വേലുത്തമ്പിദളവയും ബ്രിട്ടീഷുകാരും: നിങ്ങളറിയാത്ത ചില രഹസ്യങ്ങള്‍

0
734

Velu_thampi_dalava

രചന: സുനില്‍ എം എസ്, മൂത്തകുന്നം

ബ്രിട്ടീഷുകാരോടു പോരാടിയ വേലുത്തമ്പി ദളവയെ ദേശഭക്തനായാണു നാം കണക്കാക്കാറ്. പക്ഷേ, ഒരു കാലത്തു ദളവ ബ്രിട്ടീഷുകാരുമായി ഭായീഭായീ ആയിരുന്നു! അന്നത്തെ മഹാരാജാവ് അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ ചെറുപ്പമായിരുന്നതുകൊണ്ട് അധികാരം കയ്യാളിയിരുന്നതു ദളവയായിരുന്നു. തിരുവിതാംകൂര്‍ ദളവയായി ഭരമേറ്റ് കുറച്ചു കൊല്ലം കഴിഞ്ഞപ്പോള്‍ ദളവയുടെ കാര്‍ക്കശ്യം സഹിയ്ക്കാനാകാതെ തിരുവിതാംകൂര്‍ സൈന്യത്തിലെ ഒരു വിഭാഗം ദളവയ്‌ക്കെതിരെ ലഹള നടത്തി. സ്വന്തം സൈന്യത്തിനെതിരേ സഹായം തേടി ദളവ ഓടിച്ചെന്നത് ബ്രിട്ടീഷ് റെസിഡന്റിന്റെ അടുത്തേയ്ക്കാണ്. ദളവയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച്, റെസിഡന്റ് ബ്രിട്ടീഷ് സൈന്യത്തെ ദളവയുടെ സഹായത്തിനായി നിയോഗിച്ചു. ദളവ സ്വദേശീയരുടെ ലഹള വിദേശീയരുടെ സഹായമുപയോഗിച്ച് അടിച്ചമര്‍ത്തി. ബ്രിട്ടീഷുകാരുമായി അങ്ങനെ വളരെ ചങ്ങാത്തത്തിലായിത്തീര്‍ന്നിരുന്നു, വേലുത്തമ്പി ദളവ.

വേലുത്തമ്പി ദളവ ദളവയാകുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂറിനെ ആക്രമിച്ചിരുന്നു. ടിപ്പുവിന് അന്തിമവിജയം നേടാനാകാതെ മടങ്ങിപ്പോകേണ്ടിവന്നത് തിരുവിതാംകൂറിനു ബ്രിട്ടീഷുകാരുടെ സംരക്ഷണം ലഭിച്ചതുകൊണ്ടായിരുന്നു. യുദ്ധമെല്ലാം കഴിഞ്ഞപ്പോള്‍, തങ്ങള്‍ നല്‍കിയിരുന്ന സംരക്ഷണത്തിനു ബ്രിട്ടീഷുകാര്‍ തിരുവിതാംകൂറിനോടു പണമാവശ്യപ്പെട്ടിരുന്നു. തിരുവിതാംകൂറതു കൊടുത്തിരുന്നില്ല. വേലുത്തമ്പി ദളവയായിത്തീരുകയും, ദളവ ബ്രിട്ടീഷുകാരുടെ സഹായം സ്വീകരിച്ച് ഉറ്റ ചങ്ങാതിയാകുകയും ചെയ്തപ്പോള്‍, പണത്തിന്റെ കാര്യം ബ്രിട്ടീഷുകാര്‍ ഓര്‍മ്മിപ്പിച്ചു. വേലുത്തമ്പി ദളവയ്ക്കത് ഇഷ്ടപ്പെട്ടില്ല.

അതിനിടയില്‍ കൊച്ചീദിവാനായിരുന്ന (അക്കാലത്തെ ദളവയും ദിവാനും പ്രധാനമന്ത്രിയുമൊക്കെ ഫലത്തില്‍ ഒന്നു തന്നെ) പാലിയത്തച്ചന്‍ ഗോവിന്ദന്‍ മേനോനും ബ്രിട്ടീഷുകാരോടു നീരസപ്പെട്ടിരുന്നു. തികച്ചും വ്യക്തിപരമായിരുന്നു പാലിയത്തച്ചന്റെ നീരസത്തിനു കാരണം: കുഞ്ഞിക്കൃഷ്ണമേനോന്‍ എന്നൊരു വിദ്വാനു ബ്രിട്ടീഷുകാര്‍ ആയിടെ അഭയം നല്‍കിയിരുന്നു. കുഞ്ഞിക്കൃഷ്ണമേനോന്‍ പാലിയത്തച്ചന്റെ ബദ്ധശത്രുവായിരുന്നു. തന്റെ ശത്രുവിന് അഭയം കൊടുത്ത ബ്രിട്ടീഷുകാരോടു പാലിയത്തച്ചനു നീരസം തോന്നിയതില്‍ അതിശയമില്ലല്ലോ.

ശത്രുവിന്റെ ശത്രു മിത്രം: ബ്രിട്ടീഷുകാര്‍ വേലുത്തമ്പി ദളവയുടേയും പാലിയത്തച്ചന്റേയും ശത്രുവായിത്തീര്‍ന്നപ്പോള്‍, ദളവയും അച്ചനും കൈകോര്‍ത്ത്, ബ്രിട്ടീഷുകാര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ശക്തന്‍ തമ്പുരാന്റെ പിന്‍ഗാമിയായ രാമവര്‍മ്മയായിരുന്നു അന്നത്തെ കൊച്ചീരാജാവ്. അധികാരം കയ്യാളിയിരുന്നതു ദിവാനായിരുന്ന പാലിയത്തച്ചനായിരുന്നിരിയ്ക്കണം. കാരണം, അദ്ദേഹമാണു ബ്രിട്ടീഷുകാര്‍ക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തിയത്. ബ്രിട്ടീഷുകാര്‍ പാലിയത്തച്ചനെ പരാജയപ്പെടുത്തിയെന്നു മാത്രമല്ല, അദ്ദേഹത്തെ ആദ്യം മദ്രാസിലേയ്ക്കും പിന്നീടു കാശിയിലേയ്ക്കും നാടുകടത്തുകയും ചെയ്തു.

വേലുത്തമ്പി ദളവയുടെ സൈന്യവും ബ്രിട്ടീഷുകാരോടേറ്റുമുട്ടി പരാജയപ്പെട്ടു. ദളവ ഓടിപ്പോയി. ബ്രിട്ടീഷുകാരോടു ദളവ നടത്തിയ യുദ്ധത്തില്‍ മഹാരാജാവ് അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ ദളവയെ പിന്തുണച്ചിരുന്നില്ല. കാര്യം വിചിത്രമാണ്, പക്ഷേ സത്യവുമാണ്. ദളവ പരാജയപ്പെട്ടോടിയപ്പോള്‍ മഹാരാജാവിന് ആശ്വാസം തോന്നിയിരിയ്ക്കണം; അദ്ദേഹം ദളവയുടെ ബദ്ധശത്രുവായിരുന്ന ഒരാളെ പ്രധാനമന്ത്രിയായി ഉടന്‍ നിയമിച്ചു. ദളവയല്ലാതായിത്തീര്‍ന്ന വേലുത്തമ്പി ഗറില്ലായുദ്ധം നടത്താന്‍ ശ്രമം നടത്തിയെങ്കിലും, ബ്രിട്ടീഷ് പിന്തുണയോടെയെത്തിയ തിരുവിതാംകൂര്‍ സൈന്യത്തിന്റെ പിടിയിലകപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ആത്മഹത്യ ചെയ്തു.

വൈചിത്ര്യം നോക്കണേ: സ്വന്തം സൈന്യത്തിന്റെ ലഹള അടിച്ചമര്‍ത്താന്‍ വേണ്ടി ബ്രിട്ടീഷുകാരുടെ സഹായം അഭ്യര്‍ത്ഥിയ്ക്കാന്‍ വേലുത്തമ്പി ദളവയ്ക്കു യാതൊരു മനസ്സാക്ഷിക്കുത്തുമില്ലായിരുന്നു. വാളെടുത്തവന്‍ വാളാലേ എന്നു പറഞ്ഞതു പോലെ, ദളവ തിരുവിതാംകൂര്‍ മഹാരാജാവിനെതിരേ ലഹള നടത്തിയപ്പോള്‍ ദളവയെ കീഴ്‌പെടുത്താന്‍ മഹാരാജാവും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ബ്രിട്ടീഷുകാരുടെ സഹായം സ്വീകരിച്ചു. സ്വന്തം നാട്ടുകാരെ അടിച്ചമര്‍ത്താന്‍ നാട്ടുരാജാക്കന്മാര്‍ വിദേശശക്തികളുടെ സഹായം തേടുന്നതു തിരുവിതാംകൂറിലും കൊച്ചിയിലും മാത്രമല്ല, ഇന്ത്യയിലൊട്ടാകെ പതിവായിരുന്നു. നേരേ മറിച്ച്, വിദേശീയര്‍ക്കെതിരേ നാട്ടുകാരൊന്നിച്ചു നിന്നിരുന്നെങ്കില്‍ ഇവിടെ വിദേശശക്തികള്‍ ശക്തി പ്രാപിയ്ക്കുമായിരുന്നില്ല.