മാനസിക സമ്മർദം താങ്ങാൻ പറ്റാതെ ആത്മഹത്യയിലേക്ക് പാഞ്ഞടുക്കുന്ന ഇന്നത്തെ യുവതലമുറ

വെള്ളാശേരി ജോസഫ്

കഴിഞ്ഞ ദിവസം കൈരളി TV ‘ഉയരെ ഷീജ’ എന്ന ഒരു പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. ‘അടുക്കളയില്‍ നിന്ന് തെങ്ങിന്‍ മണ്ടയിലേക്ക്; ഒരു കള്ളു ചെത്തുകാരിയുടെ ജീവിതം’ – എന്ന് വേണമെങ്കിൽ കണ്ണൂർ കണവത്തെ ഷീജയെ കുറിച്ചുള്ള ആ ഡോക്കുമെൻറ്ററിയെ വിശേഷിപ്പിക്കാം. ഒരു കള്ളു ചെത്തുകാരിയുടെ ജീവിതമെന്ന് പറയുമ്പോൾ ആരും അതിനെ ലഖുവായി കാണേണ്ട കാര്യമില്ല. നല്ല അദ്ധ്വാനവും ആത്മധൈര്യവും വേണ്ട ഒരു ജോലിയാണ് കള്ളുചെത്ത്. തേങ്ങിൻറ്റെ മണ്ടയിൽ കേറി കള്ളുചെത്തുക എന്ന് പറഞ്ഞാൽ ഭൂരിഭാഗം മനുഷ്യർക്കും സാധിക്കുന്ന പണിയേ അല്ല. ആദ്യമൊക്കെ കേറുമ്പോൾ തല കറക്കവും ശർദ്ദിയും ഉണ്ടാവുക സ്വോഭാവികം മാത്രം. ആണുങ്ങളുടെ കാര്യം അങ്ങനെ ഒക്കെ ആണെങ്കിൽ പിന്നെ പെണ്ണുങ്ങളുടെ കാര്യം പറയണോ? ‘സോഷ്യൽ സ്‌റ്റിഗ്മ’ എന്നുള്ളതാണെന്ന് തോന്നുന്നു നമ്മുടെ പാരമ്പര്യ സമൂഹത്തിൽ കള്ളുചെത്തുന്ന ഒരു സ്ത്രീക്ക് ഏറ്റവും അനുഭവിക്കേണ്ടി വരുന്നത്. അതിനെയൊക്കെ മറികടന്ന് കള്ളുചെത്ത് ഒരു പ്രൊഫഷനായി ഏറ്റെടുത്ത ഷീജക്ക് അഭിനന്ദനങ്ങൾ അർപ്പിക്കാം. ഒപ്പം ‘സേഫ്റ്റി ബെൽറ്റ്’ പോലെ സുരക്ഷക്കുള്ള ലളിതമായ ആധുനിക മാർഗങ്ങളും കൂടി ഷീജയെ പോലെ മരം കയറുന്നവർ കൊണ്ടുനടക്കുകയാണെങ്കിൽ നന്നായിരിക്കും എന്നു കൂടി ആശിക്കാം.

ഉയരങ്ങളിൽ കയറി കള്ളുചെത്തുന്ന ഷീജയെ കുറിച്ച് എഴുതുമ്പോൾ തന്നെ ഫാത്തിമ ലത്തീഫ് എന്ന ചെന്നൈ ഐ.ഐ.ടി. വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെ വാർത്തകളും വരുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും, ദളിത്-പിന്നോക്ക വിഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇത്തരം സ്ഥാപനങ്ങളിൽ വിവേചനം നേരിടുന്നൂ; അതാണ് ആത്മഹത്യക്ക് കാരണം എന്ന് പറഞ്ഞു പലരും ഈ വിഷയത്തെ മുതലെടുക്കാൻ നോക്കുന്നുണ്ട് ഇപ്പോൾ. ഈ സംഭവത്തില്‍ വര്‍ഗീയവികാരം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നത് ഇനിയും പുറത്തുവരേണ്ട കാര്യമാണ്. ‘ഇൻറ്റേണൽ അസ്സെസ്സ്മെൻറ്റിന്’ മാർക്ക് കുറഞ്ഞു എന്ന ഒറ്റ കാരണത്താൽ ആത്മഹത്യ ചെയ്യുന്നതൊക്കെ മാനസിക സമ്മർദം ഉൾക്കൊള്ളാനുള്ള ഇന്നത്തെ യുവതലമുറയുടെ ശേഷിക്കുറവ് മാത്രമായേ കണക്കാക്കാനാവൂ. ജീവിത സമരത്തിൽ ഉയരങ്ങളിൽ കയറി കള്ളുചെത്തുന്ന ഷീജയെ പോലുള്ളവർ അങ്ങനെയാണെങ്കിൽ എത്ര തവണ ആത്മഹത്യ ചെയ്യേണ്ടതാണ്? രണ്ടും രണ്ട് ഇഷ്യൂസ് ആണ് എന്ന് കാണാതിരിക്കുന്നില്ല. പക്ഷെ നമ്മുടെ ഇന്നത്തെ യുവതലമുറക്ക് മാനസിക സമ്മർദങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷിയില്ലെന്നുള്ളത് പല സംഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്യുക; അദ്ധ്യാപകൻ ഒന്ന് വഴക്ക് പറഞ്ഞാൽ ആത്മഹത്യക്ക് ശ്രമിക്കുക; മാർക്കോ റാങ്കോ നഷ്ടപ്പെട്ടാൽ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുക – ഇങ്ങനെ അനേകം ഉദാഹരണങ്ങൾ നമ്മുടെ ഒക്കെ ചുറ്റിലും ഉണ്ട്. പർവതാരോഹണം, നീന്തൽ, ഷീജയെ പോലുള്ളവർ ചെയ്യുന്ന മരം കയറ്റം, ട്രെക്കിങ്ങ് – ഇതൊക്കെ ഇന്നത്തെ കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണ്. പ്രകൃതിയിൽ നിന്ന് പെൺകുട്ടികളും ആത്മവിശ്വാസം ആർജ്ജിക്കട്ടെ. എങ്കിലേ മാനസിക സമ്മർദങ്ങളെ അതിജീവിക്കാനുള്ള ആത്മധൈര്യം ഭാവിയിലെങ്കിലും അവർ ഉൾക്കൊള്ളുകയുള്ളൂ.

ഫാത്തിമ ലത്തീഫിൻറ്റേയും, രോഹിത്ത് വെമൂലയുടേയും ആത്മഹത്യകൾ ദളിതർക്കും, മുസ്ലീമിനും എതിരെയുള്ള വിവേചനത്താൽ മാത്രം ഉണ്ടായതാണെന്നൊക്കെ പലരും വാദിക്കുന്നതൊക്കെ തീർത്തും കഷ്ടമാണ്. ഇവരെക്കാളൊക്കെ എത്രയോ ജീവിത പ്രശ്നങ്ങൾ നേരിടുന്നവരൊക്കെ നേരെ പോയി ആത്മഹത്യ ചെയ്യുകയാണോ? ഇത്തരം പ്രചാരണങ്ങൾ നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കുവാൻ മാത്രമേ ഉപകരിക്കൂ. വിവേചനം യാഥാർഥ്യമായിരുന്നെങ്കിൽ ഫാത്തിമ ലത്തീഫ് അതിനോട് പൊരുതുകയായിരുന്നു വേണ്ടിയിരുന്നത്. ഒരു ഐ.ഐ.ടി. വിദ്യാർത്ഥിനിക്ക് പരാതി ഉന്നയിക്കാൻ നിരവധി മാർഗങ്ങളും വേദികളുമുണ്ട്. ഡിപ്പാർട്ട്മെൻറ്റ് തലവനോടും ഡീനിനോടും പരാതിപ്പെടാവുന്നതാണ്; അവിടെയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ നേരെ ഡയറക്റ്ററുടെ അടുത്ത പോകാവുന്നതാണ്. പുറത്തും പരാതിപ്പെടാൻ നിരവധി വേദികളുണ്ട്. മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഈ രാജ്യത്തുണ്ട്. ഇവിടെയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ തെളിവുകളും, സാക്ഷി മൊഴികളുമായി നേരെ കോടതിയിൽ പോകാവുന്നതാണ്; കൃത്യമായ തെളിവുകൾ ഉണ്ടായിരിക്കണം എന്നു മാത്രം. ഒന്ന് പൊരുതാൻ നിൽക്കുകകൂടി ചെയ്യാതെ ഫാത്തിമ ലത്തീഫ് പൊയ്ക്കളഞ്ഞത് അതീവ ദുഃഖകരമാകുമ്പോൾ തന്നെ മാനസിക സമ്മർദം താങ്ങാൻ പറ്റാത്ത ഇന്നത്തെ യുവതലമുറയുടെ അവസ്ഥയും കൂടി ആണത് വെളിവാക്കുന്നത്.

‘അണ്ടർ പ്രിവിലേജ്ഡ്’ ആയിട്ടുള്ള വളരെയേറെ ആളുകൾ ഉള്ള ഒരു രാജ്യമാണ് ഇൻഡ്യാ മഹാരാജ്യം. മനുഷ്യാവകാശങ്ങൾ സ്ഥിരം ലംഖിക്കപ്പെടുന്ന ആളുകൾ ഇഷ്ടം പോലെ ഈ രാജ്യത്ത് ഉണ്ട്. ഇൻഡ്യാ മഹാരാജ്യത്തിലെ അസംഘടിതമായ വിവിധ കമ്യൂണിറ്റികളിൽ ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നത് പോലെയല്ല അത്യുന്നത നിലവാരമുള്ള ഐ.ഐ.ടി. -യിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ ജീവിതം. സ്റ്റാർട്ടപ്പ് സംരംഭത്തിലൂടെ കോടീശ്വരനായി മാറിയ വരുൺ ചന്ദ്രൻ ‘ഓറക്കിൾ’ കമ്പനിയിൽ താൻ നേരിട്ട വർണ വിവേചനം ‘പന്തുകളിക്കാരൻ’ എന്ന പുസ്തകത്തിൽ അനുസ്മരിക്കുന്നുണ്ട്. ‘കറുത്തവൻ’ എന്ന് വരുൺ ചന്ദ്രനെ അധിക്ഷേപിച്ച കൂടെ ജോലി ചെയ്യുന്ന ആളെ പരസ്യമായി തല്ലാൻ വരുൺ ചന്ദ്രൻ മടിച്ചില്ല. പിന്നീട് HR ഡിപ്പാർട്ട്മെൻറ്റിൻറ്റെ ഇടപെടലിൽ അത് വലിയ വിഷയം ആയെങ്കിലും കമ്പനിക്കെതിരേ വർണവിവേചനം എന്ന ആരോപണം വരുമെന്ന് കണ്ടപ്പോൾ കമ്പനി അധികൃതരും അയഞ്ഞു. ബാൻഗ്ലൂർ ഐ.ടി. മേഖലയിൽ ജോലി ചെയ്യുമ്പോഴും വരുൺ ചന്ദ്രന് ധാരാളം പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ പഴയ തൻറ്റെ ഫുട്‍ബോൾ ജീവിതത്തിലെ അനുഭവങ്ങളാണ് വരുൺ ചന്ദ്രന് കരുത്തേകിയത്. കേരളത്തിന് വേണ്ടിയും, മലപ്പുറത്തും പല തവണ ജേഴ്സിയണിഞ്ഞ വരുൺ ചന്ദ്രന് തൻറ്റെ ഫുട്‍ബോൾ ജീവിതകാലത്തെ തട്ടും തടയും പിന്നീടങ്ങോട്ടും തുണയായി.

ഇന്ത്യയിലെ സാധാരണക്കാരായ ചെറുപ്പക്കാരും പാർശ്വവൽക്കരിക്കപ്പെട്ടവരും സാമൂഹികവും സാമ്പത്തികമായും ഉയരണമെങ്കിൽ അവർക്ക് വരുൺ ചന്ദ്രനെ മാതൃകയാക്കാം. പത്തനാപുരത്തിനടുത്തുള്ള ‘പാടം’ എന്ന കുടിയേറ്റ ഗ്രാമത്തിൽ ഒരു CITU ലോഡിങ്ങ് തൊഴിലാളിയുടെ മകനായി ജനിച്ചു വളർന്ന വരുൺ ചന്ദ്രനാണിന്ന് ലോകം അറിയപ്പെടുന്ന സ്റ്റാർട്ടപ്പ് സംരഭകനായി മാറിയിരിക്കുന്നത്. വരുൺ ചന്ദ്രൻ ഇംഗ്ളീഷ് ഭാഷയിൽ ഡിക്ഷ്ണറി ഉപയോഗിച്ചും, ഇൻറ്റർനെറ്റിൽ കേട്ടും ആണ് തൻറ്റെ പരിജ്ഞാനം വർധിപ്പിച്ചത്. പിന്നീട് ബാംഗ്ലൂരിലെ കോൾ സെൻറ്ററിൽ ജോലി ചെയ്തു; കമ്പ്യൂട്ടർ ലാംഗ്വേജ് പഠിച്ചു; സിംഗപ്പൂരിൽ പോയി; അമേരിക്കയിൽ പോയി. അവസാനം ഡേറ്റക്ക് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തു. അങ്ങനെയാണ് ‘പാടത്തെ’ വരുൺ ചന്ദ്രൻ ലോകം അറിയപ്പെടുന്ന സംരഭകനായതും ഇപ്പോൾ അനേകം പേർക്ക് തൊഴിൽ കൊടുക്കുന്നതും. വരുൺ ചന്ദ്രനെ പോലുള്ളവരെ റോൾ മോഡലാക്കുമ്പോഴും ‘പന്തുകളിക്കാരൻ’ എന്ന പുസ്തകത്തിൽ പുള്ളി പറയുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം: “അമുൽ ബേബിയെ പോലെ ആയിരിക്കരുത് കുട്ടികളെ വളർത്തേണ്ടത്” എന്നാണ് വരുൺ ചന്ദ്രൻ അടിവരയിട്ട് പറയുന്നത്. അമുൽ ബേബിയെ പോലെ വളർന്നാൽ യുവതലമുറ നിസാര കാരണങ്ങളാൽ പോലും മാനസിക സമ്മർദം താങ്ങാൻ പറ്റാതെ ആത്മഹത്യയിലേക്ക് പാഞ്ഞടുക്കാൻ സാധ്യതയുണ്ട്.

Advertisements