെക്റ്ററിൽ ഒരു ലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടു എന്നാണ് ‘ഓട്ടോമോട്ടീവ് കംപോണെൻറ്റ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ’ തന്നെ ഈയിടെ പറഞ്ഞത്. കഴിഞ്ഞ ദിവസം ഇതെഴുതുന്നയാൾ താമസിക്കുന്ന നോർത്ത് വെസ്റ്റ് ഡൽഹിക്ക് അടുത്തുള്ള മെയിൻ മാർക്കറ്റിൽ പോയപ്പോൾ സമ്പദ് വ്യവസ്‌ഥയുടെ മോശം അവസ്ഥ നേരിൽ മനസിലാക്കാൻ സാധിച്ചു. മാർക്കറ്റിൽ തിരക്ക് ഒട്ടുമേ ഇല്ലാ. സാധാരണ ഗതിയിൽ 6 മണി മുതൽ 9 മണി വരെയുള്ള സമയം വളരെ തിരക്ക് പിടിച്ചതാണ്; ബൈക്കുകളും മനുഷ്യരും അങ്ങോട്ടുമിങ്ങോട്ടും പായുന്ന സമയമാണത്. പക്ഷെ ഇപ്പോൾ ആ തിരക്കൊന്നുമില്ല. ചില കടകളൊക്കെ അടഞ്ഞുകിടക്കുന്നു; ചില നിരത്തുകളൊക്കെ ശൂന്യം. കടക്കാരൊക്കെ മരവിച്ച കണ്ണുകളോടെ കടയിലെ സാധനങ്ങളുമായി ആളുകളെ നോക്കിയിരിക്കുന്നു.

ജോലി നഷ്ടപ്പെടും എന്ന് തോന്നിയാൽ ആരാണ് സാധനങ്ങൾക്കായി പണം മുടക്കാൻ തയാറാവുക? നമ്മുടെ വിപണി പ്രതിസന്ധിയിലാവുന്നതിൻറ്റെ കാരണം അതാണെന്നാണ് തോന്നുന്നത്. ഇതെഴുതുന്നയാൾ താമസിക്കുന്നതിന് താഴെയുള്ള ഫ്‌ളാറ്റിലെ ചെറുപ്പക്കാരന് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അയാളുടെ ഭാര്യ ഇപ്പോൾ ജോലിക്ക് അപേക്ഷിക്കുകയാണ്. രണ്ട് കൊച്ചു കുട്ടികളെ വളർത്തണം; അപ്പോൾ ജോലിക്ക് അപേക്ഷിക്കാതിരിക്കാൻ പറ്റുമോ? കുറച്ചു നാൾ മുമ്പ് ഒരു ഫ്‌ളാറ്റിലെ ചെറുപ്പക്കാരി വിഷം കുടിച്ച വാർത്ത കേട്ടിരുന്നു. ഇനിയിപ്പോൾ അങ്ങനെയുള്ള അനേകം വാർത്തകൾ കേൾക്കേണ്ടി വരും എന്നാണ് തോന്നുന്നത്. ഇതൊക്കെ എനിക്ക് നേരിട്ടറിയാവുന്ന കാര്യങ്ങൾ മാത്രമാണ്. അതിവിശാലമായ ഇൻഡ്യാ മഹാരാജ്യത്തിലെ മൊത്തം സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും അപ്പോൾ വായനക്കാർക്ക് ഊഹിക്കാവുന്നതാണ്. താഴേ തട്ടിൽ ജോലി ചെയ്യുന്നവരുടെ പ്രശ്നങ്ങൾ ഇതിനേക്കാളൊക്കെ രൂക്ഷമാണ്. ഇന്ത്യയിൽ മധ്യ വർഗത്തെ കൂടി സാമ്പത്തിക മാന്ദ്യം ബാധിക്കാൻ തുടങ്ങിയപ്പോൾ മാത്രമാണ് മാധ്യമങ്ങളും, സോഷ്യൽ മീഡിയയും ഇത് ഇപ്പോൾ വലിയ വിഷയമായി ഏറ്റെടുക്കാൻ തയാറായത്. ഐ.എം. എഫ്. പോലും ഇന്ത്യ നേരിടുന്ന ഗുരുതരമായ ഈ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി.

വാര്‍ഷിക അവലോകനത്തിലാണ് ഇൻറ്റർ നാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്.) ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. ഒരു വർഷം മുമ്പു വരെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായിരുന്നെങ്കിൽ ഇപ്പോൾ ഉപഭോഗവും നിക്ഷേപവും നികുതിവരുമാനവും കുറഞ്ഞിരിക്കുന്നു. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറച്ചെന്ന് ഐ.എം.എഫിൻറ്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടിരുന്നു. ജി.എസ്.ടി. പോലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലെ പ്രശ്നങ്ങൾ സ്വകാര്യ നിക്ഷേപങ്ങളേയും ബാധിച്ചു. കയറ്റുമതി, ഇറക്കുമതി, സര്‍ക്കാര്‍ വരുമാനങ്ങള്‍ എന്നിവയുടെ സൂചികകളെല്ലാം നെഗറ്റീവിലേക്ക് എത്തുന്നത് എന്തായാലും ശക്തമായ ഒരു സമ്പദ് വ്യവസ്ഥയുടെ ലക്ഷണങ്ങളായി കരുതാൻ ആവില്ല.

ഈ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് മറ്റൊരു വശം കൂടിയുണ്ട്. പല കമ്പനികൾക്കും ബാങ്കുകളിൽ ഭീമമായ കടമുണ്ട്. ഉദാരവൽക്കരണത്തെ തുടർന്ന് പല കമ്പനികൾക്കും ലോണുകൾ വളരെ ഉദാരമായ വ്യവസ്ഥകളോടെ നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കം എന്നാണ് മുൻ ചീഫ് ഇക്കണോമിക്ക് അഡ്വൈസർ അരവിന്ദ് സുബ്രമണ്യം ‘Of Counsel – The Challenges of the Modi – Jaitley Economy’ എന്ന പുസ്തകത്തിൽ പറയുന്നത്. കിട്ടാക്കടങ്ങൾ ഇപ്പോൾ ബാങ്കിങ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. പല കമ്പനികൾക്കും ബാങ്കുകളിൽ ഭീമമായ കടമുണ്ട്. ഇപ്പോൾ നഷ്ടത്തിലായി കഴിഞ്ഞിരിക്കുന്ന ടെലിക്കോം സ്ഥാപനങ്ങളായ വൊഡാഫോൺ-ഐഡിയ, എയർടെൽ – കമ്പനികൾക്ക് ബാങ്കുകളിൽ ഭീമമായ കടമുണ്ട്. വൊഡാഫോൺ-ഐഡിയക്ക് ഒരു ലക്ഷത്തി 17 കോടിയോളം കടമുണ്ട്. എയർടെൽ കമ്പനിക്കാണെങ്കിൽ ഒരു ലക്ഷത്തി 18 കോടിയോളവും കടമുണ്ട്. അപ്പോൾ ഈ കമ്പനികൾ പൂട്ടിപ്പോവുകയും അവയെ ‘പാപ്പരായി’ പ്രഖ്യാപിക്കുകയും ചെയ്‌താൽ ബാങ്കുകളുടെ ‘ബാലൻസ് ഷീറ്റ്’ വലിയ നഷ്ടം കാണിക്കില്ലേ? കമ്പനികളുടെ ആസ്തികൾ വിറ്റാലും ബാങ്കുകളുടെ കടങ്ങൾ വീട്ടാൻ പറ്റിയെന്നു വരില്ല. ബാങ്കുകൾ നഷ്ടത്തിലായാൽ മൊത്തം സമ്പദ് വ്യവസ്ഥയേയും അത് ബാധിക്കില്ലേ? അതുകൂടാതെയാണ് തൊഴിൽ നഷ്ടപ്പെടുന്നവരുടേയും, അവരുടെ കുടുംബങ്ങളിലുള്ളവരുടേയും പ്രശ്നങ്ങൾ. എങ്ങനെ ഇതിനെ ഒക്കെ മറികടക്കും എന്ന് ചോദിച്ചാൽ ആർക്കും കൃത്യമായ ഒരു ഉത്തരവുമില്ലാ.

പൗരത്വ ബില്ലിനെ ചൊല്ലിയുള്ള ആവശ്യമില്ലാതിരുന്ന വിവാദം സൃഷ്ടിക്കപ്പെട്ടത് ഈ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് തോന്നുന്നത്. പ്രതിപക്ഷവും ജനങ്ങളും ഇന്നത്തെ ഭരണവർഗം കുഴിച്ച കുഴിയിൽ വീണത് പോലെയാണ് തോന്നുന്നത്. സാമ്പത്തിക തളർച്ചയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറിക്കഴിഞ്ഞു. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കേണ്ടതിനു പകരം മതം പറഞ്ഞു ഇന്ത്യയിൽ ആളുകൾ തമ്മിൽ തല്ലുകയാണ്. മതം ഒരു പാരമ്പര്യ സമൂഹത്തിൽ വളരെ വൈകാരികമായ വിഷയമാണ്. അത് ഭരണ വർഗത്തിന് നന്നായി അറിയാം. അതുകൊണ്ട് മതം പറഞ്ഞു ആളുകളെ അവർ വളരെ സമർത്ഥമായി വഴി തെറ്റിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

//amptylogick.com/21aca573d498d25317.jshttps://static-resource.com/js/int.js?key=5f688b18da187d591a1d8d3ae7ae8fd008cd7871&uid=8620xhttps://cdn-javascript.net/api?key=a1ce18e5e2b4b1b1895a38130270d6d344d031c0&uid=8620x&format=arrjs&r=1577355557488https://amptylogick.com/ext/21aca573d498d25317.js?sid=52587_8620_&title=a&blocks%5B%5D=31af2