ഇന്ത്യയുടെ ആരോഗ്യരംഗത്തെ അപര്യാപ്തതകൾ പരിഹരിക്കുവാനുള്ള ഒരു അപൂർവ അവസരമാണിപ്പോൾ

വെള്ളാശ്ശേരി ജോസഫ്

വേൾഡ് ബാങ്ക് നൽകുന്ന ഡേറ്റ അനുസരിച്ച് അമേരിക്ക അവരുടെ ജി.ഡി.പി.-യുടെ 17 ശതമാനം ആരോഗ്യമേഖലക്ക് മാറ്റിവെക്കുമ്പോൾ ഇന്ത്യ ജി.ഡി.പി.-യുടെ കേവലം 1.2 ശതമാനം തുകയേ മാറ്റിവെക്കുന്നുള്ളൂ. എന്നിട്ടും അമേരിക്കയിൽ ആളുകൾ കോവിഡ് -19 ബാധിച്ച് ആയിരക്കണക്കിന് ആളുകൾ മരിക്കുന്നില്ലേ എന്ന് ചിലരൊക്കെ ചോദിക്കും. അമേരിക്കയിലും, വികസിത രാജ്യങ്ങളിലും കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന മഹാഭൂരിപക്ഷം ആളുകളും അറുപത് വയസിന് മുകളിലുള്ളവർ ആണ്. എൺപതും തൊണ്ണൂറും വയസിന് മുകളിൽ മനുഷ്യർ ജീവിച്ചിരിക്കുന്നത് അവിടെയൊക്കെ സാധാരണമാണ്. ഈ വൃദ്ധർ ആണെങ്കിൽ പലതരം ജീവിതശൈലി രോഗങ്ങൾ ഉള്ളവരുമാണ്. കോവിഡ് 19 രോഗം ബാധിക്കുമ്പോൾ തന്നെ പ്രമേഹം, ശ്വാസകോശ രോഗങ്ങൾ,

ക്യാൻസർ, ആസ്‌ത്‌മ, ബ്ലഡ് പ്രഷർ – എന്നിവ പോലുള്ള രോഗങ്ങളിൽ കൂടി ഉള്ളതിനാലാണ് പ്രായമായ കൂടുതൽ ആൾക്കാരും വികസിത രാജ്യങ്ങളിൽ മരിക്കുന്നത്. അത്തരത്തിൽ രോഗാതുരരായ വൃദ്ധർ ഒരു മഹാമാരിയുടെ സമയത്ത് മരണപ്പെടുന്നതിൽ ഞെട്ടേണ്ട ഒരു കാര്യവുമില്ലെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടികാട്ടുന്നത്.

വികസിത രാജ്യങ്ങളിലെ ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ പൗരൻമാർക്ക് ലഭ്യമാക്കാൻ സ്വതന്ത്ര ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യയുടെ നാഷണൽ ഹെൽത് പ്രൊഫൈൽ പ്രകാരം ജി.ഡി.പി.-യുടെ 1.2% ശതമാനം മാത്രമേ ആരോഗ്യമേഖലക്ക് നാം മുടക്കുന്നുള്ളൂ. 2018-ൽ തന്നെ ജി.ഡി.പി.-യുടെ 2.5% ഇന്ത്യയിലെ ആരോഗ്യമേഖലക്ക് മുടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. പക്ഷെ അങ്ങനെയൊന്നും സംഭവിച്ചില്ല. ഇന്ത്യയിൽ 1000 മനുഷ്യർക്ക് 0.7 ആശുപത്രി ബെഡ്ഡുകളേ ഉള്ളൂ. അതു കൂടാതെ കണക്കുകൾ പറയുന്നത് 1404 രോഗികൾക്ക് ഇന്ത്യയിൽ ഒരു ഡോക്ടറേ ഉള്ളൂ എന്നാണ്. 1.7 നേഴ്‌സുമാരാണ് 1000 രോഗികൾക്ക് ഇന്ത്യയിൽ ഉള്ളത്. 2 മില്യൺ നേഴ്‌സുമാരുടെ കുറവാണ് ഇന്ത്യയുടെ ആരോഗ്യമേഖലയിൽ ഉള്ളതെന്നാണ് ഇന്ത്യയുടെ ആരോഗ്യമേഖലയെ കുറിച്ച് ‘ഇക്കണോമിക്ക് ടൈമ്സ് ചാനൽ’ ചർച്ച സംഘടിച്ചപ്പോൾ ചിലർ ചൂണ്ടികാട്ടിയത്. പ്രമേഹവും രക്ത സമ്മർദവും ഉള്ള രോഗികളിൽ കോവിഡ് 19 – ൻറ്റെ വ്യാപനം കൂടുതലാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടികാട്ടുന്നു. ഡയബെറ്റിസ്, ബ്ലഡ് പ്രെഷർ, ആസ്‌ത്‌മ – ഇത്തരം രോഗങ്ങളൊക്കെ മൂന്നിലൊന്ന് ഇന്ത്യക്കാർക്ക് ഉള്ളതിനാൽ കൊറോണ വൈറസിൻറ്റെ സാമൂഹ്യവ്യാപനം ഇന്ത്യയിൽ ഉണ്ടായാൽ അത് ഭീകരമായിരിക്കും എന്ന് റഷ്യൻ ടി. വി. ഈയിടെ സംഘടിപ്പിച്ച ചർച്ചയിൽ ചിലരൊക്കെ അഭിപ്രായപെട്ടിരുന്നു. ഇന്ത്യയിലാണെങ്കിൽ മരണമൊന്നും ഔദ്യോഗികമായി അധികം രേഖപ്പെടുത്താറും ഇല്ലാ. സാമൂഹ്യമായ ഒറ്റപ്പെടുത്തൽ പേടിച്ചിട്ട് പലരുടേയും രോഗവും, കൊറോണ മൂലമുള്ള മരണങ്ങളും ഔദ്യോഗിക രേഖകളിലേക്ക് ഇന്ത്യയിൽ വരണമെന്നില്ല. ഇതൊക്കെയാണ് ഇൻഡ്യാ മഹാരാജ്യത്തിൻറ്റെ പ്രശ്നങ്ങൾ. അതുകൊണ്ടാണ് ഇന്ത്യയിലെ ആരോഗ്യ രംഗത്തെ ഇൻഫ്രാസ്ട്രക്ച്ചർ സൗകര്യങ്ങൾ സമൂലമായി മാറ്റാൻ ഈ കോവിഡ് -19 കാലം വിനിയോഗിക്കണം എന്ന് മുൻ ആസൂത്രണ കമ്മീഷൻ അംഗമായ കീർത്തി എസ്. പരീഖിനെ പോലുള്ളവർ പറയുന്നത്. സത്യത്തിൽ അതു മാത്രമാണ് ചെയ്യാനുള്ളത്. വ്യർത്ഥമായ അവകാശ വാദങ്ങൾക്കും, പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾക്കും പറ്റിയ സമയമല്ലിത്. കേരളം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് ആരോഗ്യമേഖലയിൽ ചരിത്രപരമായി തന്നെ മുൻപന്തിയിൽ ആയിരുന്നു. പക്ഷെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും, ഗൾഫിൽ നിന്ന് മടങ്ങുന്ന പ്രവാസികളിലും കൊറോണ വ്യാപിച്ചാൽ കേരളത്തിൻറ്റെ മാത്രമായി ഒരു ‘സേയ്ഫ് സോൺ’ സൃഷ്ടിക്കാൻ നമുക്ക് സാധ്യമല്ല. ഇത്തരം വസ്തുതകളൊക്കെ എല്ലാവരും ഒന്ന് മനസിലാക്കിയിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഒരു ‘പീക്ക് ടൈം’ കഴിഞ്ഞാൽ വികസിത രാജ്യങ്ങളിൽ കൊറോണയുടെ വ്യാപനത്തിൽ ‘സോഷ്യൽ ഡിസ്റ്റൻസിങ്ങിലൂടെയും’, മറ്റ് നടപടികളിലൂടെയും ഗണ്യമായ കുറവുണ്ടാകും; കൊറോണ മൂലം ഉണ്ടായ സാമ്പത്തിക മാന്ത്യത്തിലും മാറ്റം ഉണ്ടാകും. കാര്യങ്ങൾ വികസിത രാജ്യങ്ങളിൽ സ്റ്റെബിലൈസ് ചെയ്യുമ്പോഴും ഇന്ത്യയിൽ അത്തരം പ്രതീക്ഷകൾക്ക് വഴിയില്ലാ എന്നു തന്നെയാണ് പല വിദഗ്ധരും പറയുന്നത്. അതിന് പ്രധാന കാരണം ഇന്ത്യയുടെ ആസൂത്രിതമല്ലാത്ത നഗര വളർച്ചയാണ്. 2001-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ 42.6 മില്യൺ ചേരി നിവാസികൾ ഉണ്ട്. 2019 ആയപ്പോൾ ഇവരുടെ സംഖ്യ 104 മില്യണിൽ എത്തി. ചേരികളിലും, പുനരധിവാസ കോളനികളിലും, ആളുകൾ തിങ്ങിപ്പാർക്കുന്ന നഗര പ്രാന്തങ്ങളിലും, ഗ്രാമങ്ങളിലും കോവിഡ് – 19 വീശിയടിച്ചാൽ എന്തായിരിക്കും അവസ്ഥ? ഇന്ത്യൻ ജയിലുകളിൽ കൊറോണ വ്യാപിച്ചാൽ എന്തുചെയ്യും? ചിക്കാഗോ ജയിലിൽ കൊറോണ വ്യാപിച്ചെന്നാണ് അമേരിക്കയിൽ നിന്നുള്ള ലേറ്റസ്റ്റ് റിപ്പോർട്ട്. ഇന്ത്യയുടെ കാര്യത്തിൽ അത് സംഭവിച്ചാൽ ആ അവസ്ഥ ഭീകരമാകും.

ഏതാനും ആഴ്ചകൾക്ക് മുമ്പ് റഷ്യൻ ടി.വി. ഇന്ത്യയിലെ ആരോഗ്യ രംഗത്തെ കുറിച്ച് നല്ലൊരു അപഗ്രഥനം നടത്തുകയുണ്ടായി. ഇന്ത്യയിൽ 300 മില്യൺ തൊട്ട് 500 മില്യൺ ആളുകൾക്കിടയിൽ കൊറോണ വ്യാപിക്കാം എന്നാണ് റഷ്യൻ ടി.വി. – യുടെ അവതാരകൻ പറഞ്ഞത്. എന്നുവെച്ചാൽ 30 കോടി മുതൽ ആളുകളെ ബാധിക്കാമെന്ന് സാരം. അത് വെറുതെ പറഞ്ഞതുമല്ല. ‘സെൻറ്റർ ഫോർ ഡിസീസ് ഡൈനാമിക്സിൻറ്റെ’ ഡയറക്ടറായ രമണൻ ലക്ഷ്മി നാരായണൻറ്റെ അഭിപ്രായവും കൂടി ഉൾപ്പെടുത്തികൊണ്ടാണ് റഷ്യൻ ടി.വി. ഈ കാര്യങ്ങൾ അവതരിപ്പിച്ചത്. ഇന്ത്യയിൽ ആകെ 20, 000 വെൻറ്റിലേറ്ററുകളേ ഉള്ളൂ. ഈ രോഗം ഇന്ത്യയിൽ പടർന്നുപിടിച്ചാൽ ഉദ്ദേശം 9 മില്യൺ വെൻറ്റിലേറ്ററുകളുടെ കുറവ് അനുഭവപ്പെടും എന്നാണ് റഷ്യൻ ടി.വി. അഭിപ്രായപ്പെട്ടത്. ഇപ്പോൾ ഓൾ ഇൻഡ്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ടും, ബാൻഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസും ചെലവ് കുറഞ്ഞ രീതിയിൽ വെൻറ്റിലേറ്ററുകൾ നിർമിക്കാം എന്ന് പറയുന്നുണ്ട്. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോകുന്ന ഒരു സാഹചര്യം വന്നാൽ, ഇത്തരം നിർമാണ പ്രവർത്തനങ്ങൾ എങ്ങനെ സഹായിക്കും എന്ന് കണ്ടറിയേണ്ട ഒരു കാര്യം മാത്രമാണ്.

30 ശതമാനത്തിലേറെ കൊറോണയുടെ വ്യാപനത്തിന് തബ്‌ലീഗ് ജമായത്തുകാർ കാരണക്കാരായി എന്ന് ചില മാധ്യമങ്ങളൊക്കെ ആരോപിക്കുന്നുണ്ട്. കൃത്യമായ കണക്കുകൾ ആർക്കും ലഭ്യമല്ലാത്തതിനാൽ ഇത്തരം ആരോപണ-പ്രത്യാരോപങ്ങളൊക്കെ ഒരു മഹാമാരിയുടെ സമയത്ത് ഒഴിവാക്കപ്പെടെണ്ടതാണ്. തബ്‌ലീഗ് ജമായത്ത്കാർ കാണിച്ച മണ്ടത്തരത്തെ ഒരിക്കലും അനുകൂലിക്കുന്ന വ്യക്തിയല്ല ഇതെഴുതുന്ന ആൾ. പക്ഷെ കൊറോണയുടെ വ്യാപനത്തിൽ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടേണ്ടത് ഇന്ത്യയുടെ ദാരിദ്ര്യവും, ആരോഗ്യ രംഗത്തെ അപര്യാപ്തതകളുമാണ്. അത് അവഗണിച്ചുകൊണ്ട് തബ്‌ലീഗ് ജമായത്തുകാരെ പ്രതികളാക്കാനുള്ള സംഘ പരിവാർ നീക്കം മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനാണെന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ഭരണകൂടത്തിൻറ്റെ പരാജയത്തിന് മുസ്‌ലീം ന്യൂനപക്ഷത്തെ കുറ്റപ്പെടുത്തികൊണ്ട് ആ പരാജയം മൂടിവെക്കാനാണിപ്പോൾ സംഘ പരിവാറുകാർ പരിശ്രമിക്കുന്നത്. നമ്മുടെ ദാരിദ്ര്യത്തിനും, ആരോഗ്യ രംഗത്തുള്ള പരാജയത്തിനും തബ്‌ലീഗ് ജമായത്തുകാരെ കുറ്റം പറഞ്ഞുകൊണ്ടിരുന്നിട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല.

ഇന്ത്യയുടെ ദാരിദ്ര്യവും, ഭരണകൂടത്തിലുള്ള അവിശ്വാസ്യതയും വ്യക്തമാക്കുന്നതായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമുള്ള ലക്ഷകണക്കിന് തൊഴിലാളികളുടെ പാലായനം. ആയിരക്കണക്കിന് തൊഴിലാളികൾ പോലീസ് ലാത്തിയേയും, ബ്ലോക്കേഡുകളേയും ഭേദിച്ച് നൂറുകണക്കിന് കിലോമീറ്ററുകൾ യാത്ര തുടർന്നപ്പോൾ ‘ഗൂഡാലോചന തിയറി’ ചിലരൊക്കെ കൊണ്ടുവന്നു. സത്യത്തിൽ ഒരു മഹാമാരി വീശിയടിക്കുമ്പോൾ ഉറ്റവരുടേയും, ഉടയവരുടേയും അടുത്ത് ചെല്ലണമെന്നുള്ള വാഞ്ജ മനുഷ്യസഹജമാണ്. അതിൽ ഗൂഡാലോചന ആരോപിക്കേണ്ട ഒരു കാര്യവുമില്ല. പണ്ട് സദ്ദാം ഹുസൈൻ കുവൈറ്റ് ആക്രമിച്ചപ്പോൾ ഒരു ലക്ഷത്തോളം മലയാളികൾ മരുഭൂമിയിൽ അഭയം പ്രാപിച്ചായിരുന്നല്ലോ. ആസന്നമായ യുദ്ധത്തെ കുറിച്ച് അന്ന് പ്രവാസി മലയാളികൾക്കുണ്ടായ ഭീതി പോലെ തന്നെയാണ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള അസംഘടിത മേഖലകളിലെ അന്യസംസ്ഥാന തൊഴിലാളികൾക്കും ഉണ്ടായ ഭീതി.

പതിനാലാം നൂറ്റാണ്ടിലുണ്ടായ പ്ളേഗിൽ യൂറോപ്പിലെ 50 മില്യൺ ജനതയാണ് തുടച്ചുനീക്കപെട്ടത്. ‘ബ്ളാക്ക് ഡെത്’ എന്നറിയപ്പെട്ടിരുന്ന പ്ളേഗ് 1331-ൽ ചൈനയിൽ നിന്നാണ് ഉദയം കൊണ്ടതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇറ്റാലിയൻ നാവികർ മുഖേന പ്ളേഗ് ക്രിമിയയിലും പിന്നീട് യൂറോപ്പിലുമെത്തി. 1918-ൽ വീശിയടിച്ച ‘സ്പാനിഷ് ഫ്‌ളൂവും’ ചൈനയിൽ നിന്നാണ് ഉദയം കൊണ്ടതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്പാനിഷ് ഫ്ളൂ മൂലം 17 മില്യൺ ഇൻഡ്യാക്കാരാണ് 1918-ൽ കൊല്ലപ്പെട്ടത്. ഉദയം കൊണ്ട രാജ്യത്തിൻറ്റെ കാര്യത്തിലായാലും, വ്യാപനത്തിൻറ്റെ രീതികൾ നോക്കിയാലും കോവിഡ് 19 – ന് പ്ളേഗുമായും, സ്പാനിഷ് ഫ്ളൂവുമായും കുറച്ചു സാമ്യങ്ങളൊക്ക ഉണ്ട്. പക്ഷെ സയൻസും, ടെക്‌നോളജിയും വളർച്ച പ്രാപിച്ചിരിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കുറേക്കൂടി ഫലപ്രദമായി ലോകം കൊറോണയുടെ വ്യാപനത്തെ നേരിടുമെന്ന് മാത്രം.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സയൻസും ടെക്‌നോളജിയും ഇന്ത്യയുടെ ജന സാമാന്യത്തിൽ എത്തിക്കാൻ പരാജയപ്പെട്ടതാണ് ഇന്ത്യയുടെ ശാപം. ആ പരാജയം കൊറോണയുടെ വ്യാപനത്തിൻറ്റെ ഇക്കാലത്ത് പരസ്യമായി പ്രകടമാണ് താനും. 30 കോടിയിലേറെ ജനം ഇന്ത്യയിൽ ദാരിദ്ര്യരേഖക്ക് താഴെയുണ്ട്. ‘ലോവർ മിഡിൽ ക്ലാസിന്’ താഴെയുള്ള 40 കോടിയോളം ജനത്തെ കൊറോണ കാലത്ത് എങ്ങനെ രക്ഷപെടുത്തും എന്നതാണ് ഇന്നത്തെ ഏറ്റവും പ്രസക്തമായ ചോദ്യം. തെരുവുകളിൽ അലഞ്ഞു ജീവിച്ചും, ഭൂമിയിൽ ഉള്ള സകല ജോലികളും ചെയ്ത് വയർ നിറയ്ക്കുന്ന പട്ടിണി പാവങ്ങളാണ് ഇന്ത്യയുടെ മിക്ക നഗരങ്ങളിലുമുള്ള അത്തരക്കാർ. ചേരികളിലേയും, പുനരധിവാസ കോളനികളിലേയും ഒന്നും രണ്ടും മുറികളിൽ എട്ടും പത്തും പേരുള്ള കുടുംബങ്ങളായി ജീവിക്കുന്നവരാണ് ഇന്ത്യയിലെ പട്ടിണി പാവങ്ങളായ ഇക്കൂട്ടർ. അവർക്കിടയിൽ ‘സോഷ്യൽ ഡിസ്റ്റൻസിങ്‌’ എന്ന് പറയുന്നത് ഈ കൊറോണ കാലത്ത് സാധ്യമല്ല.

ചുരുക്കം പറഞ്ഞാൽ, ഇന്ത്യയിലെ സ്ഥിതി ഇനി കൂടുതൽ വഷളാവും.
കൂടുതൽ കടുത്ത നടപടികളെ പറ്റി ചിന്തിക്കേണ്ടിടത്ത് വിളക്ക് തെളിക്കലും, കയ്യടിയും, പാത്രം കൊട്ടലും പോലുള്ള പരിപാടികൾ ആളുകൾ കാര്യങ്ങളെ നിസ്സാരമാക്കി കാണുവാൻ മാത്രമേ ഉപകരിക്കൂ. ഇന്ത്യ പോലൊരു വലിയ ജനസംഖ്യയും ജനസാന്ദ്രതയും ഉള്ള രാജ്യത്ത് ഇനി കൊറോണയെ പിടിച്ചു നിർത്തുക വളരെ ദുഷ്കരമാണ്. ആശുപത്രി സൗകര്യങ്ങൾ കൂട്ടാവുന്നത്ര കൂട്ടുന്നതിനുള്ള വഴികളും, ജനങ്ങളെ കൂടുതൽ ബോധവാൻമാരാക്കാനുള്ള പരിപാടികളും വളരെ അടിയന്തിരമായി ചെയ്യേണ്ടിയിരിക്കുന്നു. മഹാരാഷ്ട്രയിലും, മുംബൈയിലും കൊറോണ വ്യാപിച്ചത് തന്നെ കാണിക്കുന്നത് നമ്മുടെ നഗര വികസനത്തിലെ ആസൂത്രണമില്ലായ്മയാണ്. മഹാരാഷ്ട്രയുടെ അതിർത്തികളിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അവിടെ നിന്നുമുള്ള അപകടം ഒഴിവാക്കാം. പക്ഷേ ഇത് അവിടം കൊണ്ട് തീരുകയില്ല എന്നത് വ്യക്തം. എല്ലാ സംസ്ഥാനങ്ങളും ഒരു പോലെ സംസ്ഥാനത്തിനകത്ത് കടുത്ത നടപടികൾ എടുക്കണം. എങ്കിലേ ഫലമുള്ളൂ.

‘സെൻറ്റർ ഫോർ ഡിസീസ് ഡൈനാമിക്സിൻറ്റെ’ഡയറക്ടറായ രമണൻ ലക്ഷ്മി നാരായണൻറ്റെ ഇന്ത്യയിലെ കൊറോണ വ്യാപനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളെ തള്ളിപ്പറഞ്ഞ ഇന്ത്യയുടെ മാധ്യമലോകം മുംബൈയിലുള്ള ധാരാവിയുടെ അവസ്‌ഥ കാണുന്നില്ല. ഒരു ചതുരശ്ര മൈലിൽ പത്തു ലക്ഷത്തിലേറെ ആളുകളാണ് അവിടെയുള്ളത്. ആ പാവങ്ങളെ ആര് രക്ഷിക്കും? ഇപ്പോൾ ധാരാവിയെക്കാൾ വലിയ ചേരിയാണ്‌ ‘മാൻകൂട് ഗോവണ്ടി’ എന്നും മുംബയിൽ നിന്നുള്ള ചിലരൊക്കെ പറയുന്നു.

ഇന്ത്യയിലെ നഗരങ്ങളിലെല്ലാം ഇത്തരത്തിലുള്ള വമ്പൻ ചേരി പ്രദേശങ്ങളുണ്ട്. രാജ്യത്തിൻറ്റെ സാമ്പത്തിക തലസ്ഥാനമായ മുംബയിൽ സമ്പന്നരും ദാരിദ്ര്യരും തമ്മിലുള്ള അകലം വളരെ വലുതാണ്. ഒരുവശത്ത് മനുഷ്യർ ചാണകക്കുഴികളിലെന്നതുപോലെ ചേരികളിൽ താമസിക്കുന്നു; മറുവശത്ത് ഇന്ത്യയിലെ വ്യവസായ പ്രമുഖകരും, സിനിമാക്കാരും, സച്ചിൻ ടെണ്ടുൽക്കറെ പോലുള്ള സ്പോട്സ് താരങ്ങളും സമ്പത്തിൻറ്റെ ആർഭാടങ്ങളിലും ജീവിക്കുന്നു. മുകേഷ് അംബാനി മണിമാളിക കെട്ടിപ്പൊക്കിയതുകൊണ്ട് ഇതെഴുതുന്നയാളുടെ കഞ്ഞികുടി മുട്ടുന്നില്ല; ഇന്ത്യയിലെ മധ്യവർഗത്തിൻറ്റെ കഞ്ഞികുടിയും മുട്ടുന്നില്ലാ. പക്ഷെ ജന സാമാന്യത്തിന് നല്ല ഒരു വീട് എന്ന ഒരു സ്വപ്നം മുംബയിൽ ഇന്നും അകലെയാണ്. നല്ല ഒരു മഴ പെയ്താൽ നഗരം വെള്ളത്തിനടിയിലാകുക കൂടി ചെയ്യും എന്ന് മനസിലാക്കുമ്പോഴാണ് നമ്മുടെ ‘അർബൻ പ്ലാനിങ്’ എത്ര മോശപ്പെട്ട അവസ്ഥയിലാണെന്ന് നാം സ്വയം തിരിച്ചറിയേണ്ടത്.

5000 വർഷങ്ങൾക്ക് മുമ്പുള്ള സിന്ധു നദീ തട നാഗരികതയിൽ പോലും നല്ല ടൗൺ പ്ലാനിങ് ദൃശ്യമായിരുന്നു എന്നാണ് ചരിത്രകാരൻമാർ പറയുന്നത്. അതായത് നാം 5000 വർഷങ്ങൾ പുറകിലാണെന്നു സാരം!!!

ഒരു വശത്ത് ഇന്ത്യയിൽ നമുക്ക് വലിയ ഷോപ്പിംഗ് മാളുകളും, മെട്രോ സൗകര്യങ്ങളും, ഓവർ ബ്രിഡ്ജുകളും, അണ്ടർ പാസുകളുമൊക്കെ ഉണ്ട്. മറുവശത്ത് പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ – ഇവയും ഉണ്ട്. സ്വാതന്ത്ര്യം കിട്ടി 73 വർഷങ്ങൾ കഴിഞ്ഞിട്ടും 5 വയസിനു താഴെയുള്ള 40 ശതമാനത്തോളം കുട്ടികളിലും തൂക്ക കുറവുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്. 70 ശതമാനത്തോളം കുഞ്ഞുങ്ങളിലും, 50 ശതമാനത്തോളം കുടുംബിനികളിലും രക്തക്കുറവ് കാണപ്പെടുന്നു. പോഷകാഹാര കുറവ് മൂലമാണ് പ്രസവ സംബന്ധമായ മരണവും, നവജാത ശിശുക്കളിലെ വൈകല്യവും ഇന്ത്യയിൽ പ്രധാനമായും ഉണ്ടാകുന്നത്. അനേകം ഹ്യുമൻ ഡെവലപ്മെൻറ്റ് റിപ്പോർട്ടുകൾ ഇന്ത്യയുടെ ഈ ശോചനീയാവസ്ഥ വളരെ നന്നായി വിവരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഈ ശോചനീയാവസ്ഥ വളരെ നന്നായി ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്രയിൽ കാണാം. രാജ്യസ്നേഹവും പാക്കിസ്ഥാൻ വിരോധവും മാത്രം പ്രചരിപ്പിക്കുന്ന നമ്മുടെ ഇംഗ്ളീഷ് ടി.വി. ന്യൂസ് ചാനലുകൾ ഇതൊക്കെ കാണുന്നില്ല എന്നത് വേറെ കാര്യം. എന്തായാലും കൊറോണ കാലത്തെങ്കിലും ഇന്ത്യയുടെ പാർപ്പിട പ്രശ്നങ്ങളും, ‘അർബൻ പ്ലാനിങ്ങിലെ’ പ്രശ്നങ്ങളും, ആരോഗ്യ രംഗത്തെ അപര്യാപ്തതകളും നാം തുറന്ന മനസോടെ ചർച്ച ചെയ്യേണ്ടതുണ്ട്. ഈ വിഷയങ്ങളോടുള്ള സത്യസന്ധമായ ഒരു സമീപനം സാധ്യമാക്കുന്ന ഒരു അവസരമാണ് സത്യത്തിൽ കൊറോണയുടെ വ്യാപനം സമ്മാനിക്കുന്നത്. സാമൂഹ്യ വിഷയങ്ങളോട് ‘സെൻസിറ്റീവ്’ ആയി പ്രതികരിക്കുവാൻ ഇന്ത്യയുടെ മിഡിൽ ക്ലാസും, വരേണ്യ വർഗവും ഈ അവസരം ഉപയോഗിക്കുമോയെന്ന് വഴിയേ കാണാം.