തീവ്രവാദങ്ങൾ വളരുന്ന വഴികൾ – ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇല്ലാതെ പോയ ‘റോൾ മോഡൽ’

  വെള്ളാശേരി ജോസഫ്

  കേവലം 19 വയസുള്ള ഒരു പെൺകുട്ടിയെ അബുദാബിയിലേക്ക് ‘വിസിറ്റ് വിസയിൽ’ വരുത്തുക; മതം മാറ്റുക; പർദ്ദ ഇടീപ്പിക്കുക; പേരു മാറ്റുക; ആ പെൺകുട്ടിയുടെ പഠിപ്പും ഭാവി ജീവിതവും ഒക്കെ മാറ്റി മറിക്കുക – ഇതൊക്കെ നിഷ്കളങ്ക പ്രണയമായി സങ്കൽപിക്കുവാൻ സുബോധമുള്ളവർക്ക് സാധ്യമല്ല. ആ 19 വയസുള്ള പെൺകുട്ടി പഠിച്ച ഡൽഹിയിലെ ‘ജീസസ് ആൻഡ് മേരി’ കോളേജെന്നൊക്കെ പറഞ്ഞാൽ ഇന്ത്യയിലെ തന്നെ ‘ടോപ്പ് എലീറ്റ്’ കോളേജുകളിൽ പെട്ടതാണ്. ‘ജീസസ് ആൻഡ് മേരിയിൽ’ നിന്നാണ് ഇംഗ്ളീഷ് വാർത്താ ചാനലുകളിലെ പല അവതാരകരും വന്നിട്ടുള്ളത്. അവിടെ പഠിക്കുന്ന ഒരു പെൺകുട്ടി സാധാരണ ഗതിയിൽ അബുദാബിയിലെ ഒരു കഫേയിൽ ജോലി ചെയ്യുന്ന പയ്യനെ വിവാഹം കഴിക്കാൻ ഒരു സാധ്യതയുമില്ല. കഴിഞ്ഞ മാസം സംഭവിച്ച ഈ മതം മാറ്റത്തിനും, വിവാഹ സമ്മതത്തിനും പിന്നിൽ ആസൂത്രിതവും സംഘടിതവും ആയ നീക്കമുണ്ടോ എന്ന് ഭരണകൂടം കൃത്യവും വ്യക്തവും ആയി അന്വേഷിക്കേണ്ടതാണ്. അത് അന്വേഷിച്ചു കണ്ടുപിടിച്ചില്ലെങ്കിൽ ഒരു ശതമാനം പോലുമില്ലാത്ത തീവ്രവാദികളുടെ പ്രവർത്തനം കൊണ്ട് ബാക്കി വരുന്ന 99 ശതമാനം മുസ്ലീങ്ങളേയും സംശയത്തോടെയും, ഭീതിയോടെയും മറ്റ് കമ്യൂണിറ്റികളിൽ പെട്ടവർ നോക്കിക്കാണുന്ന സ്ഥിതിവിശേഷം സംജാതമാകും. ഇപ്പോൾ ഈ സംഭവത്തോടെ ഉടലെടുത്തിരിക്കുന്ന വിശ്വാസമില്ലായ്‌മ മാറ്റുവാനും എല്ലാ കമ്യൂണിറ്റികളിലും പെട്ട സുമനസ്സുള്ള ആളുകൾ യത്‌നിക്കേണ്ടതാണ്.

  നേരത്തേ തന്നെ പാസ്പോർട്ട് എടുത്തു,… പിന്നീട് ‘വിസിറ്റ് വിസ’ എടുത്തു,… പിന്നെ ടിക്കറ്റ് എടുത്ത് രായ്കു രാമാനം പെൺകുട്ടിയെ ഡൽഹീന്ന് ദുബായ്ക്ക് കടത്തി, മതം മാറ്റി, പേരു മാറ്റി, വീട്ടുകാർ വിളിക്കാതിരിക്കാൻ മൊബൈൽ ഓഫ് ചെയ്ത് വെക്കുന്നു, പോലീസിൽ പരാതി കൊടുത്തു കഴിയുമ്പോൾ പൊലീസിന് പോലും മൊബൈലിൽ കൂടി പെൺകുട്ടിയെ ‘ട്രെയിസ്’ ചെയ്യാൻ ആവുന്നില്ല – എന്നൊക്കയുള്ള കാര്യങ്ങൾ കാണുമ്പോൾ സുബോധമുള്ള ആർക്കും ഇതിൻറ്റെയൊക്കെ പിന്നിലെ ആസൂത്രിതവും സംഘടിതവുമായ നീക്കം മനസിലാക്കാം. ഇതൊക്കെ ചെയ്ത ‘പയ്യൻ’ അബുദാബിയിലെ ഒരു കഫേയിൽ സപ്ളയർ ആയി മാത്രം ജോലി ചെയ്യുന്ന ആളാണെന്ന് മനസിലാക്കുമ്പോഴാണ് ഈ കഥയിലെ ട്വിസ്റ്റ്‌ വരുന്നത്. കഫെറ്റീരിയയിലാണ് പയ്യൻ ജോലി ചെയ്യുന്നതെന്നുള്ള കാര്യം ഈയിടെ ‘ഖലീജ് ടൈമ്സ്’ ആണ് റിപ്പോർട്ട് ചെയ്തത്.

  വളരെ തുച്ഛമായ ശമ്പളമാണ് അബുദാബിയിലെ ഈ കഫറ്റീരിയ ജോലിക്കാരന് ഉള്ളത് എന്ന് മനസ്സിലാക്കുമ്പോൾ ഇത്രയൊക്കെ കാര്യങ്ങൾ ചെയ്യാനുള്ള സെറ്റപ്പ് എവിടുന്നൊപ്പിക്കുന്നു എന്ന ചോദ്യം തീർച്ചയായും വരാം. ഇവിടെയാണ് തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്നത്. ഇതുവരെ ‘ഇസ്‌ലാമിക്ക് സ്റ്റെയ്റ്റ്’ – ൽ ചേർന്നവരിൽ ഭൂരിഭാഗവും ഈ പയ്യൻ വരുന്ന കാസർഗോഡ് നിന്നാകുമ്പോൾ ഇതിലൊക്കെ തീവ്രവാദം സംശയിച്ചാൽ ആരെയും കുറ്റം പറയാനാകില്ല. കോഴിക്കോട് ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിക്കികയും പിന്നീട് ഫോട്ടോകൾ എടുത്ത് ഇരയായ പെൺകുട്ടിയെ ‘ബ്ളാക്ക്മെയിൽ’ ചെയ്ത കേസും കേവലം സ്ത്രീ പീഡന കേസായി മാത്രം കരുതാനാവില്ല. ഈ രണ്ടു കേസുകളിലും പ്രതികൾ ന്യൂനപക്ഷ സമുദായകാരായതിനാൽ മുഖ്യധാരാ മാധ്യമങ്ങൾ ഇവ രണ്ടും റിപ്പോർട്ട് ചെയ്യാൻ മടിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ മാത്രമാണ് ഈ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വരുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ പേടിച്ചിട്ട് ഇത്തരം വാർത്തകൾ തിരസ്കരിക്കുന്നതിനെ അത്യന്തം ദൗർഭാഗ്യകരം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇതൊക്കെ സമർഥമായി മുതലെടുക്കുകയും ചെയ്യും.

  മതത്തിൻറ്റെ പേരിൽ മനുഷ്യൻ വിഭജിക്കപ്പെടുന്ന അത്യന്തം ദുഖകരമായ കാഴ്ചയാണ് ഇന്ന് ഈ രാജ്യത്തുള്ളത്. നേരത്തേ ഹാദിയാ കേസിനെ ചൊല്ലിയുള്ള വിവാദങ്ങൾ ആ വിഭജനം കൂടുതൽ ആഴത്തിലാക്കി എന്ന് പറയാതെ വയ്യാ. അതുകൊണ്ടു തന്നെ ഇത്തരം വിഷയങ്ങളിൽ ഒരു പ്രതികരണം വേണ്ടാ എന്നാണ് വിചാരിച്ചിരുന്നത്. നമ്മളായിട്ട് എരിതീയിൽ എണ്ണ പകരുന്നത് ശരിയല്ലല്ലോ. പക്ഷെ കഴിഞ്ഞ ദിവസം ഇതെഴുതുന്നയാളുടെ സുഹൃത്തായ മുസ്‌ലിം പെൺകുട്ടി കക്ഷി വിദേശത്തു പോയ ഫോട്ടോ അയച്ചു തന്നു. ജീൻസും, ടോപ്പുമിട്ട അടിപൊളി ഫോട്ടോ. മോഡേൺ വേഷങ്ങളണിഞ്ഞ സൗദി രാജകുമാരികളുടേയും, ദുബായിലെ ഷെയിഖിൻറ്റെ മകളുടേയും ഒക്കെ ഫോട്ടോ കണ്ടിട്ടുണ്ട്. ആധുനിക സമൂഹത്തിൽ സ്ത്രീകൾക്ക് അവർ ഇഷ്ടപ്പെട്ട വേഷം ധരിക്കുവാനുള്ള അവകാശവും, അവരുടെ സഞ്ചാര സ്വാതന്ത്ര്യവും വളരെ പ്രധാനപ്പെട്ടതാണ്. ഒരു മതത്തിൽ വിശ്വസിച്ചത് കൊണ്ട് സ്ത്രീകളുടെ തല മറക്കണമെന്നോ, അവരുടെ ശരീരം ചാക്കിൽ പൊതിയണമെന്നോ മത മേലധ്യക്ഷന്മാർ വിചാരിക്കാൻ പാടുള്ളതല്ല. ഇപ്പോൾ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന കൊച്ചു പെൺകുട്ടികൾ വരെ പർദ്ദ അണിയുന്ന കാഴ്ചയാണ് കേരളത്തിലെ പല മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഉള്ളത്. ഒന്നാം ക്ലാസിലും, രണ്ടാം ക്ലാസിലും പഠിക്കുന്ന കൊച്ചു പെൺകുട്ടികളുടെ തലമുടി കണ്ടു കഴിഞ്ഞാൽ നിയന്ത്രണം പോകുമെന്ന് വിചാരിക്കുന്നതും, തലമുടി മറക്കാൻ അവരെ പ്രേരിപ്പിക്കുന്നതും മഹാ കഷ്ടമാണ്. വാക്സിൻ വിരുദ്ധതയിലും ഇത്തരം അങ്ങേയറ്റം പിന്തിരിപ്പനായ മനോഭാവമുണ്ട്.

  ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണവും മുസ്ലീങ്ങൾക്കിടയിലുള്ള വരേണ്യ വർഗത്തിലില്ല എന്നതും പ്രത്യേകം മനസിലാക്കേണ്ട ഒന്നാണ്. നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാൻ സ്ഥാപിച്ച ജിന്ന എങ്ങനെ മുസ്ലിം നേതാവായി എന്നുള്ളത് ഇന്നും പിടികിട്ടാത്ത ഒരു കാര്യം ആണ്. ജിന്ന വിവാഹം ചെയിതിരുന്നത് പാഴ്സി സ്ത്രീയെയാണ്. ജിന്നയുടെ ഭാര്യ റുട്ടി പാഴ്സി വിഭാഗത്തിൽ പെട്ട സ്ത്രിആയിരുന്നു. (അവർ ‘മറിയം’ എന്ന പേർ സ്വീകരിച്ച് അദ്ദേഹത്തിൻറ്റെ വിശ്വാസത്തിൽ പിന്നീട് ചേർന്നിട്ടുണ്ട്.) ഒരു സാധാരണ മുസ്ലിം വിശ്വാസി ആഴ്ച്ചയിലൊരിക്കലുള്ള പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കാതിരിക്കാനാവില്ല. എന്നാൽ ജിന്ന ഒരിക്കലും വെള്ളിയാഴ്ച പ്രാർത്ഥനകളിൽ പങ്കെടുത്തിരുന്ന ഒരു ശരാശരി വിശ്വാസി കൂടിയായിരുന്നില്ല. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനിൽ ജിന്നയുടെ അറിവ് വളരെ പരിമിതമായിരുന്നു. ഒരു മുസ്ലീം വിശ്വാസിക്ക് അനുവദനീയമല്ലാത്തതൊക്കെ ജിന്ന മറയില്ലാതെ ചെയിതിരുന്നു എന്നും ചരിത്ര താളുകളിൽ കാണാം. ജിന്ന സ്ഥിരമായി പന്നിയിറച്ചി കഴിക്കുകയും, മദ്യപിക്കുകയും ചെയ്തിരുന്നതായി ജിന്നയുടെ ജീവ ചരിത്രങ്ങളിൽ പറയപ്പെടുന്നുണ്ട്. മദ്യപാനവും, സിഗരറ്റു വലിയും ഒക്കെ ജിന്ന മറ കൂടാതെ ചെയ്തിരുന്നു. കുടിക്കുന്ന മദ്യമാകട്ടെ മുന്തിയ തരം സ്ക്കോച്ചും ആയിരുന്നു. സ്ഥിരമായി സിഗററ്റും വലിക്കുമായിരുന്നു. ഇംഗ്ളീഷിൽ പറയുന്നത് പോലെ ‘ക്രോണിക് സ്മോക്കർ’ ആയിരുന്നു ജിന്ന. ‘ക്രോണിക് സ്മോക്കർ’ ആയതു കൊണ്ട് തന്നെ പിൽക്കാലത്തു ജിന്നയ്ക്ക് ക്ഷയ രോഗവും പിടി പെട്ടു. ക്ഷയ രോഗം കൊണ്ടാണ് ജിന്ന മരിച്ചത് തന്നെ. അതും കൂടാതെ അന്നത്തെ ഉത്തരേന്ത്യയിലെ മുസ്ലീങ്ങളുടെ ഭാഷയായ ഉർദു ജിന്നക്ക് ഒട്ടും വശമില്ലായിരുന്നു. ഇംഗ്ളീഷ് ഭാഷയായിരുന്നു ജിന്നക്ക് ഏറെ പ്രിയം. വേഷമാകട്ടെ കോട്ടും, ടയ്യും, പാൻറ്റ്സുമൊക്കെ. തികച്ചും ആർഭാട രീതിയിലുള്ള വേഷവും, ഭക്ഷണവും, താമസവുമൊക്കെയായിരുന്നു ജിന്നയുടെത്. അന്നത്തെയോ, ഇന്നത്തെയോ ഒരു ശരാശരി ഇന്ത്യൻ മുസ്ലീമിൻറ്റെ ജീവിത രീതിയുമായി ജിന്നക്ക് പുല ബന്ധം കൂടി ഉണ്ടായിരുന്നില്ല.

  ഇന്നും പാക്കിസ്ഥാനിലെ ദേശീയ വികാരം മതത്തിൽ അധിഷ്ടിതമാണ്. എപ്പോഴൊക്കെ ഇന്ത്യ മേൽകൈ നേടുമ്പോൾ പാക്കിസ്ഥാനിലെ ഇസ്ലാമിക തീവ്ര വാദ സംഘടനകൾ ഇന്ത്യക്കെതിരെ മതം ആയുധമാക്കും. പക്ഷെ ഈ ഇസ്ലാമിക പ്രത്യേയ ശാസ്ത്രം ഉൽബോധിപ്പിക്കുന്ന നേതാക്കളുടെ സ്വൊകാര്യ ജീവിതം ഞെട്ടിപ്പിക്കുന്നതാണ്. ഫാത്തിമ ഭൂട്ടോ 2010 -ൽ എഴുതിയ ‘Blood and Sword: A Daughter’s Memoir’ കുറെ വർഷങ്ങൾക്ക് മുൻപ് ഇതെഴുതുന്നയാൾ വായിച്ചിട്ടുണ്ട്. ഫാത്തിമ ഭൂട്ടോ പിന്നീട് പല ഇൻറ്റെർവ്യൂകളിലും ബേനസീർ ഭൂട്ടോ നടത്തിയ കൊടിയ അഴിമതികളുടെ കഥകൾ എണ്ണിയെണ്ണി പറഞ്ഞു. ദുബായിലും, ലണ്ടനിലും ഒക്കെ ഫ്‌ളാറ്റുകളും, വില്ലകളും ഒക്കെ ഉള്ള അങ്ങേയറ്റം അഴിമതിക്കാരായ ഭരണ വർഗമാണ് പാക്കിസ്ഥാനിലുള്ളത്. ഇവരുടെ കൊള്ളരുതായ്മകൾ മറക്കുവാൻ ഇവരൊക്കെ മതത്തെ സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ്. സാധാരണ ജനത്തെ വഴി തെറ്റിക്കുവാൻ മതത്തെ ഉപയോഗിക്കുന്ന ഇത്തരം വർഗീയ വാദികളുടെ അടുത്തുകൂടെ പോലും ഭക്തിയോ, ആത്മീയതയോ പോവത്തില്ല. എല്ലാ വർഗീയ വാദികളും ജിന്നയെ പോലെയും, ഇന്നത്തെ പാക്കിസ്ഥാനിലെ ഭരണ വർഗത്തെ പോലെയുമാണ്. സാധാരണ ജനത്തെ വഴി തെറ്റിക്കുവാൻ ഇവരൊക്കെ മതത്തെ സമർത്ഥമായി ഉപയോഗിക്കുന്നു.

  രാമചന്ദ്ര ഗുഹയുടെ പ്രസിദ്ധമായ പുസ്തകമായ – ‘India after Gandhi – The History of the World’s Largest Democracy’-യിൽ ഇന്ത്യൻ മുസ്ലീങ്ങളെ കുറിച്ച് അദ്ദേഹം നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. ഇന്ത്യൻ മുസ്ലീങ്ങൾക്ക് നല്ലൊരു ‘റോൾ മോഡൽ’ ഇല്ല. ഇതാണ് അവരുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നാണ് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറയുന്നത്. മൗലാനാ ആസാദും, ബെഹ്‌റുദീൻ ത്യാബ്ജിയും പോലുള്ള നേതാക്കൾക്ക് മറ്റു സമുദായങ്ങളിലേതു പോലെ ശക്തമായ ഒരു മധ്യ വർഗത്തെ ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ സൃഷ്ടിക്കുവാൻ സാധിച്ചില്ല. ഇന്നത്തെ നേതാക്കളായ മദനിയും, ഒവൈസിയും, അബ്ദുള്ളാ ബുഖാരിയുമൊക്കെ അങ്ങേയറ്റം പ്രതിലോമകരമായ ആശയങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. നമ്മുടെ ടി.വി. ചാനലുകളിൽ വന്നിരുന്ന് മുസ്ലീങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരും അറു ബോറന്മാരും, അങ്ങേയറ്റം പിന്തിരിപ്പൻ മനോഭാവമുള്ളവരുമാണ്. ഒരു ഹമീദ് ചേന്ദമംഗലൂരിനേയോ, കാരിശ്ശേരി മാഷിനേയോ മാറ്റി നിർത്തിയാൽ ബാക്കി മിക്കവരും അങ്ങേയറ്റം യാഥാസ്ഥിതികരും, മത മൗലിക വാദികളുമാണ്. ഒളിഞ്ഞും, തെളിഞ്ഞും തീവ്ര വാദത്തെ പിന്തുണയ്ക്കുന്നവരുമാണ്.

  തീവ്ര വാദികൾ ഏതു മതക്കാർ ആയാലും കണക്കാണ്. ആധുനിക സമൂഹത്തിൽ മതവും, വിശ്വാസവും ഒരു വ്യക്തിയുടെ സ്വകാര്യതയുടെ മാത്രം ഭാഗമാകുകയാണ് വേണ്ടത്. ഹിന്ദുവിനു വേണ്ടിയും, ഇസ്‌ലാമിനു വേണ്ടിയും ആരും പ്രതിനിധീകരിച്ചു വരേണ്ട ഒരു കാര്യവുമില്ല. പ്രതിനിധീകരിച്ചു വരികയാണെങ്കിൽ അത് തങ്ങളുടെ സമുദായത്തിലെ എല്ലാവരുടെയും സർവോതോന്മുഖമായ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുന്നവരായിരിക്കണം. പക്ഷെ അങ്ങനെ എല്ലാവരുടെയും സാർവത്രികമായ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുവാൻ ഇവിടുത്തെ യാഥാസ്ഥിതിക മത നേത്ര്വത്ത്വം സമ്മതിക്കില്ല. ചരിത്രത്തിലേക്ക് നോക്കിയാൽ നെഹ്റു സർക്കാരിലെ അംഗമായ ഡോക്ടർ അംബേദ്കർ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനായി ‘ഹിന്ദു കോഡ് ബിൽ’ ഉണ്ടാക്കി. ‘ഹിന്ദു കോഡ് ബിൽ’ ഉണ്ടാക്കിയ ഡോക്ടർ അംബേദ്കർ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങൾ എന്താണ് കണ്ടില്ലെന്നു നടിച്ചത് എന്നത് മനസ്സിലാവുന്നില്ല. 1985 ഏപ്രിലിൽ ‘ഷാ ബാനൂ’ കേസ് വിധി വന്നപ്പോൾ മുസ്ലീം വ്യക്തിഗത നിയമങ്ങൾ മാറ്റി എഴുതിക്കുവാൻ ഇവുടുത്തെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും കോലാഹലം ഉണ്ടാക്കിയത് എല്ലാവരും കണ്ടതാണ്. 1986 – ൽ രാജീവ് ഗാന്ധി സർക്കാരിൽ കനത്ത സമ്മർദം ചെലുത്തി മുസ്ലീം വ്യക്തിഗത നിയമം മാറ്റി എഴുതി. സത്യത്തിൽ ‘ഷാ ബാനൂ’ കേസിൽ സുപ്രീം കോടതി പറഞ്ഞതിൽ എന്തായിരുന്നൂ തെറ്റുണ്ടായിരുന്നത്? ‘ഷാ ബാനൂ’ കേസിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ തികച്ചും ന്യായമല്ലായിരുന്നുവോ? മുസ്ലീം വിധവകൾക്ക് ജീവനാംശവും, സംരക്ഷണവും കൊടുക്കണം എന്ന് പറയുന്നതിൽ എന്താണ് തെറ്റുണ്ടായിരുന്നത്? ഇപ്പോൾ ‘മുത്താലാക്ക്’ – നെതിരെ വരെ മുസ്ലീം യാഥാസ്ഥികരും, മത മേലധ്യക്ഷന്മാരും ‘ഷാ ബാനൂ’ കേസിനെതിരെ എന്ന പോലെ കോലാഹലം ഉണ്ടാക്കുന്നുണ്ട്.

  ഇവിടെയാണ് രാമചന്ദ്ര ഗുഹ പറയുന്ന ഇന്ത്യൻ മുസ്ലീങ്ങൾക്ക് ഇല്ലാതെ പോയ ‘റോൾ മോഡലിൻറ്റെ’ പ്രസക്തി. ദളിതരെ സംബന്ധിടത്തോളം അവർക്ക് ഡോക്ടർ ബി. ആർ. അംബേദ്കറിൽ വളരെ അനുകരണീയമായ ‘റോൾ മോഡൽ’ ഉണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് ഉന്നത ബിരുദങ്ങൾ നേടുകയും, അവരുടെ അവകാശങ്ങൾക്കു വേണ്ടി നില കൊള്ളൂകയും ചെയ്ത വ്യക്തി എന്ന നിലയിൽ ഡോക്ടർ ബി. ആർ. അംബേദ്കർ ആരാധ്യനായ ‘റോൾ മോഡൽ’ ആണ്. ഭരണ ഘടനയുടെ ഒരു കോപ്പിയും പിടിച്ച് കോട്ടിലും, ടയ്യിലും ഡോക്ടർ ബി. ആർ. അംബേദ്കറിൻറ്റെ പ്രതിമ ഉയർന്നു നിൽക്കുമ്പോൾ അത് വളരെ ശക്തമായ ഒരു പ്രതീകമാണ്. ഇന്നത്തെ ചില അരാജക വാദികൾ പ്രവർത്തിക്കുന്നത് പോലെ ഡോക്ടർ അംബേദ്കർ ഒരിക്കലും അക്രമത്തിലോ, നിയമ വിരുദ്ധമായ മാർഗങ്ങളിലോ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയല്ലായിരുന്നു. ഏതു പ്രതികൂല സാഹചര്യങ്ങളിലും ഭരണഘടനയിലും, ജനാധിപത്യ മാർഗങ്ങളിലും ആയിരുന്നു അദ്ദേഹത്തിന് വിശ്വാസം. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, അല്ലെങ്കിൽ തീവ്രവാദത്തിനോട് ആഭിമുഖ്യം കാണിക്കുകയും ഇന്നത്തെ മുസ്‌ലിം യുവാക്കൾക്ക് ഇങ്ങനെ ഭരണഘടനയിലും, ജനാധിപത്യ മാർഗങ്ങളിലും വിശ്വസിച്ചിരുന്ന ഒരു ‘റോൾ മോഡൽ’ ഇല്ലാ എന്നുള്ളത് ഒരു വലിയ പോരായ്മയാണ്.

  വേണമെങ്കിൽ മുസ്‌ലിം സമൂഹത്തിന് നല്ല ‘റോൾ മോഡലുകളെ’ കണ്ടെത്താം. മലയാളിയായ ആത്മീയാചാര്യൻ ശ്രീ എം (മുംതാസ് അലി ഖാൻ) ഭക്തിയുടെയും, ആത്മീയതയുടെയും കാര്യത്തിൽ നല്ല ഒരു ‘റോൾ മോഡലാണ്’. സൂഫിസത്തിൽ ശ്രീ എം -ൻറ്റെ അറിവ് നിസ്തുലമാണ്. അജ്മീറിലെ ക്വാജ മൊയിനുദ്ദീൻ ചിഷ്ടിയെ കുറിച്ചും, ഫക്കീറായിരുന്ന ഷിർദി സായി ബാബയെ കുറിച്ചുമെല്ലാം തൻറ്റെ ആത്മ കഥയിൽ അദ്ദേഹം ദീർഘമായി എഴുതിയിട്ടുണ്ട്. ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ ശാസ്ത്ര ബോധത്തിന് വളരെയധികം സ്ഥാനമുണ്ട്. ആ രീതിയിൽ ഡോക്ടർ എ.പി. ജെ. അബ്ദുൾ കലാം വളരെ നല്ല ‘റോൾ മോഡലാണ്’. രാമേശ്വരത്തെ സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ചു വളർന്ന അദ്ദേഹം ഇന്ത്യൻ പ്രെസിഡൻറ്റിൻറ്റെ കസേരയിൽ വരെ ചെന്നു എന്നത് ഒരു നിസാര നേട്ടം അല്ല. ഇതെഴുതുന്ന ആൾ ഡോക്ടർ അബ്ദുൾ കലാം ജനിച്ച രാമേശ്വരത്തെ വീട്ടിൽ പോയിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ വിവരിക്കുന്ന ഒരു മ്യുസിയം ആയി മാറിയിരിക്കയാണ് ഡോക്ടർ അബ്ദുൾ കലാം ജനിച്ച രാമേശ്വരത്തെ വീട്. ലക്ഷോപലക്ഷം വിദ്യാർത്ഥികൾ ഡോക്ടർ കലാമിനെ ആരാധിക്കുന്നു എന്നത് തന്നെ അദ്ദേഹം സാർത്ഥകമായ ജീവിതമാണ് നയിച്ചത് എന്നതിൻറ്റെ തെളിവാണ്. അദ്ദേഹത്തിൻറ്റെ പുസ്തകങ്ങളുടെ ലക്ഷ കണക്കിന് കോപ്പികളാണ് ഇതിനോടകം വിറ്റഴിഞ്ഞിട്ടുള്ളത്. പക്ഷെ കേരളത്തിലെ മത മൗലിക വാദികൾ ഡോക്ടർ കലാം മരിച്ചപ്പോൾ അദ്ദേഹം യഥാർഥ മുസ്ലീമായിരുന്നോ എന്ന് ചോദിച്ചു കൊണ്ട് ഡിബേറ്റ് നടത്തി. ഒരു ഇമാമിൻറ്റെ മകനായ ഡോക്ടർ കലാം തൻറ്റെ ശാസ്ത്രീയത ഒക്കെ ഉപേക്ഷിച്ച് യഥാർഥ മുസ്ലീമാണെന്ന് തെളിയിക്കുവാൻ മത മൗലിക വാദികളെ പോലെ വട്ട താടിയും, പ്രത്യേകതരം വേഷവിധാനങ്ങളുമായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടക്കണമായിരുന്നു; വർഗീയം പറയണമായിരുന്നു – എന്നൊക്കെ പറഞ്ഞാൽ തീർത്തും കഷ്ടമാണത്. ഒരു ഇമാമിൻറ്റെ മകനോട് വീണ്ടും മുസ്ലീമാണെന്നു തെളിയിക്കുവാൻ പറയുന്നത് തന്നെ അങ്ങേയറ്റം നികൃഷ്ടമായ കാര്യമാണ്.

  ബുർഖയും തൊപ്പിയും താടിയും ഉപേക്ഷിച്ച് ഇന്ത്യൻ മുസ്ലീങ്ങൾ ലിബറൽ വേഷവും ഭാഷയും സ്വീകരിക്കണം എന്ന് പറഞ്ഞാൽ അത് മുസ്ലീങ്ങളുടെ സ്വത്ത്വത്തിനെതിരാണെന്ന് പറഞ്ഞു ചിലർ വരും. ആധുനിക മൂല്യങ്ങൾക്കെതിരേ പുറം തിരിഞ്ഞു നിൽക്കുന്നവരാണ് ഇക്കൂട്ടർ. വിഭജനാന്തരം ഇന്ത്യൻ മുസ്ലീങ്ങൾ സ്വത്വ സംരക്ഷണത്തിൽ മാത്രം മുഴുകി. ഇന്ന് മുസ്‌ലീം സ്ത്രീകളെ ‘ദീനിബോധം’ പഠിപ്പിക്കുവാൻ കണ്ടമാനം ആളുകൾ സോഷ്യൽ മീഡിയയിൽ വരെ ഉണ്ട്. വ്യവസായിയായ യൂസഫലി തൻറ്റെ ഷോപ്പിംഗ് മാളുകളിൽ ‘ഇൻറ്റർനാഷണൽ’ രീതിയിൽ വസ്ത്രങ്ങൾ ധരിക്കണമെന്ന് പറഞ്ഞതിനെതിരെ അദ്ദേഹത്തിൻറ്റെ കീഴിൽ പണിയെടുത്തവർ തന്നെ ഫെയിസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. “ഇതെന്തു പാൻറ്റ്; ഇതെന്തു താടി” എന്ന് യൂസഫലി ഒരു മുസ്‌ലീം ജീവനക്കാരനോട് ചോദിച്ചതാണ് അയാളെ പ്രകോപിപ്പിച്ചത്.

  ഇന്നത്തെ കേരളം ഇന്ന് എല്ലാ തീവ്രവാദികളുടേയും വിഹാര ഭൂമിയായി മാറി കഴിഞ്ഞിട്ടുണ്ട്. ഒരുവശത്ത് ഇസ്‌ലാമിക തീവ്രവാദികൾ; മറുവശത്ത് തീവ്ര ഹിന്ദുത്ത്വ രാഷ്ട്രീയത്തിൻറ്റെ വക്താക്കൾ. മദനിയുടെ തീ തുപ്പുന്ന പ്രസംഗങ്ങൾ പോലെ തന്നെ അപകടകരമാണ് മദനിയുടെ കാൽ ബോംബ് വെച്ച് തകർത്ത തീവ്ര ഹിന്ദുത്ത്വ വാദികളുടെ പ്രവർത്തനവും. മദനിയുടെ നേരേ ബോംബെറിഞ്ഞവരെ ഒരു രീതിയിലും വിശുദ്ധരായി കാണുവാൻ സാധിക്കുകയില്ല. കേരളത്തിൽ നിന്ന് ഇസ്‌ലാമിക സ്റ്റെയിറ്റിലേക്ക് പോകുന്നത് പോലെ തന്നെ അപകടകരമാണ് അയോധ്യയിൽ കർസേവ നടത്താൻ പോകുന്നതും. ഇസ്‌ലാമിക് സ്റ്റെയിറ്റിൽ പോകുന്നത് ആയുധമേന്തിയ തീവ്രവാദമാണെങ്കിൽ കർസേവ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഗുണ്ടായിസമാണ്.

  ആ ഗുണ്ടായിസം ആണ് ശബരിമല വിഷയത്തിൽ കേരളം കണ്ടത്. സുപ്രീം കോടതി വിധിയെ തെരുവിൽ പരസ്യമായി അവഹേളിക്കുകയല്ലേ അന്നുണ്ടായത്? ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളുടെ പ്രായം നോക്കാൻ സംഘ പരിവാറുകാർക്ക് അന്ന് ആര് അധികാരം കൊടുത്തു? ഇതിനൊക്കെ നേതൃത്വം കൊടുത്തവരെ എന്തുകൊണ്ട് കോടതിയലക്ഷ്യത്തിൻറ്റെ പേരിൽ ശിക്ഷിക്കേണ്ടതായിരുന്നു. മാസങ്ങളോളം കേരളത്തിൽ ശബരിമലയുടെ പേരു പറഞ്ഞു അക്രമവും ഹർത്താലും ഒക്കെ സംഘടിപ്പിച്ചവർ ശുദ്ധമായ കോടതിയലക്ഷ്യം അല്ലേ കാട്ടിയത്? പക്ഷെ ചോദിച്ചിട്ട് കാര്യമില്ല. തീവ്രവാദങ്ങൾ തകർത്താടുമ്പോൾ നിയമ വ്യവസ്ഥയോട് ബഹുമാനമോ, അക്രമ മാർഗത്തിൽ നിന്നുള്ള പിന്തിരിയലോ ഒന്നും ഉണ്ടാവില്ല.

  കാശ്മീരിൽ പോയി മരിക്കേണ്ട കാര്യമൊന്നും കേരളത്തിലെ മുസ്‌ലിം യുവാക്കൾക്കില്ല. എന്തായാലും സോവിയറ്റ് യൂണിയൻ തകരുകയും, ചൈന പൂർണമായും ക്യാപ്പിറ്റലിസ്റ്റ് രീതിയിലേക്ക് മാറുകയും ചെയ്തതിൽ പിന്നെ കമ്യൂണിസ്റ്റുകാർക്കും, നക്സലയിറ്റ്‌കാർക്കും പഴയ ശൗര്യമില്ല. CPM – ൻറ്റെ അക്രമ രാഷ്ട്രീയം കമ്യൂണിസ്റ്റ് മാതൃകയിൽ കാണാൻ സാധിക്കുകയില്ല. പക്ഷെ മാവോയിസ്റ്റ് ലേബലിൽ ആദിവാസി മേഖലകളിൽ ചില ആയുധധാരികൾ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതിൻറ്റെ എല്ലാം കൂടെ കുറെ നിയോ ബുദ്ധിസ്റ്റുകളുടെ ആശയ പ്രചാരണവും, പെന്തക്കോസ്ത് പാസ്റ്റർമാരുടെ മറ്റു മതങ്ങൾക്കെതിരെയുള്ള പ്രഘോഷണങ്ങളും നടക്കാറുണ്ട്. CPM – ൻറ്റെ ഇസ്‌ലാമിക തീവ്രവാദത്തോടുള്ള മൃദു സമീപനം മൂലം അവരുടെ തന്നെ പ്രവർത്തകരെ ഇസ്‌ലാമിക തീവ്രവാദികൾ കുത്തി മലർത്തുന്ന സ്ഥിതി വിശേഷം ഉരുത്തിരിഞ്ഞിട്ടുണ്ട്. മഹാരാജാസ് കോളേജിൽ ക്യാമ്പസിന് വെളിയിൽ നിന്നുള്ളവരൊക്കെ കോളേജിൽ കേറി കത്തിക്കുത്ത് നടത്തിയത് കാണിക്കുന്നത് തീവ്രവാദികൾ എങ്ങനെ ക്യാമ്പസ് രാഷ്ട്രീയത്തിൽ ഞുഴഞ്ഞു കയറുന്നു എന്നുള്ളതാണ്. ഉള്ളത് പറഞ്ഞാൽ കേരളം വീണ്ടും ഭ്രാന്താലയം ആയി തീരുന്ന എല്ലാ ലക്ഷണങ്ങളും കാണിക്കുന്നുണ്ടെന്ന് ചുരുക്കം.