റഷ്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയ വ്ലാഡിമീർ പുടിൻ

വെള്ളാശേരി ജോസഫ്

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇതുവരേയുള്ള രാഷ്ട്ര നിർമാണ പ്രക്രിയകളിൽ രജത ശോഭയോടെ ജ്വലിക്കുന്ന ഒരാളേയുള്ളൂ. അത് റഷ്യൻ പ്രസിഡൻറ്റ് വ്ലാഡിമീർ പുടിൻ ആണ്. ഇപ്പോൾ 67 വയസായ വ്ലാഡിമീർ പുടിന് 2024 വരെ പ്രസിഡൻറ്റായി തുടരാം. സമൂലമായ ഭരണഘടനാ ഭേദഗതികൾ മുന്നോട്ടുവെച്ച് റഷ്യൻ സർക്കാർ ഒന്നടങ്കം ഇപ്പോൾ രാജിവെച്ചൊഴിഞ്ഞിരിക്കുന്നു. ഈ അവസ്ഥയിൽ പഴയ സോവിയറ്റ് നേതാക്കളെ പോലെ ജീവിതാവസാനം വരെ ഭരണം കയ്യാളാൻ യാതൊരു താൽപര്യവുമില്ലെന്നാണ് പുടിൻ കഴിഞ്ഞ ദിവസം ഒരു ഇൻറ്റെർവ്യൂവിൽ പറഞ്ഞത്. ഈ പറഞ്ഞത് വ്ലാഡിമീർ പുടിൻറ്റെ ഒരു തന്ത്രമാവാനേ വഴിയുള്ളൂ. പുട്ടിൻറ്റെ ജനപ്രീതിയെ വെല്ലുവിളിക്കാൻ മറ്റൊരു നേതാവ് റഷ്യയിൽ ഇല്ലാത്തപ്പോൾ അദ്ദേഹം എന്തിനു രാജിവെച്ചൊഴിയണം?

പാശ്ചാത്യ മാധ്യമങ്ങൾ നടത്തുന്ന വിഷലിപ്തമായ പ്രചാരണങ്ങൾ മാറ്റിവെച്ചാൽ റഷ്യൻ പ്രസിഡൻറ്റ് വ്ലാഡിമീർ പുടിൻറ്റെ ജനപ്രീതി മനസിലാകും. കുറച്ചു നാൾ മുമ്പ് നാഷണൽ ജ്യോഗ്രഫിക്ക് പുടിനെ കുറിച്ച് ഒരു ഡോക്കുമെൻറ്ററി പ്രക്ഷേപണം ചെയ്തിരുന്നു. വളരെ പ്രൊഫഷണലായി മാത്രം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന നാഷണൽ ജ്യോഗ്രഫിക്കിൽ നിന്ന് അത്രയും തരംതാണ ഒരു ഡോക്കുമെൻറ്ററി പ്രതീക്ഷിച്ചില്ല. ഒടുങ്ങാത്ത പ്രതികാര വാഞ്ചയുള്ള ഒരു കെ.ജി.ബി. ഏജൻറ്റ് എന്ന നിലയിൽ നാഷണൽ ജ്യോഗ്രഫിക്ക് പുടിനെ അവതരിപ്പിച്ചപ്പോൾ പുടിനു മുമ്പുള്ള റഷ്യയുടെ ആഭ്യന്തര-സാമൂഹ്യ-സാമ്പത്തിക അവസ്ഥ കൂടി ഒന്ന് നോക്കണമായിരുന്നു.

1990 -കളുടെ മധ്യത്തിൽ ഇതെഴുതുന്ന ആൾക്ക് പങ്കെടുക്കുവാൻ സാധിച്ച ഒരു സെമിനാറിൽ കൽക്കട്ട ഐ.ഐ. എമ്മിലെ പ്രഫെസ്സർ നിർമൽ ചന്ദ്ര മുൻ സോവിയറ്റ് യൂണിയൻറ്റെ ഭാഗമായിരുന്ന റഷ്യൻ സമ്പത് വ്യവസ്ഥയെ വിശേഷിപ്പിച്ചത് ‘ഇൻ അബ്സല്യൂട്ട് ഡിസാസ്റ്റർ’ എന്നായിരുന്നു. 40 ശതമാനം വ്യവസായങ്ങളും നിലംപൊത്തിയ കാലമായിരുന്നു അത്. തങ്ങളുടെ കുടുംബം പുലർത്താൻ വൻ ശക്തിയായിരുന്നു മുൻ സോവിയറ്റ് യൂണിയനിലെ പെൺകുട്ടികൾക്ക് വേശ്യാവൃത്തി പോലും തിരഞ്ഞെടുക്കേണ്ടി വന്നു എന്ന് പറയുമ്പോൾ ആ തകർച്ചയുടെ ആഴം ആർക്കും മനസിലാക്കാം. 1991 – ൽ മൂന്നാം ലോക രാഷ്ട്രമായ ഇന്ത്യയിൽ പോലും വന്നു ഉസ്ബെക്കിസ്ഥാനിൽ നിന്നും, റഷ്യയിൽ നിന്നും, ഉക്രെയിനിൽ നിന്നുമൊക്കെയുള്ള പെൺകുട്ടികൾ. പുടിൻ റഷ്യയുടെ പ്രതാപം കുറച്ചെങ്കിലും വീണ്ടെടുക്കുവാൻ ശ്രമിച്ചപ്പോൾ പാശ്ചാത്യ, അമേരിക്കൻ മാധ്യമങ്ങൾ വ്ളാഡിമിർ പുടിനെ ഹിറ്റ്ലർക്ക് തുല്യമായി ചിത്രീകരിച്ചു. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് ഗോർബച്ചേവ്, യെൽസിൻ – എന്നിങ്ങനെയുള്ള നേതാക്കന്മാർ മാത്രമാണ് വലിയ നേതാക്കൾ. ഇവരെയൊക്കെ ഇങ്ങനെ പ്രകീർത്തിക്കുന്നതിൽ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമങ്ങൾക്ക് സ്ഥാപിത താൽപര്യം ഉണ്ടെന്നുള്ള കാര്യം പകൽ പോലെ വ്യക്തമാണ്.

നേരത്തേ സോവിയറ്റ് യൂണിയൻ ശിഥിലമാക്കുന്നതിൽ ഈ അമേരിക്കക്കും യൂറോപ്യൻ രാഷ്ട്രങ്ങൾക്കും നിർണായക പങ്കുണ്ടായിരുന്നു. പിന്നീട് പുടിൻറ്റെ കീഴിൽ റഷ്യ കരുത്താർജിക്കാൻ തുടങ്ങിയപ്പോൾ ‘ക്രിമിയൻ പ്രശ്നത്തിൻറ്റെ’ പേര് പറഞ്ഞു അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയത്. ക്രിമിയയിലെ ജന പ്രതിനിധി സഭയും, അവിടുത്തെ ജനങ്ങളും ആണ് റഷ്യയുടെ കൂടെ ചേരാൻ തീരുമാനിച്ചത്. തീർത്ത് നിയമാനുസൃതം ആയിരുന്നു ആ തീരുമാനം. പിന്നെ അതിൻറ്റെ പേരിൽ റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്തുന്നതിൽ എന്തായിരുന്നു യുക്തി? മലേഷ്യൻ വിമാനം മിസൈൽ ഉപയോഗിച്ച് തകർത്തതിൽ പിന്നെ അടുത്ത ഉപരോധം വന്നു. പണ്ട് അമേരിക്കയും ഇതുപോലെ ഒരു ഇറാനിയൻ യാത്രാ വിമാനം വെടിവെച്ചിട്ടതായിരുന്നു. ആരെങ്കിലും അന്ന് അമേരിക്കയുടെ മേൽ ഉപരോധം കൊണ്ടുവന്നോ? റഷ്യയാണ് വിമാനം തകർത്തതെന്ന സ്ഥിതീകരണം പോലും ഇല്ലാത്തപ്പോഴായിരുന്നു ഉപരോധങ്ങൾ റഷ്യക്ക് നേരെ എടുത്ത് പ്രയോഗിച്ചത്. വിഷവാതകം റഷ്യയിൽ നിന്ന് കുടിയേറിയ ബ്രട്ടീഷ് പൗരനെതിരെ പ്രയോഗിച്ചു എന്ന പേരിൽ അടുത്ത ഉപരോധം ഏർപ്പെടുത്തി അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും. അമേരിക്ക ക്യൂബയിലെ കാസ്ട്രോയെ എത്രയോ തവണ കൊല്ലാൻ നോക്കിയിട്ടുണ്ട്. ആരെങ്കിലും ഉപരോധം ഏർപ്പെടുത്തിയോ? ഇന്ത്യയിൽ നിന്നുള്ള വിജയ് മല്ലയ്യയെ പോലെ റഷ്യയിൽ നിന്നുള്ള അനേകം തട്ടിപ്പു വീരൻമാർക്കും, വെട്ടിപ്പ് വീരൻമാർക്കും ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ അഭയം കൊടുക്കുന്നതിലെ ധാർമികത ആരും ചോദ്യം ചെയ്യുന്നില്ല. അത്തരം വലിയ പ്രശ്നങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തുമ്പോൾ ആരും കാണുന്നതേ ഇല്ലാ.

ഗോർബച്ചേവ്, യെൽസിൻ – എന്നിങ്ങനെയുള്ള നേതാക്കൾ പാശ്ചാത്യ താൽപര്യങ്ങൾക്കു മുൻപിൽ റഷ്യയുടെ രാജ്യ താൽപര്യങ്ങൾ അടിയറ വെച്ചപ്പോൾ അമേരിക്കക്കും യൂറോപ്യൻ രാഷ്ട്രങ്ങൾക്കും ഒരു പ്രശ്നവുമില്ലായിരുന്നു. വ്യവസായിക രംഗം തകർന്നതിൽ പിന്നെ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്കോ, റഷ്യയ്ക്കോ ആ തകർച്ചയിൽ നിന്ന് ഇനിയും കര കയറുവാൻ സാധിച്ചിട്ടില്ല. സോവിയറ്റ് യൂണിയൻറ്റെ തകർച്ചയിലും അതിനെ തുടർന്നുണ്ടായ സംഭവങ്ങളും യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾ ഏകപക്ഷീയമായി വ്യാഖ്യാനം ചെയ്യുന്നതിലും, പ്രചരിപ്പിക്കുന്നതിലും മത്സരിക്കുകയായിരുന്നു. 1985 – ൽ ഗോർബച്ചേവ് അധികാരമേറ്റെടുത്തപ്പോൾ സോവിയറ്റ് സാമ്പത്തിക ഉത്പാദനം(GDP) 2000 ബില്യൺ ഡോളറായിരുന്നു. എന്ന് വെച്ചാൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി. 1990 –ൽ പോലും സോവിയറ്റ് യൂണിയൻ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു. പക്ഷെ സോവിയറ്റ് സമ്പത് വ്യവസ്ഥ തീർത്തും മോശമാണെന്ന പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ അഴിച്ചു വിട്ടു. ഇതെഴുതുന്ന ആൾ ഇന്ത്യൻ സയൻസ് ഡെലിഗേഷൻറ്റെ ഭാഗമായി സോവിയറ്റ് യൂണിയനിൽ 1991 – ൽ പോയ ഒരു ശാസ്ത്രഞ്ജനോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് “എൻറ്റെ സ്പെഷ്യലൈസേഷൻ ക്രിസ്റ്റൽ ടെക്നോളജിയാണ്. ആ ടെക്നോളജിയിൽ സോവിയറ്റ് യൂണിയൻ ആരുടെയും പിന്നിലല്ല” – എന്നാണ്. മോസ്കോ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായും അദ്ദേഹം സംസാരിച്ചു. അന്ന് ഗോർബച്ചേവും, അദ്ദേഹത്തിൻറ്റെ ഭാര്യ റെയിസ ഗോർബച്ചേവും ആ രാജ്യത്ത് ഏറ്റവും വെറുക്കപ്പെട്ട ആളുകൾ ആയിരുന്നു. പക്ഷെ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് – പോലുള്ള യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾക്ക് ഏറ്റവും പ്രിയങ്കരർ ആയിരുന്നു ഗോർബച്ചേവും, അദ്ദേഹത്തിൻറ്റെ ഭാര്യ റെയിസ ഗോർബച്ചേവും. ഇന്ത്യൻ മാധ്യമങ്ങളും ആ പാത പിന്തുടർന്നു.

1962 തൊട്ട് 1986 സോവിയറ്റ് യൂണിയൻറ്റെ അമേരിക്കൻ അംബാസിഡർ ആയിരുന്ന അനാറ്റോളി ഡോബ്രിനിൻ ‘In Confidence: Moscow’s Ambassador to Six Cold War Presidents ‘ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ആ പുസ്തകത്തിൽ ഗോർബച്ചേവിൻറ്റെ കഴിവില്ലായ്മ അദ്ദേഹം അക്കമിട്ടു പറയുന്നുണ്ട്. പാശ്ചാത്യ താൽപര്യങ്ങൾക്കു മുൻപിൽ രാജ്യ താൽപര്യങ്ങൾ അടിയറ വെച്ച നേതാവായിട്ടാണ് ഡോബ്രിനിൻ ഗോർബച്ചേവിനെ അവതരിപ്പിക്കുന്നത്. ഗോർബച്ചേവ്, യെൽസിൻ – എന്നിങ്ങനെയുള്ള നേതാക്കളെ സി. എൻ. എൻ., ബി. ബി.സി, ഇക്കോണമിസ്റ്റ് – പോലുള്ള യൂറോപ്യൻ- അമേരിക്കൻ മാധ്യമങ്ങൾ പാടി പുകഴ്ത്തുന്നതിൻറ്റെ പിന്നിലെ കാരണവും ഇതായിരിക്കാം.

സോവിയറ്റ് ശിഥിലീകരണത്തിൽ ആദ്യം നോക്കേണ്ടത് റഷ്യയെ ചുറ്റിപ്പറ്റിയുള്ള റിപ്പബ്ലിക്കുകളിൽ ഉണ്ടായിരുന്ന റഷ്യൻ വംശജരോടുള്ള മനോഭാവമാണ്. റഷ്യൻ വംശജരിൽ പലരും മെച്ചപ്പെട്ട തൊഴിലും, വേതനവും പ്രതീക്ഷിച്ചാണ് ഉക്രയിൻ, ബാൾട്ടിക് റിപ്പബ്ലിക്സ് – ഇങ്ങോട്ടൊക്കെ കുടിയേറിയത്. 1935 – ൽ 10 ശതമാനം ആയിരുന്ന റഷ്യൻ വംശജർ 1989 ആയപ്പോൾ 34 ശതമാനം ആയി സോവിയറ്റ് ലാറ്റ്വിയയിൽ കൂടി. 2011 – ലെ കണക്കു പ്രകാരം 16 ശതമാനം റഷ്യൻ വംശജർ ബാൾട്ടിക് റിപ്പബ്ലിക്കായ എസ്റ്റോണിയയിൽ ഉണ്ട്. 2011 – ലെ കണക്കു പ്രകാരം 17 ശതമാനം ഉക്രയിനിൽ ഉണ്ട്. ഇത്രയധികം റഷ്യാക്കാർ ഉള്ളപ്പോൾ ഭാഷയിലും, സംസ്കാരത്തിലും, ചരിത്രത്തിലും ഒക്കെ അഭിമാനിച്ചിരുന്ന തദ്ദേശീയരായ ജനതയ്ക്ക് എതിർപ്പ് വരാതിരിയ്ക്കുമോ? സോവിയറ്റ് ശിഥിലീകരണത്തിൻറ്റെ ഏറ്റവും പ്രധാന കാരണം ഇതാണ്. മെച്ചപ്പെട്ട തൊഴിലും, വേതനവും പ്രതീക്ഷിച്ചു കുടിയേറുന്ന റഷ്യക്കാരെ ‘റൂബിൾ മൈഗ്രൻറ്റ്സ്’ അല്ലെങ്കിൽ ‘റൂബിൾ കുടിയേറ്റക്കാർ’ എന്നാണു തദ്ദേശീയർ വിളിച്ചിരുന്നത്. കുടിയേറ്റത്തോടപ്പം അവർ റഷ്യൻ ഭാഷയും, സംസ്കാരവും കൊണ്ടുവന്നു. സോവിയറ്റ് യൂണിയനിൽ പ്രാമുഖ്യം റഷ്യക്കായതിനാൽ മറ്റു റിപ്പബ്ക്ലിക്കുകൾ; പ്രത്യേകിച്ച് വികസനം കൈവന്ന ഉക്രയിൻ, ബാൾട്ടിക് റിപ്പബ്ലിക്സ് – ഇവരൊക്കെ റഷ്യക്കാരെ ഭയപ്പെട്ടു. തങ്ങളുടെ ഭാഷയും, സംസ്കാരവും റഷ്യൻ അധിനിവേശത്തോടെ തകർന്നു പോകുമെന്ന് അവർ ഭയപ്പെട്ടു. സ്റ്റാലിനിസ്റ്റ് അടിച്ചമർത്തലുകളും ദേശീയ ശക്തികളുടെ ഉണർവിന് ഒരു നിർണായക കാരണം ആയിട്ടുണ്ടെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജെർമനിക്കെതിരെ സോവിയറ്റ് യൂണിയൻറ്റെ ത്യാഗങ്ങൾ ഒരിക്കലും വിസ്മരിച്ചുകൂടാ.

ഗോർബച്ചേവിൻറ്റെ കാലത്തു നടപ്പാക്കിയ മുതലാളിത്ത പരിഷ്കരണങ്ങളുടെ ഫലമായി ഉയർന്നു വന്ന റിപ്പബ്ലിക്കുകളിലെ ‘നവ മുതലാളിമാർ’ തങ്ങളുടെ താൽപര്യം സംരക്ഷിക്കാനായി ഇത്തരം ഭാഷാ ദേശീയതകൾക്ക് പിന്തുണ കൊടുത്തു. 10 വർഷം നീണ്ടു നിന്ന അഫ്ഗാൻ അധിനിവേശവും, അമേരിക്കയുമായുള്ള ആയുധ പന്തയവും സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും മാധ്യമ പിന്തുണയും, ആ രാഷ്ട്രങ്ങളിലെ കൺസ്യൂമർ ഉൽപന്നങ്ങൾ ഗോർബച്ചേവിൻറ്റെ അവസാന കാലത്ത് സോവിയറ്റ് വിപണിയെ കീഴ്പെടുത്താനും തുടങ്ങിയപ്പോൾ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്ക് ഈ ശിഥിലീകരണത്തെ ചെറുക്കാൻ ശക്തി ഇല്ലായിരുന്നു . അത്കൂടാതെ പാശ്ചാത്യ രാഷ്ട്രങ്ങളിലെയും, അമേരിക്കയുടെയും രാഷ്ട്രീയ പിന്തുണ കൂടിയായപ്പോൾ സോവിയറ്റ് പതനം പൂർത്തിയായി. ഗോർബച്ചേവിൻറ്റെ പിടിപ്പില്ലായ്മയും, യെൽസിൻറ്റെയും, റിപ്പബ്ലിക്കുകളിൽ ഉയർന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം കൂടിയായപ്പോൾ 1991 – ൽ സോവിയറ്റ് യൂണിയനെ പിന്തുണയ്ക്കുന്ന അധികം പേരില്ലായിരുന്നു എന്നതാണ് വാസ്തവം.

Entrepreneurship അല്ലെങ്കിൽ സംരഭകത്ത്വത്തെ പ്രോത്സാഹിപ്പിക്കാത്ത കമ്മ്യൂണിസ്റ്റ് ആശയങ്ങളെ ഇതെഴുതുന്ന ആൾ അനുകൂലിയ്ക്കുന്നില്ല. സംരഭകത്ത്വം ഇല്ലാതെ മുൻ സോവിയറ്റ് സമ്പത് വ്യവസ്ഥയ്ക്കു മാത്രമല്ല; ഒരു സമ്പത് വ്യവസ്ഥയ് ക്കും അധികം നാൾ പിടിച്ചു നിൽക്കുവാൻ സാധിക്കുകയില്ല. നോബൽ സമ്മാന ജേതാവും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് തൻറ്റെ ‘ഗ്ലോബലൈസഷൻ ആൻഡ് ഇറ്റ്സ് ഡിസ്കൺട്ടെൻസ്’ എന്ന പുസ്തകത്തിൽ ആസൂത്രണം ഏത്ര മെച്ചപ്പെട്ടതാണെങ്കിലും ഒരു രാജ്യത്തെ സമ്പത് വ്യവസ്ഥ മുഴുവൻ ആസൂത്രണത്തിലൂടെ നടപ്പിൽ വരുത്താൻ സാധിക്കുകയില്ല എന്ന് പറയുന്നുണ്ട്. സോവിയറ്റ് സമ്പത് വ്യവസ്ഥയുടെ കാര്യത്തിലും അത് കുറെയൊക്കെ ശരിയായിരുന്നു. പക്ഷെ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസത്തിനു ചില നല്ല വശങ്ങൾ കൂടി ഉണ്ടായിരുന്നു എന്ന് സത്യ സന്ധരായ കമ്മ്യൂണിസത്തിൻറ്റെ ശത്രുക്കൾ കൂടി അംഗീകരിക്കണം. എല്ലാവർക്കും തൊഴിൽ, മിനിമം വേതനം, സാമൂഹ്യ സുരക്ഷിതത്ത്വം, ആസൂത്രണം – ഇതൊക്കെയാണ് അവ. വിദ്യാഭ്യാസം, ആരോഗ്യം – ഇതിൻറ്റെയൊക്കെ ചെലവ് സർക്കാർ വഹിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ ഇതൊക്കെ ഇല്ലാതായാൽ ജനം എന്ത് ചെയ്യും?

സോവിയറ്റ് യൂണിയനിൽ വംശീയ പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ തന്നെ ഈ കാര്യങ്ങളിലൊക്കെ അറിവുള്ളവർ ഇതു ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാക്കും എന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. കാരണമെന്തെന്ന് വെച്ചാൽ സൈനിക സേവനം നിർബന്ധമായി നടപ്പാക്കിയിരുന്നു രാജ്യമായിരുന്നു മുൻ സോവിയറ്റ് യൂണിയൻ. ഇങ്ങനെ എല്ലാ പൗരന്മാരും സൈനികാഭ്യാസം സിദ്ധിച്ചിരിക്കുമ്പോൾ വംശീയതയുടെയും, ദേശീയതയുടെയും പേരിൽ പ്രശ്നമുണ്ടായാൽ അത് എവിടെ ചെന്ന് നിൽക്കും? അറിവുള്ളവർ ഭയപ്പെട്ടത് പോലെ പിന്നീട് സംഭവിച്ചു. അർമീനിയയും, അസർബെയ്ജാനും തമ്മിൽ തർക്ക പ്രദേശമായ ‘നാഗോർണോ കാരബാക്കിന്’ വേണ്ടി യുദ്ധം ചെയ്തപ്പോൾ മുൻ സോവിയറ്റ് ആയുധ ശേഖരത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ അവിടെ ഉപയോഗിച്ചു. ആയിരങ്ങൾ മരിച്ചു വീണു. ജോർജിയയും, ഉക്രെയിനും ഉൾപ്പെടെ പല സോവിയറ്റ് റിപ്പബ്ലിക്കുകളിലും സമ്മിശ്രമായ വംശീയ പാരമ്പര്യം ഉള്ള ജനതയാണുണ്ടായിരുന്നത്. റഷ്യൻ ആധിപത്യം നിലനിൽക്കുമ്പോൾ തന്നെ ജോർജിയൻ വംശജനായ സ്റ്റാലിൻ സോവിയറ്റ് യൂണിയൻറ്റെ എകാധിപതിയായി 30 വർഷത്തിലേറെ ഭരിച്ചു. ക്രൂഷ്ചേവ് ഉക്രെയിനിൽ നിന്നുള്ള ആളായിരുന്നു. വംശീയ സംഘർഷത്തിൻറ്റെ ഗുരുതരമായ ഭവിഷ്യത്തുകൾ കാണാൻ ഗോർബച്ചേവിന് സാധിച്ചില്ല എന്നത് ഒരു രാഷ്ട്രത്തിൻറ്റെ തലവന് സംഭവിച്ച വൻ വീഴ്ചയായിരുന്നു. എട്ടു റിപ്പബ്ലിക്കുകൾ അടങ്ങിയ ഒരു കോൺഫെഡറേഷന് വേണ്ടി ഗോർബച്ചേവ് അവസാന നാളുകളിൽ ശ്രമിച്ചിരുന്നു. യെൽസിൻറ്റേയും, റിപ്പബ്ലിക്കുകളിൽ ഉയർന്നു വന്ന നേതാക്കന്മാരുടെയും രാഷ്ട്രീയ അതിമോഹം അതിനു കടിഞ്ഞാണിട്ടു. ഇന്നും അധികം വികസിക്കാത്ത ടാജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ പോലുള്ള രാജ്യങ്ങൾക്കു റഷ്യയുമായി കൂടാനുള്ള ആഗ്രഹം ഉണ്ട്. പക്ഷെ അതൊരു ബാധ്യത ആകുമെന്നുള്ളതിനാൽ റഷ്യക്കാർക്ക് അവരെ വേണ്ടാ. ജോർജിയ, ഉക്രെയിൻ – പോലുള്ള വികസിത പ്രദേശങ്ങൾക്ക് അവരുടേതായ രീതിയിൽ മുന്നേറാനാണ് താൽപര്യം. സാറിസ്റ്റു രീതിയിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക വികാരങ്ങളെ മാനിക്കുന്ന റിപ്പബ്ലിക്കുകളുടെ ഒരു കോൺഫെഡറേഷൻ ആയിരുന്നു സോവിയറ്റ് യൂണിയന് പകരം വരേണ്ടിയിരുന്നത്.

സോവിയറ്റ് യൂണിയൻറ്റെ പതനം കൊണ്ട് ലോകത്ത് പ്രധാനമായി ഗുണമുണ്ടായത് തീവ്രവാദ ഗ്രൂപ്പുകൾക്കും, വിധ്വംസക ശക്തികൾക്കും ആണ്. ആയുധ നിർമ്മാണത്തിലും, ശേഖരണത്തിലും, വിതരണത്തിലും അമേരിക്കയുടെ അടുത്തു വന്നിരുന്ന സോവിയറ്റ് യൂണിയൻറ്റെ വിഘടനം സോവിയറ്റ് റിപ്പബ്ലിക്കുകളിൽ അരാജകത്വത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. കുറച്ചെങ്കിലും കാര്യങ്ങൾ തിരിച്ചു പിടിയ്ക്കാൻ സാധിച്ചത് വ്ളാഡിമിർ പുട്ടിനു മാത്രമാണ്. ആയുധ വ്യാപാരികൾക്ക് വമ്പൻ ആയുധ ശേഖരങ്ങൾ നിസാര വിലക്ക് കരിഞ്ചന്തയിൽ തീവ്രവാദികൾക്ക് മറിച്ച് വിറ്റ് ധനം സമ്പാദിക്കുവാൻ സോവിയറ്റ് യൂണിയൻറ്റെ പതനത്തിന് ശേഷം കഴിഞ്ഞു. ആണവായുധങ്ങൾ അമേരിക്കയിൽ പോലും എത്തുന്ന രീതിയിലുള്ള പല ഹോളിവുഡ് ചിത്രങ്ങളുമുണ്ട്. റഷ്യൻ മാഫിയയുടെ നെത്ര്വത്തത്തിലുള്ള ആണവ കൈമാറ്റവും, കുറ്റ കൃത്യങ്ങളും പല ഹോളിവുഡ് ചിത്രങ്ങളുടേയും സ്ഥിരം പ്രമേയമായികഴിഞ്ഞു. ഈ ആണവായുധങ്ങളുടെ കൈമാറ്റങ്ങളെ പറ്റിയുള്ള സത്യാവസ്ഥ ആർക്കും കൃത്യമായി അറിയില്ല. സത്യാവസ്ഥ എന്തായാലും അത് അമേരിക്കയെ വല്ലാതെ പ്രശ്നത്തിലാക്കുകയും ചെയ്തു. കാരണം സോവിയറ്റ് യൂണിയനെ സ്നേഹിച്ചവരുടെ എക്കാലത്തെയും വലിയ ശത്രുവായി അമേരിക്ക മാറി. സോവിയറ്റ് വിഭജനത്തിനു പിന്നിൽ കളിച്ച അമേരിക്കക്കു തിരിച്ചടി കിട്ടുന്നത് ഇങ്ങനെ ആണ്. ചുരുക്കം പറഞ്ഞാൽ ലോകത്തെ മുഴുവൻ അസ്ഥിരപ്പെടുത്തിയ ഒന്നായി സോവിയറ്റ് വിഭജനം മാറി.

യെൽസിൻറ്റെ ആദ്യ അഞ്ചു വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കമ്യുണിസ്റ്റ് സ്ഥാനാർഥിയായ ഗെന്നഡി സ്യുഗനേവ് ജയിക്കേണ്ടതായിരുന്നു. പക്ഷെ അമേരിക്കയും, പാശ്ചാത്യ ശക്തികളും വൻ തോതിൽ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടു. പണവും, സൗകര്യങ്ങളും പാശ്ചാത്യ ശക്തികൾ യെൽസിനു കൊടുത്തു. പ്രചാരണം പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുത്തു. ഇങ്ങനെ പരസ്യമായി തന്നെ റഷ്യൻ തിരഞ്ഞെടുപ്പിൽ ഇടപെട്ടവരാണ് പിന്നീട് അമേരിക്കൻ തിരഞ്ഞെടുപ്പിനെ റഷ്യ അട്ടിമറിച്ചെന്നുള്ള വൻ കണ്ടുപിടുത്തം നടത്തുന്നത്!

പാശ്ചാത്യ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം മാറ്റിവെച്ച് റഷ്യാക്കാരോട് സംസാരിച്ചാൽ വ്ലാഡിമീർ പുടിൻറ്റെ മറ്റൊരു ‘ഇമേജാണ്’ തെളിയുന്നത്. പാശ്ചാത്യ ഭീഷണികൾക്കിടയിലും റഷ്യയെ ശക്തിപെടുത്തിയ നേതാവായി ഭൂരിപക്ഷം റഷ്യാക്കാരും പുടിനെ കാണുന്നൂ. ഇതെഴുതുന്ന ആൾ ഒരിക്കൽ മോസ്‌കോയിൽ നിന്നുള്ള പാവ്‌ലോവുമായി പുടിനെ കുറിച്ച് ദീർഘനേരം സംസാരിച്ചു. തകർന്ന് തരിപ്പണമാകുമായിരുന്ന റഷ്യയെ ശക്തിപ്പെടുത്തിയ നേതാവായി ആണ് പുടിനെ പാവ്‌ലോവ് കാണുന്നത്; ഭൂരിപക്ഷം റഷ്യാക്കാരും അങ്ങനെത്തന്നെയാണ് പുടിനെ കാണുന്നത്. പുടിന് വൻ ജനപ്രീതി ഉള്ളതും അതുകൊണ്ടാണ്. പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരണങ്ങളൊന്നും റഷ്യാക്കാർക്ക് വിഷയമേയല്ല.

പക്ഷെ പുടിനെ അനുകൂലിയ്ക്കുന്നവർക്കാർക്കും മാർക്സിസവുമായോ കമ്മ്യൂണിസവുമായോ വലിയ ബന്ധമൊന്നുമില്ല. റഷ്യയുടെ ആത്മവീര്യം ഉണർത്തുന്നതിന് പുടിൻ ആശ്രയിച്ചത് റഷ്യൻ ദേശീയതയെ ആണ്. റഷ്യൻ ദേശീയ ചിഹ്നങ്ങൾ പുടിൻ വ്യാപകമായി പരിപോഷിപ്പിച്ചു. പ്രസിഡൻറ്റ് തന്നെ അത് പരിപോഷിപ്പിക്കുവാനായി നേരിട്ട് മുന്നിട്ടിറങ്ങി. കുറെ മാസങ്ങൾക്ക് മുമ്പ് റഷ്യയിൽ പ്രെസിഡൻറ്റ് വ്ലാഡിമീർ പുടിൻ റഷ്യൻ ഓർത്തോഡോക്സ് സഭാ വിശ്വാസത്തിൻറ്റെ രീതിയിൽ ഐസ് പോലെ തണുത്ത വെള്ളത്തിൽ മുങ്ങി കുരിശു വരക്കുന്നത് ടി.വി. – യിൽ കാണിച്ചായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന് ശേഷം ഇപ്പോൾ റഷ്യയിൽ റഷ്യൻ ഓർത്തോഡോക്സ് വിശ്വാസം ഒക്കെ വൻതോതിൽ തിരിച്ചു വന്നു. ‘റഷ്യൻ കരടി’ പോലുള്ള പദപ്രയോഗങ്ങളൊക്കെ പുടിൻ അഭിമുഖങ്ങളിൽ ധാരാളം ഉപയോഗിക്കുന്നതും റഷ്യൻ ആത്മവീര്യം ഉണർത്താനായിരിക്കണം.

കഴിഞ്ഞ മാസം ‘റെഡ് സ്പാരോ’ എന്ന ഹോളിവുഡ് സിനിമ കണ്ടിരുന്നു. ജെന്നിഫർ ലോറൻസ് അഭിനയിച്ച ‘റെഡ് സ്പാരോ’ റഷ്യൻ വനിതാ ഇൻറ്റെലിജെൻസ് ഓഫീസർമാർ അമേരിക്കൻ എസ്റ്റാബ്ലിഷ്‌മെൻറ്റിൽ കടന്നുകയറുന്ന കഥയാണ്. ‘ചാര വനിതകൾ’ അവരുടെ സുഭാഗമായ ശരീരവും, സ്ത്രൈണ സൗന്ദര്യവും ഉപയോഗിച്ച് റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തുന്നു. ഇത്തരം ഇൻറ്റെലിജെൻസ് പ്രവർത്തനങ്ങളിൽ ധാർമികത വളരെ കമ്മിയാണ്. മൗര്യൻ സാമ്രാജ്യത്ത്യ കാലത്ത് ഇന്ത്യയിൽ ‘വിഷ കന്യകമാർ’ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. ഇന്ത്യയിലേക്ക് പടയോട്ടത്തിന് വേണ്ടി തിരിക്കുമ്പോൾ ഇന്ത്യയിലെ ‘വിഷ കന്യകമാരെ’ കുറിച്ച് അരിസ്റ്റോട്ടിൽ അലക്‌സാണ്ടറെ ഓർമപ്പെടുത്തുന്നത് ഗ്രീക്ക് ചരിത്രത്തിൽ ഉണ്ട്. സത്യം പറഞ്ഞാൽ എല്ലാ രാജ്യങ്ങളും അധാർമികമായ അനേകം പ്രവൃത്തികൾ സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനായി ഉപയോഗിച്ചിട്ടുണ്ട്. രാഷ്ട്ര നിർമാണ പ്രക്രിയയിൽ ധാർമികതക്ക് വലിയ സ്ഥാനമൊന്നുമില്ല. ‘റിയലിസം’ അല്ലെങ്കിൽ യാഥാർഥ്യ ബോധമാണ് രാഷ്ട്ര നിർമാണ പ്രക്രിയയിൽ വേണ്ടത്. ഹാൻസ് മോർഗൻതോയുടെ ‘റിയാലിസ്റ്റ് തിയറി’ തന്നെ ഇക്കാര്യത്തിൽ ഇൻറ്റർ നാഷണൽ റിലേഷൻസിലെ പഠന വിഭാഗത്തിൽ ഉണ്ട്.

പുടിൻ യാഥാർഥ്യ ബോധത്തോടെ അധികാരമേറ്റതിന് ശേഷം പ്രവിശ്യാ ഗവർണർമാർക്ക് കൂടുതൽ അധികാരം കൊടുത്തു. ചെച്ചൻ പ്രക്ഷോഭം അടിച്ചമർത്തി. ഉയർന്ന എണ്ണവില ഉപയോഗപ്പെടുത്തികൊണ്ട് റഷ്യൻ സമ്പദ് വ്യവസ്ഥയുടെ കരുത്ത് കുറെയൊക്കെ വീണ്ടെടുത്തു. റഷ്യൻ മിലിട്ടറിയുടെ കരുത്തും പുട്ടിന് കീഴിൽ വർധിച്ചു. ജോർജിയ, ഉക്രൈൻ ഇടപെടലുകളിൽ വർധിത വീര്യത്തോടെ പോരാടിയ ഒരു റഷ്യൻ സൈന്യത്തെ ആണ് നാം കണ്ടത്. ഇതിലൊക്കെ റഷ്യൻ പ്രഡൻറ്റിൻറ്റെ ഏകാധിപത്യ സ്വഭാവം വേണമെങ്കിൽ വിമർശിക്കപ്പെടാവുന്നതാണ്. പക്ഷെ അമേരിക്കയിൽ ട്രംപിനോ ഇന്ത്യയിൽ മോഡിക്കോ ഇല്ലാത്ത പൊതുജന പിന്തുണ റഷ്യയിൽ പുടിന് ഉണ്ടെന്നുള്ളത് ആർക്കും നിഷേധിക്കുവാൻ സാധ്യമല്ല.

പക്ഷെ ഇതിനൊക്കെയർത്ഥം റഷ്യയിൽ പ്രശ്നങ്ങളിലെന്നല്ല. പുടിന് കീഴിൽ റഷ്യ കരുത്താർജിക്കുമ്പോഴും സാമ്പത്തിക പ്രശ്നങ്ങൾ റഷ്യയിൽ ഉണ്ട്. റഷ്യ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നോക്കുമ്പോൾ എണ്ണയും പ്രകൃതി വാതകവും ഒക്കെ വിറ്റു കാശുണ്ടാക്കിയപ്പോൾ പുടിൻറ്റെ കീഴിൽ നിർമാണ മേഖല കരുത്താർജിക്കാതിരുന്നത് ഒരു വലിയ പ്രശ്നമായി കാണാം. “Nobody goes to Russia except for arms, metals, oil and gas” – എന്നാണ് മുൻ അമേരിക്കൻ പ്രെസിഡൻറ്റ് ബാരക്ക് ഒബാമ ഒരു ഇൻറ്റെർവ്യൂവിൽ പറഞ്ഞത്. അത് തന്നെയാണ് റഷ്യയുടെ പ്രശ്നവും.