ഷെഹല റഷീദ് ഷോരക്കെതിരേയുള്ള രാജ്യദ്രോഹ കേസ് കാശ്മീരിൽ സമാധാന അന്തരീക്ഷവും, സാധാരണ നിലയും പുനഃസ്ഥാപിക്കുവാൻ ഉപകരിക്കുമോ?

വെള്ളാശേരി ജോസഫ്

കഴിഞ്ഞ കുറെ വ‍ർഷങ്ങളായി ജെ.എൻ.യു. – വിനെ ദേശവിരുദ്ധ ശക്തികളുടെ താവളമെന്ന നിലയിൽ അടയാളപ്പെടുത്താനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ശ്രമിക്കുന്നത്. ജെ.എൻ.യു.-വിനെ ബി.ജെ.പി.-ക്കും, സംഘ പരിവാർ സംഘടനകൾക്കും എത്ര വേണമെങ്കിലും തെറിയഭിഷേകം നടത്താം. പക്ഷെ ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിലെ രണ്ടു മുതിർന്ന അംഗങ്ങൾ – ധന മന്ത്രിയും, വിദേശ മന്ത്രിയും ‘ജെ.എൻ.യു. പ്രൊഡക്റ്റുകൾ’ ആണെന്നുള്ള വസ്തുത അവർക്ക് നിഷേധിക്കാനാകുമോ??? നിർമല സീതാരാമനാണെങ്കിൽ തന്നെ രൂപപ്പെടുത്തുന്നതിൽ ജെ.എൻ.യു. രാഷ്ട്രീയത്തിനുള്ള പങ്ക് ഒരു അർത്ഥശങ്കയ്ക്കും ഇടയില്ലാത്ത രീതിയിൽ വ്യക്തമാക്കിയിട്ടുമുണ്ട്.

വെള്ളാശേരി ജോസഫ്

ബി.ജെ.പി.-യും, സംഘ പരിവാർ സംഘടനകളും പറയുന്നത് പോലെ ജെ.എൻ.യു. – വിൽ ഇന്ത്യാ വിരുദ്ധത എന്ന് പറയുന്ന ഒന്നില്ല. വേണമെങ്കിൽ വിപ്ലവം പറയുന്ന ആളുകൾക്കിടയിൽ കുറച്ചു അരാജകത്ത്വം ഉണ്ടെന്നു പറയാം. ജെ. എൻ. യു. – വിനെ വിമർശിക്കുമ്പോൾ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ജെ. എൻ. യു. – വിൽ വരുന്ന മഹാ ഭൂരിപക്ഷം വിദ്യാർഥികളും പഠിക്കാൻ വരുന്നവരാണ് എന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ട കാര്യം. കേരളത്തിൽ നിന്നും, ബംഗാളിൽ നിന്നും, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും രണ്ടും, മൂന്നും ദിവസം ട്രെയിനിൽ യാത്ര ചെയ്തു വരുന്നത് പഠിക്കാനല്ലാതെ രാഷ്ട്രീയം കളിക്കാനാണോ? ദേശീയ തലത്തിൽ നടക്കുന്ന പ്രവേശന പരീക്ഷ, ഇൻറ്റെർവ്യൂ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ എന്നിവയിൽ ലഭിക്കുന്ന മാർക്ക്, മുമ്പ് പഠിപ്പിച്ച രണ്ടു അധ്യാപകർ നൽകുന്ന സാക്ഷ്യപത്രം (ടെസ്റ്റിമോണിയൽ) – ഇതെല്ലാം പരിഗണിച്ചാണ് ജെ. എൻ. യു. – വിൽ പ്രവേശനം പോലും കിട്ടുന്നത്. അപ്പോൾ അവിടെ പഠിക്കാതിരിക്കാൻ പറ്റുമോ?

അവിടുത്തെ വലിയൊരു വിഭാഗം വിദ്യാർഥികൾക്കും രാഷ്ട്രീയം പോയിട്ട്, വിദ്യാർഥി യൂണിയൻറ്റെ പ്രവർതനങ്ങളിൽ പോലും യാതൊരു താൽപര്യവും ഇല്ലാത്തവരാണ്. മുൻ തലമുറയില പെട്ട വളരെ ചുരുക്കം ചില അധ്യാപകർ മാത്രമാണ് ഇടതു പക്ഷ, നക്സൽ ആഭിമുഖ്യം ഉള്ളവരരായിരുന്നിട്ടുള്ളത്. ഇന്നുള്ള ഭൂരിപക്ഷം അധ്യാപകരും മറ്റേതൊരു മികച്ച യൂണിവേഴ്സിറ്റിയിലെയും പോലെ തന്നെ ആണ്. അവർക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യം ഉള്ളവരും അല്ല. ചെറുപ്പത്തിൻറ്റെ ചോരത്തിളപ്പിൽ വിദ്യാർഥികൾക്ക് ചില റാഡിക്കൽ ആശയങ്ങളൊക്കെ വരുന്നത് സ്വോഭാവികം മാത്രം. 1500 ഏക്കറിലേറെ പരന്നു കിടക്കുന്ന ഒരു യൂണിവേഴ്സിറ്റി. സംരക്ഷിത വന മേഖല ഈ യൂണിവേഴ്സിറ്റിക്കുള്ളിൽ തന്നെയുണ്ട്. ഇതൊന്നും മനസ്സിലാക്കാത്തവരാണ് ജെ. എൻ. യു. അങ്ങനെയാണ്; ഇങ്ങനെയാണ് എന്നൊക്കെ പറയുന്നത്.

ബി.ജെ.പി. -യും, സംഘ പരിവാർ സംഘടനകളും ജെ.എൻ.യു. – വിനെതിരെ ആശയ പ്രചാരണം നടത്തുമ്പോൾ മറുവശത്ത് ഉയരുന്ന വേറെ കുറെ ചോദ്യങ്ങളുണ്ട്. രാജ്യത്ത് ആസൂത്രിതവും, സംഘടിതവുമായി കലാപം സൃഷ്ടിക്കുന്നവർക്കും, പശുവിൻറ്റെ പേരിൽ ആളുകളെ തല്ലി കൊല്ലുന്നവർക്കും എന്ത് രാജ്യ സ്നേഹമാണുള്ളത്? ബാബ്‌റി മസ്ജിദിൻറ്റെ കാര്യത്തിലും, ശബരിമലയുടെ കാര്യത്തിലും സുപ്രീം കോടതിയെ അനുസരിക്കാതിരുന്നവർക്ക് രാജ്യത്തെ നിയമ വ്യവസ്ഥയോട് എന്ത് ആദരവാണുള്ളത്?

ജെ.എൻ.യു. – വിനെതിരെയുള്ള ആശയ പ്രചാരണത്തിൻറ്റെ ഭാഗം തന്നെയാണ് മുൻ ജെ.എൻ.യു. വൈസ് പ്രെസിഡൻറ്റ് കൂടിയായ ഷെഹല റഷീദ് ഷോരക്കെതിരേ ഇപ്പോൾ എടുത്തിരിക്കുന്ന രാജ്യ ദ്രോഹ കേസ്. ഷെഹല റഷീദ് ഷോരയാണെങ്കിൽ അത്ര വലിയ അരാജകവാദിയൊന്നും അല്ലാ. പുരോഗമനപരമായ നിലപാടുകൾ എടുക്കുന്ന പേരിൽ മുസ്‌ലിം തീവ്രവാദികളിൽ നിന്ന് പലപ്പോഴും ആക്രമണങ്ങൾ നേരിടേണ്ടി വന്ന വ്യക്തിയാണ് ഷെഹല റഷീദ് ഷോര. 2013 – ൽ കാശ്മീരിലെ രണ്ട് മുസ്‌ലിം പെണ്‍കുട്ടികള്‍ ചേര്‍ന്ന് തുടങ്ങിയ ‘പ്രഗാഷ്’ എന്ന റോക്ക് ബാന്‍ഡിന് പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് ഷെഹല റഷീദ് ഷോര.

‘PRAGAASH’ എന്ന് പറയുന്ന മുസ്ലീം പെൺകുട്ടികളുടെ കൂട്ടായ്മ ജമ്മു കാശ്മീരിൽ ഇസ്ലാമിക തീവ്രവാദികളുടെ ഓൺലെയിൻ ആക്രമണത്തിനെതിരെ സംഘടിപ്പിച്ച ആളാണ് മുൻ ജെ.എൻ.യു. വൈസ് പ്രെസിഡൻറ്റ് കൂടിയായ ഷെഹല റഷീദ് ഷോര എന്ന് പറയുമ്പോൾ അവരുടെ പുരോഗമനപരമായ നിലപാടാണ് വെളിവാക്കപ്പെടുന്നത്. കാശ്മീരിൽ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകള്‍ക്കായും ശബ്ദം ഉയര്‍ത്തിയിട്ടുണ്ട് ഷെഹല റഷീദ് ഷോര. ഷെഹല വ്യത്യസ്ത മതങ്ങളിൽ നിന്ന് ആളുകൾ കല്യാണം കഴിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. 1-2 വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിലെ രഖുബീർ നഗറിൽ ഒരു മുസ്ലീം പെൺകുട്ടിയെ പ്രണയിച്ചതിന് അൻകിത് സക്സേനാ എന്ന യുവാവിനെ പട്ടാപകൽ നടുറോഡിൽ കുത്തിക്കൊന്നപ്പോഴാണ് ഷെഹല റഷീദ് ഷോര ‘ഇൻറ്റർ ഫെയിത്ത്’ വിവാഹങ്ങൾക്ക് ആഹ്വാനം ചെയ്തത്. പക്ഷെ അതിൻറ്റെ പേരിലുണ്ടായ തെറിവിളികൾ മൂലം കക്ഷിക്ക് ഫെയിസ്ബുക്ക് ‘ഡി ആക്റ്റിവേറ്റ്’ ചെയ്യേണ്ടി വന്നു എന്നായിരുന്നു അന്ന് റിപ്പോർട്ടുകൾ. മുസ്ലീം യുവാക്കളാണ് അന്ന് ഷെഹലയെ തെറിയഭിഷേകം നടത്താൻ മുൻപന്തിയിൽ ഉണ്ടായിരുന്നത്. ചില തെറികളൊക്കെ കണ്ട ഇതെഴുതുന്ന ആൾക്കും വിഷമം തോന്നി. ഒരു പുരോഗമനപരമായ നിലപാട് എടുത്തതിൻറ്റെ പേരിൽ പെൺകുട്ടികളെ ഇങ്ങനെ ഒക്കെ തെറി വിളിക്കാമോ എന്നോർത്തായിരുന്നു ആ വിഷമം.

2014 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പോളിംഗ് രേഖപ്പെടുത്തിയത് കാശ്മീരിൽ വളർന്നുവരുന്ന ജനാധിപത്യാവബോധത്തെ കുറിച്ചുള്ള പ്രതീക്ഷയാണ് നൽകിയത്. അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ കൊടും തണുപ്പിനെ അവഗണിച്ച് പോളിംഗ് ബൂത്തിലെത്തിയത് 65.23 ശതമാനം വോട്ടർമാരാണ്. പക്ഷെ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷോപ്പിയാനിലും പുൽവാമയിലും വോട്ടിങ് ശതമാനം 2. 81 ശതമാനമായി കുറഞ്ഞു. ലഡാക്കിൽ 63 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ബാരാമുള്ളയിൽ 35 ശതമാനവും, തെക്കൻ കാശ്മീരിൽ 13.63 ശതമാനവും ആയിരുന്നു കണക്ക്. കുൽഗാം ജില്ലയിലാവട്ടെ 10.3 ശതമാനം ജനങ്ങൾ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. കാശ്മീർ താഴ്വരയിൽ 2014-ൽ 56.49 ശതമാനം പേര് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തപ്പോൾ 2019 ആയപ്പോൾ അത് 22.5 ശതമാനമായി ചുരുങ്ങി. ചുരുക്കം പറഞ്ഞാൽ ഒരു ‘പൊളിറ്റിക്കൽ പ്രോസസ്’ ഇപ്പോഴത്തെ ബി.ജെ.പി. സർക്കാരിന് കാശ്മീരിൽ ഇതുവരെ തുടങ്ങിവെക്കാൻ സാധിച്ചിട്ടില്ല. പഞ്ചാബിലും തമിഴ്നാട്ടിലും കോൺഗ്രസ്സ് സർക്കാരുകൾ പണ്ട് ശക്തമായി തീവ്രവാദത്തെ നേരിട്ടതാണ്. പക്ഷെ അതിനോടൊപ്പം കോൺഗ്രസ്സ് ഒന്നുകൂടി ചെയ്തു. അവിടെയൊക്കെ ‘പൊളിറ്റിക്കൽ പ്രോസസ്’ എന്നുള്ളതും തുടങ്ങിവെച്ചു. അതാണിപ്പോൾ കാശ്മീരിൽ കാണാത്തത്.

കാശ്മീരിൻറ്റെ കാര്യത്തിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്. മുഫ്തി മുഹമ്മദ് സയ്യിദ്ൻറ്റേയും, ഷെയ്ക്ക് അബ്ദുള്ളയുടെ കുടുംബക്കാരേയും, വിഘടനവാദി നേതാക്കളേയും മാറ്റി നിർത്തിയാൽ പിന്നെ ആർക്ക് കാശ്മീർ താഴ്‌വരയിൽ ജനാധിപത്യ പ്രക്രിയ മുന്നോട്ട് നയിക്കാൻ പറ്റും എന്നതാണ് ആ ചോദ്യം. ബി.ജെ.പി. -ക്ക് കാശ്മീർ താഴ്‌വരയിൽ കാര്യമായ സ്വാധീനമില്ല. കോൺഗ്രസിൻറ്റെ സംഘടനാ സെറ്റപ്പ് ഇന്ത്യയിലെ ബാക്കി സ്ഥലങ്ങളിലെ പോലെ തന്നെ തീർത്തും ദുർബലവുമാണ്. ഗുലാം നബി ആസാദിനൊന്നും പഴയ പോലെ സ്വാധീനം കാശ്മീർ താഴ്‌വരയിൽ ഇപ്പോഴില്ല. തീവ്രവാദികളെ പേടിച്ചിട്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവർക്ക് അങ്ങനെ എളുപ്പത്തിൽ സംഘടനാ പ്രവർത്തനങ്ങളിൽ അവിടേ ഏർപ്പെടാനും സാധിക്കില്ല. കുറച്ചെങ്കിലും പ്രതീക്ഷ നൽകുന്നത് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടുകയും, IAS-ൽ നിന്ന് പിന്നീട് രാജി വെക്കുകയും ചെയ്ത ഷാ ഫസലിൻറ്റെ കൂടെ 2019 മാർച്ചിൽ മുൻ ജെ.എൻ.യു. വൈസ് പ്രെസിഡൻറ്റ് ആയിരുന്ന ഷെഹല റഷീദ് ഷോര തുടങ്ങിവെച്ച രാഷ്ട്രീയ പ്രസ്ഥാനമാണ്. സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ മുന്‍ ഐ.എ.എസ്. ഓഫിസര്‍ ഷാ ഫസല്‍ രൂപീകരിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെൻറ്റ് (കെ.ജെ.പി.എം.) എന്ന പാര്‍ട്ടിയിലൂടെയാണ് ഇരുവരും കാശ്മീർ താഴ്‌വരയിലെ രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ വന്നെത്തിയിരിക്കുന്നത്.

ഈ രണ്ടു പേർക്കും ഉന്നത വിദ്യാഭ്യാസം ഉണ്ടെന്നുള്ളത് തന്നെ കാശ്മീരിൻറ്റെ കാര്യത്തിൽ സഹായകരമാണ്. മതവും, അഴിമതിയും, കുടുംബ ബന്ധങ്ങളും, കാശ്മീർ ഐഡൻറ്റിറ്റിയും, സ്വജന പക്ഷപാതവും മാത്രമായിരുന്നു ഇതുവരെയുള്ള കാശ്മീർ നേതാക്കളുടെ പ്രത്യേകത. ശ്രീനഗറിൽ ജനിച്ചു വളരുകയും, ശ്രീനഗറിലെ തന്നെ നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിൽ (NIT) നിന്ന് കംപ്യുട്ടർ സയൻസിൽ എൻജിനീയറിങ് ഡിഗ്രി കരസ്ഥമാക്കുകയും പിന്നീട് HCL -ൽ ഒരു വർഷം ജോലി ചെയ്യുകയും ചെയ്ത ആളും കൂടിയാണ് ഷെഹല റഷീദ് ഷോര. ഷാ ഫൈസലാകട്ടെ, 2008-ല്‍ എം.ബി.ബി.എസ്. ബിരുദം നേടിയതിന് പിന്നാലെ ആദ്യ പരിശ്രമത്തില്‍ തന്നെ ഷാ ഫൈസല്‍ ഐ.എ.എസ്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പാസായി. കശ്മീരില്‍ നിന്നും, മുസ്ലിം സമുദായത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഷാ ഫൈസല്‍. സ്വാതന്ത്ര്യത്തിന് ശേഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ മുസ്ലിം വിഭാഗത്തില്‍ നിന്നുളള നാലാമത്തെ ആള് കൂടിയായിരുന്നു ഷാ ഫൈസല്‍.

2019 – ൻറ്റെ തുടക്കത്തില്‍ കാശ്മീരിലെ വിവിധ ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍ യാത്ര നടത്തിയാണ് ഇരുവരും പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ തുടര്‍ന്നെത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. അത് തന്നെ കാണിക്കുന്നത് ഇരുവർക്കും കാശ്മീർ താഴ്‌വരയിൽ കണ്ടമാനം മുന്നേറ്റം നടത്താൻ പറ്റിയിട്ടില്ല എന്നതാണ്. പക്ഷെ ഇരുവരുടേയും രാഷ്ട്രീയ പ്രസ്ഥാനം കാശ്മീരിൽ സമാധാന അന്തരീക്ഷവും, സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിൽ പ്രതീക്ഷകൾ നൽകുന്നു. പക്ഷെ ഷാ ഫസലിനേയും, ഷെഹല റഷീദ് ഷോരയേയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ഒട്ടുമേ പ്രോത്സാഹിപ്പിക്കുന്നുമില്ല. അതിൻറ്റെ ഭാഗമായാണ് ഷെഹല റഷീദ് ഷോരക്കെതിരേ ഇപ്പോൾ വന്നിരിക്കുന്ന രാജ്യദ്രോഹ കേസ്. അപ്പോൾ പിന്നെ ആര് കാശ്മീരിൽ ഒരു ‘പൊളിറ്റിക്കൽ പ്രോസസ്’ തുടങ്ങിവെക്കും എന്ന് ചോദിച്ചാൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി.- ക്ക് ഉത്തരവുമില്ല. ചുരുക്കം പറഞ്ഞാൽ പ്രശ്നങ്ങളുണ്ടാക്കാനേ ബി.ജെ.പി.- ക്ക് താൽപര്യമുള്ളൂ. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവർക്ക് വോട്ട് പിടിക്കണം. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ‘പ്രൊഫഷണൽ’ സമീപനങ്ങൾ വേണം. അത്തരം രീതികളൊന്നും ബി.ജെ.പി.- ക്ക് പറഞ്ഞിട്ടുള്ളതുമല്ല.

Advertisements