കന്യാസ്ത്രീ മഠങ്ങൾക്കുള്ളിലെ പ്രശ്നങ്ങൾ

വെള്ളാശേരി ജോസഫ്

സിസ്റ്റർ ലൂസി കളപ്പുരക്കലിന് അനുഭവങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും എഴുതണം. എഴുതാനുള്ള സർവ സ്വാതന്ത്ര്യവും ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സിസ്റ്റർക്ക് ഉണ്ട്. നേരത്തേ സിസ്റ്റർ ജെസ്മി ‘ആമേൻ’ എന്ന പേരിൽ ആത്മകഥ എഴുതിയിരുന്നു. സിസ്റ്റർ മേരി ചാണ്ടി ‘സ്വസ്തി’ എന്ന പേരിലും ജീവിതകഥ എഴുതിയിരുന്നു. തമിഴ് എഴുത്തുകാരി ബാമയുടെ കോൺവെൻറ്റ് ജീവിതം ‘കരുക്ക്’ എന്ന പേരിൽ പ്രകാശിതമായി. ഇംഗ്ളീഷിലും, മറ്റനേകം ഭാഷകളിലും ‘കരുക്ക്’ വിവർത്തനം ചെയ്യപ്പെട്ടു. ‘പനമുള്ള്’ എന്ന പേരിൽ മലയാള വിവർത്തനവും ബാമയുടെ കോൺവെൻറ്റ് ജീവിതത്തിന് ഉണ്ടായി. ഇങ്ങനെ കോൺവെൻറ്റ് ജീവിതത്തെ കുറിച്ച് അനേകം പുസ്തകങ്ങൾ ഉള്ളതിനാൽ ‘കർത്താവിൻറ്റെ നാമത്തിൽ’ എന്ന പേരിൽ പുതിയൊരു ജീവിതകഥ കൂടി വരുന്നത് വലിയ സംഭവം അല്ലെന്നാണ് തോന്നുന്നത്.

മലയാളം വാർത്താ ചാനലുകൾ ഇപ്പോൾ നോക്കിയാൽ കന്യാസ്ത്രീ പീഡനം എന്ന ഒറ്റ വിഷയമേ ഉള്ളൂ. ഇതിന് കാരണമെന്താണ്?? കേരളത്തിൽ ഇന്ന് ആവശ്യത്തിൽ കൂടുതൽ വാർത്താ ചാനെലുകളും, പത്രങ്ങളും, ഓൺലൈൻ ന്യൂസ് പോർട്ടലുകളുമെല്ലാം നിലവിൽ ഉണ്ട്. പരസ്യവും വരുമാനവും കിട്ടണമെങ്കിൽ ലൈംഗിക പീഡനം പോലുള്ള ആളുകളെ പിടിച്ചു നിറുത്തുന്നതും, വികാരം കൊള്ളിക്കുന്നതുമായ കഥകൾ ഉണ്ടായേ തീരൂ. പ്രളയവും, ദാരിദ്ര്യവും, രാഷ്ട്രീയവും ഒക്കെ കാണിച്ചാൽ ചാനലുകാരുടെ റെയ്റ്റിങ് കൂടത്തില്ലാ. ജനം ഇതൊക്കെ കണ്ടു മടുത്തതാണല്ലോ.

സഭാ വസ്ത്രം ഊരി വിവാഹജീവിതം നയിക്കുന്ന ഒരുപാട് ആൾക്കാർ നമ്മുടെ കേരളത്തിലുണ്ട്. സഭാ വസ്ത്രം ഊരി വന്നവരെ കായികമായി ആക്രമിച്ച ഒരു സംഭവം പോലും കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാ. ആർക്കും എപ്പോൾ വേണെമെങ്കിലും സഭയിൽ നിന്ന് പുറത്തു വരാം. സിസ്റ്റർ ജെസ്മിയെ പോലെ മഠത്തിൽ നിന്ന് വിടുതൽ നേടിയതിനു ശേഷം നിരന്തരമായി സഭാ സ്ഥാപനങ്ങൾക്കെതിരെ പ്രസ്താവനാ യുദ്ധം നടത്തുന്നവരെ സഭാ വിശ്വാസികളായ ആരും ആക്രമിക്കാനൊന്നും പോയിട്ടില്ല. ഇന്നും സുരക്ഷിതയും, സ്വതന്ത്രയും ആയി ചാനലുകളിലൂടെ പ്രസ്താവനാ യുദ്ധം നടത്തി അവർക്ക് ജീവിക്കാൻ സാധിക്കുന്നത് അതുകൊണ്ടാണ്. സാധാരണക്കാരനായ ഒരു ക്രിസ്ത്യാനി സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ആളാകയാൽ ക്രിസ്ത്യാനികൾക്ക് ഇത്തരം വിവാദങ്ങൾക്കൊന്നും സമയവും, താൽപര്യവും ഇല്ലാ എന്നതാണ് വസ്തുത.

സിസ്റ്റർ ജെസ്മിയുടെ പ്രസ്താവനാ യുദ്ധങ്ങൾ കാണുമ്പോൾ പണ്ട് ട്രെയിനിൽ കണ്ടുമുട്ടിയ ഒരു വൈദികനുമായുള്ള കൂടിക്കാഴ്ചയാണ് ഓർമ വരുന്നത്. അദ്ദേഹം ഇതെഴുതുന്ന ആളോട് പറഞ്ഞത് സഭക്ക് സിസ്റ്റർ ജെസ്മിയോട് അങ്ങനെ പറയത്തക്ക അഭിപ്രായ വിത്യാസം ഒന്നുമില്ലായിരുന്നു എന്നാണ്. പക്ഷെ തനിക്ക് മഠത്തിലെ സന്യാസിനീ ജീവിതത്തിലെ അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം പോരാ എന്ന തിരിച്ചറിവിൽ അവർ സഭ വിട്ടു. മഠത്തിൽ നിന്ന് വിടുതൽ നേടിയതിനു ശേഷം നിരന്തരമായി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആരോപണങ്ങളിലും കുറച്ചു യുക്തിയൊക്കെ വേണ്ടേ? “കുറെ പെണ്ണുങ്ങൾ ഇങ്ങനെ ജീവിക്കുന്നു എന്ന മട്ടിലാണ് സഭയിലെ കന്യാസ്ത്രിമാരെ കാണുന്നത്” എന്ന് സിസ്റ്റർ ജെസ്മി പറയുമ്പോൾ സഭയുടെ പ്രമുഖമായ രണ്ട് വനിതാ കോളേജിൻറ്റെ പ്രിൻസിപ്പൽ സ്ഥാനത്തു വരെ എത്തിയ വ്യക്തി ആണ് ഇതു പറയുന്നത് എന്ന് അവർ സ്വയം ഓർക്കണമായിരുന്നു. ഒരു യൂണിവേഴ്സിറ്റിയുടെ ഏറ്റവും ഉന്നതമായ ബിരുദമായ ഡോക്ട്ടറേറ്റും സിസ്റ്റർ ജെസ്മി നേടിയത് സഭയിലെ അന്തേവാസി ആയിരുന്നപ്പോൾ തന്നെയാണ്. സിസ്റ്റർ ജെസ്മിയുടെ ‘ആമേൻ’ എന്ന പുസ്തകത്തിൽ ഏതൊരു സ്ഥാപനത്തിലും ഉള്ള ഈഗോ ക്ലാഷ്, ഇൻറ്റർ പേഴ്സണൽ പ്രശ്നങ്ങൾ – ഇതൊക്കെയേ ഉള്ളൂ. സത്യത്തിൽ ‘ആമേൻ’ വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ചിന്തിച്ചത് ഡൽഹിയിൽ ജോലി ചെയ്ത സ്ഥാപനങ്ങളിൽ സിസ്റ്റർ ജെസ്മി ‘ആമേനിൽ’ പറയുന്നതിനേക്കാൾ ‘ഇൻറ്റർ പേഴ്സണാലിറ്റി’ പ്രശ്നങ്ങളും ‘ഈഗോ ക്ളാഷസും’ ഒക്കെ ഉണ്ടായിരുന്നല്ലോ എന്നാണ്. തനിക്കെതിരേ ഊമ കത്തൊക്കെ പോകുന്നതിനെ വലിയ സംഭവമായിട്ടാണ് സിസ്റ്റർ ജെസ്മി അവതരിപ്പിക്കുന്നത്. സത്യത്തിൽ അധികാര സ്ഥാപനങ്ങളുടെ മുകളിലുള്ള ആർക്കെതിരെയാണ് ഊമ കത്തുകൾ പോകാത്തത്? ഞാൻ ജോലി ചെയ്ത സ്ഥാപനങ്ങളിലുള്ളവർക്കെതിരെയൊക്കെ ഊമ കത്തുകൾ പോയിട്ടുണ്ട്. സിസ്റ്റർ ജെസ്മി അവതരിപ്പിക്കുന്നത് പോലെ ഇതൊന്നും അത്ര ഗൗരവമുള്ള വിഷയങ്ങളല്ല.

സിസ്റ്റർ ജെസ്മിയുടെ പല പ്രസ്താവനകളും പബ്ലിസിറ്റിക്കായിട്ടാണെന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നിയിട്ടുള്ളത്. ചുരുക്കം പറഞ്ഞാൽ സിസ്റ്റർ ജെസ്മി മാത്രമല്ല; മറ്റു പലരും കന്യാസ്ത്രീ പീഡന വിഷയത്തിൽ പബ്ലിസിറ്റിക്കാണ് ശ്രമിക്കുന്നത്. അല്ലാതെ കന്യാസ്തിക്കു നീതി കിട്ടണം എന്ന സദുദ്ദേശത്തിൽ ഒന്നും അല്ല പലരും ചാനലായ ചാനലുകളിലെല്ലാം കേറിയിറങ്ങുന്നത്.

അതുകൊണ്ടു തന്നെ സിസ്റ്റർ ലൂസി കളപ്പുരക്കലിൻറ്റെ കാടടച്ചു വെടി വെക്കുന്ന പരിപാടിയെ ‘സത്യ സാക്ഷ്യം’ എന്ന് പറയാനാവില്ല. അത് കൂടുതലും പുസ്തകം വിറ്റുപോകാനുള്ള വിപണന തന്ത്രം ആയിട്ടേ കണക്കാക്കാനാവൂ. നല്ല വൈദികരും, കന്യാസ്ത്രീമാരും കത്തോലിക്കാ സഭയിൽ ഇന്നും ഇഷ്ടം പോലെ ഉണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാണിക്കാനാണ് പലപ്പോഴും മതസങ്കൽപ്പങ്ങളിൽ വിശ്വാസമില്ലാത്ത ഇടതുപക്ഷക്കാരുടേയും അരാജകവാദികളുടേയും നീക്കം. ഇത്തരത്തിൽ എന്തെങ്കിലും ഒരു സംഭവം ഏതെങ്കിലും മതത്തിൽ ഉണ്ടായാൽ അവിടെയൊക്കെ ഇടതുപക്ഷക്കാരേയും അരാജകവാദികളേയും ‘ഫുൾ സപ്പോർട്ടുമായി’ കാണാം. വിവാഹത്തേയും, കുടുംബ സങ്കൽപ്പങ്ങളേയും, മത രീതികളേയും, ഭരണകൂടത്തേയും എന്നുവേണ്ട സമൂഹത്തിലെ സകല വ്യവസ്ഥാപിത രീതികളേയും വെല്ലുവിളിക്കുന്ന അവർ ഇത്തരത്തിലുള്ള സംഭവങ്ങളെ പർവ്വതീകരിക്കുന്നു; കന്യാമഠങ്ങളിൽ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു വെക്കുന്നു.

മറ്റു പല വിഷയങ്ങളിലെന്നതു പോലെ സോഷ്യൽ മീഡിയയിലെ വികാര ജീവികൾ കന്യാസ്ത്രീ വിഷയത്തിലും ഉറഞ്ഞു തുള്ളുന്നത് വരും ദിവസങ്ങളിൽ കാണാം. സംഘ പരിവാറുകാരും, ഇടതു പക്ഷക്കാരും, അരാജക വാദികളും പതിവിനു വിപരീതമായി ഈ വിഷയത്തിൽ ഒന്നിച്ച് കൂട്ടുചേർന്ന് ആക്രമണം അഴിച്ചു വിടാനാണ് എല്ലാ സാധ്യതകളും. കന്യാസ്ത്രീമാരുടെ സന്യാസ വ്രതത്തിൻറ്റെ ഭാഗമായിട്ടുള്ള പല കാര്യങ്ങളോടും സംഘ പരിവാറുകാർക്കും, ഇടതു പക്ഷക്കാർക്കും, അരാജക വാദികൾക്കും എന്നും തികഞ്ഞ പുച്ഛം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവരൊക്കെ ആക്രമണം അഴിച്ചു വിടുന്നതിൽ അതിശയവും ഇല്ലാ. സംഘ പരിവാറുകാരാണെങ്കിൽ ഈ അവസരം ഉപയോഗിച്ച് കള്ള പേരിലും, ഫെയിക്ക് ഐഡൻറ്റിറ്റിയിലും ക്രിസ്ത്യൻ ന്യൂനപക്ഷത്തെ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്യാനാണ് എല്ലാ സാധ്യതയും.

ഇതെഴുതുന്നത് ഏതെങ്കിലും തരത്തിൽ കന്യാസ്ത്രീ പീഡനങ്ങളെ ന്യായീകരിക്കുവാനല്ല. ഒരു വശത്ത് സ്വന്തം മഠത്തിൽ താമസിച്ചു കൊണ്ടും, സഭാ വസ്ത്രമിട്ടും കൊണ്ടും സിസ്റ്റർ ലൂസി കളപ്പുരക്കലിന് താൻ അനുഭവിച്ചുവെന്നു പറയുന്ന നീതി നിഷേധത്തെ കുറിച്ച് പരസ്യമായി പ്രതികരിക്കുവാaനായി എന്നത് ശ്ലാഖനീയമാണ്. മറുവശത്ത് സഭാ മേലധ്യക്ഷന്മാരുടെ യാഥാസ്ഥികത്ത്വത്തെ ഒരു രീതിയിലും നീതികരിക്കുവാനും ആവില്ല. കൂട്ടമണി അടിച്ചും, ഇടയ ലേഖനങ്ങൾ കൊടുത്തുവിട്ടും സഭാസ്ഥാപനങ്ങൾക്കുള്ളിൽ നടക്കുന്ന നീതികേടുകളെ മൂടിവെക്കുവാൻ സഭാ മേലധ്യക്ഷന്മാർക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ യുഗത്തിൽ സാധിക്കില്ല എന്ന ലളിതമായ സത്യം ഇനിയെങ്കിലും അവർ തിരിച്ചറിയണം.

ഇന്ത്യയിൽ സർക്കാർ സർവീസിലിരിക്കുന്ന കളക്ടർമാരും, പോലീസ് ഇൻസ്പെക്ടർമാരും, ചില ആർമി ഒഫീസർമാരുമൊക്കെ പഴയ കാലത്തെ രാജാക്കന്മാരെപോലെയാണ് ഇന്നും പെരുമാറുന്നത്. പക്ഷെ സർക്കാർ കൊടുക്കുന്ന പിന്തുണ പിൻവലിച്ചാൽ കഥയിലെ ‘മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായതുപോലെ’ ഇവരുടെ എല്ലാ അധികാരങ്ങളും അവസാനിക്കും. ഇതുപോലെ തന്നെയാണ് അധികാരം കയ്യാളുന്ന സഭാ മേലധ്യക്ഷന്മാരുടെ കാര്യവും. സഭ പിന്തുണ കൊടുത്തില്ലെങ്കിൽ വൃത്തികേടുകൾ ഒരിക്കലും സഭാ സംവിധാനത്തിൽ പുലരുകയില്ലാ. ഇന്ത്യയിലെ ക്രിസ്ത്യൻ സഭക്കുള്ളിലെ യാഥാസ്ഥികത്വവും കടും പിടുത്തവുമൊക്കെ വിട്ടുകളഞ്ഞു സ്വന്തം സഭക്കുള്ളിലെ സഹോദരിമാരുടെ കാര്യം കാണാനുള്ള സൗമനസ്യം സഭാ മേലധ്യക്ഷന്മാർ കാണിക്കേണ്ടതുണ്ട്. സഭ എത്ര സംരക്ഷിച്ചു നിറുത്തിയാലും സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ നീതി നിഷേധങ്ങളൊന്നും മൂടി വെക്കാൻ സാധിക്കുകയില്ല. എന്ന ലളിതമായ സത്യം ഇനിയെങ്കിലും അവർ തിരിച്ചറിയണം.

എല്ലാ സംഘടനാ സെറ്റപ്പുകൾക്കും അതിൻറ്റേതായ പ്രശ്നങ്ങളുണ്ട്. സംഘടനയുടെ നല്ല ഗുണങ്ങളും, മോശം കാര്യങ്ങളും സംഘടനാ സെറ്റപ്പുകൾക്കുള്ളിൽ വരും. സംഘടനാ സെറ്റപ്പാകുമ്പോൾ മോശം കാര്യങ്ങളെ സംഘടനയുടെ ‘ഇമേജ്’ ചോർന്നു പോകാതിരിക്കുവാൻ പരിരക്ഷിക്കേണ്ടത് സംഘടനയോട് ചേർന്ന് നിൽക്കുന്നവർക്ക് നിർബന്ധമായി തോന്നാം. സഭ ഇപ്പോൾ ആ സ്വന്തം ഇമേജിൻറ്റെ തടവറയിലാണെന്നാണ് തോന്നുന്നത്. സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്ന സഭയുടെ പ്രശ്നമാണിത്.

ആത്മീയാചാര്യനായ ശ്രീ എം. (മുംതാസ് അലി ഖാൻ) പറഞ്ഞ ഒരു കഥയുണ്ട്: “ഒരിക്കൽ പിശാചിനെ സത്യം പ്രചരിപ്പിക്കുവാനുള്ള ചുമതല ഏൽപ്പിച്ചു. പിശാച് എങ്ങനെ സത്യം പ്രചരിപ്പിക്കും??? പിശാചിൻറ്റെ പണി അതല്ലല്ലോ. നിങ്ങൾ എങ്ങനെ സത്യം പ്രചരിപ്പിക്കും എന്നു ചോദിച്ചപ്പോൾ പിശാച് നൽകിയ മറുപടി ആരെയും ചിന്തിപ്പിക്കേണ്ടതാണ്. “I will ORGANIZE it” – എന്നായിരുന്നു പിശാചിൻറ്റെ മറുപടി. എല്ലാ സംഘടനാ സെറ്റപ്പുകളും കള്ളങ്ങളെ സത്യമാക്കി പൊതുജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നതിൽ മഹാ വിരുതൻമാരാണ്. നമ്മുടെ പ്രധാന മന്ത്രിയെ എം.എ.- കാരനായി അവതരിപ്പിക്കുന്നതിലും സംഘടനാ സെറ്റപ്പുകൾ വിജയിക്കുന്നുണ്ടല്ലോ!!!

പണ്ടത്തെ സംഘടനാ സെറ്റപ്പുകൾക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വലിയ പ്രസക്തിയൊന്നുമില്ല. പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാറിയ രീതികളൊന്നും ഇനിയും പലരും ഉൾക്കൊള്ളുവാൻ തയാറായിട്ടില്ല. യാഥാസ്ഥികത്ത്വം കാത്തു സംരക്ഷിക്കുവാൻ പ്രതിജ്ഞാ ബന്ധരായവരുടെ തലയിൽ കാർക്കശ്യം മാത്രമേ ഉള്ളൂ. ‘റാഷണാലിറ്റിയും’, ‘ലോജിക്കുമൊന്നും’ സംഘടനകളുടെ മനോവീര്യം സംരക്ഷിക്കുവാൻ നിയുക്തരായവർ നോക്കില്ലെന്നത് തന്നെയാണ് പല സംഭവങ്ങളോടുമുള്ള അവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇതാണ് സംഘടനാ സെറ്റപ്പുകളിലുള്ളവരുടെ പൊതുവെയുള്ള രീതി. ക്രിസ്ത്യൻ സഭയേയും ഭരിക്കുന്നത് അത് തന്നെയാണ്. ചുരുക്കം പറഞ്ഞാൽ ജനാധിപത്യ അവബോധമാണ് ഈ സംഘടനകൾക്കുള്ളിൽ അത്യന്താപേക്ഷിതമായി പുലരേണ്ടത്.

ജനാധിപത്യ അവബോധം പോലെ തന്നെ പ്രധാനമാണ് പ്രായോഗികമായ പ്രശ്നങ്ങൾ. മിക്ക മഠങ്ങളിലേയും ജോലിയും മതപഠനവും എന്നത് ഏഴു വർഷമാണെന്നു തോന്നുന്നു – നൊവിഷ്യേറ്റും പോസ്റ്റുലൻസിയും കൂടി. എന്നാലേ ഉടുപ്പ് കിട്ടൂ. കന്യാസ്ത്രീമാരുടെ ഉടുപ്പിടൽ ചടങ്ങ് അച്ചൻമാരുടെ പട്ടം കിട്ടൽ ചടങ്ങുമായി നോക്കുമ്പോൾ വളരെ ലളിതം.

നൊവിഷ്യേറ്റ് സമയത്ത് തന്നെ സാമ്പ്രദായിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നവർ വളരെ ഉണ്ട്. എന്ന് വെച്ചാൽ പ്ലസ് ടു, ഡിഗ്രി, നേഴ്സിങ്, ലാബറട്ടറി ടെക്നിഷ്യൻ മുതലായവ. ചിലർക്കൊക്കെ ടീച്ചർമാരായും, കോളേജ് അധ്യാപകരായും, ഡോക്ടർമാരായും വക്കീലൻമാരായും വരെ അവസരം കിട്ടും – അത്തരം പഠിത്തമൊക്കെ വളരെ പണ്ടത്തേതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ സർവ സാധാരണമാണ്.

കേരളത്തിൽ ദാരിദ്ര്യം കുറഞ്ഞതുകൊണ്ട് പഴയതു പോലെ അന്യ സംസ്ഥാനങ്ങളിൽ മിഷനറി പ്രവർത്തനത്തിന് പോകാൻ ഇപ്പോൾ പെൺകുട്ടികളെ അപൂർവമായേ കിട്ടൂ. പക്ഷെ ദാരിദ്ര്യം നിലനിൽക്കുന്ന ജാർക്കണ്ട് പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇപ്പോഴും മിഷൻ പ്രവർത്തനത്തിന് സന്നദ്ധരായി പെൺകുട്ടികൾ മഠങ്ങളിൽ ചേരാറുണ്ട്. കേരളത്തിലും കേരളത്തിനു പുറത്തുമുള്ള കോൺഗ്രിഗേഷനിലുള്ളവർക്കും അമിത സ്വാതന്ത്ര്യമൊന്നുമില്ല. വിദേശ വനിതാ മിഷനറിമാരുമായി നോക്കുമ്പോൾ സ്വാതന്ത്ര്യം വളരെ കമ്മി. ഡൽഹി ഹരിയാന അതിർത്തിയോടടുത്തുള്ള ഒരു ഗ്രാമത്തിനടുത്ത് താമസിച്ചപ്പോൾ മിക്ക ദിവസങ്ങളിലും ഇതെഴുതുന്നയാൾ ഒരു മദാമ്മ കന്യാസ്ത്രീ ജീപ്പോടിച്ചു വരുന്നത് കാണുമായിരുന്നു. ഇന്നും ഡ്രൈവിങ് പോലുള്ള കാര്യങ്ങളിൽ ‘സെൽഫ് റിലയൻസിന്’ ഇന്ത്യൻ മഠങ്ങളിലെ കന്യാസ്ത്രീകൾ ശ്രമിക്കാറില്ല; പലപ്പോഴും അവരെ അനുവദിക്കാറുമില്ല. ഈ ‘സെൽഫ് റിലയൻസ്’ അവർക്കില്ലാത്തതാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിദേശ വനിതാ മിഷനറിമാരിൽ നിന്ന് വ്യത്യസ്തരായി അവർ പല പരമ്പരാഗത മൂല്യങ്ങൾക്കും അടിമപ്പെടാൻ കാരണം.

കടുത്ത ദാരിദ്ര്യത്തിലോ, നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന പോലെയോ ഒന്നുമല്ല കേരളത്തിന് പുറത്തുള്ള മിഷൻ കോൺഗ്രിഗ്രേഷനിൽ ഉളളവർ. പക്ഷെ സീനിയർ സിസ്റ്റർമാരോട് അനുസരണയുള്ളവർ ആയി പെരുമാറണം എന്നത് അവരുടെ ചട്ടമാണ്. ഇങ്ങനെ പല ചട്ട കൂടുകൾക്കുള്ളിൽ പഠിച്ചു വളരുന്നവരാകയാൽ സ്വാതന്ത്ര്യവും സമത്വവും പോലെയുള്ള ആധുനിക മൂല്യങ്ങൾ പലപ്പോഴും ഇന്ത്യയിലെ കന്യാസ്ത്രീ സമൂഹം ഉൾക്കൊള്ളുന്നില്ല. നല്ല സുഭിക്ഷമായ ഭക്ഷണവും മറ്റു നല്ല സാഹചര്യവും ഉള്ളപ്പോൾ തന്നെ ബിഷപ്പുമാർക്കും മറ്റ് സഭാ മേലധ്യക്ഷന്മാർക്കും ഇവരുടെ മേൽ ഒരു മേൽക്കോയ്മ ഉണ്ട്. ഇവിടെയാണ് പ്രശ്നങ്ങളുടെ തുടക്കവും എന്നാണ് തോന്നുന്നത്.

വലിയൊരു കാലം കന്യാമഠങ്ങളിൽ ജീവിച്ചതിനു ശേഷം മഠത്തിൽ തുടരുന്നില്ലെങ്കിൽ കന്യാസ്ത്രീകൾ എവിടെ പോകും എന്നത് അവരെ സംബന്ധിച്ച് വലിയൊരു പ്രശ്നമാണ്. ശരിക്കും ജീവൻ മരണ പ്രശ്നം. ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ പത്തു മുപ്പതു കൊല്ലം സഭയ്ക്കു വേണ്ടി സേവനം അർപ്പിച്ചതിനു ശേഷം മഠത്തിൽ തുടരുന്നില്ലെങ്കിൽ ഇവർ എന്തു ചെയ്യും? വീട്ടുകാർ ചിലപ്പോൾ സ്വീകരിക്കണമെന്നില്ല. സ്വന്തമായി ജീവിക്കാനുള്ള സാമ്പത്തിക അടിത്തറയോ, പുതിയ ജോലി തേടിപ്പിടിച്ചു ജീവിതം കെട്ടിപ്പടുക്കാനുള്ള ശേഷിയോ തൊഴിൽ പാടവമോ അവർക്ക് ഉണ്ടാവണം എന്നില്ല. സഭാ ശുശ്രൂഷ ഉപേക്ഷിച്ചു തിരിച്ചു വന്നയാളെ സ്വീകരിക്കാൻ ആഗ്രഹമുണ്ടെങ്കിലും വീട്ടിലുള്ളവരുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും എതിർപ്പ് ഒരു പരമ്പരാഗത ക്രിസ്ത്യൻ കുടുംബത്തിൽ വലിയ പ്രശ്നം തന്നെയാണ്. ‘മഠം ചാടി പോന്നവൾക്ക്’ വലിയ സ്വീകാര്യതയൊന്നും കിട്ടാൻ സാധ്യതയില്ല. അപവാദം മാത്രമേ ഇത്തരക്കാരെ കുറിച്ച് നമ്മുടെ നാട്ടുകാർ പറയൂ. കുടുംബ സ്വത്തിൻറ്റെ വീതം ഒരാൾക്കു കൂടി കൊടുക്കേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ വേറെ. സ്വത്തുക്കൾ ഇതിനോടകം തന്നെ സഹോദരങ്ങൾക്കിടയിൽ വീതിച്ചു കാണും. അതിനേക്കാളൊക്കെ പ്രശ്നമാണ് അവർ ഭാവിയിൽ എന്ത് ചെയ്യുമെന്നുള്ള ചോദ്യം. സ്വത്ത് നഷ്ടപ്പെടാൻ ഒരു സഹോദരങളോ അവരുടെ മക്കളോ ആഗ്രഹിക്കില്ല. തന്നെയുമല്ല ഒരു വരുമാനവും ഇല്ലാത്ത സഹോദരിയെ സംരക്ഷിക്കാൻ എത്ര സഹോദരങ്ങളും അവരുടെ മക്കളും തയ്യാറാകും? ഇത്തരത്തിലുള്ള പ്രായോഗിക പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരമില്ലാത്തതാണെന്ന് തോന്നുന്നു മിക്ക സന്യസ്തരുടേയും പ്രശ്നങ്ങൾ.

Previous articleസബ് ലെഫ്‌നന്റ് ശിവാംഗി, ഇന്ത്യൻ നാവികസേനയുടെ പ്രഥമവനിതാ പൈലറ്റ്
Next articleഞാനാണ്‌ മക്കളെ, അമർഗാസോറസ്‌
'വെള്ളാശേരി ജോസഫ്' എന്നത് തൂലികാ നാമ മാണ്. അഴിമുഖത്തിലും, സത്യം ഓൺലെയിൻ പത്രത്തിലും, 24KKERALA എന്ന ഓൺലെയിൻ പത്രത്തിലും വെള്ളാശേരി ജോസഫ് എന്ന തൂലികാ നാമത്തിൽ എഴുതിയിട്ടുണ്ട്. 26 വർഷമായി ഡൽഹിയിൽ താമസം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലും, ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലും (JNU) ആയി പഠിച്ചു. 'വെള്ളാശേരി ജോസഫ്' എന്ന തൂലികാ നാമത്തിൽ എഴുതുന്ന വ്യക്തി ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെൻറ്റിലെ അസിസ്റ്റൻറ്റ് ഡയറക്ടറാണ്. 20 വർഷമായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.