എല്ലാ വർഗീയ കലാപങ്ങളും ബാക്കി വയ്ക്കുന്നത് ഹീനമായ കൊലപാതകങ്ങളും, കൊള്ളകളും, സ്ത്രീകൾക്കെതിരേയുള്ള ലൈംഗികമായ ആക്രമണങ്ങളുമാണ്

വെള്ളാശേരി ജോസഫ്

 

ഇക്കഴിഞ്ഞ ഡൽഹി കലാപത്തിലൂടെ വ്യക്തമാകുന്നത് അരവിന്ദ് കേജ്‌രിവാൾ വോട്ടുബാങ്ക് മാത്രം നോക്കുന്ന ഒരു രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു എന്നാണ്. ഇന്നത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ഹിന്ദുക്കളെ പ്രീണിപ്പിച്ചിട്ട് മാത്രമേ കാര്യമുള്ളൂ എന്ന് കേജ്‌രിവാളും മനസ്സിലാക്കിയിരിക്കുന്നു. മുസ്ലീങ്ങളെ പണ്ടേ ഇന്നത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ ബി.ജെ.പി. അപ്രസക്തരാക്കിയതാണ്. പല ബി.ജെ.പി. നേതാക്കളും തങ്ങൾക്ക് മുസ്‌ലിം വോട്ട് വേണ്ടാ എന്ന് പരസ്യമായി പറയുന്ന തലത്തിലേക്ക് ഉത്തരേന്ത്യൻ രാഷ്ട്രീയം എത്തിയിട്ടുമുണ്ട്. ജനസംഖ്യയിൽ നല്ലൊരു ശതമാനം മുസ്‌ലിം ജനത ഉണ്ടായിട്ടും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബി.ജെ.പി.- ക്ക് ആ കമ്യുണിറ്റിയിൽ നിന്ന് ഒറ്റ എം.എൽ.എ. പോലും ഇല്ലാത്തത് അതുകൊണ്ടാണ്. ഇപ്പോൾ കേജ്‌രിവാളും ആ വോട്ടുബാങ്ക് രാഷ്ട്രീയത്തിൻറ്റെ വഴിയേ തന്നെയാണോ സഞ്ചരിക്കുന്നത് എന്ന് സംശയിക്കണം. വോട്ടുബാങ്ക് രാഷ്ട്രീയത്തിൻറ്റെ പുറകെ പോകുന്നത് കൊണ്ടാണെന്ന് തോന്നുന്നു കേജ്‌രിവാൾ ജെ.എൻ.യു.-വിൽ ആക്രമണമുണ്ടായപ്പോൾ അതിനെ പരസ്യമായി അപലപിക്കാതിരുന്നത്; പൗരത്വ ബില്ലിനെ എതിർക്കാതിരുന്നത്; ജാമിയയിലും ഷഹീൻ ബാഗിലും വെടിവെയ്പ്പ് ഉണ്ടായപ്പോൾ അതിനെതിരെ പ്രതികരിക്കാതിരുന്നതും. ഡൽഹി മുഖ്യമന്ത്രി ആയിട്ടുകൂടി അക്രമം നടന്ന സ്ഥലം സന്ദർശിക്കാതിരുന്നതും.

ഡൽഹിയിൽ മുസ്ലീം ഭൂരിപക്ഷ മേഖലകളിലാണ് കലാപമുണ്ടായത്. ഡൽഹിയിൽ ആക്രോശിച്ച് അടുക്കുന്നവര്‍ക്കൊപ്പമായിരുന്നു പലയിടത്തും ഡൽഹി പൊലീസ്. ചിലയിടത്ത് അവര്‍ക്ക് സഹായികളുമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എല്ലാ വർഗീയ കലാപങ്ങളിലും സംഭവിക്കാറുള്ളതുപോലെ തന്നെ കലാപം രൂക്ഷമാകുന്ന ആദ്യദിനങ്ങളിൽ ലോക്കൽ പോലീസ് മൂകസാക്ഷികളായി മാറി. അങ്ങനെ അവർ കലാപകാരികൾക്ക് ഒത്താശ ചെയ്തു.

താനായിരുന്നു പോലീസ് കമ്മീഷണർ എങ്കിൽ കലാപത്തിനും വയലൻസിനും ആഹ്വാനം ചെയ്ത  ബി.ജെ.പി. ന്വേതാക്കളായ അനുരാഗ് ഠാക്കൂർ, പർവേഷ് വർമ്മ, കപിൽ മിശ്ര എന്നിവരെ അറസ്റ്റ് ചെയ്യുമായിരുന്നു എന്ന് മുൻ ഡൽഹി പോലീസ് കമ്മീഷണർ അജയ് രാജ് ശർമ്മ ഇക്കഴിഞ്ഞ ദിവസം ഒരു അർത്ഥശങ്കയ്ക്കും ഇടയില്ലാത്ത ഒരു ഇൻറ്റർവ്യൂവിൽ വ്യക്തമാക്കി. മുൻ ഡൽഹി പോലീസ് കമ്മീഷണർ അജയ് രാജ് ശർമ്മയുടെ വാക്കുകൾ എന്താണ് കൃത്യമായി സൂചിപ്പിക്കുന്നത്? കലാപത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ കണ്ടറിഞ്ഞു പോലീസ് അതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമായിരുന്നു എന്ന് തന്നെയാണ് മുൻ ഡൽഹി പോലീസ് കമ്മീഷണർ അജയ് രാജ് ശർമ്മ വ്യക്തമാക്കുന്നത്.

പക്ഷെ ഡൽഹി പോലീസിൻറ്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള മുൻകരുതൽ നടപടികൾ ഉണ്ടായോ??? ഉണ്ടായില്ലെന്ന് മാത്രമല്ലാ; ഡൽഹി പോലീസ് വർഗീയവൽക്കരിക്കപ്പെടുകയാണ് എന്നതിന് കൃത്യമായ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടികാട്ടാം. ഇക്കഴിഞ്ഞ ഡൽഹി കലാപ സമയത്ത് ഏറ്റവും കൂടുതൽ അക്രമങ്ങൾ ഉണ്ടായ വടക്കു കിഴക്കൻ ഡൽഹിയിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (DCP) ആയ വേദ് പ്രകാശ് സൂര്യ കപിൽ മിശ്ര അത്യന്തം പ്രകോപനപരമായ പ്രസംഗം നടത്തുമ്പോൾ തൊട്ടടുത്ത് നിൽക്കുകയായിരുന്നു. കപിൽ മിശ്രയെ ആ പ്രസംഗത്തിൽ നിന്ന് വിലക്കുവാനോ, കപിൽ മിശ്രയ്ക്കെതിരെ എന്തെങ്കിലും നടപടി എടുക്കുവാനോ പ്രസംഗം നേരിട്ട് കേട്ട ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ആയ വേദ് പ്രകാശ് സൂര്യ തയാറായില്ല.

പിന്നീട് ഡൽഹി ഹൈക്കോടതി ജഡ്ജി മുരളീധർ അറ്റോർണി ജെനറലിനേയും, മുതിർന്ന പോലീസ് ഓഫീസർമാരേയും അനുരാഗ് ഠാക്കൂർ, പർവേഷ് വർമ്മ, കപിൽ മിശ്ര എന്നിവരുടെ പ്രസംഗങ്ങൾ കേൾപ്പിച്ച് അവർക്കെതിരേ FIR ഫയൽ ചെയ്യാൻ നിർദേശിക്കുന്ന തലത്തിൽ വരെ എത്തി കാര്യങ്ങൾ.  ആ ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന മുരളീധറിനെ അർദ്ധരാത്രിയിൽ സ്ഥലം മാറ്റിയതിലൂടെ കേന്ദ്ര സർക്കാർ എന്ത് സന്ദേശമാണ് നൽകിയത്??? സുപ്രീം കോടതി കൊളീജിയം നേരത്തെ അംഗീകരിച്ച സ്ഥലം മാറ്റം ആയിരുന്നെങ്കിലും ബി.ജെ.പി. ന്വേതാക്കൾക്കെതിരെ ഭരണഘടനാനുസൃതമായ നിലപാടെടുത്ത ജഡ്ജിയെ അർദ്ധരാത്രിയിൽ തന്നെ സ്ഥലം മാറ്റിയതിലൂടെ തങ്ങളുടെ നേതാക്കൾക്കെതിരെ നിലപാടെടുക്കുന്ന ഒരാളെയും വെച്ച് പൊറുപ്പിക്കില്ല എന്ന സന്ദേശം തന്നെയാണ് കേന്ദ്രസർക്കാർ നൽകിയത്. ഇംഗ്ളീഷിൽ പറയുന്നത് പോലെ ഒരു ‘ചില്ലിങ് മെസേജ്’ ആയിരുന്നു ആ അർദ്ധരാത്രിയിൽ വന്നത്.

അതുപോലെ തന്നെ ഇക്കഴിഞ്ഞ ഡൽഹി കലാപ സമയത്ത് ആം ആദ്മി പ്രവർത്തകർ കലാപകാരികളുടെ ഇരു വിഭാഗങ്ങളിലും അണിനിരന്നത് കേജ്രിവാളിൻറ്റെ നിലപാടില്ലായ്മ മൂലം മാത്രമാണ്. പൗരത്വ വിഷയത്തിലോ, ജെ.എൻ.യു.-വിൽ ആക്രമണമുണ്ടായപ്പോഴോ, ജാമിയയിലും, ഷഹീൻ ബാഗിലും വെടിവെയ്പ്പ് ഉണ്ടായപ്പോഴോ കേജ്രിവാൾ കൃത്യമായ ഒരു നിലപാടും കൈക്കൊണ്ടില്ല. അക്രമം നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നതൊക്കെ ഒരു ഭരണാധികാരി ചെയ്യുന്ന ഒരു സാമാന്യ മര്യാദയാണ്. കേജ്രിവാൾ അതിനും തയാറായില്ല. കലാപത്തിനും വെടിവെപ്പിനും ആഹ്വാനം ചെയ്തവരെ അപലപിക്കാനും കേജ്രിവാൾ തയാറായില്ല. കലാപം നടന്നപ്പോൾ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനും മുഖ്യമന്ത്രി ഒരുക്കമല്ലായിരുന്നു. പിന്നെ, കൊള്ളയും കൊലയും നടന്നതിനുശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് ആരെ ബോധിപ്പിക്കാനാണ്???

ഡൽഹിയിൽ കലാപം ഉണ്ടായ വടക്കു കിഴക്കൻ ഡൽഹിയിലെ സാഹചര്യങ്ങൾ നോക്കിയാൽ കലാപങ്ങൾ എന്നും പാവപ്പെട്ടവരുടെ വാസസ്ഥലങ്ങളിലേ ഉണ്ടാവു എന്നുള്ള വസ്തുതയും വ്യക്തമായി കാണാം. നിരക്ഷരത, ദാരിദ്ര്യം, തൊഴിലില്ലായ്മ, ആളുകൾ തിങ്ങിപാർക്കുന്നത് മൂലമുള്ള അസ്വസ്ഥതയും വഴക്കുകളും – ഇത്തരം ഫാക്റ്ററുകൾ ഉണ്ടാക്കുന്നത് ചിന്താശേഷി നഷ്ടപ്പെട്ട ഒരുകൂട്ടം ജനത്തെയാണ്. ചേരികളിലും പാവപ്പെട്ടവർ തിങ്ങിപാർക്കുന്ന സ്ഥലങ്ങളിലും ഇത്തരം ചിന്താശേഷി നഷ്ടപ്പെട്ട ജനം ധാരാളം ഉണ്ട്. അവർ പെട്ടെന്ന് പ്രകോപിതരാകും. ഫ്ലാറ്റുകളിലും, ഹൗസിങ് കോളനികളിലേയും ആളുകളിൽ മിക്കവർക്കും ഉത്തരവാദിത്ത്വപ്പെട്ട ജോലികൾ ഉണ്ട്; അതുകൊണ്ട് അവർ പെട്ടെന്ന് പ്രകോപിതരാകുകയില്ല. ഫ്ലാറ്റുകളിലും, ഹൗസിങ് കോളനികളിലും താമസിക്കുന്നവർക്ക് സുരക്ഷിതത്ത്വവും ഉണ്ട്; പാവപ്പെട്ടവർക്ക് അതില്ലാ. വടക്കു കിഴക്കൻ ഡൽഹിയിലെ കലാപമുണ്ടായ ഭജൻപുരയും, ചാന്ദ്ഭാഗും, ജാഫറാബാദും, ബ്രിജ്പുരിയുമെല്ലാം ആളുകൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളാണ്.

ഇൻഡ്യാ മഹാരാജ്യത്ത് കലാപങ്ങളിൽ മരിച്ചു വീഴുന്നവരൊക്കെ അല്ലെങ്കിലും സാധാരണക്കാരാണ്. കലാപങ്ങളിൽ ഒരു രാഷ്ട്രീയ നേതാവും കൊല്ലപ്പെടുന്നില്ലാ. ഹിന്ദുവിൻറ്റേയും മുസ്ലീമിൻറ്റേയും പേരുപറഞ്ഞു പോരുകോഴികളെ പോലെ പൊരുതുന്നവരിൽ മഹാഭൂരിപക്ഷവും ചേരികളിൽ നിന്നും, പുനരധിവാസ കോളനികളിൽ നിന്നും, സാധാരണക്കാർ തിങ്ങി പാർക്കുന്ന ഗലികളിൽ നിന്നും ഉള്ളവരാണ്. ഡൽഹിയിൽ ഇപ്പോൾ ഒരു ഭാഗത്തുണ്ടായ കലാപം നോക്കിയാൽ ഇത് വ്യക്തമായി കാണാം. ഡൽഹിയിൽ എത്രയോ ഫ്‌ളാറ്റ്‌ സമുച്ചയങ്ങൾ ഉണ്ട്. ആ ഫ്‌ളാറ്റ്‌ ഏരിയകളിലൊന്നും 1984 – ലോ, ഇപ്പോഴോ ഒരു പ്രശ്നവും കലാപങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലാ. ഡൽഹിയിലെ ‘പോഷ് ഏരിയകളായ’ ഡിഫൻസ് കോളനി, മഹാറാണി ബാഗ്, ന്യൂ ഫ്രെണ്ട്സ് കോളനി, വസന്ത് വിഹാർ, വസന്ത് കുഞ്ജ് – ഇവിടങ്ങളിലൊന്നും ഒരു പ്രശ്നവും ഒരിക്കലും ഉണ്ടാകാറില്ലാ. ഡൽഹിയിലെ ‘ഡിപ്ലോമാറ്റിക്ക് ഏരിയയായ’ ചാണക്യപുരിയിൽ കലാപക്കൊടി ഉയർത്തുന്ന കാര്യം ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ധൈര്യം കാണിക്കില്ല. ബീഫ് ഇൻഡ്യാ മഹാരാജ്യത്ത് എത്രയോ ഫൈവ് സ്റ്റാർ ഹോട്ടലുകളിലും, റെസ്റ്റോറൻറ്റുകളിലും വിളമ്പുന്നു. അവിടെയൊക്കെ ആരെങ്കിലും ബീഫിൻറ്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലാൻ ചെല്ലുമോ??? അവിടെയൊക്കെ ഹോക്കി സ്റ്റിക്കും, മുളവടിയും ആയി ചെല്ലാൻ ആരെങ്കിലും ധൈര്യപ്പെടുമോ??? ഇതൊക്കെ എന്താണ് വ്യക്തമായി കാണിക്കുന്നത്???

2019 -ലെ ശബരിമല വിഷയത്തിൽ ചിലരുടെ വേവലാതി ചിന്തിക്കുന്ന കേരളീയ ജനത ശരിക്കും കണ്ടതാണ്. ജനങ്ങളിൽ ഹൈന്ദവ വികാരം അന്ന് ഉണർത്തിവിട്ട രാഷ്ട്രീയ നേതാക്കളും, മത നേതാക്കളും വരേണ്യ വർഗ്ഗത്തിൽ പെട്ടവർ മാത്രം ആയിരുന്നു. ‘ധർമം സംരക്ഷിക്കാൻ വരൂ സോദരാ’ എന്നൊക്കെ ശബരിമല പ്രക്ഷോഭത്തിൻറ്റെ സമയത്ത് ആഹ്വാനം നടത്തിയതല്ലാതെ സൈബർ യോദ്ധാക്കളും, ഭക്തി പ്രകടനക്കാരും ഒന്നും പോലീസിൻറ്റെ കുണ്ടിക്കുള്ള അടികൊള്ളുവാൻ തയാറല്ലായിരുന്നു. എത്ര കുലസ്ത്രീകളാണ് നിലക്കലിൽ ശബരിമലയിലേക്കുള്ള വണ്ടികൾ തടയാൻ ഉണ്ടായിരുന്നതെന്ന് അന്നത്തെ ടി.വി. വാർത്തകൾ കണ്ട എല്ലാവർക്കും മനസിലായതായിരുന്നു. കുപ്പി വാങ്ങിക്കൊടുത്ത് കുറെ ആദിവാസി സ്ത്രീകളെ വണ്ടി തടയാനൊക്കെ ഇറക്കുകയാണ് അന്ന് ഉണ്ടായത്. ശ്രീധരൻ പിള്ളയുടെ ഭാര്യ, തന്ത്രി കണ്ഠര് രാജീവരരുടെ ഭാര്യ, സുകുമാരൻ നായരുടെ ഭാര്യ, കെ. സുരേന്ദ്രൻറ്റെ ഭാര്യ, രാഹുൽ ഈശ്വറിൻറ്റെ ഭാര്യ, കെ.പി. ശശികല – ഇവരൊക്ക നിലയ്ക്കലിൽ ഒരു വാഹനങ്ങളും തടഞ്ഞില്ല. ഗുജറാത്ത് കലാപത്തിലും, ബാബരി മസ്ജിദ് പൊളിക്കാനുമൊക്കെ ഇതുപോലുള്ള സാമൂഹ്യവും, സാമ്പത്തികവുമായ താഴേക്കിടയിലുള്ളവരെ സമർത്ഥമായി ഉപയോഗിക്കുകയായിരുന്നു ബി.ജെ.പി.-യും, സംഘ പരിവാറുകാരും.

“ധർമം സംരക്ഷിക്കാൻ വരൂ സോദരാ” – എന്ന് ആഹ്വാനം ചെയ്തതല്ലാതെ സ്വന്തം കുടുംബത്തിലുള്ള ആരേയും ശബരിമല പ്രക്ഷോഭത്തിൻറ്റെ സമയത്ത് രാഷ്ട്രീയ നേതാക്കളൊന്നും ധർമം സംരക്ഷിക്കുവാനും, പോലീസിൻറ്റെ തല്ലു കൊള്ളിക്കാനും വേണ്ടി ഇറക്കിയില്ല. ശബരിമലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടേയും, ജയിലിൽ ആയവരുടേയും സാമൂഹ്യവും സാമ്പത്തികവുമായ കാര്യങ്ങൾ പരിശോധിച്ചാൽ അവരൊക്കെ സാമൂഹ്യവും സാമ്പത്തികവുമായി താഴേക്കിടയിലുള്ളവരാണെന്ന് ആർക്കും ബോധ്യമാകും. ശബരിമല പ്രക്ഷോഭത്തിൻറ്റെ കാര്യത്തിൽ മാത്രമല്ല; ഏതു കലാപത്തിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. നേതാക്കളൊക്കെ പല കലാപങ്ങളുടേയും പേരിൽ പിന്നീട് അധികാര കസേരകൾ നേടും. പാവപ്പെട്ടവന് മാത്രമാണ് എല്ലാം നഷ്ടപ്പെടുന്നത്. ഇൻഡ്യാ മഹാരാജ്യത്ത് കലാപങ്ങളിൽ പങ്കെടുക്കുന്നവരും, ഇരയാക്കപ്പെടുന്നവരും ഒക്കെ സാധുക്കളാണ്.

എല്ലാ വർഗീയ കലാപങ്ങളും ബാക്കി വയ്ക്കുന്നത് ഹീനമായ കൊലപാതകങ്ങളും, കൊള്ളകളും, സ്ത്രീകൾക്കെതിരേയുള്ള ലൈംഗികമായ ആക്രമണങ്ങളുമാണ്. ചിലർ കലാപങ്ങളെ നോക്കി കാണുമ്പോൾ അവർക്ക് താൽപര്യം ഉള്ളവരുടെ കാര്യം മാത്രം പറയും. എതിർ മതക്കാർക്ക് ഇതിലും സങ്കടകരമായ കഥകൾ പറയാനുണ്ടാവും. സേഫ് സോണിലിരുന്ന് പാവങ്ങളെ മതഭ്രാന്തരാക്കി സമൂഹത്തിൽ ഇറക്കിവിടുകയാണ് സത്യത്തിൽ നമ്മുടെ രാഷ്ട്രീയക്കാർ ചെയ്യുന്നത്. നേതാക്കളുടെ ഒക്കെ വാക്കു കേട്ട് അക്രമത്തിൽ പങ്കെടുക്കുന്നവർക്ക് ജീവിതം തന്നെ നഷ്ടപ്പെട്ടുപോകാം. നിയമ വ്യവസ്ഥയുടെ കരങ്ങളിൽ അവർ എത്തിപ്പെട്ടുമ്പോൾ അവരെ സംരക്ഷിക്കുവാൻ ആരും കാണില്ല. അവസാനം ജീവിതം തുലഞ്ഞു ഗതികിട്ടാപ്രേതം പോലെ അവർക്ക് അലയേണ്ടി വരും.