ഇൻഡ്യാ മഹാരാജ്യത്തിലെ അസംഘടിതമായ വിവിധ കമ്യൂണിറ്റികളിൽ നിലനിൽക്കുന്ന ദാരിദ്ര്യം

വെള്ളാശേരി ജോസഫ്

ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ്. ഹരിദാസ് കഴിഞ്ഞ ദിവസം ജനം ടി.വി.- യിൽ വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കർഷകർക്കും, പാവപ്പെട്ടവർക്കും ആശ്വാസമേകുവാൻ കേന്ദ്ര സർക്കാരിന് സാധിച്ചു എന്ന് പറഞ്ഞപ്പോൾ ഇതെഴുതുന്നയാൾ ശരിക്കും ‘വണ്ടറടിച്ചുപോയി’. ഇത്ര വലിയ കാർഷിക കടാശ്വാസവും, പാവപ്പെട്ടവരെ ഉദ്ധരിക്കലും നടത്തിയിട്ട് മഹാരാഷ്ട്രയിൽ എന്താണ് കർഷകർ വീണ്ടും വീണ്ടും ആത്മഹത്യ ചെയ്യുന്നതെന്ന് കെ.വി.എസ്.ഹരിദാസ് ഒന്ന് ദയവായി വിശദീകരിക്കണം. ബീഹാറിൽ ഈയിടെ നൂറിലേറെ കുട്ടികൾ മരിച്ചപ്പോൾ എല്ലാവരും അംഗീകരിച്ച ഒരു കാര്യമുണ്ട്: ലിച്ചിപ്പഴം വെറും

വെള്ളാശേരി ജോസഫ്

വയറ്റിൽ കഴിക്കുന്നതൊക്കെ ഒരു കാരണമായി ചൂണ്ടി കാണിക്കാമെങ്കിലും ആത്യന്തികമായി ബീഹാറിലെ ദാരിദ്ര്യം തന്നെയാണ് ആ മരണങ്ങൾക്ക് കാരണമെന്നുള്ളത്. ദാരിദ്ര്യത്തേയും, പിന്നോക്കാവസ്ഥയേയും പുച്‌ഛിക്കുന്ന ഉത്തരേന്ത്യൻ സമൂഹം പണ്ട് “ബീഹാറിയോം കോ മാർനാ ഹേ” എന്നാണ് പറഞ്ഞിരുന്നത് – ബീഹാറിയെ കണ്ടാൽ തല്ലണമെന്ന്. ഇപ്പോഴും ആ മനോഗതിക്ക് വലിയ മാറ്റമുണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഇതെഴുതുന്നയാൾ താമസിക്കുന്ന നോർത്ത് വെസ്റ്റ് ഡൽഹിയിലുള്ള സ്ഥലത്ത് 25 പുനരധിവാസ കോളനികൾ ഉണ്ട്. ആ പുനരധിവാസ കോളനികളിലൊന്നും കെ.വി.എസ്. ഹരിദാസ് പറയുന്ന ഈ വലിയ ദാരിദ്ര്യ നിർമാർജനമൊന്നും ഇതെഴുതുന്നയാൾ കാണുന്നതേ ഇല്ലാ. പിന്നെ എവിടെയാണ് കേന്ദ്ര സർക്കാരിൻറ്റെ കെട്ടിഘോഷിക്കപ്പെടുന്ന പദ്ധതികൾ പ്രവർത്തിക്കുന്നതെന്ന് ചോദിച്ചാൽ സുബോധമുള്ള ആർക്കും ‘വണ്ടറടിക്കാൻ’ മാത്രമേ സാധിക്കുകയുള്ളൂ.

‘അണ്ടർ പ്രിവിലേജ്ഡ്’ ആയിട്ടുള്ള വളരെയേറെ ആളുകൾ ഉള്ള ഒരു രാജ്യമാണ് ഇൻഡ്യാ മഹാരാജ്യം. പോഷകാഹാരക്കുറവുള്ള ഇഷ്ടം പോലെ ആളുകൾ ഈ രാജ്യത്തുണ്ട്. കഴിഞ്ഞ ജൂണിലാണ് ഗുജറാത്തിലെ വഡോദരക്കടുത്ത് മാലിന്യ ടാങ്കിൽ ഇറങ്ങിയ 7 പേർ മരിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഗുജറാത്തിൽ മാത്രം 180 ആളുകളാണ് ‘മാൻഹോൾ’ വൃത്തിയാക്കലിനിടക്ക് കൊല്ലപ്പെട്ടത്. ‘ഹീറ്റ് വേവ്’ കാരണം ബീഹാറിൽ മാത്രം കഴിഞ്ഞ മെയ്-ജോൺ മാസങ്ങളിൽ നൂറോളം പേർ കൊല്ലപ്പെട്ടു. ഉത്തരേന്ത്യയിലും, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും ‘ഹീറ്റ് വേവ്’ കാരണം മരിച്ചവരുടെ സംഖ്യ ഇതിലും എത്രയോ കൂടുതലാണ്! ‘Encephalatis Syndrome’ ബാധിച്ച് ബീഹാറിൽ നൂറിലേറെ കുട്ടികൾ ഇതിനോടകം മരിച്ചു കഴിഞ്ഞു.

സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ പ്രൊഫെസ്സർ അമർത്യ സെന്നും, കൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫെസ്സർ ജഗദീഷ് ഭഗവതിയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിൽ നിന്ന് കൊണ്ട് വികസനത്തിന് വേണ്ടി വാദിക്കുന്നവരാണ്. പ്രൊഫെസ്സർ ഭഗവതി വ്യവസായ വൽക്കരണവും, തൊഴിലവസരങ്ങളും വികസനത്തിലേക്ക് നയിക്കും എന്ന് പറയുമ്പോൾ പ്രൊഫെസ്സർ അമർത്യ സെൻ അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമാണ് വികസനത്തിലേക്ക് നയിക്കുന്നത് എന്നാണു പറയുന്നത്. കേരളമാണ് ഈ രണ്ടു പ്രൊഫെസ്സർമാരുടെയും വാദഗതികൾ ഏറ്റു പിടിക്കുന്നവർ മാതൃകയായി ഉയർത്തി കാണിക്കുന്നത്. ഇതെഴുതുന്നയാളുടെ അഭിപ്രായത്തിൽ ഇത് രണ്ടും വേണം. അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവും ഉള്ളപ്പോൾ തന്നെ വ്യവസായ വൽക്കരണവും, തൊഴിലവസരങ്ങളിലൂടെയും ഉള്ള വളർച്ച ഒരു സമൂഹത്തിനു കൂടിയേ തീരൂ. കാരണം കാർഷീക മേഖലയെ എന്നും ആശ്രയിച്ചു കഴിഞ്ഞാൽ ഒരു പ്രദേശവും രക്ഷപ്പെടില്ല. തൊഴിലും, ഉൽപാദനവും കാർഷീക മേഖലയിൽ പരിമിതമാണ് എന്നത് തന്നെ കാരണം. കാർഷീക മേഖലയിലെ ഉൽപാദനം വ്യവസായ മേഖലയിലേക്ക് പോയാൽ മാത്രമേ കൂടുതൽ തൊഴിലവരസങ്ങളും, വികസനവും ഏതു പ്രദേശത്തും ഉണ്ടാവുകയുള്ളൂ.

നമ്മുടെ രാജ്യം ഭരിച്ച ഭരണാധികാരികളുടെ ദീർഘ വീക്ഷണകുറവും ദാരിദ്ര്യം പരിഹരിക്കപ്പെടാതിരുന്നതിലെ ഒരു പ്രധാന കാരണം തന്നെയാണ്. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ പിന്നീട് സഞ്ജയ് ഗാന്ധിയുടെ കുടിയൊഴിപ്പിക്കലും, നിർബന്ധിത വന്ധ്യംകരണവും ഒക്കെയായി ‘ഗരീബിയോം കോ ഹഠാവോ’ ആയി മാറി. കുറെ മൂഢ സങ്കൽപ്പങ്ങൾക്കുള്ളിൽ നിന്ന് നമ്മുടെ ഇടതു പക്ഷവും, വലതു പക്ഷവും വിദേശ നിക്ഷേപത്തെയും, വ്യവസായ വൽക്കരണത്തെയും എതിർത്തു. കഴിഞ്ഞ 20-30 വർഷം കൊണ്ടാണ് ചൈന അടിസ്ഥാന സൗകര്യങ്ങളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മാറ്റിവെച്ച് വിദേശ നിക്ഷേപം സ്വീകരിച്ചാണ് വികസനം കൊണ്ടുവന്നത്. ഡെങ്ങിൻറ്റെ ആ ‘പ്രായോഗികാ വാദം’ കൊണ്ട് ദശ ലക്ഷങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റാൻ ചൈനക്ക് സാധിച്ചു. ഡോക്ടർ മൻമോഹൻ സിങ് ഇടതു പക്ഷ തീവ്ര വാദത്തേയും, വലതു പക്ഷ തീവ്ര വാദത്തേയും ഒരു പോലെ എതിർത്തു കൊണ്ടാണ് ഇവിടെ സാമ്പത്തിക ഉദാരവൽക്കരണം കൊണ്ടു വന്നത്. ഇതെഴുതുന്നയാൾക്ക് തന്നെ കേൾക്കാൻ സാധിച്ച ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഒരു പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് “ഉദാരവൽക്കരണത്തിൻറ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്” എന്നായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘അച്ഛാ ദിൻ’-ൻറ്റെ കാലമായിരുന്നു കഴിഞ്ഞ 5 വർഷങ്ങൾ. പക്ഷെ ഇന്നിപ്പോൾ ‘അച്ഛാ ദിൻ’ എല്ലാവർക്കുമുണ്ടോ? ‘നോട്ടു നിരോധനം’ ഒക്കെ നല്ല ആശയമായിരുന്നെങ്കിലും നടപ്പാക്കിയതിലെ പാളിച്ചകൾ രാജ്യത്തെ പുറകോട്ടു നയിച്ചു. GST-യും നടപ്പാക്കിയപ്പോൾ ഗുരുതരമായ പിഴവ് വന്നൂ. ഇന്ന് രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന വൻ തോതിലുള്ള വർഗീയ വൽക്കരണവും ഈ രാജ്യത്തിൻറ്റെ പുരോഗതിയെ ഗണ്യമായി ബാധിക്കും എന്നത് സാമാന്യ യുക്തി മാത്രമാണ്. എപ്പോഴൊക്കെ ഈ രാജ്യം പുരോഗമനത്തിൻറ്റെ പാതയിലൂടെ മുന്നേറുന്നുവോ; അന്നൊക്കെ വർഗീയ വൽക്കരണം ആ പുരോഗതിക്കു തടസമായി നിന്നിട്ടുണ്ട്. വിഭജനത്തിൻറ്റെ സമയത്തു് മുഹമ്മദാലി ജിന്നയുടെ നേത്ര്വത്തത്തിൽ ആയിരുന്നു വർഗീയ വൽക്കരണം. ഇപ്പോൾ അത് സംഘ പരിവാറിൻറ്റെ നേത്ര്വത്തത്തിൽ ആണെന്നേയുള്ളൂ.

വികസനം എന്ന് പറഞ്ഞാൽ ബഹു നില കെട്ടിടങ്ങളും, വീതിയേറിയ റോഡുകളും, ഫ്ലൈ ഓവറുകളും മാത്രമല്ല. അത് സാധാരണ ജനങ്ങളുടെ ആരോഗ്യവും, വിദ്യാഭ്യാസ പരമായ പുരോഗതിയും കൂടിയാണ്. ഇന്ന് 90 ശതമാനത്തിലേറെ തൊഴിൽ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നത് അസംഘടിത മേഖലയിലാണ്. 55 ശതമാനത്തോളം തൊഴിലാളികൾ കാർഷിക മേഖലയിൽ ഉണ്ട്. ജാതീയമായി അവശതിയിലും ദാരിദ്ര്യത്തിലുമായ ഇത്തരം മഹാഭൂരിപക്ഷത്തെ കര കയറ്റാൻ അവർക്ക് സ്ഥിര വരുമാനമുണ്ടാവുന്ന ഒരു തൊഴിൽ ലഭ്യമാക്കുകയാണ് വേണ്ടത്. തൊഴിലും, വിദ്യാഭ്യാസവുമാണ് ഏതു സമൂഹത്തിൻറ്റെയും ഉന്നതിയ്ക്കു നിദാനം. ദാരിദ്ര്യ നിർമാർജന പദ്ധതികളുടെ പരാജയവും, അഴിമതിയും കാരണം ഇന്നും ദാരിദ്ര്യം ഇന്ത്യയുടെ ഒരു വലിയ പ്രശ്നമായി അവശേഷിക്കുന്നു.

ഇന്ത്യയിൽ ദാരിദ്ര്യം ഏറെ ഉണ്ടെങ്കിലും സമീപ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ നാം വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത് എന്നാണ് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത്. 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് 37 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ദരിദ്രരുടെ എണ്ണം കുറക്കുവാൻ സാധിച്ചു എന്നത് ശ്രദ്ധേയമായ നേട്ടം തന്നെയാണ്.

ഇത്തരത്തിൽ സംരഭകത്ത്വത്തിലൂടെ ഒരു വശത്ത് സാമ്പത്തിക വളർച്ചയും, മറു വശത്ത് ഭരണ കൂടത്തിൻറ്റെ ക്ഷേമ പ്രവർത്തനങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ ദാരിദ്ര്യം മാറുകയുള്ളൂ. ദാരിദ്ര്യം മാറ്റാനുള്ള വ്യക്തികളുടെ ഇച്ഛാശക്തിയും വളരെ പ്രധാനമാണ്. 1947-ലെ വിഭജനത്തിന് ശേഷം കടത്തിണ്ണയിൽ ഉറങ്ങേണ്ടി വന്ന അഭയാർഥികൾ സാമ്പത്തികമായും, സാമൂഹ്യമായും ഉയർന്നു വന്ന കഥകൾ ഓരോ ഇന്ത്യക്കാരനും പ്രചോദനം പകരേണ്ട ഒന്നാണ്. ചരിത്രം പറഞ്ഞും, ഭയപ്പെടുത്തിയും വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ – ഇവ സാമൂഹ്യമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ദളിത്-മുസ്ലീം-ആദിവാസി സമൂഹങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്. ദളിത് ആദിവാസി വിഭാഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തേണ്ടതും അവരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് വളരെ അത്യാവശ്യമാണ്. അത് പോലെ തന്നെ ഇപ്പോഴുള്ള കാർഷിക രീതികൾ മാറേണ്ടതുണ്ട്. കാർഷിക രീതികളിലെ ആധുനിക വൽക്കരണവും, യന്ത്രവൽക്കരണവും അത്യന്താപേക്ഷിതമാണ്. സംരംഭകത്വം ദളിത്-ആദിവാസി-മുസ്ലീം വിഭാഗങ്ങളിൽ എല്ലാ രീതിയിലും പ്രോത്സാഹിക്കപ്പെടേണ്ടതുണ്ട്. സമഭാവനയോടെ എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നോക്കി കാണേണ്ട ഒരു സംസ്കാരവും, മനോഭാവവും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇൻഡ്യാക്കാരായ നമുക്കെല്ലാവർക്കും ഉണ്ടാവേണ്ടതും ദാരിദ്ര്യം പരിഹരിക്കുന്നതിന് വളരെ അത്യന്താപേക്ഷിതമായ ഒന്നാണ്.

ഇന്ത്യ ഇപ്പോൾ തെറ്റായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നോബൽ സമ്മാനിതനായ അമർത്യാ സെൻ പറയുമ്പോൾ അമർത്യാ സെന്നിനെ ബി.ജെ.പി. – ക്കാരും, സംഘ പരിവാറുകാരും തെറി വിളിച്ചിട്ട് കാര്യമില്ല. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷാ – ഇവയെ ഒക്കെ അവഗണിച്ചു കൊണ്ട് സാമ്പത്തികമായി കുതിച്ചു ചാട്ടം നടത്തിയാൽ താഴെ തട്ടിലുള്ള ബഹു ഭൂരിപക്ഷം പേർക്കും എന്ത് പ്രയോജനം??? സംരഭകത്ത്വത്തിലൂടെ ഒരു വശത്ത് സാമ്പത്തിക വളർച്ചയും, മറു വശത്ത് തൊഴിലുറപ്പ് പദ്ധതി പോലെയുള്ള ഭരണ കൂടത്തിൻറ്റെ ക്ഷേമ പ്രവർത്തനങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ നമ്മുടെ ദാരിദ്ര്യം മാറുകയുള്ളൂ. ഇപ്പോൾ ഇന്ത്യയിൽ വൻ പ്രചാരണങ്ങളോട് കൂടി പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ അതൊന്നും താഴെ തട്ടിലെ ജനങ്ങളിൽ എത്തുന്നില്ല. കേരളം പണ്ടേ സാമൂഹ്യ സുരക്ഷാ ഒരുക്കുന്നതിൽ മുമ്പിലായിരുന്നു. ആ രീതിയിൽ ഭരണം നിർവഹിക്കുന്ന മറ്റുള്ള സംസ്ഥാന സർക്കാരുകളെ നോക്കുകയാണെങ്കിൽ ഡൽഹിയിലെ ആം ആദ്മി പാർട്ടിയെ മാത്രമേ ചൂണ്ടി കാണിക്കുവാനുള്ളൂ. വൈദ്യുതി, വെള്ളം – ഇവയുടെ ബിൽ ആം ആദ്മി പാർട്ടി ഭരിക്കാൻ തുടങ്ങിയപ്പോൾ ഗണ്യമായി കുറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം – ഈ മേഖലകളിലും ആം ആദ്മി സർക്കാർ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. വായൂ മലിനീകരണം പോലുള്ള വളരെ പ്രസക്തമായ വിഷയം ഏറ്റെടുക്കുന്ന ഒരേ ഒരു ഭരണകൂടം ഡെൽഹിയിലേത്‌ മാത്രമാണ്. ‘എയർ പ്യൂരിഫെയർ’ വാങ്ങി വീട്ടിൽ വെച്ചാൽ മാറ്റാൻ പറ്റുന്ന ഒന്നല്ല വായൂ മലിനീകരണം. കേരളം, ഗോവ, മിസോറാം പോലുള്ള സംസ്ഥാനങ്ങൾ മുന്നേറാനുള്ള കാരണം അടിസ്ഥാന വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായിരുന്നു. കേരളത്തിൽ പൊതു വിതരണ സമ്പ്രദായം വഴി റേഷൻ കടകളിൽ കൂടി അരിയും, മണ്ണെണ്ണയും, ഗോതമ്പു പൊടിയും ഒക്കെ ജന സാമാന്യത്തിലേക്ക് എത്തിക്കുവാൻ സർക്കാരിന് കഴിഞ്ഞു. പത്തു മുപ്പതു വർഷം മുമ്പുള്ള പലരും മാവേലി സ്റ്റോറുകളുടെ മുമ്പിൽ ക്യൂ നിന്നവരാണ്. അങ്ങനെയുള്ളവർ സ്വന്തം മൂട് മറന്ന് കേന്ദ്ര സർക്കാരിൻറ്റെ വമ്പൻ പ്രഖ്യാപനങ്ങൾക്ക് കയ്യടിക്കുന്നതിൽ ഒരു കാര്യവുമില്ല.