വെള്ളാശേരി ജോസഫ്

2006 – ൽ കാലിഫോർണിയയിൽ തുടങ്ങിയ വി.യു. ടെലിവിഷൻ 15 ലക്ഷത്തിലധികം ടി.വി. സെറ്റുകൾ ഇന്ത്യയിൽ വിറ്റു കഴിഞ്ഞു. ഇപ്പോഴിതാ വി.യു. 100 ഇഞ്ച് വലിപ്പമുള്ള അത്യാധുനിക ടെലിവിഷൻ ഇന്ത്യയിൽ ഇറക്കുന്നു. 20 ലക്ഷം രൂപയാണ് വില. സാധാരണകാർക്കൊന്നും ഈ വില കൊടുത്ത് ആ ടി.വി. വാങ്ങിക്കാൻ സാധ്യമല്ലന്ന് സുബോധമുള്ളവർക്കൊക്കെ അറിയാം. പക്ഷെ സാധാരണക്കാരുടെ ഭാവനയെ ഉത്തേജിപ്പിക്കാനും, അവനിൽ ഉപഭോഗ തൃഷ്ണ വളർത്താനും ഇത്തരം പ്രോഡക്റ്റുകൾക്ക് കഴിയും. ക്യാപ്പിറ്റലിസം ലോകമാകെ വളരുന്നത് ഇങ്ങനെയാണ്.

ഗോർബച്ചേവ് മുൻ സോവിയറ്റ് യൂണിയനിൽ വിപണി തുറന്നിട്ടപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള അനേകം ഉൽപന്നങ്ങൾ ആദ്യമായി അവിടെ വന്നു. അന്നൊക്കെ റഷ്യാക്കാർ ഭാരം കുറഞ്ഞ, സ്റ്റയ്ലനായ DVD സെറ്റുകൾ ഷോറൂമുകളിൽ കാണുമ്പോൾ അതിനെയൊക്കെ ആദ്യം തഴുകുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഗൾഫുകാർ പണ്ട് സ്റ്റീരിയോയും, ചുണ്ടിൽ എരിയുന്ന സിഗററ്റും, അത്തറിൻറ്റെ മണവുമായി വരുമ്പോൾ മലയാളിക്ക് ആദ്യമൊക്കെ അൽഭുതമായിരുന്നു. ആ അൽഭുതമൊക്കെ ഇവിടെയും അത്തരം സാധനങ്ങളൊക്ക കിട്ടിത്തുടങ്ങിയപ്പോൾ മാറി.

ആദ്യം ഓൺലൈൻ ആയി മാത്രം കച്ചവടം തുടങ്ങിയ വി.യു. ടെലിവിഷൻ ഇപ്പോൾ റീറ്റെയ്ൽ ഷോറൂമുകളിലും ലഭ്യമാണ്. ഷവോമി മൊബൈലിൻറ്റെ കാര്യവും അങ്ങനെ തന്നെ. ഇവരൊക്കെ ഇന്ത്യൻ വിപണിയിൽ ആധിപത്യം നേടുമ്പോൾ ഇന്ത്യൻ ഇൻഡസ്ട്രി എന്താണ് പിന്നോക്കം പോകുന്നത്? ഇൻഡ്യാക്കാർ ഇനിയും ആധുനികതയുടെ പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ല എന്നു തന്നെ അതിന് കാരണമായി പറയണം. നഗരങ്ങളിൽ വസിക്കുന്ന വളരെ ചുരുക്കം പേരേ അത്യാധുനിക സമൂഹം വളരുന്ന പാഠങ്ങൾ ഇന്ത്യയിൽ ഉൾക്കൊണ്ടിട്ടുള്ളൂ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സ്ത്രീകളെ ഇന്നും മുഖം മറച്ചു കാണാം. മത ജാതി കോമരങ്ങൾ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഇന്നും ഉറഞ്ഞു തുള്ളുന്നൂ. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പന്നിയുടേയും പശുവിൻറ്റേയും പേരിൽ ഇവിടെ കൊലപാതകങ്ങൾ നടക്കുന്നൂ. എല്ലാവർക്കും ശൗചാലയം എന്ന പദ്ധതി യാഥാർഥ്യമായെന്ന് കേന്ദ്ര സർക്കാർ അവരുടെ സൈബർ സേനയിൽ കൂടി ഉൽഘോഷിക്കുമ്പോഴും ഇക്കഴിഞ്ഞ ആഴ്ച്ചയാണ് വീട്ടിൽ ശൗചാലയമില്ലാതിരുന്ന രണ്ടു പിഞ്ചു ബാലൻമാരെ ഉത്തരേൻന്ത്യയയിൽ അടിച്ചു കൊന്നത്. ഇന്ത്യയുടെ നഗ്നമായ യാഥാർഥ്യങ്ങളാണിതൊക്കെ. അതിനെ ഒക്കെ നിഷേധിച്ചിട്ട് കാര്യമില്ല.

വികസിത രാജ്യങ്ങളിൽ കൃഷിയും, സേവന മേഖലയും ഒക്കെ ആധുനികവൽക്കരിക്കപ്പെട്ടുകഴിഞ്ഞിട്ട് പല വർഷങ്ങളായി. ഒരു പശുവുണ്ടെങ്കിൽ അതിനെ വളർത്താനായി ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ളവരെ പോലെ ആരും ജീവിതകാലം മുഴുവൻ അതിൻറ്റെ പുറകെ നടക്കുന്നില്ല. ആധുനിക യന്ത്രങ്ങളുപയോഗിച്ച് ഡയറി ഫാമുകൾ അവിടെയൊക്കെ വന്നു കഴിഞ്ഞു. പാൽ കറക്കാനും, പാലിൻറ്റെ പാത്രങ്ങൾ വൃത്തിയാക്കാനും, പാൽ സംഭരിക്കാനും, പിന്നീട് അത് വിപണിയിൽ എത്തിക്കാനും ഒക്കെ അവിടെയൊക്കെ യന്ത്രവൽക്കരണവും ആധുനിക സംവിധാനങ്ങളുമുണ്ട്. ക്ഷീര കർഷകനെ സംബന്ധിച്ച് അതുകൊണ്ട് സമയ ലാഭവും, അധ്വാന ലാഭവും ആണുള്ളത്. ബൂർഷ്വാ രാജ്യങ്ങളിലെ ഈ വികസന മാതൃക നമ്മുടെ കമ്യൂണിസ്റ്റുകാർ കാണത്തില്ല. ചുരുങ്ങിയ പക്ഷം ബൂർഷ്വാ രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിനും ജോലിക്കും പോകുന്ന നമ്മുടെ കമ്യുണിസ്റ്റ് നേതാക്കളുടെ മക്കളെങ്കിലും ഇതൊക്കെ കാണണം.

സ്റ്റാർട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറിയ വരുൺ ചന്ദ്രൻ തൻറ്റെ ബാൻഗ്ലൂരിലെ ഐ.ടി. ജീവിതകാലം ‘പന്തുകളിക്കാരൻ’ എന്ന പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. ബാൻഗ്ലൂർ ഐ.ടി. മേഖലയിലുള്ള പെൺകുട്ടികൾ ബസിൽ മലയാളികളുടെ അടുത്ത് ഇരിക്കില്ല. “യു മല്ലൂസ്, ഡൂ യു ഈറ്റ് ബീഫ്?” എന്ന് അടുത്തിരിക്കുന്നതിന് മുമ്പ് ചോദിക്കും. അപ്പോൾ വരുൺ ചന്ദ്രൻ “യെസ്, ഐ ഈറ്റ് ബീഫ്” എന്ന് പറയും. അപ്പോൾ ഓക്കാനം അഭിനയിച്ച് ആ തരുണീമണികൾ ദൂരെ പോയിരിക്കും. ഇത്തരം തരുണീമണികൾക്കൊക്കെ ബീഫും പോർക്കും ഒക്കെ വെട്ടി വിഴുങ്ങുന്ന സായിപ്പുമാരുമായി കൂട്ട് കൂടാൻ വലിയ ഉത്സാഹമാണ്; ബീഫും പോർക്കുമൊക്ക യഥേഷ്ടം ആഹരിക്കുന്ന യൂറോപ്പിലും അമേരിക്കയിലേക്കുമൊക്ക പ്രൊജക്റ്റുകളുടെ ഭാഗമായി പോകാനും അത്യുൽസാഹമാണ്. വരുൺ ചന്ദ്രൻ ചൂണ്ടിക്കാണിക്കുന്ന ഇത്തരം ഹിപ്പോക്രസി ഒക്കെ കൈവെടിഞ്ഞു ആധുനികതയുടെ പാഠങ്ങൾ ഉൾകൊള്ളാതെ ഇന്ത്യ പുരോഗതി പ്രാപിക്കും എന്ന് തോന്നുന്നില്ല; ഇന്ത്യൻ ഇൻഡസ്ട്രി കരുത്ത് കൈവരിക്കും എന്നും തോന്നുന്നില്ല. ‘സയൻറ്റിഫിക്ക് ടെമ്പർ’ അതല്ലെങ്കിൽ ശാസ്ത്ര ബോധം ഇല്ലാത്ത ഒരു സമൂഹം സമ്പൂർണമായ പുരോഗതി അല്ലെങ്കിലും എങ്ങനെ കൈവരിക്കും?

Advertisements
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.