പലരും വിചാരിക്കുന്നത് പോലെ ഡൽഹിയിൽ കേജ്‌രിവാൾ മല മറിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നുണ്ടോ?

686

വെള്ളാശേരി ജോസഫ്

സവോളക്ക് പിന്നാലെ തക്കാളിക്കും ഡൽഹിയിൽ വില കൂടുന്നു. തക്കാളിക്ക് ഇപ്പോൾ പല സ്ഥലങ്ങളിലും കിലോക്ക് 80 രൂപ വരെ ആയി എന്നാണ് പറയപ്പെടുന്നത്. നവരാത്രി വ്രതം കഴിഞ്ഞാൽ സവോളക്കും വെളുത്തുള്ളിക്കും വീണ്ടും വില വർധിക്കും എന്നാണ് പറയപ്പെടുന്നത്. കാരണം പല യാഥാസ്ഥിതിക ഹിന്ദു കുടുംബങ്ങളും നവരാത്രി വ്രതത്തിൻറ്റെ ഭാഗമായി സവോളയും വെളുത്തുള്ളിയും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. സവോളയുടേയും തക്കാളിടേയും വില വർധനവാണ് ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ ഗതി നിർണയിക്കുന്ന ഒരു പ്രധാന ഘടകം. ഉത്തരേന്ത്യൻ ഭക്ഷണ രീതിയുടെ അവിഭാജ്യ ഘടകങ്ങളായ ഇവ രണ്ടിൻറ്റേയും വില വർധിക്കുന്നത് ഭരണ കർത്താക്കളുടെ പേടി സ്വപ്നമാണ്; കാരണം ജനരോഷം അതിനെതിരേ ഉയരും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻറ്റെ റേഷൻ കടകളിൽ കൂടിയുള്ള സവോള വിതരണ പദ്ധതി അത്ര വിജയകരമായിട്ടുണ്ടെന്ന് കരുതാൻ വയ്യാ.

പക്ഷെ ഡൽഹിയിൽ മിക്കവാറും അരവിന്ദ് കേജ്‌രിവാളും ആം ആദ്മി പാർട്ടിയും ജയിച്ചു കയറുന്ന എല്ലാ ലക്ഷണങ്ങളുമുണ്ട്. കേജ്‌രിവാൾ എന്തൊക്കെയോ ചെയ്തു കൂട്ടുണ്ടെന്നുള്ള പൊതുജനത്തിൻറ്റെ ധാരണയായിരിക്കും ഡൽഹിയിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ അതിൻറ്റെ പിന്നിലുള്ള കാരണം. ഈയിടെ ഏതാണ്ട് എല്ലാ ദിവസങ്ങളിലും അത് ചെയ്തു; ഇതു ചെയ്തു എന്നൊക്കെ പറഞ്ഞുകൊണ്ട് കേജ്‌രിവാളിൻറ്റെ ഫോട്ടോയോട് കൂടിയ പരസ്യങ്ങൾ പത്രങ്ങളിൽ കാണാം. സത്യത്തിൽ പൊതുജനത്തിൻറ്റെ നികുതിപ്പണം ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള പരസ്യങ്ങൾ തന്നെ ജനാധിപത്യ വിരുദ്ധമാണ് – എല്ലാ പാർട്ടിക്കാരും ഭരണത്തിലിരിക്കുമ്പോൾ അത് ചെയ്യുമെങ്കിലും. മഹത്ത്വം പരസ്യപ്പെടുത്തേണ്ട ഒന്നല്ല എന്ന തത്ത്വം അംഗീകരിക്കുകയാണെങ്കിൽ കേജ്‌രിവാൾ ഇങ്ങനെ പരസ്യം ചെയ്യുന്നതിനെ എങ്ങനെ ന്യായികരിക്കുവാൻ സാധിക്കും?

സത്യത്തിൽ പലരും വിചാരിക്കുന്നത് പോലെ ഡൽഹിയിൽ കേജ്‌രിവാൾ മല മറിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നുണ്ടോ? കേജ്‌രിവാളിൻറ്റെ പരസ്യങ്ങളിൽ പറയുന്നത് പോലെ പല കാര്യങ്ങളിലും അത് ചെയ്തു, ഇതു ചെയ്തു എന്നൊക്കെയുള്ളത് വെറും അവകാശ വാദങ്ങൾ മാത്രമാണ്. ഇതെഴുതുന്നയാൾ 26 വർഷമായി ഡൽഹിയിൽ താമസിക്കുന്ന ആളാണ്. ഇവിടെ ഇപ്പോൾ മാലിന്യ കൂമ്പാരങ്ങളും, കൊതുകിൻറ്റെ പേട്ടയും ആണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് ചോദിച്ചാൽ ബി.ജെ.പി. ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനെ അതിന് പുള്ളി കുറ്റം പറയും. ബി.ജെ.പി. -യുടെ നെത്ര്വത്ത്വത്തിലുള്ള മുനിസിപ്പൽ കോർപ്പറേഷൻ ഭരണമാണ് എല്ലാ മാലിന്യ പ്രശ്നങ്ങൾക്കും കാരണം എന്ന് സ്ഥാപിക്കാനായിരിക്കും കേജ്‌രിവാളിന് താൽപര്യം. മാലിന്യ നിർമാർജനം പോലെ തന്നെ ഗുരുതരമായ പ്രശ്നമാണ് പൊട്ടിപൊളിഞ്ഞ റോഡുകൾ. നടുവ് വേദനക്കാർക്കും അല്ലാത്തവർക്കും ഡൽഹിയിലെ പല പൊട്ടിപൊളിഞ്ഞ ഇട റോഡുകളിൽ കൂടിയും സഞ്ചരിക്കാൻ നിവൃത്തിയില്ലാതായിട്ട് കാലം കുറെയായി. ആരാണ് ഇതിനൊക്കെ കാരണക്കാർ എന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. സംഭവം ഒന്നും നടക്കുന്നില്ല എന്ന് മാത്രം ഡൽഹിയിലെ ജനങ്ങൾക്കറിയാം.

ഇതൊക്കെ കൊണ്ടാണ് പല മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്നിൽ മൂന്നാമതെത്തിയത്. ഷീലാ ദീക്ഷിത് 15 വർഷം ഡൽഹി ഭരിച്ച കരുത്തുറ്റ ഭരണാധികാരിയായിരുന്നു. ഫ്ളൈ ഓവറുകൾ, അണ്ടർ പാസുകൾ, മെട്രോ – അങ്ങനെ നിരവധി വികസന സംരഭങ്ങൾ നടത്തി. ഡൽഹിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ‘ട്രാൻസ്‌പോർട്ട് സിസ്റ്റം’ ഷീലാ ദീക്ഷിത് കൊണ്ടുവന്നു. കേജ്‌രിവാളിന് അങ്ങനെയുള്ള വികസന പദ്ധതികളൊന്നും അവകാശപ്പെടാനാവില്ല. ഷീലാ ദീക്ഷിത് കുറച്ചു നാൾ മുമ്പ് ഹൃദയസ്തംഭനം മൂലം മരിച്ചപ്പോൾ ഇ. ശ്രീധരൻ മെട്രോ നിർമാണത്തിൽ തനിക്ക് ഉറച്ച പിന്തുണയുമായി നിന്ന ഷീലാ ദീക്ഷിത്തിനെ അനുസ്മരിച്ചു. ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയിൽ മെട്രോ നിർമാണം പോലുള്ള ഒരു ബ്രിഹത് പദ്ധതി വിജയിക്കണമെങ്കിൽ അനേകം സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം സാധ്യമാവണം. അത്തരത്തിലുള്ള ഏകോപനം സാധ്യമാക്കിയത് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതാണ്. കർമയോഗിയായ ഇ. ശ്രീധരൻ പറഞ്ഞാലെങ്കിലും ആളുകൾ ഷീലാ ദീക്ഷിതിൻറ്റെ സംഭാവനകൾ അംഗീകരിക്കുമോ? സാധ്യതയില്ല. കാരണം ഷീലാ ദീക്ഷിത് അത്രമേൽ മോശക്കാരിയായി. കോൺഗ്രസിനേയും ഷീലാ ദീക്ഷിത്തിനേയും തീർത്തും മോശക്കാരാക്കി ബി.ജെ.പി. – ക്ക് വഴിയൊരുക്കിയതിൽ കേജ്‌രിവാളിന് വലിയ പങ്കുണ്ട്.

സത്യത്തിൽ മാധ്യമങ്ങൾ വളരെയേറെ ‘ഹൈപ്പ്ഡ്’ ആക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഡൽഹിയിലെ ആം ആദ്മി പാർട്ടി. ഡൽഹിയിൽ അങ്ങനെ തികഞ്ഞ ആം ആദ്മി നിലപാടൊന്നും ജനങ്ങൾക്കില്ല. വൈദ്യുതിയുടേയും വെള്ളത്തിൻറ്റേയും ബില്ലൊക്കെ കുറയണമെന്നു ജനങ്ങൾക്ക് മോഹമുണ്ടായിരുന്നു. കേജ്‌രിവാൾ ജനങ്ങളുടെ ആ മോഹം കുറേയൊക്കെ സാധിച്ചു തന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേജ്‌രിവാൾ കുറച്ചു നല്ല പ്രവർത്തനങ്ങളൊക്ക നടത്തി. പക്ഷെ 20-30 വർഷമായി ഡെൽഹിക്കാരെ സംബന്ധിച്ച് ഏറ്റവും നല്ലതെന്ന് പറയാവുന്ന ഒരു കാര്യം ഡൽഹി മെട്രോ ആണ്. കേജ്‌രിവാളും കേന്ദ്രവും തമ്മിൽ അടിയായത് കൊണ്ട് മെട്രോയുടെ നാലാം ഘട്ട വികസനം രണ്ടു വർഷമായി മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോൾ മെട്രോയുടെ നാലാം ഘട്ട വികസനത്തിന് അപ്പ്രൂവൽ കിട്ടിയപ്പോൾ പോലും പല സ്ഥലങ്ങളും മെട്രോ വരുന്നതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനൊക്കെ ആരെ പഴിക്കണം? ഭരണത്തിൻറ്റെ ഉന്നതങ്ങളിൽ നടക്കുന്ന കാര്യങ്ങളായതുകൊണ്ട് നിജസ്ഥിതി ആർക്കും അറിയില്ല. ഒന്നുമാത്രം അറിയാം – കാര്യങ്ങളൊന്നും നടക്കുന്നില്ല എന്നൊന്നുള്ളത്.