ആരോഗ്യ രംഗത്തിന്റെ പരാജയത്തിന് തബ്‌ലീഗുകാരെ കുറ്റം പറഞ്ഞുകൊണ്ടിരുന്നിട്ട് ഒരു പ്രയോജനവുമില്ല

55

വെള്ളാശേരി ജോസഫ്

30 ശതമാനത്തിലേറെ കൊറോണയുടെ വ്യാപനത്തിന് തബ്‌ലീഗ് ജമായത്തുകാർ കാരണക്കാരായി എന്ന് ചില മാധ്യമങ്ങളൊക്കെ ആരോപിക്കുന്നുണ്ട്. കൃത്യമായ കണക്കുകൾ ആർക്കും ലഭ്യമല്ലാത്തതിനാൽ ഇത്തരം ആരോപണ-പ്രത്യാരോപങ്ങളൊക്കെ ഒരു മഹാമാരിയുടെ സമയത്ത് ഒഴിവാക്കപ്പെടെണ്ടതാണ്. തബ്‌ലീഗ് ജമായത്ത്കാർ കാണിച്ച മണ്ടത്തരത്തെ ഒരിക്കലും അനുകൂലിക്കുന്ന വ്യക്തിയല്ല ഇതെഴുതുന്ന ആൾ. പക്ഷെ കൊറോണയുടെ വ്യാപനത്തിൽ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടേണ്ടത് ഇന്ത്യയുടെ ദാരിദ്ര്യവും, ആരോഗ്യ രംഗത്തെ അപര്യാപ്തതകളുമാണ്. അത് അവഗണിച്ചുകൊണ്ട് തബ്‌ലീഗ് ജമായത്തുകാരെ പ്രതികളാക്കാനുള്ള സംഘ പരിവാർ നീക്കം മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനാണെന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ഭരണകൂടത്തിൻറ്റെ പരാജയത്തിന് മുസ്‌ലീം ന്യൂനപക്ഷത്തെ കുറ്റപ്പെടുത്തികൊണ്ട് ആ പരാജയം മൂടിവെക്കാനാണിപ്പോൾ സംഘ പരിവാറുകാർ പരിശ്രമിക്കുന്നത്. നമ്മുടെ ദാരിദ്ര്യത്തിനും, ആരോഗ്യ രംഗത്തുള്ള പരാജയത്തിനും തബ്‌ലീഗ് ജമായത്തുകാരെ കുറ്റം പറഞ്ഞുകൊണ്ടിരുന്നിട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല.

രത്തൻ ടാറ്റ മുംബയിലെ ധാരാവിയെ ചൂണ്ടിക്കാട്ടി “നമ്മൾ ഉണരേണ്ട സമയമായി” എന്നു പറഞ്ഞത് വിസ്മരിക്കരുത്; ഇന്ത്യയുടെ പാർപ്പിട പ്രശ്നങ്ങളും, ആരോഗ്യരംഗത്തെ അപര്യാപ്തതകളും പരിഹരിക്കുവാനുള്ള ഒരു അപൂർവ അവസരമാണ് സത്യത്തിൽ കൊറോണയുടെ വ്യാപനം സമ്മാനിക്കുന്നത്. രത്തൻ ടാറ്റക്കെങ്കിലും “A wake-up call for planners and administrators” എന്നു മുംബയിലെ ധാരാവിയുടെ ജനസാന്ദ്രത ചൂണ്ടികാണിച്ചിട്ട് പറയാൻ തോന്നിയത് ഈ ഘട്ടത്തിൽ വളരെ സ്വാഗതാർഹമാണ്.

ടൗൺ പ്ലാനിങ്ങാണ് നമ്മൾ എല്ലാവരും പഠിച്ചിട്ടുള്ള സിന്ധു നാഗരികതയുടെ ഒരു പ്രധാന പ്രത്യേകത. മോഹൻജദാരോയിലേയും ഹാരപ്പയിലേയും ടൗൺ പ്ലാനിങ് ഇന്നും ചരിത്രകാരൻമാരേയും ആർക്കിയോളജിസ്റ്റുകളേയും അത്ഭുതപെടുത്തുന്ന ഒന്നാണ്. 5000 വർഷങ്ങൾക്ക് മുമ്പുള്ള സിന്ധു നദീ തട നാഗരികതയിൽ പോലും നല്ല ടൗൺ പ്ലാനിങ് ദൃശ്യമായിരുന്നു എന്ന് ചരിത്രകാരൻമാർ പറയുന്നത് നമ്മൾ ഇന്ന് ഗൗരവമായി എടുക്കണം.

നമ്മൾ 5000 വർഷങ്ങൾ ടൗൺ പ്ലാനിങ്ങിൻറ്റെ കാര്യത്തിൽ പുറകിലാണെന്നുള്ളത് തിരിച്ചറിയേണ്ട കാലം കൂടിയാണിത്. 5000 വർഷങ്ങൾ കഴിഞ്ഞിഞ്ഞിട്ട് ഇന്ത്യയിൽ ഇന്നും നല്ലൊരു ‘ടൗൺ പ്ലാനിങ് സിസ്റ്റം’ ഉണ്ടോ? ഇല്ലെന്ന് വേണം പറയാൻ. ടൗൺ പ്ലാനിങ് ഉണ്ടായിരുന്ന മോഹൻജദാരോയിലെ കുളി സ്ഥലത്തെ കുറിച്ചു ചരിത്ര കാരനായ ഡി. ഡി. കൊസാംബി പടം വരച്ചു തന്നെ വിശദീകരിക്കുന്നുണ്ട്. പക്ഷെ ഇന്നും ഇന്ത്യയിൽ 5000 വർഷങ്ങൾക്കു മുമ്പ് മോഹൻജദാരോയി ൽ നടപ്പിലാക്കിയത് പോലുള്ള പോലുള്ള ടൗൺ പ്ലാനിങ് ഇല്ല. ആകെ ചണ്ഡിഗർ മാത്രമാണ് ആധുനിക ടൗൺ പ്ലാനിങ് ഉള്ള ഇന്ത്യയിലെ ഒരേ ഒരു നഗരം. ഫലമോ? നമ്മുടെ നഗരങ്ങൾ മാലിന്യ കൂമ്പാരങ്ങളായി മാറുന്നു. ട്രാഫിക് ബ്ലോക്കും, റോഡപകടങ്ങളും ഇന്ത്യൻ നഗരങ്ങളിൽ സ്ഥിരം സംഭവങ്ങളാണ്. ജലവും, വായുവും ഇന്ത്യൻ നഗരങ്ങളിൽ അത്യന്തം മലിനപ്പെട്ടിരിക്കുന്നു. കൊതുകും, പാറ്റയും, എലിയും, ഈച്ചയും അവയുണ്ടാക്കുന്ന രോഗങ്ങളും ഇന്ത്യൻ നഗരങ്ങളുടെ എല്ലാം തന്നെ മുഖ മുദ്രയായി മാറി കഴിഞ്ഞിട്ട് കാലമേറെയായി. ലോകത്ത് ഏറ്റവും കൂടുതൽ എഞ്ചിനീയർമാരെ സൃഷ്ടിക്കുന്ന നമ്മുടെ രാജ്യത്തിന് ഒട്ടുമേ അഭിമാനിക്കാവുന്ന ഒരു വസ്തുതയല്ല ഇത്.