ചൈനയിൽ 10 ദിവസം കൊണ്ട് ആശുപത്രി പണിഞ്ഞു, പക്ഷെ നമ്മുടെ പ്രധാനമന്ത്രിയിൽ നിന്ന് ചെപ്പടി വിദ്യകൾ മാത്രം

വെള്ളാശ്ശേരി ജോസഫ്

കേതൻ മേഹ്ത്തയുടെ ‘മിർച് മസാല’ എന്ന സിനിമയിൽ ദീപ്തി നവലിൻറ്റെ ക്യാരക്റ്റർ പഞ്ചായത്ത് പ്രസിഡൻറ്റായ സുരേഷ് ഒബ്‌റോയ്‌യുടെ മുമ്പിൽ പ്രതിഷേധിക്കുന്ന ഒരു രംഗമുണ്ട്. പാത്രത്തിൽ കോല് കൊണ്ടി ശക്തമായി കൊട്ടിയാണ് ദീപ്തി നവലിൻറ്റെ ക്യാരക്റ്റർ സ്ത്രീകളെ പൊതു നിരത്തിൽ നയിക്കുന്നത്. നാസിറുദ്ദിൻ ഷായുടെ ക്യാരക്റ്റർ ആ രാജസ്ഥാൻ ഗ്രാമത്തിലെ ഒരു സ്ത്രീയെ തങ്ങളുടെ ഇംഗീതത്തിനായി വിട്ടുതരണം എന്നാവാശ്യപ്പെട്ടതിനും, ഗ്രാമ പഞ്ചായത്ത് അത് അംഗീകരിച്ചതിനും എതിരേയായിരുന്നു സ്ത്രീകളുടെ ആ പ്രതിഷേധം. സ്മിതാ പാട്ടീലിൻറ്റെ ശക്തമായ ക്യാരക്റ്റർ ഉള്ള സിനിമയാണ് ‘മിർച് മസാല’. പാത്രത്തിൽ കോല് കൊണ്ടി ശക്തമായി അടിച്ച് വിവരങ്ങൾ പറഞ്ഞു പ്രതിഷേധിക്കുന്ന രീതിയും, ചെണ്ട കൊട്ടി പ്രഷേധിക്കുന്ന രീതിയും ഒക്കെ ഇന്ത്യയിൽ പണ്ട് ഉണ്ടായിരുന്നു. ചെണ്ട കൊട്ടിയായിരുന്നു പണ്ട് രാജഭരണക്കാലത്ത് പല കാര്യങ്ങളും വിളംബരം ചെയ്തിരുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ഇന്ത്യയിൽ കഥയാകെ മാറി. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസും, റോബോട്ടിക്ക് ടെക്നോളജിയും, 5G- യുമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര സാങ്കേതിക പുരോഗതി മുന്നേറുമ്പോൾ ഇന്ത്യയും ആ ലോകത്തിനൊപ്പം ഉണ്ട്. ഇന്നത്തേത് ഒരു ‘Technologically Driven World’ ആണ്. അപ്പോൾ അതിനൊട്ടും ചേരാത്ത ഒരു മൂല്യബോധമാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നതെന്ന് പറയാതിരിക്കാൻ ആവില്ല. പ്ളേറ്റ് കൂട്ടിമുട്ടിച്ചും, കയ്യടിച്ചും ജനകീയ ബോധവൽക്കരണം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ഇന്ത്യയിൽ വന്നാൽ ലോകം ഇന്ത്യയെ നോക്കി പരിഹസിക്കുകയേ ഉള്ളൂ. പ്ലെയിറ്റിൽ കോല് കൊണ്ട് ശക്തമായി അടിച്ച് വിവരങ്ങൾ പറയുകയും, ചെണ്ട കൊട്ടിയും, കയ്യടിച്ചും വിവരങ്ങൾ പറയുന്ന രീതി ഇന്ന് ഇന്ത്യയുടെ വിദൂര ഗ്രാമ പ്രദേശങ്ങളിൽ പോലും അപൂർവമായേ കാണാൻ സാധിക്കൂ. നേരെമറിച്ച് മൊബൈൽ മെസേജുകളും, മൊബൈൽ റിക്കോർഡിങ്ങും, പത്രങ്ങളിലെ പരസ്യങ്ങളും, ടെലിവിഷൻ സന്ദേശങ്ങളും വഴി അതിവേഗത്തിൽ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പ്രക്രിയയാണ് ഇന്ന് ഈ രാജ്യത്ത് ഉള്ളത്. ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ നെത്ര്വത്ത്വത്തിൽ 1990-കളിൽ സമ്പദ് വ്യവസ്ഥ മാറിയതിൽ പിന്നെ ഗ്രാമങ്ങൾ പോലും നഗരവൽക്കരിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്. അർബൻ ഏരിയയിലെ ജനങ്ങളും, റൂറൽ ഏരിയയിലെ ജനങ്ങളും കൂടിക്കലരുമ്പോൾ ഉണ്ടാകുന്ന ‘റൂർബൻ’ എന്നൊരു ജനവിഭാഗം തന്നെ ഇന്ത്യയിൽ ഇന്ന് ഉദയം കൊണ്ടിട്ടുണ്ട്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അതൊക്കെ ഓർക്കണമായിരുന്നു. സോഷ്യൽ മീഡിയയിൽ മോഡി ഇന്ന് ട്രോൾ ചെയ്യപ്പെടുന്നതിൻറ്റെ കാരണം ഇരുപത്തൊന്നാം നൂറ്റാണ്ടിൻറ്റെ ടെക്നൊളജിക്ക് അനുസരിച്ച് അദ്ദേഹത്തിൻറ്റെ ചിന്താഗതി മാറാത്തതിനാലാണ്.

1990-കളിൽ തന്നെ ഇന്ത്യയിൽ തന്നെ ഇന്ത്യയിൽ ടി.വി. കാണുന്നവരുടെ എണ്ണം ഗണ്യമായി കൂടിയിരുന്നു. രാമായണം സീരിയലും, മഹാഭാരതം സീരിയലുമാണ് ബി.ജെ.പി. – ക്ക് ഇന്ത്യയിൽ വളരാൻ അവസരമുണ്ടാക്കികൊടുത്തതിൻറ്റെ പിന്നിലുള്ള ഒരു ചാലക ശക്തി. 1990-കളുടെ ആദ്യം തന്നെ ഇതെഴുതുന്ന ആൾ ഒറീസയിലെ ട്രൈബൽ ഡിസ്ട്ട്രിക്റ്റായ ഫുൽബാനിയുടെ വിദൂര ഗ്രാമ പ്രദേശങ്ങളിൽ ശക്തമായ ആൻറ്റീന വഴി ആളുകൾ ടി.വി. കാണുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. ആ ടി.വി. വിപ്ലവത്തിന് ശേഷമാണ് ‘സ്മാർട്ട് ഫോൺ വിപ്ലവം’ ഇന്ത്യയിൽ അരങ്ങേറിയത്. ബി.ജെ.പി. -യുടെയും, ആം ആദ്മി പാർട്ടിയുടെയും തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ സ്മാർട്ട് ഫോൺ വഴിയുള്ള പ്രചാരണത്തിന് വലിയൊരു പങ്കുണ്ട്. ഗുജറാത്തിൽ ആളുകൾക്ക് കക്കൂസ് ഇല്ലാതിരുന്നപ്പോൾ പോലും അവിടെ ആളുകൾക്ക് സ്മാർട്ട് ഫോൺ ഉണ്ടായിരുന്നു. “കക്കൂസില്ലെങ്കിലെന്താ; സ്മാർട്ട് ഫോൺ ഉണ്ടല്ലോ” എന്ന് ഗുജറാത്തികളെ കുറിച്ച് കുറച്ചുനാൾ മുമ്പ് വരെ കളിയാക്കി പറയുമായിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്ന ഒന്നായിരുന്നു അത്.

ചൈനയിൽ 10 ദിവസം കൊണ്ട് കൊറോണ രോഗികൾക്ക് വേണ്ടി അവർ ‘സൂപ്പർ സ്പെഷ്യാലിറ്റി’ ആശുപത്രി പണിയുകയുണ്ടായി. ഇന്ത്യയിൽ 10 മാസം എടുത്താലും നമുക്ക് അങ്ങനെയുള്ളൊരു ‘സൂപ്പർ സ്പെഷ്യാലിറ്റി’ ആശുപത്രി സ്വപ്നത്തിൽ പോലും സങ്കൽപിക്കാനാകുമോ? തെരുവ് നായ്ക്കൾ കേറികിടക്കുന്ന ആശുപത്രി ബെഡ്ഡുകൾ ഇഷ്ടം പോലെ ഉള്ള സംസ്ഥാനങ്ങളാണ് മധ്യപ്രദേശും, ബീഹാറും, ഉത്തർപ്രദേശുമൊക്കെ. റഷ്യ ചൈനീസ് മാതൃകയിൽ പുതിയ ആശുപത്രി സമുച്ചയം കൊറോണ രോഗികൾക്ക് വേണ്ടി വേഗത്തിൽ പണിതെടുക്കുന്നു. ഇൻഡ്യയിൽ വൈറോളജി ലാബുകളുടെ അഭാവം ശരിക്കുണ്ട്. അതു പരിഹരിക്കുവാൻ ഉള്ള ‘ടെക്ക്നിക്കൽ നോളഡ്ജ്’ ഇൻഡ്യക്ക് ഉണ്ട്. പ്രധാനമന്ത്രി എന്ന നിലയിൽ ഇത്തരത്തിലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവിന് അധ്യക്ഷത വഹിക്കുന്ന ഒരു പ്രക്രിയയാണ് സുബോധമുള്ളവർ നമ്മുടെ രാജ്യത്തെ ഗവൺമെൻറ്റിൻറ്റെ തലവനിൽ നിന്ന് പ്രതീക്ഷിക്കുക; അല്ലാതെ കയ്യടിച്ചും, പാത്രം കൂട്ടിയടിച്ചും ശബ്ദമുണ്ടാക്കുന്ന ചെപ്പടി വിദ്യകളല്ലാ.

പക്ഷെ നമ്മുടെ പ്രധാനമന്ത്രിയിൽ നിന്ന് ഒരു മഹാമാരിയുടെ സമയത്ത് ചെപ്പടി വിദ്യകൾ മാത്രമേ പ്രതീക്ഷിക്കാൻ സാധിക്കൂ എന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലെ സംഭവങ്ങൾ തെളിയിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ബിസിനസ് മേഖല അമിത പ്രതിരോധത്തിൽ ആയതിനാൽ മുഴുവൻ ഓഹരി കമ്പോളങ്ങളും തകർച്ചയിൽ ആണ്. ‘യെസ് ബാങ്ക്’ 8415 കോടി രൂപയുടെ ബോണ്ടുകൾ എഴുതിത്തള്ളുന്ന വാർത്ത കഴിഞ്ഞ ദിവസം കണ്ടിരുന്നു. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ബോണ്ടുകളിൽ നിക്ഷേപിച്ച ആയിരകണക്കിന് പെൻഷൻകാരുടേയും, സ്ഥാപനങ്ങളുടേയും കാര്യം കട്ടപ്പുക ആയിരിക്കും. ഇതിനോട് റിസേർവ് ബാങ്ക് ഗവർണറും, ധനകാര്യ മന്ത്രിയും തീർത്തും നിഷേധാത്മകമായി ആണ് പ്രതികരിച്ചത്. ഈ മഹാമാരിയുടെ സമയത്ത് രാജ്യത്തെ സമ്പത് വ്യവസ്ഥക്ക് ഊർജം പകരുന്ന ഒരു നടപടിയും ഇതുവരെ കേന്ദ്ര സർക്കാരിൽ നിന്ന് വന്നിട്ടില്ല. നേരെമറിച്ച് ബാങ്കുകൾ പൊട്ടുമ്പോഴും, കൊറോണ വീശിയടിക്കുമ്പോഴും മധ്യപ്രദേശിൽ കണ്ടതുപോലെ അങ്ങേയറ്റം അധാർമികമായ കൂറുമാറ്റ രാഷ്ട്രീയ നാടകങ്ങൾ കളിക്കുന്നത് മാത്രമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽ നിന്ന് കാണാൻ സാധിക്കുന്നത്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)