“ചെറിയാൻ ഭ്രാന്തനെ ചങ്ങലക്കിടുക” എന്നതായിരുന്നു അന്ന് ഇസ്‌ലാമിക തീവ്രവാദികളുടെ മുദ്രാവാക്യം

61

വെള്ളാശേരി ജോസഫ്

അഭിമന്യുവിൻറ്റെ കൊലപാതകം പലരും ഇന്ന് സോഷ്യൽ മീഡിയയിലൂടെ സ്മരിക്കുന്നു. ആ സ്മരണ നിലനിർത്തുന്ന കൂട്ടത്തിൽ സമീപകാല കേരളത്തിൽ ഉണ്ടായ അനേകം ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളും ചിലരൊക്കെ ഓർമിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ മിക്കവരും പണ്ട് ഒരു പുസ്തകത്തിലുള്ള പരാമർശത്തിൻറ്റെ പേരിൽ ചെറിയാൻ സാറിനെതിരെ ഇസ്ലാമിക തീവ്രവാദികൾ ഉയർത്തിയ ഭീഷണി മറന്നുപോകുന്നു. കോട്ടയത്ത് പണ്ട് പ്രൊഫസർ സി.വി. ചെറിയാൻറ്റെ ചരിത്ര പുസ്തകത്തിനെതിരേ ഇസ്‌ലാമിക തീവ്രവാദികൾ വാളോങ്ങിയത് എല്ലാവരും മറന്നുപോയോ?

“ചെറിയാൻ ഭ്രാന്തനെ ചങ്ങലക്കിടുക” എന്നതായിരുന്നു അന്ന് ഇസ്‌ലാമിക തീവ്രവാദികളുടെ മുദ്രാവാക്യം. അന്ന് KSRTC ബസിൻറ്റെ പുറകിൽ “ചെറിയാൻ ഭ്രാന്തനെ ചങ്ങലക്കിടുക” എന്നൊക്കെ എഴുതി വെച്ചത് ഇന്നും ഓർമ്മിക്കുന്നു. പേടിച്ചിട്ട് ചെറിയാൻ സാർ തന്നെ പുസ്തകം പിൻവലിച്ചു. അല്ലെങ്കിൽ ജോസഫ് സാറിന് സംഭവിച്ചത് പോലെ ഒരുപക്ഷെ ചെറിയാൻ സാറിൻറ്റെ കയ്യും കാലും വെട്ടി വിപരീത ദിശയിൽ എറിയപ്പെട്ടേനേ!!! പുള്ളി ഏതോ ചരിത്രകാരനെ ഉദ്ധരിക്കുക മാത്രമേ അന്ന് ചെയ്തിരുന്നുള്ളൂ എന്നാണ് എൻറ്റെ അറിവ്‌.

പിന്നീട് എൻറ്റെ ഒരു സുഹൃത്തായ മംഗളം പത്രപ്രവർത്തകൻ ഈ വിഷയത്തിൽ ചെറിയാൻ സാറിനോട് ഒന്ന് സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് ആ സുഹൃത്ത് എന്നോട് പറഞ്ഞത് പുസ്തകത്തെ കുറിച്ച് സംസാരിക്കേണ്ട താമസം, ചെറിയാൻ സാറിൻറ്റെ മുഖം പേടി തട്ടിയ പോലെ ആയി എന്നാണ്. അത്രക്കുണ്ടായിരുന്നു ചെറിയാൻ സാറിനെതിരെയുള്ള ഇസ്‌ലാമിക തീവ്രവാദികളുടെ ഭീഷണി. എന്തായാലും ഈയിടെ ആയി കുറെ യുക്തിവാദികൾ മുസ്‌ലീം കമ്യൂണിറ്റിയിൽ നിന്നും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അവരുടെ വിമർശനം യാഥാസ്ഥിതികരെ നല്ലവണ്ണം ചൊടിപ്പിച്ചിട്ടുണ്ട്. അവർക്ക് പൊതുസമൂഹത്തിൽ നിന്ന് വലിയ പിന്തുണ കിട്ടുന്നുമുണ്ട്. മുസ്‌ലീം കമ്യുണിറ്റിക്കുള്ളിൽ നിന്ന് തന്നെയുള്ള യുക്തിവാദികൾക്ക് ജീവനോടെ വിമർശനം തുടരാനായാൽ കുറച്ചു മാറ്റങ്ങൾ പലരുടേയും വീക്ഷണകോണിൽ താമസിയാതെ വരുമെന്ന് പ്രത്യാശിക്കാം.