വെള്ളാശേരി ജോസഫ്
ഷാരോൺ കൊലപാതക കേസിലെ കുറ്റാന്വേഷണത്തിൻറ്റെ പോക്ക് കണ്ടിട്ട്, വാദി പ്രതിയാകുന്ന എല്ലാ ലക്ഷണങ്ങളുമുണ്ട്. ഇതു പറയുന്നത് കഴിഞ്ഞ ദിവസം ’24’ എന്ന വാർത്താ ചാനൽ പുറത്തുവിട്ട വീഡിയോ കണ്ടതിനാലാണ്. ’24’ എന്ന വാർത്താ ചാനലിലൂടെ പുറത്തുവന്ന വീഡിയോയിൽ, മുഖ്യ പ്രതി ഗ്രീഷ്മയുമായുള്ള പോലീസ് ഉദ്യോഗസ്ഥരുടെ തെളിവെടുപ്പ് ദീർഘമായി കാണിച്ചിരുന്നു. ഒരു ടൂർ പോകുന്നത് പോലെയാണ് പോലീസ് സംഘം പോകുന്നത്. ‘വെൽ പ്ലാൻഡ്’ കൊലപാതകം നടത്തിയ ഗ്രീഷ്മ കുറ്റബോധത്തിൻറ്റെ ഒരു ലാഞ്ചന പോലുമില്ലാതെ നിരന്തരം സംസാരിക്കുന്നു; അവൾ കാണിച്ചുകൊടുക്കുന്ന ഭാഗത്തേക്കൊക്കെ പോലീസ് പ്രതിയുമായി നടക്കുന്നു; അവസാനം ഏതോ കെട്ടിടത്തിൽ വെച്ച് വീഡിയോ പിടിക്കുന്ന ആളും, പോലീസ് സബ് ഇൻസ്പെക്റ്ററും, സർക്കിൾ ഇൻസ്പെക്റ്ററും അവളുടെ വാക്കുകൾ കേട്ട് ചിരിച്ചു മറിയുന്നു.
വീഡിയോ കാണുന്ന ആർക്കും പോലീസ് സബ് ഇൻസ്പെക്റ്ററും, സർക്കിൾ ഇൻസ്പെക്റ്ററും ഗ്രീഷ്മയുടെ ആകർഷണത്തിൽ വീണു പോകുന്നതാണ് കാണുവാൻ സാധിക്കുന്നത്. അവളുടെ കൂടെ നടന്ന അഞ്ചു വനിതാ പോലീസുകാരികൾ മാത്രമാണ് അവൾ പറയുന്നതിനോട് വലിയ താൽപര്യമൊന്നും കാണിക്കാതിരുന്നത്. ബാക്കിയുള്ളവരൊക്കെ അവളുടെ സ്മാർട്ട്നെസിലും ബോൾഡ്നെസിലും വീണുപോകുന്ന ദയനീയമായ കാഴ്ചയാണ് വീഡിയോയിലുള്ളത്. “ഷി ഈസ് ഫൈൻ … ഷി ഈസ് സ്മാർട്ട്” എന്ന് നേരത്തേ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥ ടി.വി. ചാനലുകളോട് പറഞ്ഞത് ശരി വെക്കുന്നതായിരുന്നു തെളിവെടുപ്പിനിടയിൽ ഗ്രീഷ്മയുടെ പെരുമാറ്റവും സംസാരവും.
ഇവിടെ കേരളാ പോലീസിൻറ്റെ വീഴ്ച കൊണ്ടാണ് അവർ അവളെ ബ്രില്ല്യൻറ്റ് സ്റ്റുഡൻറ്റും, റാങ്ക് ഹോൾഡറുമൊക്കെ ആയിട്ടു കാണുന്നത്. ഗ്രീഷ്മയുടെ സ്ഥാനത്ത് കൊലപാതകം അതല്ലെങ്കിൽ മറ്റേതെങ്കിലും ക്രൈമിൽ പെട്ട ഒരു പുരുഷനായിരുന്നു തെളിവെടുപ്പിന് വരുന്നത് എങ്കിൽ എന്തായിരിക്കും സംഭവിക്കുമായിരുന്നത്? വിലങ്ങണിഞ്ഞ കൈകളോടെ തീർത്തും ഉദാസീന ഭാവമായിരുന്നേനേ അയാളുടെ. ഗ്രീഷ്മയുടെ സ്ഥാനത്ത് പാവപ്പെട്ട ഏതെങ്കിലും ആൺകുട്ടി ആയിരുന്നെങ്കിൽ പോലീസ് അവനെ ഇടിച്ച് ഇഞ്ച പരുവം ആക്കിയേനേ ഈ സമയം കൊണ്ട്. അതേസമയം ഗ്രീഷ്മയുടെ കാര്യത്തിൽ, സ്കൂളിൽ നിന്ന് എക്സ്കർഷനു പോകുന്ന രീതിയിൽ ആയിരുന്നു പോലീസിൻറ്റെ പോക്ക്. സ്കൂൾ കുട്ടികളേയും കൊണ്ട് ടൂറിന് പോകുന്ന ഒരു ഹിസ്റ്ററി ടീച്ചറെ പോലെ ഗൈഡിൻറ്റെ പാടവത്തിൽ അവൾ പൊലീസുകാർക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നു; കൊച്ചു കുട്ടികൾ ടീച്ചറുടെ കൂടെ നടക്കുംപോലെ, അനുസരണയോടെ യൂണിഫോമിട്ട പോലീസുകാർ അവൾക്ക് ചുറ്റിലും നടക്കുന്നു. ടൂറിന് പോകുമ്പോൾ സ്ഥലങ്ങൾ കാണിച്ചു കൊടുക്കുന്ന അതേ പ്രതീതിയും സന്തോഷവും. ചുരുക്കം പറഞ്ഞാൽ, രണ്ട് കൂട്ടരും ഹാപ്പി. അതാണ് പോലീസ് സബ് ഇൻസ്പെക്റ്ററും, സർക്കിൾ ഇൻസ്പെക്റ്ററും അവളുടെ വാക്കുകൾ കേട്ട് അവസാനം ചിരിച്ചു മറിഞ്ഞത്.
കാണാൻ കൊള്ളാവുന്ന സ്ത്രീകൾ കുറ്റവാളികൾ ആകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. കുറച്ചു നാൾ മുമ്പ് അറസ്റ്റിലായ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻറ്റെ (NSE) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, മാനേജിംഗ് ഡയറക്ടറുമായിരുന്ന ചിത്രാ രാമകൃഷ്ണ അന്വേഷണ എജൻസികളോട് പറഞ്ഞത് അവർ എല്ലാ സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് ഒരു യോഗിയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു എന്നാണ്. സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും ഇയാളുമായി പങ്കുവെച്ചു. രഹസ്യ വിവരങ്ങളും, ഡിവിഡൻറ്റ്, സാമ്പത്തിക റിപ്പോർട്ട്, എച്ച്.ആർ. പോളിസി, സെബിക്ക് നൽകേണ്ട മറുപടികൾ തുടങ്ങിയ നിരവധി കാര്യങ്ങളാണ് അജ്ഞാതനായ യോഗിയുമായി ചിത്ര രാമകൃഷ്ണ പങ്കുവെച്ചത്.
അന്വേഷണത്തിൽ ഈ കപട യോഗി ചിത്ര രാമകൃഷ്ണയുടെ കാമുകനാണെന്ന് തെളിഞ്ഞു. നേരത്തേ ഇതിനോട് അനുബന്ധിച്ച് ദീർഘമായ ലേഖനം ടൈമ്സ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ പേജിൽ വന്നപ്പോൾ “the elegant and intelligent Chithra Ramakrishna” എന്നൊക്കെ പറഞ്ഞു ലേഖകൻ കത്തിക്കയറുന്നതാണ് കണ്ടത്. സുന്ദരിയും ബുദ്ധിമതിയും ആയ ഒരു സ്ത്രീക്ക് സംഭവിച്ച വീഴ്ച എന്ന നിലയിലാണ് ലേഖകൻ ഈ സംഭവത്തെ മൊത്തത്തിൽ കണ്ടത്. സത്യത്തിൽ ഇവരുടെ ‘പ്രൊഫഷണൽ മിസ്കോണ്ടക്റ്റിനെ’ ഇങ്ങനെയൊക്കെ പറഞ്ഞു വെള്ളപൂശേണ്ട കാര്യമുണ്ടോ? സ്ത്രീയായാലും പുരുഷനായാലും കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ അത് മാത്രമാണ് അന്വേഷണ ഏജൻസികൾ നോക്കേണ്ടത്. ഇവിടെ ചിത്ര രാമകൃഷ്ണ മൂലം രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിൻറ്റെ വിശ്വാസ്യതയ്ക്കുണ്ടായ നഷ്ടവും, അവർ നടത്തിയ സാമ്പത്തിക തട്ടിപ്പും മാത്രമാണ് നോക്കി കാണേണ്ടത്.
പക്ഷെ ഇതൊക്കെ പറയാമെന്നേയുള്ളൂ; പറഞ്ഞിട്ട് വലിയ പ്രയോജനമൊന്നും ഉള്ളതായി തോന്നുന്നില്ല. അരിങ്ങോടർ ‘ഒരു വടക്കൻ വീരഗാഥയിൽ’ ചോദിക്കുന്നത് “ചേകവനായി പിറന്നുപോയില്ലേ” എന്നാണ്. അതുപോലെ ഗ്രീഷ്മയുടെ കാര്യത്തിൽ, കേരളാ പോലീസിൻറ്റെ സബ് ഇൻസ്പെക്റ്ററും, സർക്കിൾ ഇൻസ്പെക്റ്ററും പുരുഷനായി പിറന്നുപോയില്ലേ? ഇനിയിപ്പോൾ അവൾക്ക് ജയിലിൽ പണ്ടൊരു കൊലപാതക കേസിലെ സ്ത്രീക്ക് കിട്ടിയതുപോലെ ‘വാസന സോപ്പ്’ കിട്ടുമോയെന്നുള്ളതാണ് നോക്കേണ്ടത്.
**
ഇബ്നു സൈദ്
ബി.എസ്.സി റേഡിയോളജിയിൽ അവൻ ഉഗ്രനായി പാസായി.
പക്ഷേ ആ റിസൾട്ട് കേൾക്കാൻ അവനില്ലല്ലോ?
ഇന്നലെയും മിനിഞ്ഞാന്നും ഗ്രീഷ്മയെ മൊഴിയെടുക്കുന്ന വീഡിയോ കണ്ടു. പോലീസ് പറഞ്ഞത് സത്യമാണ്. അവൾ സ്മാർട്ടാണ് അതി ബുദ്ധിയുള്ള കുട്ടിയാണ്. കാരണം എത്ര ലാഘവത്തോടെയാണവൾ ചിരിച്ചുകൊണ്ട് മറുപടി കൊടുക്കുന്നത്. അതിൽ ഏറ്റവും ഉഗ്രനായ തമാശ അവർ താലി ചാർത്തിയ പള്ളിയിൽ പിന്നീട് പോയിരുന്നു. ആ പള്ളിയിലെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോൾ ഗ്രീഷ്മയോട് പോലീസ് ചോദിച്ചു ഷാരോൺ എന്താണ് പ്രാർത്ഥിച്ചത് എന്ന്. അവൾ ക്രൂരമായ ചിരിയിൽ പറഞ്ഞു “തീർച്ചയായും സമാധാനമുള്ള ജീവിതത്തിന് വേണ്ടി ആയിരിക്കുമെന്ന്. പക്ഷേ ആ പ്രാർത്ഥന വെറുതെ ആയിരുന്നെന്നും”.
എന്ത് ഭീകരമായ കാഴ്ചപ്പാട്. ഗ്രീഷ്മ എന്ന പെൺകുട്ടിക്ക് ഒരിക്കലും ആരുമായും പ്രണയത്തിന്റെ നൈർമല്യം നുകരാൻ കഴിയില്ല. ഷാരോണിനെ പഠിച്ചിരുന്ന കോളേജില്‍ വെച്ചും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി. ഇതിനായി ഇരുപതോളം ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതിയിരുന്നു. പിന്നീട് ജ്യൂസിൽ മിക്സ് ചെയ്തു വെച്ചു. ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാല്‍ ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.പ്രണയിച്ച്, പ്രണയിച്ച് പലവട്ടം കൊല്ലാൻ നോക്കിയിട്ടും മരിക്കാത്ത ഷാരോൺ സ്നേഹത്തിനു മുന്നിൽ എന്നേ മരിച്ചിരുന്നു. ഷാരോൺ ഒരു പ്രതീകമാണ്. കെവിനിനെ പോലെ.., നീനുവിനെ പോലെ.