പാത്തുമ്മ പെറ്റ വാവർ സ്വാമി – മത മൈത്രിയുടെ മകുടോദാഹരണം

വെള്ളാശേരി ജോസഫ്

വീണ്ടും ഒരു മണ്ഡലകാലത്തിലാണ് ശബരിമല സ്വാമി അയ്യപ്പൻറ്റെ ഭക്തർ. വിശ്വാസികൾ ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം മണ്ഡല പൂജ സമുചിതമായി ആഘോഷിക്കുന്നു. അപ്പോൾ ശബരിമല അയ്യപ്പനേയും വാവർ സ്വാമിയെയും കുറിച്ചുള്ള കഥ ഒന്ന് ഓർത്തിരിക്കുന്നത് നല്ലതല്ലേ? വി. എം. ദീപ പണ്ട് ‘നമ്മൾ – നാടിൻറ്റെ വർണ ശബളതകൾ’ എന്ന ഏഷ്യാനെറ്റിലെ പരിപാടിയിൽ മത മൈത്രിയുടെ പ്രതീകമായി ‘പാത്തുമ്മ പെറ്റു’ എന്ന് ഐതിഹ്യമുള്ള വാവർ സ്വാമിയെ പറ്റി ഹൃദ്യമായ ഡോക്കുമെൻറ്ററി അവതരിപ്പിച്ചിരുന്നു. അറബി പഠിപ്പിച്ച ഗോപാലികാ അന്തർജ്ജനത്തിൻറ്റേയും, മഞ്ജു ടീച്ചറിൻറ്റേയും കഥ വളരെ സുന്ദരമായി അവതരിപ്പിച്ചതിന് ശേഷം വീണ്ടും മത മൈത്രിയെ കുറിച്ച് മലയാളിയോട് സംസാരിക്കുവാൻ വേണ്ടി വി. എം. ദീപ വാവർ സ്വാമിയെ കുറിച്ചുള്ള വിഷയമാണ് അന്ന് തിരഞ്ഞെടുത്തത്. ‘ഗ്രീൻ റിപ്പോർട്ട്’, ‘നല്ല മണ്ണ്’ – എന്നീ നല്ല പരമ്പരകൾക്ക് ശേഷം വി. എം. ദീപ മനുഷ്യർ തമ്മിലുള്ള ഐക്യത്തിൻറ്റെ കഥ ആ ഡോക്കുമെൻറ്ററിയിലൂടെ പറഞ്ഞു. വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവരുടെ ഐക്യം ഇന്നത്തെ കലുഷിതമായ ഇന്ത്യയിൽ അങ്ങേയറ്റം പ്രസക്തവുമാണ്.

അയ്യനെ കാണാന്‍ വ്രതം നോറ്റെത്തുന്ന ഓരോ ഭക്തൻറ്റെയും ദര്‍ശനം പൂര്‍ത്തിയാകുന്നത് വാവർ സ്വാമിയുടെ അനുഗ്രഹവും കൂടി തേടുന്നതോടെ ആണ്. പക്ഷെ ആരായിരുന്നു വാവർ സ്വാമി? അയ്യപ്പന്‍, വാവര്‍, കടുത്ത, മാളികപ്പുറത്തമ്മ എന്നിവരെ കുറിച്ചു ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നീലവില്‍ ഉണ്ട്. ശബരിമലയിലെ മൂർത്തിയായ അയ്യപ്പൻറ്റെ അംഗരക്ഷകനും ഉറ്റ മിത്രവുമായിരുന്ന ഒരു മുസ്ലിം യോദ്ധാവായിരുന്നു വാവർ എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വാവർ സ്വാമി എന്നും അറിയപ്പെടുന്നു. വാവരെക്കുറിച്ചും അയ്യപ്പനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വാമൊഴിയായി പ്രചരിച്ച ശാസ്താംപാട്ടുകളിൽ നിന്നും ‘ശ്രീഭൂതനാഥോപാഖ്യാനം’ എന്ന സംസ്കൃത ഗ്രന്ഥത്തിൽ നിന്നുമാണ്. ശാസ്താം‌പാട്ടുകളിൽ അയ്യപ്പൻറ്റെ ഉറ്റ മിത്രമായാണ് വാവർ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ‘ശ്രീഭൂതനഥോപാഖ്യാനത്തിൽ’ വാപരൻ എന്ന പേരിൽ അയ്യപ്പൻറ്റെ അംഗരക്ഷകനായി വാവർ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവർ രണ്ടും രണ്ടുപേരാണെന്നും വാദമുണ്ട്.

കേരളത്തിൽ സുലഭമായിരുന്ന കുരുമുളക് വാവർ അറബി നാടുകളിലേക്കു കയറ്റി അയച്ചിരുന്നു. വാവർ പള്ളിയിലെ വഴിപാട് കുരുമുളകാണെന്നതാണ് ഈ വാദത്തിനടിസ്ഥാനം. പന്തളം രാജാവിന് അവകാശമുണ്ടായിരുന്ന ആലപ്പുഴ ജില്ലയിലെ ചില തീര പ്രദേശങ്ങളിൽ കടൽ വഴി കച്ചവടം നടത്തുന്നതിന് രാജാവിന് കപ്പം കൊടുക്കണമായിരുന്നു. എന്നാൽ അറബി നാടുകളിൽ നിന്നും വന്ന ചിലർ കപ്പം നൽകാൻ വിസമ്മതിച്ചു. വാവർ ആയിരുന്നു അതിൽ പ്രമുഖൻ. പന്തളം രാജാവിൻറ്റെ അനുമതിയോടെ വാവരെ എതിരിടാൻ ചെന്ന അയ്യപ്പൻ വാവരെ പരാജയപ്പെടുത്തി. അയ്യപ്പൻറ്റെ ദൈവികത്വം തിരിച്ചറിഞ്ഞ വാവർ സന്തതസഹചാരിയായി അയ്യപ്പനൊപ്പം കൂടുകയായിരുന്നു എന്ന് ചില അയ്യപ്പൻ പാട്ടുകളിൽ കാണുന്നു. അയ്യപ്പനോട് യുദ്ധം ചെയ്ത് സന്ധിവഴങ്ങിയ ശേഷം വിശ്വസ്ത സുഹൃത്തായി മാറിയ വാവരെയാണ് ശാസ്താം പാട്ടുകളിൽ കാണാൻ കഴിയുന്നത്.

തന്നെ കാണാന്‍ എത്തുന്നവര്‍ പ്രിയ തോഴനായ വാവരെയും കണ്ട് പടി ചവിട്ടണമെന്ന് അയ്യപ്പന് ആഗ്രഹമുണ്ടായിരുന്നുവത്രേ. മങ്ങാട്ട് വീട്ടിലെ അയ്യപ്പൻ വിളക്കിൻറ്റെ മുമ്പിൽ വാവരങ്കം എന്ന ശാസ്താം പാട്ട് പാടി അവതരിപ്പിക്കാറുണ്ട്. ഇത് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധത്തിൻറ്റെ നാടകാവിഷ്ക്കാരമാണ്. ഇതിൽ വാവരുടെ വേഷം ലുങ്കി, പച്ചത്തൊപ്പി, ബെൽറ്റ് എന്നിവയാണ്. ഇതും വി. എം. ദീപ തൻറ്റെ ഡോക്കുമെൻറ്ററിയിൽ വിശദമായി പണ്ട് കാണിച്ചുതന്നിരുന്നു. വട്ട താടിയും, പച്ച ബെൽറ്റും, കള്ളി മുണ്ടുമായി ഒരു മുസ്‌ലിം യോദ്ധാവ് അയ്യപ്പനോട് ഏറ്റുമുട്ടുന്നതും, പിന്നീട് അയ്യപ്പ ഭക്തർക്ക് പ്രസാദം നൽകുന്നതുമെല്ലാം വി. എം. ദീപ ഹൃദ്യമായി അവതരിപ്പിച്ചിരുന്നു. വാവർ സ്വാമിയെ കുറിച്ച് “പാത്തുമ്മ പെറ്റ വാവർ” എന്ന് ശാസ്താം പാട്ടുകളിൽ പാടി അവതരിപ്പിക്കുമ്പോൾ തന്നെ അത് മത മൈത്രിയുടെ മകുടോദാഹരണം ആയി മാറുന്നു.

പന്തളം രാജവംശത്തെപ്പോലെ വാവർ കുടുംബവും തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലെത്തിയത് എന്ന് പറയപ്പെടുന്നു. വാവരുടെ പൂര്‍വ്വികര്‍ പാണ്ടിനാട്ടിലെ അവരാം കോയില്‍ എന്ന സ്ഥലത്ത് നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറിയത് കലി വര്‍ഷം 4441 –ല്‍ ആണെന്നും പറയപ്പെടുന്നു. എരുമേലിയിലെ വാവർ പള്ളി പന്തളത്തു രാജാവ് പണികഴിപ്പിച്ചു കൊടുത്തതാണെന്നാണ് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നത്. മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആരാധന നടത്തുന്ന ആരാധനാലയം ആണിത്. ഒരു കുരുമുളകാണ് ഇവിടുത്തെ പ്രധാന വഴിപാട്.

ഇനി ശബരിമല അയ്യപ്പ ക്ഷേത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ, അയ്യപ്പൻ ജനിക്കുന്നതിനും വളരെ മുൻപേ ശബരിമലയിൽ ആ ക്ഷേത്രം ഉണ്ട്. പുരാണങ്ങളിൽ പറയുന്ന ഹരിഹര സുതനായ ശാസ്താവ് എന്ന ദേവൻറ്റെ ക്ഷേത്രമാണത്. ശബരിമലയിൽ തീപിടുത്തമുണ്ടായി പുനഃപ്രതിഷ്ഠ നടത്തുന്നത് വരെ അവിടത്തെ പ്രതിഷ്ഠ ശാസ്താവിൻറ്റേതായിരുന്നു. അയ്യപ്പൻറെ ജനനവുമായി ബന്ധപ്പെട്ട് ഇന്ന് പ്രചരിപ്പിക്കപ്പെട്ട കഥകളെല്ലാം ശാസ്താവിൻറ്റെ ജന്മ കഥകളാണ്. അനേകം ഐതിഹ്യങ്ങളാണ് ശബരിമല അയ്യപ്പനെ ചുറ്റിപറ്റി ഉള്ളത്. അയ്യപ്പൻ വടക്കേ മലബാറിലെ ചേകവ വംശത്തിൽ ജനിച്ചു ആയോധന കലകൾ അഭ്യസിപ്പിക്കുന്നതിനായി തെക്കോട്ടു സഞ്ചരിച്ചു എന്നുള്ളതാണ് ഒരു ഐതിഹ്യം. ആയോധന കളരിയായിരുന്നു തണ്ണീർമുക്കം ചീരപ്പഞ്ചിറ എന്ന കുടുംബത്തിലെ കളരിയിൽ പഠനാർത്ഥം അയ്യപ്പൻ ചേരുകയും അവിടെയുള്ള ഈഴവ പെൺകുട്ടിയുമായി പ്രണയത്തിലാകുകയും ചെയ്തു എന്നുള്ള ഐതിഹ്യം അങ്ങനെ വരുന്നതാണ്. മാളികപ്പുറത്തമ്മ എന്ന പേരിലുള്ള ഈ പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷം പിന്നീട് പന്തള രാജാവിൻറ്റെ പക്കൽ എത്തിയെന്നുമുള്ള ഐതിഹ്യവുമുണ്ട്. പന്തളം രാജാവിൻറ്റെ കൂടെയുള്ള ദൗത്യം പൂർത്തിയാക്കിയ അയ്യപ്പൻ ശബരിമലയിൽ എത്തി വളരെക്കാലം ശാസ്താവിനെ ധ്യാനിച്ച് അവിടെത്തന്നെ സിദ്ധി കൂടി ശാസ്താവിൽ വിലയം പ്രാപിച്ചു എന്നും പറയപ്പെടുന്നു.

അതോടെ അയ്യപ്പനും ശാസ്താവിനും തമ്മിൽ ഭേദമില്ലാതെ ആകുകയും ശാസ്താവിനെപ്പറ്റിയുള്ള കഥകളെല്ലാം അയ്യപ്പനിൽ വന്നുചേരുകയും ചെയ്തു. ശാന്തിഗിരിയിലെ നവജ്യോതി ശ്രീ കരുണാകര ഗുരുവിൻറ്റെ ‘മാനവരാശി ഇന്നലെ ഇന്ന് നാളെ’ എന്ന പുസ്തകത്തിൽ വളരെ വിശദമായി ശബരിമല അയ്യപ്പൻറ്റെ ഈ ചരിത്രം മുഴുവൻ പറഞ്ഞിട്ടുണ്ട്. അയ്യപ്പൻ സഞ്ചരിച്ച വഴികളും സന്ദർശിച്ച സ്ഥലങ്ങളും വീടുകളും ബന്ധപ്പെട്ട പ്രധാന ആളുകളും ഒക്കെ ആ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. പന്തളത്ത് രാജകുമാരനായ അയ്യപ്പൻ ശബരിമലയിലെ ധർമശാസ്താവിൽ ലയിച്ചു മോക്ഷം നേടിയതായി ഇന്ന് വിശ്വസിക്കപ്പെടുന്നു. പന്തളം രാജകുമാരനായ അയ്യപ്പൻ മഹിഷീ വധത്തിനു ശേഷം ധ്യാനമിരുന്ന ശബരിമല പിന്നീട് പ്രസിദ്ധമായി. അഭയമുദ്രയിൽ അനുഗ്രഹം ചൊരിയുന്ന അയ്യപ്പൻറ്റെ സന്നിധാനമെത്താൻ പതിനെട്ടു പടികൾ കയറി ശബരിമല ക്ഷേത്രത്തിൽ എത്തണമെന്നാണല്ലോ ഇന്നത്തെ പ്രബലമായ വിശ്വാസം.

ആത്മീയതയിൽ ശാസ്താവിനേക്കാൾ ഉയർന്ന നിലയിൽ എത്തിയ മഹാ ചൈതന്യവാനായിട്ടാണ് അയ്യപ്പനെ ശ്രീ കരുണാകര ഗുരു പരിചയപ്പെടുത്തുന്നത്. ആ പുസ്തകത്തിൽ കരുണാകര ഗുരു തൻറ്റെ ഒരു വെളിപ്പാട് എന്ന നിലയിലാണ് എഴുതിയിട്ടുള്ളത്. പല ദൈവിക രഹസ്യങ്ങളും ഇത്തരത്തിൽ ഒരു ‘വെളിപാട്’ അതല്ലെങ്കിൽ ഇംഗ്ളീഷിൽ പറയുന്ന ‘ഇൻറ്റ്യുഷൻ’ രീതിയിലാണല്ലോ സംഭവിക്കുന്നത്. ശബരിമല അയ്യപ്പനെ കുറിച്ചുള്ള യഥാർത്ഥ വസ്തുതകൾ എങ്ങനെയൊക്കെ ആയാലും കരുണാകര ഗുരു ധർമം സ്ഥാപിക്കുന്നതിന് വേണ്ടി ആത്മീയ ചൈതന്യത്തിൽ ഉയർന്നുനിന്നുകൊണ്ട് പോരാടുന്ന ഒരു വ്യക്തിയായി അയ്യപ്പനെ അവതരിപ്പിക്കുമ്പോൾ സന്തത സഹചാരിയായി വാവരും കൂടെയുണ്ട്.

അമ്പലത്തിൽ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം ഇല്ലാതിരുന്ന കാലത്ത് കൈവന്ന ‘സമാന്തര ദൈവ സങ്കൽപ്പം’ ആണ് ശബരിമല അയ്യപ്പൻറ്റെത് എന്നാണ് ചരിത്ര കാരന്മാർക്കിടയിൽ ഉള്ള പ്രബലമായ വിശ്വാസം. ഇത്തരം ‘സമാന്തര ദൈവ സങ്കൽപ്പങ്ങൾ’ ശബരി മലയിൽ മാത്രമല്ല; ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുമുണ്ട്. ചരിത്ര വസ്തുതകൾ എന്തായാലും സര്‍വ്വ സമുദായ മൈത്രിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ശബരി മല തീർത്ഥ യാത്രയും, എരുമേലി പേട്ട തുള്ളലും. ക്ഷേത്രപ്രവേശന വിളംബരം പ്രാബല്യത്തില്‍ വരും മുന്‍പേ അവര്‍ണ്ണരും, സവര്‍ണ്ണരും ശബരി മലയിൽ സാമ്പത്തിക വലിപ്പച്ചെറുപ്പം നോക്കാതെ ഒന്നിച്ചു പേട്ട കെട്ടിപ്പോന്നു. അയ്യപ്പഭക്തര്‍ക്ക് ജാതിമത വര്‍ണ്ണ ഉച്ച നീചത്വ ഭേദമില്ല. മാലയിട്ടു കഴിഞ്ഞാല്‍ എല്ലാവരും സ്വാമിമാര്‍. ക്ഷേത്ര ദര്‍ശനത്തിനു പോകുന്ന ഭക്തര്‍ മുഴുവന്‍ മുസ്ലിം ദേവാലയത്തില്‍ കയറിയശേഷം ക്ഷേത്ര ദര്‍ശനം നടത്തുന്ന രീതി എരുമേലിയില്‍ മാത്രം. മുസ്ലിം പുരോഹിതന്‍ നല്‍കുന്ന പ്രസാദം അവരെല്ലാം വാങ്ങുന്നു; ദക്ഷിണ നല്‍കുന്നു. പേട്ട തുള്ളല്‍ നടക്കുന്ന വീഥിക്കരുകില്‍, പുത്തന്‍ വീടിനെതിരെ വിശുദ്ധ സെബാസ്റ്റ്യൻറ്റെ ഒരു കുരിശു പള്ളിയുമുണ്ട്.അയ്യപ്പ ഭക്തര്‍ അവിടെയും കാണിക്ക ഇടുന്നു. അങ്ങനെ ഹിന്ദു-മുസ്ലിം –ക്രൈസ്തവ മത മൈത്രിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ശബരി മല തീർത്ഥ യാത്രയും, എരുമേലി പേട്ട തുള്ളലും.

കടപ്പാട്: https://ml.wikipedia.org/wiki/വാവർ;
http://charithravayana.blogspot.in/…/01/blog-post_10.ഹ്ത്മ്ൽ