ഡോക്ടർ അബ്ദുൾ കലാമിന്റെ മഹത്വം

0
847

ഡോക്ടർ അബ്ദുൾ കലാമിന്റെ മഹത്വം

വെള്ളാശേരി ജോസഫ്

ചിലർ ഡോക്ടർ എ.പി.ജെ.അബ്ദുൾ കലാം പ്രമുഖ് സ്വാമിജിയുടെ കീഴേ ഇരിക്കുന്ന ഫോട്ടോ വെച്ച് അദ്ദേഹം എന്തോ വലിയ അപരാധം ചെയ്തു എന്ന മട്ടിൽ ഇപ്പോഴും പ്രചാരണം നടത്തുന്നുണ്ട്. ബഹുമാനിക്കേണ്ടവരെ അവർ അർഹിക്കുന്ന രീതിയിൽ തന്നെ ബഹുമാനിക്കണം. ഡോക്ടർ എ.പി.ജെ. അബ്ദുൾ കലാം പ്രമുഖ് സ്വാമിജിയുടെ കീഴേ ഇരിക്കുന്ന ഫോട്ടോയിൽ ഇതെഴുതുന്നയാൾക്ക് യാതൊരു കുഴപ്പവും കാണാൻ സാധിക്കുന്നില്ല. “When you are in Rome, behave like Romans” എന്നാണ് പറയുന്നത്. റോമിൽ ചെല്ലുമ്പോൾ റോമാക്കാരെ പോലെ പെരുമാറണം എന്നു പറയുന്നത് പോലെ

വെള്ളാശേരി ജോസഫ്

വളരെയധികം പേർ ആദരിക്കുന്ന ഒരു ആത്മീയാചാര്യൻറ്റെ കീഴേ ഇരുന്നതുകൊണ്ട് ഡോക്ടർ എ.പി.ജെ. അബ്ദുൾ കലാമിൻറ്റെ മഹത്ത്വത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. എവിടെചെന്നാലും പെരുമാറ്റത്തിൽ ധാർഷ്ട്യം കാണിക്കണം എന്ന് ധരിച്ചുവശായിട്ടുള്ള ചില മലയാളികൾക്ക് മാത്രമാണ് ഇത്തരം ആചാര മര്യാദകളൊക്കെ അംഗീകരിക്കുവാൻ ബുദ്ധിമുട്ട്.

ഇന്ത്യയുടെ ആത്മീയ പാരമ്പര്യമനുസരിച്ച് ഗുരു ശിഷ്യനെക്കാൾ മാനസികവും ആദ്ധ്യാത്മികവും ആയി ഉയർന്നിരിക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് ശിഷ്യരെ അഭിമുഖീകരിക്കുമ്പോൾ ആത്മീയാചാര്യൻ ഉയർന്ന പീഠത്തിലാണിരിക്കുന്നത്; ശിഷ്യർ താഴെയും. ഇതൊന്നും അറിയാൻ വയ്യാത്തവരാണ് ഡോക്ടർ എ.പി.ജെ. അബ്ദുൾ കലാം പ്രമുഖ് സ്വാമിജിയുടെ കീഴേ ഇരുന്നതിനെ ചോദ്യം ചെയ്യുന്നത്. ‘Transcendence – My Spiritual Experience with Pramukh Swamiji’ എന്ന പുസ്തകത്തിൽ ഡോക്ടർ എ.പി.ജെ. അബ്ദുൾ കലാം പ്രമുഖ് സ്വാമിജിയുമായുള്ള തൻറ്റെ ഊഷ്മളമായ ബന്ധം വിവരിക്കുന്നുണ്ട്. ഒരു തവണ അബ്ദുൾ കലാം അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ സ്വാമിജി അദ്ദേഹത്തെ കാറിനരികിൽ വരെ വന്നു യാത്രയാക്കി. അതിനെ കുറിച്ച് ചോദിച്ചപ്പോൾ അതിഥിയായതുകൊണ്ട് അബ്ദുൾ കലാമിനെ ആദരിക്കുന്നത് തൻറ്റെ ചുമതലയാണെന്നായിരുന്നു പ്രമുഖ് സ്വാമിജിയുടെ മറുപടി. രാഷ്ട്രപതി ആയി കഴിഞ്ഞു പ്രമുഖ് സ്വാമിജി അബ്ദുൽ കലാമിനെ സന്ദർശിച്ചപ്പോൾ അദ്ദേഹവും കാറിനരികിൽ വരെ വന്നു പ്രമുഖ് സ്വാമിജിയേയും യാത്രയാക്കി. “അതിഥി ദേവോ ഭവ” എന്നതാണല്ലോ ഭാരതീയ പാരമ്പര്യം. അതിഥിയെ ഇപ്രകാരം ആദരിക്കുന്നതുകൊണ്ട് ആരും ചെറുതാകുന്നില്ല.

ഡോക്ടർ അബ്ദുൽ കലാം വളരെ നല്ല പ്രസിഡൻറ്റും, നല്ല വാഗ്മിയും, എഴുത്തുകാരനുമായിരുന്നു. ഇന്ത്യയിൽ വിദ്യാർഥികൾ അദ്ദേഹത്തെ ‘റോൾ മോഡൽ’ ആയി കണ്ടു. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു വ്യക്തി കഠിനാദ്ധ്വാനം കൊണ്ട് പ്രസിഡൻറ്റിൻറ്റെ പദവി വരെ എത്തുമ്പോൾ അതിനെ ആദരിക്കുക അല്ലേ വേണ്ടത്??? പക്ഷെ നമ്മുടെ ഇടതുപക്ഷം ‘മിസൈൽ മാൻ’ ആണെന്ന് പറഞ്ഞു മറ്റെല്ലാവരും അനുകൂലിച്ചപ്പോഴും അദ്ദേഹത്തിൻറ്റെ സ്ഥാനാർത്തിത്ത്വത്തെ എതിർത്തു. ഇന്ത്യയിലെ ഇടതുപക്ഷം പലപ്പോഴും ഇതേ രീതിയിൽ ഇന്ത്യയിലെ ദേശീയ വികാരത്തിന് എതിരായിട്ടാണ് എന്നും പ്രവർത്തിച്ചിട്ടുള്ളത്.

അല്ലെങ്കിലും നമ്മുടെ കമ്യുണിസ്റ്റുകാരുടെ രാഷ്ട്ര സ്നേഹം ചരിത്രം പഠിച്ചിട്ടുള്ള എല്ലാവർക്കും അറിയാവുന്നതാണ്. ‘ക്വിറ്റ് ഇൻഡ്യാ’ സമരത്തെ പണ്ട് അവർ എതിർത്തിട്ടുണ്ട്. പിന്നീട് അവരുടെ നാല് നേതാക്കന്മാർ മോസ്കോയിൽ ചെന്ന് സ്റ്റാലിനെ കണ്ടപ്പോൾ സ്റ്റാലിൻ പോലും അവരോട് ചോദിച്ചു: “നിങ്ങളോട് ആര് പറഞ്ഞു ‘ക്വിറ്റ് ഇൻഡ്യാ’ സമരത്തെ എതിർക്കാൻ” എന്ന്. സ്റ്റാലിനുള്ള പ്രായോഗികാ വാദം പോലും ഇന്ത്യൻ കമ്യുണിസ്റ്റുകാർക്ക് ഇല്ലാതെ പോയി. ഇ.എം.എസ്. നമ്പൂതിരിപ്പാട് 1962-ലെ ചൈനീസ് ആക്രമണത്തിൻറ്റെ സമയത്ത് പറഞ്ഞത് “അവർ അവരുടേതെന്നും നമ്മൾ നമ്മുടേതെന്നും കരുതുന്ന ഭൂമിയെ ചൊല്ലിയാണ് തർക്കം” എന്നാണ്. ഒരു വിദേശ ആക്രമണം ഉണ്ടാകുമ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് സ്വന്തം രാജ്യത്തിൻറ്റെ താൽപര്യങ്ങൾക്ക് എതിരാണെന്ന് ആർക്കാണ് അറിയാത്തത്??? നമ്മുടെ രാഷ്ട്ര ശിൽപികളിൽ ഒരാളായ ഡോക്ടർ അബ്ദുൽ കലാമിൻറ്റെ സ്ഥാനാർത്തിത്ത്വത്തെ ഇടതുപക്ഷം എതിർത്തപ്പോഴും ദേശീയ ബോധവും, പ്രായോഗികാ വാദവും ആണ് അവർക്ക് ഇല്ലാതെ പോയത്.

ഡോക്ടർ അബ്ദുൽ കലാമിനെ ഇടതുപക്ഷം തീർത്തും പരിഹസിക്കുകയാണ് അദ്ദേഹത്തിൻറ്റെ പ്രസിഡൻഷ്യൽ നോമിനേഷൻ’ സമയത്ത് ചെയ്തത്. അതിന് അവർ ഉപയോഗിച്ച വാക്കുകളൊക്കെ ഇവിടെ എടുത്തെഴുതാൻ എനിക്ക് മടിയുണ്ട്. കാരണം എൻറ്റെ സംസ്കാരത്തിന് ചേരുന്നവയല്ല ആ വാക്കുകളൊന്നും.

കേരളത്തിലെ മുസ്‌ലിം മത മൗലിക വാദികളാവട്ടെ ഡോക്ടർ അബ്ദുൾ കലാം യഥാർഥ മുസ്‌ലിം ആയിരുന്നോ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം മരിച്ചപ്പോൾ ഡിബേറ്റ് നടത്തി!!!! ഒരു ഇമാമിൻറ്റെ മകനായിരുന്ന അദ്ദേഹത്തിന് വട്ട താടിയും, പച്ച ബെൽറ്റും, കള്ളി മുണ്ടും ഇല്ലാത്തതായിരുന്നതിനാലാവാം ഒരുപക്ഷെ അദ്ദേഹത്തെ യഥാർഥ മുസ്ലീമായിരുന്നോ എന്ന് സംശയിക്കാൻ കാരണം!!! ആർക്കറിയാം മുസ്‌ലിം മത മൗലിക വാദികളുടെ മനസിലിരിപ്പൊക്കെ??? അബ്ദുൾ കലാം ജനിച്ചത് മുസ്ലീം മതത്തിൽ ആണ്. എൻറ്റെ അറിവ് ശരിയാണെങ്കിൽ, ജനന സമയത്തും, വളർന്നപ്പോഴും ഒരു സാധാരണ മുസ്ലീം ബാലൻ അനുഷ്ടിക്കേണ്ട എല്ലാ മതപരമായ ആചാരങ്ങളും അനുഷ്ടിച്ചിട്ടുമുണ്ട്. ബന്ധുക്കളോടും വീട്ടുകാരോടും പ്രസിഡൻറ്റായിരുന്നപ്പോൾ പോലും നല്ല ബന്ധം പുലർത്തി. കബറടങ്ങിയതും എല്ലാ ഇസ്ലാമിക ചടങ്ങുകൾ പ്രകാരം. പിന്നെ, വളർന്നപ്പോൾ അദേഹം അഞ്ചു നേരം നിസ്കരിക്കണമോ, നമാസ് അനുഷ്ടിക്കണമോ, സ്ഥിരമായി വെള്ളിയാഴ്ച മോസ്കിൽ പോയി പ്രാർത്ഥിക്കണമോ, റംസാൻ വ്രതം അനുഷ്ടിക്കണമോ എന്നുള്ളത് അദ്ദേഹത്തിൻറ്റെ വ്യക്തിപരമായ കാര്യം മാത്രമാണ്. അതൊക്കെ പത്രക്കാരെയോ, നാട്ടുകാരെയോ, വീട്ടുകാരെയോ വിളിച്ചു കൂടി കാണിക്കേണ്ട ഒരു ബാധ്യതയും അദ്ദേഹത്തിനില്ല. അതൊക്കെ അദ്ദേഹത്തിൻറ്റെ സ്വകാര്യതയുടെ മാത്രം ഭാഗമാണ്.

ഈ സ്വകാര്യത ഒന്നും മാനിക്കാൻ പലരും തയാറല്ല. നമ്മുടെ ഇടതുപക്ഷവും, മുസ്‌ലിം മത മൗലിക വാദികളും മാനിച്ചില്ലെങ്കിലും ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്നത് ഡോക്ടർ അബ്ദുൽ കലാമിൻറ്റെ പുസ്തകങ്ങളാണ്. രാമേശ്വരത്തെ അദ്ദേഹത്തിൻറ്റെ വീട് സന്ദർശിക്കാൻ ഓരോ വർഷവും ആയിരക്കണക്കിനാളുകൾ എത്തുന്നു. അദ്ദേഹത്തിൻറ്റെ വാക്കുകളിൽ നിന്നും, പ്രവൃത്തികളിൽ നിന്നും ആയിരക്കണക്കിനാളുകൾ പ്രചോദനം ഉൾക്കൊള്ളുന്നു. ഒരു വ്യക്തിയുടെ ജീവിതം സാർത്ഥകമായിരുന്നു എന്ന് തെളിയിക്കുവാൻ ഇതിൽ കൂടുതൽ എന്തു വേണം???

(‘വെള്ളാശേരി ജോസഫ്’ എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. ‘വെള്ളാശേരി ജോസഫ്’ എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)