പണ്ട് ഭരിച്ചപ്പോൾ ശക്തവും ധീരവുമായ ഭരണ നടപടികൾ എടുക്കാതിരുന്ന കോൺഗ്രസ് – ഇന്നിപ്പോൾ കോൺഗ്രസ് പാർട്ടിക്ക് തന്നെ വിനയാകുന്ന പണ്ടത്തെ ‘അഡ്ജസ്റ്റ്മെൻറ്റ് പൊളിറ്റിക്സ്’

വെള്ളാശേരി ജോസഫ്

1968 ഒക്റ്റോബർ 1-നാണ് ജനസംഖ് നേതാവായിരുന്ന ദീന ദയാൽ ഉപാധ്യായ ഉത്തർ പ്രദേശിലെ മുഗൾസറായ് റെയിൽവേ സ്റ്റേഷനിൽ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെടുന്നത്. പിന്നീട് ബൽരാജ് മധോക്ക് എന്ന ആർ.എസ്. എസ്സിലേയും, ജനസംഖിലേയും സീനിയർ നേതാവായിരുന്ന വ്യക്തി ദീന ദയാൽ ഉപാധ്യായയുടെ ദുരൂഹമായ മരണത്തിൽ ബി.ജെ.പി. നേതാക്കൾക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചു. ബൽരാജ് മധോക്കിൻറ്റെ ആത്മകഥയിൽ പറയുന്നത് ഇപ്രകാരമാണ്: “He was killed by a hired assassin. But conspirators who sponsored this killing were those self-seekers and leaders with criminal bent of mind of Sangh-Jan Sangh”[xi]” (കടപ്പാട്: കൗണ്ടർ കറൻറ്റ്സ്). മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്ത്വത്തിന് 71 വയസ് തികയുമ്പോൾ പോലും ഗ്വാളിയറിലെ ഹോമിയോപ്പതി ഡോക്ടറായ ദത്താത്രയ പർചൂരേയ്ക്ക് ഓട്ടോമാറ്റിക് പിസ്റ്റൾ ലഭ്യമാക്കുന്നതിൽ പങ്കാളികളായ ഗ്വാളിയർ സ്വദേശികളായ ഗംഗാധർ എസ്. ദന്തവദേ, ഗംഗാധർ യാദവ്, സൂര്യദേവ ശർമ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഗാന്ധി വധത്തിനു വേണ്ടി നാഥുറാം ഗോഡ്സേയും, ഗാന്ധി വധത്തിൽ പ്രതികളായ നാരായൺ ആപ്തേയും, വിഷ്ണു കർക്കാരെയും ഗ്വാളിയറിലെ ഹോമിയോപ്പതി ഡോക്ടറായ ദത്താത്രയ പർചൂരേയുടെ പക്കൽ നിന്ന് ബേറേറ്റാ ഓട്ടോമാറ്റിക് പിസ്റ്റളും, 20 വെടിയുണ്ടയും കൈപ്പറ്റുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച വലിയ ഒരു നിര ആളുകൾ ഉണ്ട്. പക്ഷെ ഇത്തരം വധങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെയോ, ഗൂഡാലോചനക്കാരെയോ കണ്ടുപിടിക്കാനോ, അവരെ പ്രോസിക്യൂഷന് വിധേയമാക്കാനോ ഉള്ള ആത്മാർഥമായ ഒരു ശ്രമവും മാറി മാറി വന്ന കോൺഗ്രസ് സർക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ആ സർക്കാരുകളൊക്കെ പലരുമായി ചേർന്ന് ‘അഡ്ജസ്റ്റ്മെൻറ്റ് പൊളിറ്റിക്സ്’ കളിച്ചു.

ഇത്തരം ‘അഡ്ജസ്റ്റ്മെൻറ്റ് പൊളിറ്റിക്സാണ്’ ഇന്നിപ്പോൾ കോൺഗ്രസ് പാർട്ടിക്ക് തന്നെ വിനയാകുന്നത്. ഭുമിയിടപാട്, അനധികൃത ഖനനം, ബി.ജെ.പി. കേന്ദ്ര നേതാക്കള്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട ഡയറികള്‍ തുടങ്ങിയ അനേകം ആരോപണങ്ങളിൽ കർണാടകത്തിലെ ബി.എസ്. യെദൂരപ്പക്ക് എതിരേ കോൺഗ്രസ് സർക്കാരുകൾ നടപടികളെടുത്തില്ല. മധ്യ പ്രദേശിൽ ബി. ജെ. പി. ഭരിച്ചപ്പോൾ വ്യാപം ആഴിമതി കേസിൽ നടന്ന നീണ്ട കൊലപാതക പരമ്പരകൾ പോലൊന്നുള്ള ഭയാനകമായ ഒന്ന് സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനെതിരെ സര്‍ക്കാര്‍ നിയമങ്ങളുമായി ബന്ധപ്പെട്ട കോടികളുടെ വ്യാപം അഴിമതിയുടെ അന്വേഷണം വന്നപ്പോൾ മുതൽ പ്രധാന സാക്ഷികളെല്ലാം ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടു. ശിവരാജ് സിങ് ചൗഹാനെതിരേ പലരും ആരോപിച്ചതുപോലെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും സി.ബി.ഐ. ചൗഹാന് ക്ലീന്‍ചിറ്റ് നല്‍കി.

ബി.ജെ.പി. നേതാക്കളായ ബെല്ലാരി സഹോദരങ്ങള്‍ക്കെതിരെയുള്ള അന്വേഷണത്തിൻറ്റെ സ്ഥിതിയും മറ്റൊന്നല്ല. ഇവര്‍ക്കതിരെ ഉയര്‍ന്ന 16,500 കോടി രൂപയുടെ അനധികൃത ഖനനം സംബന്ധിച്ച അന്വേഷണം സി.ബി.ഐ. വേഗത്തില്‍ പൂര്‍ത്തിയാക്കി. ബി.ജെ.പി. ഭരിക്കുമ്പോൾ യുക്തിരഹിതമായ വാദങ്ങള്‍ നിരത്തിയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബി.ജെ.പി. നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ, കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാൽ, വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ ശക്തനായ ബി.ജെ.പി. നേതാവായ ഹിമന്ത ബിശ്വ ശര്‍മ്മ – ഇവർക്കെതിരേയും അനേകം അഴിമതി ആരോപണങ്ങൾ വന്നതാണ്. ഇങ്ങനെ പറയാനാണെങ്കിൽ ഇഷ്ടംപോലെ ബി.ജെ.പി. നേതാക്കൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെ കുറിച്ച് പറയാം. ഈ ആരോപണങ്ങളൊക്കെ മാധ്യമങ്ങളിൽ വന്നതുമാണ്. പക്ഷെ കേന്ദ്രത്തിലും, മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി. ഭരിക്കുമ്പോൾ ഇത്തരം ആരോപണങ്ങളിലൊന്നും കൃത്യമായ ഒരന്വേഷണവും ഉണ്ടാകില്ല എന്ന് ഇന്ത്യൻ ഭരണ സംവിധാനത്തിൻറ്റെ രീതികൾ അറിയാവുന്ന ആർക്കും ഊഹിക്കാം. ഭരിക്കുന്ന പാർട്ടികളുടെ ഏറാൻ മൂളികളായി അന്വേഷണ ഏജൻസികൾ മിക്കപ്പോഴും മാറുകയാണ്.

ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ തെളിവുകൾ ബി.ജെ.പി. സര്‍ക്കാര്‍ ഫോളോ ചെയ്തതു പോലെ മോദിക്കും അമിത് ഷാക്കും എതിരായ കേസുകള്‍ കോണ്‍ഗ്രസ് ഫോളോ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ഗതികേട് ചിദംബരത്തിന് ഉണ്ടാവുമായിരുന്നില്ല. ഒരുപക്ഷേ ഇപ്പഴത്തെ പ്രധാനമന്ത്രി കസേരയില്‍ മോദിയും ഉണ്ടാവുമായിരുന്നില്ല. 2002 ഗുജറാത്ത് കലാപത്തിൽ ഇഷൻ ജാഫ്രിയെന്ന സ്വന്തം എം.പി. ഗുൽബർഗ സൊസൈറ്റിയിലെ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടിട്ട് പോലും അതിനെതിരെ ശക്തവും ധീരവുമായ നിലപാട് എടുക്കാൻ കോൺഗ്രസുകാർക്കായില്ല. യെദൂരപ്പ മുതൽ ഇഷ്ടം പോലെ കള്ള പണക്കാരും, കേസിൽ നിന്നൊഴിവായി കിട്ടാൻ ബി.ജെ.പി.-യിൽ ചേർന്ന മുകുൾ റോയിയെ പോലുള്ള വലിയ കള്ളന്മാരും ഒക്കെ വിലസി നടക്കുമ്പോഴാണ് ചിദംബരത്തിനും മകനും എതിരെയുള്ള ഇപ്പോഴുള്ള കേസുകൾ. കോൺഗ്രസ്‌ നേരത്തേ ഭരണത്തിലിരുന്നപ്പോൾ പലപ്പോഴും ‘അഡ്ജസ്റ്റ്മെൻറ്റ് പൊളിറ്റിക്സ്’ കളിച്ചതാണ് അവർക്കിപ്പോൾ വിനയാകുന്നത്.

Advertisements