കേവല സെൻസേഷണലത്തിനപ്പുറം കുറ്റകൃത്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു മാധ്യമ സംസ്കാരം ഉണ്ടാവേണ്ട ആവശ്യകത

വെള്ളാശേരി ജോസഫ് എഴുതുന്നു 

വെള്ളാശേരി ജോസഫ്
വെള്ളാശേരി ജോസഫ്

6 പേരുടെ ദുരൂഹ മരണത്തിൽ പ്രതിയാക്കപ്പെട്ട ജോളി വേദപാഠം പഠിപ്പിക്കുന്നില്ല; സഭയുടെ ഒരു ഔദ്യോഗിക സ്ഥാനത്തും അവരില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. പക്ഷെ മലയാളികളിലെ അരാജക വാദികൾ ഈ സംഭവത്തിൻറ്റെ പേരിൽ മതങ്ങളെ കുറ്റം പറയും; പൊടിപ്പും തൊങ്ങലും ഒക്കെ കൂട്ടിച്ചേർത്ത് സഭാ സ്ഥാപനങ്ങളെ പുച്‌ഛിക്കും. കാണാൻ കൊള്ളാവുന്ന ഒരു സ്ത്രീ കൊലക്കേസിൽ പ്രതിയായതുകൊണ്ട് മാധ്യമങ്ങളും, ടി. വി. ചാനലുകളും ഇപ്പോൾ ഈ വാർത്ത ആഘോഷിക്കുകയാണ്. അങ്ങനെ കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി എന്ന ഗ്രാമത്തിലെ ഒരു ചെറിയ പ്രദേശമായ കൂടത്തായി എന്ന വാർഡ് വാർത്തകളിൽ നിറയുന്നു. പണ്ട് മലയാള മനോരമയിലെ ജോണി ലൂക്കോസ് ഒരു പ്രഭാഷണത്തിൽ പറഞ്ഞത് സാധാരണക്കാർ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും നാട്ടിൽ ഉണ്ടാവരുതേ എന്ന് പ്രാർത്ഥിക്കും; പക്ഷെ പത്രപ്രവർത്തകരെ സംബന്ധിച്ചിടത്തോളം അതൊക്കെ വർധിക്കുന്നതാണ് അവർക്ക് ഇഷ്ടം എന്നാണ്!!! അങ്ങനെ നോക്കുമ്പോൾ ഒരു ജോളി ഉള്ളതുകൊണ്ട് കഴിഞ്ഞ മൂന്നു ദിവസമായി മലയാള മാധ്യമങ്ങളെല്ലാം ഫുൾ ഫോമിലാണ്!!!

സത്യത്തിൽ ക്രിമിനൽ വാസന എന്നത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളിലും വരാം. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി മാത്രമാണ് കാണേണ്ടത്. അവിടെ പലരും ‘വാലിയൂ ജഡ്ജ്ജ്മെൻറ്റ്’ നടത്തരുത്. കാണാൻ കൊള്ളാവുന്ന സ്ത്രീ, കുടുംബത്തിൽ പിറന്നവൾ, അടക്കവും ഒതുക്കവും ഉള്ളവൾ – എന്നൊക്കെ പറഞ്ഞു സ്ത്രീകൾക്ക് നാം കൊടുക്കുന്ന വിശേഷണങ്ങൾ ഏറെയാണ്. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതോ, നാട്ടിലെ പൊതുപരിപാടികളിൽ തൻറ്റെ സാന്നിധ്യം അറിയിക്കുന്നതോ, വീട്ടിലും നാട്ടിലുമൊക്കെ തികഞ്ഞ സ്വോഭാവികതയോടെ പെരുമാറുന്നതോ ഒന്നും ഒരു കുറ്റവാളിയെ കുറ്റവാളി അല്ലാതാക്കി മാറ്റുന്നില്ല. ഷെർലക്ക് ഹോംസ് കഥകളിൽ പണം, അധികാരം, ലൈംഗികത – ഇവ മൂന്നും ആണ് കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. സമ്പത്തും, അധികാരവും, കീർത്തിമോഹവും, ലൈംഗിക മോഹങ്ങളുമെല്ലാം പുരുഷനെ പോലെ തന്നെ സ്ത്രീയേയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കാം. ചരിത്രത്തിൽ ഇതിനൊക്കെ എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ ഉണ്ട്.

മലയാളികളിൽ സാമൂഹ്യ വിശകലനം നടത്തുന്ന പലരും സ്ത്രീകളിലെ കുറ്റവാസനക്ക് സാഹചര്യ സമ്മർദങ്ങളേയും, കുടുംബ പാശ്ചാത്തലത്തേയും പഴിക്കും. പക്ഷെ കുറ്റവാളിയുടേത് പോലെ സാഹചര്യങ്ങൾ ഉണ്ടായിട്ടും വീറോടെ പൊരുതി ജീവിത വിജയം സ്വന്തമാക്കിയ അനേകം സ്ത്രീകളേയും സാഹചര്യങ്ങളെ പറയുമ്പോൾ ഇക്കൂട്ടർ ഓർക്കണം. വ്യവസ്ഥിതിയും, സമൂഹവും, കുടുംബ പാശ്ചാത്തലങ്ങളും ഘടകങ്ങളായി വർത്തിക്കുമ്പോൾ തന്നെ ഒരു ഉൾചോദന അല്ലെങ്കിൽ വാസന ഇല്ലാതെ ആരും ഭീകര കുറ്റകൃത്യങ്ങളിൽ നിരന്തരമായി ഏർപ്പെടാറില്ലാ. ഗോവിന്ദ ചാമിയും, അമീറുൽ ഇസ്‌ലാമുമൊക്കെ സാമൂഹ്യ സാഹചര്യങ്ങളിൽ മാത്രം പെട്ട് വെറുതെയങ് പൊട്ടി മുളക്കുന്നതല്ല.

അമേരിക്കയിലും, പാശ്ചാത്യ നാടുകളിലും സീരിയൽ കില്ലർമാരേയും, സീരിയൽ റെയ്പ്പിസ്റ്റുമാരേയും മനഃശാസ്ത്ര പഠനങ്ങൾക്ക് വിധേയരാക്കാറുണ്ട്. ‘സൈലൻസ് ഓഫ് ദ ലാംബ്സ്’ പോലെയുള്ള അനേകം ഹോളിവുഡ് ചിത്രങ്ങളും ഇക്കാര്യത്തിൽ വന്നിട്ടുണ്ട്. പക്ഷെ രാമൻ രാഘവനേയും , സയനയിഡ് മല്ലികയേയും, സയനയിഡ് മോഹനേയും, റിപ്പർ ചന്ദ്രനേയും ഒക്കെ ഇന്ത്യയിൽ അത്തരം മനഃശാസ്ത്ര പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല. ശാസ്ത്രീയവും, സമഗ്രവുമായ കുറ്റാന്വേഷണ രീതികൾ നമ്മുടെ കുറ്റാന്വേഷണ വിദഗ്ധർ അവലംബിക്കേണ്ടതുണ്ട്. അത്തരം രീതികളെ കുറിച്ച് പൊതുജനത്തിനും പറഞ്ഞു കൊടുക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം നമ്മുടെ മാധ്യമങ്ങൾക്കും പൊതുജനത്തിനും വർദ്ധിക്കുകയുള്ളൂ. നമ്മുടെ നാട്ടിൽ കുറ്റകൃത്യങ്ങളുണ്ടാവുമ്പോൾ കേവല സെൻസേഷണലത്തിനപ്പുറം കാര്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു മാധ്യമ സംസ്കാരമാണ് ഇതിലേക്കുള്ള ആദ്യ പടിയായി ഉണ്ടാവേണ്ടത്.