താലിയെ പട്ടിയുടെ ചങ്ങലയോട് താരതമ്യം ചെയ്തതിനു കേസെടുക്കാൻ പോയാൽ എത്രയോ പേരുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ കേസ് എടുക്കണം?

36

വെള്ളാശേരി ജോസഫ്

ഗോവയിലെ വി.എം.സാല്‍ഗോക്കര്‍ കോളജ് ഓഫ് ലോയിലെ അസിസ്റ്റൻറ്റ് പ്രൊഫസര്‍ ശില്‍പ്പ സിങ്ങിനെതിരെ കേസ് എടുക്കേണ്ട കാര്യമുണ്ടോ? താലിയെ പട്ടിയുടെ കഴുത്തിലെ ചങ്ങലയോട് ഉപമിക്കുന്നതൊക്കെ ഓരോരുത്തരുടേയും അഭിപ്രായ പ്രകടനമല്ലേ? സ്ത്രീകള്‍ ധരിക്കുന്ന താലിയെ പട്ടിയുടെ ചങ്ങലയോട് താരതമ്യം ചെയ്ത് ഫെയ്‌സ്ബുക്കില്‍ പ്രൊഫസര്‍ കുറിച്ച വരികളിൽ പ്രൊഫസര്‍ക്ക് എതിരെ എഫ്‌.ഐ.ആര്‍. രജിസ്റ്റർ ചെയ്യണമെങ്കിൽ എത്രയോ പേരുടെ സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനെതിരെ കേസ് എടുക്കണം?

FIR Against Goa Professor Shilpa Singh For Outraging Religious Feelings In  A Facebook Postരാഷ്ട്രീയ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകനായ രാജീവ് ഝാ നല്‍കിയ പരാതിയില്‍ പനാജി ടൗണ്‍ പൊലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പക്ഷെ ഹിന്ദുക്കളെ താലിയുടെ പേരിൽ അപമാനിച്ചു എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല; കാരണം ക്രിസ്ത്യാനികളിലും, മുസ്‌ലീങ്ങളിലെ ഒരു വിഭാഗത്തിനും ഈ താലികെട്ടൽ ചടങ്ങ് ഉണ്ട്. ഹിന്ദുകളിലെ നായന്മാർക്കൊക്കെ പണ്ട് വിവാഹത്തിൻറ്റെ ഭാഗമായി ‘പുടവ കൊടുക്കൽ’ ചടങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘മംഗല്യസൂത്രമൊക്കെ’ കെട്ടുന്നത് ഇന്ത്യയിലെ പല കമ്യുണിറ്റികളും വിവാഹചടങ്ങുകളുടെ ഭാഗമാക്കിയിട്ട് അധികനാൾ ഒന്നും ആയിട്ടില്ലാ.

എന്തായാലും സംഭവം വിവാദമായതിനെ തുടർന്ന് പ്രൊഫസർ പിന്നീട് ഖേദം പ്രകടിപ്പിച്ചു എന്നാണ് അറിവ്‌. തൻറ്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിക്കുണ്ടെങ്കിൽ ഖേദിക്കുന്നു എന്ന് വ്യക്തമാക്കിയിട്ടും പിന്നെ എന്തിനാണ് കേസ് എടുക്കുന്നത്?
സത്യത്തിൽ വനിതാ പ്രൊഫസർ പറഞ്ഞത് ശരിയല്ലേ?

പുരുഷാധികാരത്തെ സൂചിപ്പിക്കുന്ന സമ്പ്രദായമാണ് താലികെട്ടൽ. താലിയും കുങ്കുമവും പുരുഷാധികാരത്തിൻറ്റെ ഭാഗം തന്നെയാണ്. അല്ലെങ്കിൽ എന്തുകൊണ്ട് പുരുഷന് ഇതൊന്നും ബാധകമല്ല? ചന്തയിൽ നിന്ന് വാങ്ങി കൊണ്ടു പോവുന്ന ഒരു പശുവിന് മൂക്കുകയർ ഇടുന്നതിന് തുല്യമാണ് ഈ താലി എന്ന് ആധുനിക സമൂഹത്തിൽ ആരെങ്കിലും നിർവചിച്ചാൽ അവരെ കുറ്റം പറയാനാവില്ല. കാലങ്ങളായി തുടരുന്ന ആചാരം അനുവർത്തിക്കാൻ പുതിയ കുട്ടികളും നിർബന്ധിതരായിതീരുന്നു എന്നേയുള്ളൂ ഇപ്പോൾ.

വിവാഹം കഴിഞ്ഞു എന്ന് ഒറ്റനോട്ടത്തിൽ അറിയാൻ സ്ത്രീകൾ മാത്രം കഴുത്തിൽ താലികെട്ടി നടക്കുന്നു. കെട്ടിക്കൊണ്ട് പോയി ജീവിതകാലം മുഴുവൻ സംരക്ഷണം നൽകി കൂടെ നിർത്തുന്നതെന്നുള്ള സങ്കൽപമൊക്കെ ആധുനിക സമൂഹത്തിന് ചേരാത്തതാണ്. ആധുനിക സമൂഹത്തിൽ നിയമവ്യവസ്ഥയാണ് പൗരന്മാർക്ക് സംരക്ഷണം കൊടുക്കുന്നത്. സ്ത്രീ വിവാഹം കഴിഞ്ഞാലും നിയമം മൂലമാണ് സുരക്ഷിത ആകുന്നത്. അപ്പോൾ പിന്നെ, സംരക്ഷണം കൊടുക്കുന്ന ആൾ കെട്ടുന്നതാണ് താലി; അതുകൊണ്ട് അത് പവിത്രമാണ് എന്നൊക്കെ പറയുന്നതിലെ യുക്തി എന്താണ്?

ആധുനിക സമൂഹത്തിൽ ആരാണ് സ്ത്രീ സംരക്ഷണത്തിൻറ്റെ അട്ടിപ്പേറവകാശം ആണുങ്ങള്‍ക്ക് മാത്രമായി എഴുതികൊടുത്തിട്ടുള്ളത്? വികസിത രാജ്യങ്ങളിലൊന്നും അങ്ങനെയുള്ള സംരക്ഷണത്തിൻറ്റെ ചോദ്യം തന്നെ ഉദിക്കുന്നില്ല. സ്ത്രീകൾ വിവാഹം കഴിഞ്ഞു ജോലിക്ക് പോയി വീട്ടുചിലവു നോക്കുന്ന കുടുംബങ്ങളിലൊക്കെ സാമ്പത്തിക സുരക്ഷിതത്വൻറ്റെ ചുമതല സ്ത്രീകളും തോളിലേറ്റുന്നുണ്ട്.

കാലം മാറി; ഇത് പാരമ്പര്യ സമൂഹത്തിൻറ്റെ കാലമല്ല എന്ന് കുറച്ചു പേരെങ്കിലും സമ്മതിക്കണം. സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും, ജോലി സമ്പാദിക്കുകയും, ഒറ്റയ്ക്ക് കുടുംബം നോക്കാൻ പ്രാപ്തി നേടുകയും ചെയ്യുന്ന കാലമാണിത്. സ്ത്രീ നിയമം മൂലം സുരക്ഷിതയാണ് ഇന്ന്; വിദ്യാഭ്യാസവും ജോലിയും കൊണ്ട് ഒറ്റയ്ക്ക് നിൽക്കാൻ പ്രാപ്തയുമാണ്. അതുകൊണ്ട് ഇന്നത്തെ സ്ത്രീകൾക്ക് ജീവിക്കാൻ ഒരു പുരുഷൻറ്റെ താലി നൽകുന്ന സുരക്ഷിതത്വത്തിൻറ്റെ ആവശ്യമില്ല.