ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർന്നടിയുമോ?

വെള്ളാശേരി ജോസഫ്

അടുത്ത കാലത്തായി പല ചെറുകിട-വൻകിട സംരംഭങ്ങളും പൂട്ടി പോവുകയാണ്. പല ഫീൽഡിൽ ഉള്ള കമ്പനികളും നഷ്ടത്തിലാവുകയാണ്. പണ്ടും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നൂ. എറണാകുളത്ത് ‘വർക്കീസ്’ എന്നൊരു വമ്പൻ സൂപ്പർ മാർക്കറ്റ് പണ്ട് ഉണ്ടായിരുന്നു. അത് പൂട്ടിപ്പോയി. അതുപോലെ ‘മൈക്കിൾസ് ടീ’ ആരെങ്കിലും ഓർമിക്കുന്നുണ്ടോ? അതും കേരളത്തിൽ നിന്ന് പൂട്ടിപോയ സംരംഭങ്ങളുടെ കൂടെയുണ്ട്. “മൈക്കിൾസ് ടീ കുടിച്ചാൽ ഫയൽ തനിയെ നീങ്ങില്ലേ” – എന്നായിരുന്നു ” 4 കപ്സ് ടീ ആയല്ലോ ലീലാമ്മേ; ഫയലെല്ലാം നോക്കിയോ” എന്ന് ചോദിക്കുമ്പോഴുള്ള പ്രസിദ്ധമായ ഉത്തരം.

വെള്ളശേരി ജോസഫ്

ഒരു മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ സമ്പത് വ്യവസ്ഥ തകർന്നടിയുന്നൂ എന്നുള്ളത് ഒരു തെറ്റിദ്ധാരണയാണ്. ‘ഗ്രോത്ത്’ അല്ലെങ്കിൽ സാമ്പത്തിക വളർച്ചക്ക്‌ ഒരു മാന്ദ്യം മാത്രമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുമൂലം കുറെ പേർക്ക് തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്; കുറെ ഫാക്റ്ററികളിൽ തൊഴിലാളികളെ പരിമിതപ്പെടുത്താനുമുള്ള സാധ്യതയും ഉണ്ട്. ചിലയിടത്തൊക്കെ അത് ഇതിനോടകം നടപ്പിൽ വന്നു കഴിഞ്ഞു. പക്ഷേ ഈ മാന്ദ്യം കൊണ്ടൊന്നും നമ്മുടെ സമ്പദ് വ്യവസ്ഥ തകരാൻ പോകുന്നില്ല. സർക്കാർ ഈ മാന്ദ്യത്തെ എങ്ങനെ നേരിടുന്നൂ എന്നുള്ളതാണ് ഇപ്പോഴത്തെ പ്രബലമായ ചോദ്യം. മാന്ദ്യത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളും എന്ന് നമുക്ക് പ്രത്യാശിക്കാം.

ക്യാപ്പിറ്റലിസം സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയെ പോലെ ‘സ്റ്റെഡി’ ആയിട്ടുള്ള ഒന്നല്ല. അവിടെ ഉയർച്ചയും താഴ്ചയും എപ്പോഴും ഉണ്ടാകാറുണ്ട്. ഒരു മാന്ദ്യമുണ്ടായാൽ തന്നെ അതിൽ നിന്ന് കരകയറാനുള്ള ഫോർമുലയും ക്യാപ്പിറ്റലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ ഉരുത്തിരിഞ്ഞു വരും.

സമ്പത് വ്യവസ്ഥയുടെ പേരിൽ അനാവശ്യമായ ‘Scare Mongering’ അഥവാ ഭീതി പരത്തൽ ഒഴിവാക്കുന്നതാണ് നല്ലത്. കുറെ ‘Scare Mongering’ അഥവാ ഭീതി പരത്തൽ സന്ദേശങ്ങൾ ഫെയ്സ്ബുക്കിലും, വാട്ട്സാപ്പിലും കറങ്ങി നടക്കുന്നുണ്ട്. അവ ഷെയർ ചെയ്യുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. രാഷ്ട്രീയ വൈരാഗ്യം കാരണം സമ്പദ് വ്യവസ്ഥ തകരാൻ പോകുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഒരു തരം സെൽഫ് ഗോൾ ആണ്. സ്വന്തം മൂക്ക് മുറിക്കുന്ന പരിപാടിയാണത്. സമ്പദ് വ്യവസ്ഥ‌ തകർന്നാൽ ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്നത് നമ്മളൊക്കെ തന്നെയാണ്. അതുകൊണ്ട് രാഷ്ട്രീയ വൈരാഗ്യം കാരണം സമ്പദ് വ്യവസ്ഥ തകരാൻ പോകുന്നു എന്ന് പ്രചരിക്കുന്നത് തീർച്ചയായും ഒരു തരം സെൽഫ് ഗോൾ തന്നെ ആണ്.

അല്ലെങ്കിൽ തന്നെ ഇന്ത്യൻ പ്രൊഡക്റ്റീവ് മാർക്കറ്റിൽ 5 ശതമാനം പോലും കോൺട്രിബ്യൂഷൻ ഇല്ലാത്ത, 85 ശതമാനം കൺസ്യൂമർ സംസ്ഥാനമായ കേരളത്തിലിരുന്ന് ‘ഹെയിറ്റ് മോങ്കറിങ്ങിലൂടെ’ സമ്പദ് വ്യവസ്ഥയ്ക്ക് പാര പണിയുക എന്നുള്ളത് തീർത്തും മോശം പണിയാണ്.