വേലുത്തമ്പി വീരനായകനോ വില്ലനോ?

1155

വേലുത്തമ്പി വീരനായകനോ വില്ലനോ?

ഹരിദാസ് ബാലകൃഷ്ണന്‍

കേരളചരിത്രത്തില്‍ എന്നല്ല ലോകചരിത്രത്തില്‍ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരികളിലൊരാളാണ് വേലുത്തമ്പി ദളവ. ഒരു മനുഷ്യജീവിയുടെ (കൃഷ്ണപിള്ള) ഇരുകാലുകളിലും ചങ്ങലയിട്ട് ബന്ധിച്ച് രണ്ടു കൊമ്പനാനകളെ കൊണ്ട് ഇരുവശത്തു നിന്നും വലിച്ചു കീറി അയാളെ കൊന്ന ഒരു ഭരണാധികാരി ലോകചരിത്രത്തില്‍ എവിടെയെങ്കിലും കാണാന്‍ കഴിയുമോ? തന്റെ ഈ പ്രവൃത്തിയിലൂടെ സാക്ഷാല്‍ ഹിറ്റലറേയും കടത്തിവെട്ടി വേലുത്തമ്പി. പക്ഷേ ആ വേലുത്തമ്പി നമുക്കിന്ന് രാജ്യസ്‌നേഹിയും ദേശാഭിമാനിയും ധീരരക്തസാക്ഷിയും എല്ലാമാണ്. അതാണ് ചരിത്രകാരന്മാരുടെ മിടുക്ക്. കേവലം ജാത്യാഭിമാനം തലക്കു പിടിച്ച ചരിത്രകാരന്മാര്‍ വേലുത്തമ്പിയെ വിശുദ്ധനാക്കി. അങ്ങനെ ദേശം തന്നെ രാജാവിനെക്കൊണ്ട് ബ്രിട്ടീഷുകാര്‍ക്ക് അടിയറ വയ്പിച്ച വേലുത്തമ്പി ദേശാഭിമാനിയായി.
ഒരു ഇടപ്രഭുവില്‍ നിന്നും തിരുവിതാംകൂറിലെ ദിവാന്‍ പദവിയിലേക്ക് എത്തുന്നതിനു വേണ്ടിയുള്ള കരുനീക്കങ്ങള്‍ വേലുത്തമ്പി നേരത്തേതന്നെ തുടങ്ങിയിരുന്നു. ഇതിനെക്കുറിച്ച് തിരുവിതാംകൂര്‍ ചരിത്രമെഴുതിയ പി. ശങ്കുണ്ണി മേനോന്‍ എഴുതിയിരിക്കുന്നത് നോക്കുക. മുളകുമടിശ്ശീല സര്‍വ്വാധികാര്യക്കാരായി ഇത്രയും കാലം ജോലി ചെയ്തു കൊണ്ടിരുന്ന വേലുത്തമ്പി പ്രധാനമന്ത്രി ആവുക എന്ന ചിരകാല അഭിലാഷം നിറവേറ്റുവാന്‍ ആര്‍ത്തിയോടു കൂടി സന്ദര്‍ഭവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. തന്റെ ആഗ്രഹസാഫല്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ അദ്ദേഹം ആരായുവാന്‍ തുടങ്ങുകയും ചെയ്തിരുന്നു. സ്ഥാനമോഹിയായിരുന്ന ഇദ്ദേഹത്തിന് മഹാരാജാവിന്റെ ഉപദേഷ്ടാക്കളെയെല്ലാം സ്വാധീനിക്കാന്‍ സാധിച്ചു.
ഇക്കാലത്ത് അതായത് കൊല്ലവര്‍ഷം 976 (1801) കാലത്ത് കൊട്ടാര ഉദ്യോഗസ്ഥന്മാരില്‍ പ്രധാനികള്‍ സമ്പ്രതി കുഞ്ഞുനീലന്‍ പിള്ള, വലിയ മേലെഴുത്ത് മുത്തുപിള്ള, സേനാപതി സുബ്ബയ്യന്‍ എന്നിവരായിരുന്നു. ഇവര്‍ക്കൊക്കെ പുറമേ രാജാവിന്റെ ഇഷ്ടക്കാരായിരുന്ന ഒരുപറ്റം തമ്പിമാരും ഉണ്ടായിരുന്നു. അവരെല്ലാം തന്നെ വേലുത്തമ്പിയുടെ സഹായികളായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ അരമനയിലെ ഉദ്യോഗ കയറ്റകാര്യങ്ങളില്‍ ഇതിനു മുമ്പു അവഗണിക്കപ്പെട്ടവരായി രണ്ട് പ്രധാന ഉദ്യോഗസ്ഥന്മാര്‍ ഉണ്ടായിരുന്നു. ദിവംഗതനായ രാജാ കേശവദാസിന്റെ അനന്തിരവനായ ഇരയിമ്മനും ഇളയ സഹോദരനായ തമ്പി ചെമ്പകരാമന്‍ കുമാരനും ആയിരുന്നു അവര്‍. കേശവദാസന്റെ ബന്ധുക്കളെന്ന നിലയില്‍ ഇവര്‍ ഇരുവര്‍ക്കും മദ്രാസിലും ബോംബെയിലും നിരവധി ഇംഗ്ലീഷ് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇവര്‍ രണ്ടുപേരും അവരുടെ സുഹൃത്തുക്കളുമായി നിരന്തരം കത്തിടപാടുകള്‍ നടത്തിക്കൊണ്ടിരുന്നു. ഇക്കാര്യം വേലുത്തമ്പിക്കും കുഞ്ഞുനീലന്‍ പിള്ളക്കും അറിവുള്ളതായിരുന്നു.
പ്രധാനമന്ത്രി പദത്തിന് ഇവരെ അയോഗ്യരാക്കുവാന്‍ ഉന്നം വച്ചുകൊണ്ട് ഇവര്‍ക്കെതിരായി ഗൂഢാലോചനകള്‍ തകൃതിയായി സംഘടിക്കപ്പെട്ടു. കുഞ്ഞുനീലന്‍ പിള്ള ചില കള്ളകണക്കുകള്‍ ഉണ്ടാക്കി. പഴയ ദിവാന്‍ നാടുനീങ്ങിയ രാജാവിന്റെ സമ്മതമില്ലാതെ ലക്ഷക്കണക്കിന് പണം സ്വന്തം ആവശ്യത്തിനായി ദുര്‍വിനിയോഗം ചെയ്‌തെന്നു വരുത്തി. ദിവാന്റെ ബന്ധുക്കളായിരുന്ന ഇവരോട് ഈ പണം തിരിച്ചടക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അതിനെ എതിര്‍ത്തു. കൊട്ടാരത്തില്‍ ആകപ്പാടെ കുറേ അസുഖകരമായ അന്തരീക്ഷമായി. ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുവാനായി അവര്‍ തങ്ങളുടെ ഇംഗ്ലീഷ് സുഹൃത്തുക്കളുമായി കത്തിടപാടുകള്‍ നടത്തുകയും ചെയ്തു. ഇതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് കുഞ്ഞുനീലന്‍ പിള്ളയും കൂട്ടരും കൂടി മഹാരാജാവിനെ ധരിപ്പിച്ചു. സൈന്യാധിപനായും പേഷ്‌ക്കാരായും ജോലി നോക്കിയിരുന്ന ഇവര്‍ രണ്ടു പേരും മഹാരാജാവിനും രാജ്യത്തിനും എതിരായും മദ്രാസിലേയും ബോംബെയിലും ഇംഗ്ലീഷുകാരുമായി ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നതിന്റെ വ്യക്തവും വിശ്വസനീയവുമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും താമസംവിനാ അവര്‍ ഇത് നടപ്പാക്കുമെന്നും ആയിരുന്നു അവര്‍ രാജാവിനെ അറിയിച്ചത്. ഇവര്‍ പറയുന്നതിന്റെ തെളിവിനായി മുന്‍പറഞ്ഞ ഉദ്യോഗസ്ഥന്മാര്‍ എഴുതിയതെന്നു വിശ്വസിക്കത്തക്ക രൂപത്തില്‍ മദ്രാസ് ഗവര്‍ണ്ണര്‍ക്കും കര്‍ണാടക നവാബിനുമുള്ള ഓരോ കള്ളക്കത്തുകള്‍ ഇവര്‍ തയ്യാറാക്കി, രാജാവിനെ കാണിക്കുകയും ചെയ്തു. സ്വതവേ ഭീരുവും കേട്ടമാത്രയില്‍ എന്തും വിശ്വസിക്കുന്നയാളും ആയിരുന്ന രാജാവ് ആകപ്പാടെ വിഭ്രാന്തി പൂണ്ടു. സര്‍വ്വാധികാര്യക്കാരായ വേലുത്തമ്പിയോട് ഇതിന്റെ സത്യസ്ഥിതി ആരാഞ്ഞപ്പോള്‍ അദ്ദേഹവും ഇപ്പറഞ്ഞ കാര്യങ്ങള്‍ സ്ഥിതീകരിച്ചു. യഥാര്‍ത്ഥത്തില്‍ വേലുത്തമ്പിതന്നെയാണ് ഇതിന്റെയൊക്കെ ചുക്കാന്‍ പിടിച്ചിരുന്നത് എന്ന് ചരിത്ര രേഖകള്‍ പറഞ്ഞു തരുന്നു.
പി. ശങ്കുണ്ണി മേനോന്‍ തുടരുന്നു. ഇതേത്തുടര്‍ന്ന് ജനറലിനേയും, പേഷ്‌ക്കാരേയും ദ്വിഭാഷിയായിരുന്ന പത്മനാഭപിള്ളയേയും, വഴികലമ്പാട്ട് നീലംപിള്ള എന്നയാളെയും രാജദ്രോഹക്കുറ്റം ചുമത്തി ബന്ധനസ്ഥനാക്കി ഉടനടി വേലുത്തമ്പിയെ വലിയസര്‍വ്വാധികാരിയായി നിയമിച്ചു. രാജാകേശവദാസിനെ അനുകരിച്ച് പുതിയ ദിവാനും തന്റെ ഔദ്യോഗിക പ്രവര്‍ത്തനം ആലപ്പുഴയില്‍ വച്ചാണ് ആരംഭിച്ചത്. വലിയ സര്‍വ്വാധികാരിയക്കാര്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു കഴിഞ്ഞ് ഈ രണ്ടു ഉദ്യോഗസ്ഥന്മാരെയും വധിക്കുവാനുള്ള കല്‍പ്പന മഹാരാജാവ് ഒപ്പുവക്കുകയുണ്ടായി.
ഒരു രാത്രിയില്‍ ആരുമാരുമറിയാതെ നിശ്ശബ്ദമായി ഇവരെ പാറാവുകാര്‍ കടപ്പുറത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് അവരെ മൃഗീയമായി ശിരച്ഛേദം ചെയ്യുകയാണുണ്ടായത്.
വ്യസനകരവും പൈശാചികവുമായ ഈ വാര്‍ത്ത ജനങ്ങള്‍ അടുത്ത ദിവസം പ്രഭാതത്തിലാണ് മനസ്സിലാക്കുന്നത്. സൈനികരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരെയും പൊതുജനങ്ങളേയും ഈ വാര്‍ത്ത വല്ലാതെ അരിശം കൊള്ളിച്ചു. അപായകരമായ ഒരു കലാപത്തിന്റെ നാന്ദികളൊക്കെ പ്രകടമായിരുന്നു. എന്നാല്‍ സംമ്പാതിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും മഹാരാജാവിന്റെ പേര് പ്രയോജനകരമാം വണ്ണം പലപ്പോഴും ഉപയോഗപ്പെടുത്തി. ഈ വധിക്കപ്പെട്ടവര്‍ ഇംഗ്ലീഷുകാരുമായി ഗൂഢാലോചന നടത്തി രാജാവിനെ നീക്കം ചെയ്ത് രാജ്യം ഇംഗ്ലീഷ് കമ്പനിക്ക് അടിയറ വക്കാന്‍ ഒരുങ്ങി എന്ന് ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച് സമാധാനപ്പെടുത്തുകയുണ്ടായി. മാത്രമല്ല രാജാവിനെ കൊല്ലുവാന്‍ കൂടി ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് പ്രചരിപ്പിച്ചു. ദ്വിഭാഷി പത്മനാഭപിള്ളയേയും അദ്ദേഹത്തിന്റെ സുഹൃത്ത് നീലംപിള്ളയേയും തടവില്‍ നിന്നും മാവേലിക്കരക്ക് കൊണ്ടുപോയി. അഞ്ചുതെങ്ങിലുണ്ടായിരുന്ന പാലത്തില്‍ നിന്നും വെള്ളത്തില്‍ ചാടി നീലംപിള്ള ആത്മഹത്യ ചെയ്തു. അങ്ങനെ അപമാനകരമായ മരണത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടു. പത്മനാഭപിള്ളയെ മാവേലിക്കര കൊണ്ടുപോയി കൊലപ്പെടുത്തി. കോട്ടയുടെ കിഴക്കേ ഗോപുരത്തില്‍ വെച്ചാണ് അദ്ദേഹത്തെ കൊന്നത്.
മനുസ്മൃതിയില്‍ അപാര പാണ്ഡിത്ത്യം ഉണ്ടായിരുന്ന വേലുത്തമ്പി അതനുസരിച്ചാണ് നീതി നടത്തിയതെന്ന് ശങ്കുണ്ണി മേനോന്‍ പറയുന്നു. തുടര്‍ന്ന് അങ്ങോട്ട് മേനോന്‍ ക്രൂരനായ വേലുത്തമ്പിയെ വെള്ളപൂശുന്നതാണ് കാണുന്നത്.
കൊല്ലവര്‍ഷം 975 ല്‍ (1800) തിരുവിതാംകൂര്‍ റസിഡന്റായി കേണല്‍ മെക്കാളെ നിയമിതനായി. പ്രശസ്തനായ ദിവാന്‍ രാജാ കേശവദാസിന്റെ മരണത്തിനു ശേഷം ദിവാനായ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന നാടിനെ കരകയറ്റുന്നതിനു വേണ്ടി പൊതുസംഭാവന പിരിക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ച് പാവപ്പെട്ടവരേയും ഇടനിലക്കാരെയും ഒഴിവാക്കി നാട്ടിലെ പ്രമാണിമാരുടെ ലിസ്റ്റ് എടുത്തു. അക്കൂട്ടത്തില്‍ വേലുത്തമ്പിയേയും കൊട്ടാരത്തില്‍ വിളിച്ചു വരുത്തി. മൂവായിരം രൂപ (ഇരുപതിനായിരം കാലിപ്പണം) നല്‍കുവാന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശിക്ഷക്ക് വിധേയനാകണമെന്നും കല്‍പ്പിച്ചു. എന്നാല്‍ കൗശലക്കാരനായ വേലുത്തമ്പി പണം കൊണ്ടുവന്നിട്ടില്ലെന്നും മൂന്നു ദിവസത്തിനകം തരാമെന്നും പറഞ്ഞു. തുടര്‍ന്ന് വിട്ടയക്കപ്പെട്ട തമ്പി തിരുവിതാംകൂറില്‍ ഒരു കലാപം നടത്തുന്നതിന് കോപ്പുകൂട്ടുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ പണം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് വേലുത്തമ്പിയുടെ ദേശസ്‌നേഹം തിളച്ചുപൊങ്ങാന്‍ തുടങ്ങിയത്. കൂടാതെ ഇതൊരു അവസരമാക്കി രാജാവിനെതിരെ കലാപത്തിന് നേതൃത്വം കൊടുത്ത തമ്പി തന്റെ ദിവാന്‍ പദവി അതിന് ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്നുള്ള നാടകീയ രംഗങ്ങള്‍ക്കു ശേഷം തമ്പി തിരുവിതാംകൂറിലെ ദിവാനാവുകയും ചെയ്തു. പക്ഷേ ഇതിന് രാജാവ് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. 1805 ജനുവരി 12 ല്‍ ഒരു പുതിയ കരാര്‍ ഉടമ്പടിയില്‍ അഥവാ സന്ധിയില്‍ ഒപ്പു വച്ചു. ഇതിന് ഗവര്‍ണര്‍ ജനറലായ വെലസ്ലി പ്രഭുവിനും തിരുവിതാംകൂര്‍ റസിഡന്റായ കേണല്‍ മെക്കാളെക്കും അകമഴിഞ്ഞ് സഹായിച്ചതാകട്ടെ വേലുത്തമ്പിയും. യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ വേലുത്തമ്പി ബ്രിട്ടീഷുകാര്‍ക്ക് തീറെഴുതുകയായിരുന്നു. രാജ്യം ഭരിച്ചിരുന്നത് ദുര്‍ബലനായ രാജാവായത് കാര്യങ്ങള്‍ എളുപ്പമാക്കി.
1805 ജനുവരി 12 ലെ ഉടമ്പടിയിലെ അഞ്ചാം ഖണ്ഡിക പ്രകാരം തിരുവിതാംകൂര്‍ രാജ്യത്തെ മുഴുക്കയോ ആവശ്യമായ ജില്ലകളേയോ കമ്പനിയുടെ നേരിട്ടുള്ള ഭരണത്തില്‍ കൊണ്ടുവരാനും ഗവര്‍ണര്‍ ജനറലിന് പരിപൂര്‍ണ്ണമായ സ്വാതന്ത്ര്യവും അധികാരവും ഉണ്ടായിരിക്കുന്നതാണ്. കമ്പനിക്ക് നല്‍കേണ്ട പണം സമാധാനകാലത്തായാലും യുദ്ധകാലത്തായാലും മുടക്കു വരുത്തിയാല്‍ നികുതി കാര്യക്ഷമമായി പിരിക്കുന്നതിന് ഇത്തരം ഏര്‍പ്പാടുകള്‍ ചെയ്യുവാന്‍ ഗവര്‍ണ്ണര്‍ ജനറലിന് അവകാശം ഉണ്ടായിരിക്കും. കൂടാതെ ടി ഉടമ്പടിയുടെ ഒന്‍പതാം ഖണ്ഡിക പ്രകാരം രാജ്യത്തെ സാമ്പത്തിക അഭിവൃദ്ധിക്കു വേണ്ടിയും നികുതികള്‍ സുഗമമായി പിരിക്കുന്നതിനും നീതിന്യായം നടപ്പാക്കുന്നതിനും വാണിജ്യവികസനം കച്ചവടം, കൃഷി, വ്യവസായം തുടങ്ങിയ ഇരുരാജ്യങ്ങളുടെയും രാജാവിന്റെയും ജനങ്ങളുടെയും ഐശ്വര്യത്തിന് ഉതകുന്നതുമായ എല്ലാ കാര്യങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടിയും കമ്പനി അധികാരികള്‍ യുക്തമെന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ നല്‍കുന്ന ഉപദേശങ്ങളും, നിര്‍ദ്ദേശങ്ങളും മഹാരാജാവ് അനുസരിച്ചുകൊള്ളണമെന്നും ഇതിനാല്‍ സമ്മതിച്ചിരിക്കുന്നു. ചുരുക്കത്തില്‍ തിരുവിതാംകൂര്‍ ബ്രിട്ടീഷുകാര്‍ക്ക് അടിയറ വക്കുകയാണ് വേലുത്തമ്പി ചെയ്തത്.
തിരുവിതാംകൂറില്‍ ഭരണം നടത്തിക്കൊണ്ടിരുന്ന തമ്പി അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം കപ്പപ്പണം കുടിശ്ശികയായിരുന്നു. അതിനു പരിഹാരമെന്നോണം ഭരണച്ചെലവ് ചുരുക്കി പണമുണ്ടാക്കാമെന്നു വിചാരിച്ച് കുറേ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് കരുതിയ തമ്പി ആദ്യം ചെയ്തത് നായര്‍ പട്ടാളത്തിന്റെ അലവന്‍സ് നിര്‍ത്തലാക്കലായിരിന്നു. അതിന് റസിഡന്റിന്റെ പൂര്‍ണ്ണ പിന്തുണ തമ്പിക്കുണ്ടായിരുന്നു. ഇത് സൈനികരുടെ ഇടയില്‍ അതൃപ്തിക്ക് കാരണമായി. നായര്‍ പട്ടാള ഉദ്യോഗസ്ഥര്‍ തടവിലാക്കപ്പെട്ടിരുന്ന എല്ലാ ആളുകളെയും തുറന്നുവിടുകയും, നായര്‍ പട്ടാളം താവളം വിട്ട് പോവുകയും ചെയ്തു. ദളവയുടെ ക്രൂരകൃത്യങ്ങള്‍ കണ്ടുമടുത്ത ജനങ്ങളും ദളവയുടെ ശത്രുക്കളും ഈ അവസരം മുതലെടുത്ത് കലാപക്കാരികളോടൊപ്പം കൂടി. തിരുവനന്തപുരത്തെത്തിയ കലാപക്കാരികള്‍ക്ക് എല്ലാസഹായങ്ങളും ചെയ്തുകൊടുത്തു. അപ്പോള്‍ ദിവാന്‍ ആലപ്പുഴയിലായിരുന്നു. ആലപ്പുഴയിലും നായര്‍ പടയാളികളും വേലുത്തമ്പിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയതിനാല്‍ വേലുത്തമ്പി കൊച്ചിയിലേക്ക് പലായനം ചെയ്തു. അവിടെയുണ്ടായിരുന്ന റസിഡന്റുമായി കൂടിയാലോചന നടത്തി. റസിഡന്റ് തിരുനെല്‍വേലിയില്‍ നിന്ന് കമ്പനി പട്ടാളത്തെ തിരുവനന്തപുരത്തേക്ക് വിളിക്കാന്‍ കല്പന നല്‍കി. ഇതിനിടയില്‍ ദളവ കര്‍ണ്ണാടക പട്ടാളക്കാരെയും സംഘടിപ്പിച്ചു, കൂടാതെ കൊല്ലത്തുണ്ടായിരുന്ന കമ്പനി പട്ടാളത്തോട് തിരുവനന്തപുരത്ത് മാര്‍ച്ച് നടത്താനുള്ള കല്‍പ്പനയും വേലുത്തമ്പി സമ്പാദിച്ചു. അവസാനം ബ്രിട്ടീഷ് പട്ടാളത്തെ ഉപയോഗിച്ച് തമ്പി കലാപത്തെ അടിച്ചമര്‍ത്തി. വളരെപ്പേരെ തടവിലാക്കുകയും, അനവധിയാളുകളെ തൂക്കിക്കൊല്ലുകയും ചെയ്തു. എന്നിട്ടും അരിശം തീരാതെ പലരെയും വെടിവെച്ചുകൊന്നു. കലാപകാരികളിലൊരാള്‍ക്ക് അതിക്രൂരമായ മരണം നേരിടേണ്ടി വന്നു. തിരുവിതാംകൂര്‍ ചരിത്രമെഴുതിയ പി.ശങ്കുണ്ണി മേനോന്റെ വാക്കുകള്‍ നോക്കുക;
~~”ഒരാള്‍ക്ക് ഏറ്റവും ക്രൂരമായ മരണം നേരിടേണ്ടി വന്നു. അയാളെ രണ്ടാനകളുടെ കാലുകളിലായി ബന്ധിച്ച് അവയെ ഓടിച്ച് അല്‍പ്പസമയത്തിനുള്ളില്‍ ആ ഹതഭാഗ്യന്‍ രണ്ടായി കീറിയ നിലയിലായി.” എന്തൊരു ക്രൂരതയാണ് തമ്പി തന്റെ നാട്ടുകാരായ നായര്‍ യുവാക്കളോട് ചെയ്തത്. കൃഷ്ണപ്പിള്ള എന്നയാളാണ് ഇങ്ങനെ ക്രൂരമായി കൊല്ലപ്പെട്ടത്. വേലുത്തമ്പിയുടെ ശിക്ഷാരീതികളെക്കുറിച്ച് വി.നാഗം അയ്യ തിരുവിതാംകൂര്‍ മാനുവലില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; ” ‘ഒശ െഎമ്ീൗൃമലേ ാീറല െീള ുൗിശവൊലി േംലൃല ശാുൃശീെിാലി,േ രീിളശലെമശേീി ീഴ ുൃീുലൃ്യേ, ുൗയഹശര ളഹീഴഴശിഴ, രൗേേശിഴ ീളള വേല ുമഹാ ീള വേല വമിറ, വേല ലമൃ െീൃ വേല ിീലെ ശാുമഹലാലി േീൃ രൃൗരശള്യശിഴ ുലീുഹല യ്യ റൃശ്ശിഴ റീംി ിമശഹ െീി വേലശൃ രവലേെ െീേ ൃേലല െമിറ ൗെരവ ഹശസല ീേീ മയയീൃൃലി േീേ ൃലരീൃറ വലൃല.”
ആദ്യം നായര്‍ പട്ടാളത്തിന്റെ അലവന്‍സ് നിര്‍ത്തലാക്കിയ തമ്പി ഒരു നായരെത്തന്നെ ചിത്രവഥം നടത്തി വധിച്ചിട്ടും പട്ടംതാണുപിള്ളയ്ക്കും കൂട്ടര്‍ക്കും വേലുത്തമ്പി ധീരദേശാഭിമാനി. ജാത്യാഭിമാനം പോകുന്ന പോക്ക് നോക്കുക. ഇതിനെക്കാളും രസകരമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സാംസ്‌കാരിക മന്ത്രിയുടെ വേലുത്തമ്പി ഭക്തി. തമ്പിഭക്തനായ ബേബിയാകട്ടെ, വേലുത്തമ്പിയുടെ കുപ്രസിദ്ധമായ വാളും കൊണ്ട് നാടുനീളെ നടന്നു. അതിന് ഏറാന്‍ മൂളാന്‍ കുറേ സാംസ്‌കാരിക നായകന്മാരും അതും ഖജനാവിലെ നികുതിപ്പണമെടുത്ത് ധൂര്‍ത്തടിച്ചുകൊണ്ട് കണ്ടില്ലേ; കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലും തമ്പി ഭക്തി അലയടിച്ചുയരുന്നത്.
പക്ഷേ അയ്യപ്പന്റെ കാര്യം വന്നപ്പോള്‍ ഈ സാംസ്‌കാരിക നായകമാര്‍ തന്നെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് എതിരായി സവര്‍ണ ലഹളയും നടത്തി. ജാതിഭക്തന്മാരെക്കൊണ്ട് കേരളം ഭ്രാന്തലായമായി മാറി.
വേലുത്തമ്പിയും കുരുമുളക് കച്ചവടവും
തിരുവിതാംകൂറിന്റെ മുളക് മടിശ്ശീലക്കാരനായ തമ്പിക്ക് കുതന്ത്രത്തില്‍ മാത്രമല്ല, കുരുമുളക് കച്ചവടത്തിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. ക്വാളിന്‍ മെക്കാളയുടെ ഡെസ്യുലേറ്ററി നോട്ട്‌സ് അതിനുതെളിവാണ്. രാജാവറിയാതെ തമ്പി ബ്രിട്ടീഷുകാരുമായി നേരിട്ട് കച്ചവടം നടത്തി പണമുണ്ടാക്കി.നോക്കണേ, സെക്രട്ടറിയേറ്റിനുള്ളില്‍ ഒരു ബാലേ വേഷധാരിയായി ഇരിക്കാനുള്ള എല്ലായോഗ്യതകളും തമ്പി നേരത്തെ തന്നെ നേടി എന്നത് ഒരത്ഭുതം തന്നെ. സെക്രട്ടറിയേറ്റ് പണിക്കഴിപ്പിച്ച രാമറാവുപുറത്തും, തമ്പി അകത്തും, ദേശാഭിമാനം കൊണ്ട് എന്റെ ഓരോ രോമകൂപവും എഴുന്നേറ്റുനില്‍ക്കുന്നത് കണ്ടോ. തിരുവിതാംകൂറിന് രാമറാവ് ചെയ്തതിന് ഒരംശം പോലും വേലുത്തമ്പി ചെയ്തിട്ടില്ല. തന്റെ സ്വന്തം താല്‍പ്പര്യം മാത്രമേ തമ്പിക്ക് എന്നും ഉണ്ടായിരുന്നുള്ളൂ. പക്ഷേ തമ്പി തന്റെ ജീവിതത്തിന്റെ തിരക്കഥ ബുദ്ധിപൂര്‍വ്വം മാറ്റിയെഴുതി. അതില്‍ കുണ്ടറ വിളംബരവും അവസാനം തന്റെ ആത്മഹത്യയും തമ്പി സമര്‍ത്ഥമായി ഉപയോഗിച്ചു. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ തമ്പിയെ ചിത്രവധം ചെയ്തുകൊല്ലുമോയെന്ന് ഭയന്നാണ് തമ്പി ആത്മഹത്യ ചെയ്തത്. അല്ലാതെ ദേശാഭിമാനം തിളച്ചുപൊങ്ങിയിട്ടല്ല. പക്ഷേ പ്രധാനമന്ത്രിയായിരുന്ന പട്ടംതാണുപിള്ളയടക്കമുള്ള പ്രമാണിമാര്‍ തമ്പിയെ ചരിത്രപുരുഷനാക്കി, ദേശാഭിമാനിയാക്കി.തീര്‍ന്നില്ല സെക്രട്ടറിയേറ്റിനുള്ളിലെ ജാതിഭക്തന്മാരുടെയും കേരളത്തിലെ സവര്‍ണ്ണചരിത്രകാരുന്മാരുടെയും നിര്‍ലോഭമായ പിന്തുണ തമ്പി എന്ന വില്ലനെ, പ്രതിനായകനെ തിരുവിതാംകൂര്‍ ചരിത്രത്തിലെ വീരനായകനാക്കി.ജാതിഭക്തനായ സ്വദേശാഭിമാനി രാമകൃഷ്ണന്‍ പിള്ളയെ ചിലരൊക്കെ ചേര്‍ന്ന് വിപ്ലവകാരിയാക്കിയതുപോലെ യഥാര്‍ത്ഥത്തില്‍ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയെക്കാള്‍ ക്രൂരനായിരുന്നു വേലുത്തമ്പി. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി മലബാറുകാരനായിരുന്നു എന്നതാണ് അദ്ദേഹത്തോടുള്ള പകയ്ക്കും, വിദ്വേഷത്തിനും കാരണമായിട്ടുള്ളതെന്ന് ചില രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനിടയില്‍ മെക്കാളയോട് പിണങ്ങിയ തമ്പി രാജാവിനെ വെച്ച് വേറൊരു കളി കളിച്ചു. ക്ഷേത്രങ്ങളില്‍ കുരിശ്ശും, കൊടിയും കെട്ടിച്ച് ഹിന്ദുമതം അപകടത്തിലെന്നു പറഞ്ഞ് ആള്‍ക്കാരെ ഇളക്കി. അയ്യപ്പന്‍ അപകടത്തിലെന്ന് പറഞ്ഞ് ബി.ജെ.പി.യും കോണ്‍ഗ്രസും ജനങ്ങളെ ഇളക്കിയതുപോലെയൊരു കളി. കണ്ടോ ചരിത്രം വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. തമ്പി ചില്ലറക്കാരനല്ലായെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായി വരുന്നു. പക്ഷേ. ഇങ്ങനെയൊരു തമ്പിയെ കേരള ചരിത്രത്തില്‍ പരതിയാല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അതാണ് ജാതി ഇഫക്ട്. രാമന്‍ ഇഫക്ടിനെക്കാളും ശക്തി അതിനുണ്ട്.
ശ്രീ. പി.കെ. ബാലകൃഷ്ണന്റെ ഒരു വീരപുളകത്തിന്റെ പിന്നിലെ കഥ എന്ന ലേഖനത്തിലെ ഏതാനും ഖണ്ഡികയില്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കട്ടെ. ”നവോത്ഥാനം എന്നുവെച്ചാല്‍ ശവകുടീരം തോണ്ടലാണോ, ആണെന്ന് തോന്നും. നമ്മുടെ നവോത്ഥാന കര്‍ത്താക്കളുടെ പടപ്പുറപ്പാട് കണ്ടാല്‍. പണ്ടത്തെ ആദര്‍ശങ്ങളുടെയും, ആദര്‍ശ നായകന്മാരുടെയും അസ്ഥികൂടങ്ങള്‍ പെറുക്കിക്കൂട്ടി ഒന്നു പുന:സംഘടിപ്പിക്കുകയേ വേണ്ടൂ, നാം നവോത്ഥാനം കൊള്ളുകയായി. റിനൈസന്‍സ്സും, ‘റിവൈവലിസ്സവും’ രണ്ടും രണ്ടാണെന്ന് നമ്മുടെ നായന്മാര്‍ക്കിനിയും മനസ്സിലായിട്ടില്ല. മനസ്സിലാവുന്ന സമ്പ്രദായവും കാണുന്നില്ല. സാമൂഹിക ബന്ധമില്ലാതെയുള്ള കുറേ ചരിത്രപാഠങ്ങളും പെറുക്കി അവര്‍ ചുമ്മാ പുളകം കൊള്ളുകയാണിന്നും. ഈ പുളകത്തിന്റെ കാര്യത്തില്‍ യാതൊരു കക്ഷി വ്യത്യാസവും കാണുന്നില്ല നമ്മുടെ കേരളത്തില്‍ എന്നുള്ളതാണ് പ്രത്യേകത. രാഷ്ട്രത്തിന്റെ പേരില്‍ കടിച്ചുകീറുന്നവര്‍ ചരിത്രത്തിന്റെ മണ്ഡലത്തില്‍ വരുമ്പോള്‍ ഒന്നാണ്. അവര്‍ ഒന്നിച്ച് പുളകം കൊള്ളുന്നു. ഒരുപോലെ തനതു സ്വാധീനവലയങ്ങളില്‍ പുളകം പ്രചരിപ്പിക്കുകയും ചെയ്യുന്നു. സാമൂഹ്യബന്ധമില്ലാത്ത ചരിത്രമുണ്ടോ? സംസ്‌കാരമുണ്ടോ? ഉണ്ടെന്നു സമ്മതിക്കണം. നാം ഇന്ന് അംഗീകരിക്കുന്ന ചരിത്രവീക്ഷണവും സംസ്‌കാര ഭാഷ്യവും നിലനില്‍ക്കണമെങ്കില്‍ തീര്‍ന്നില്ല. പി.കെ. ബാലകൃഷ്ണന്‍ തുടരുന്നു.
”കേരളത്തിലെ സാമൂഹ്യ ഘടന ദ്രവിച്ച് ചീഞ്ഞ് അഴുത്തു- സനാതന ഹിന്ദു സാമൂഹ്യഘടനയും രാഷ്ട്രീയവും ഒരുപോലെ നാടിനെ നശിപ്പിച്ച ആ അഴുത്ത ധര്‍മ്മത്തിന്റെ കാവല്‍ഭടന്മാരാണ് ധീരന്മാരുടെ ഭാവത്തില്‍, ദേശ പ്രേമികളുടെ ഭാവത്തില്‍ അങ്ങോട്ടൊരു നാല് ശതാബ്ദത്തിലുള്ള നമ്മുടെ പിന്‍ചരിത്രത്തില്‍ നാം കാണുന്നത്. കാലം ചെന്ന ഒരു നികൃഷ്ട ഘടനയുടെ മാപ്പുസാക്ഷികള്‍! പി.കെ. യുടെ നിരീക്ഷണം എത്ര ശരിയാണ്. വേലുത്തമ്പിയെക്കുറിച്ച് പി.കെ.യുടെ നിരീക്ഷണം കൂടി കാണുക. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു നാടു കൊള്ളയടിക്കുന്നതും ആബാലവൃദ്ധം ജനങ്ങളെ കൊന്നൊടുക്കുന്നതുമായിരുന്നില്ല വേലുത്തമ്പിക്ക് സര്‍വ്വ പ്രധാനം; ബ്രാഹ്മണ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതായിരുന്നു. ഇതൊക്കെയാണ് നമ്മുടെ യഥാര്‍ത്ഥ ചരിത്രമെന്നിരിക്കെ ജാത്യാഭിമാനം വേലുത്തമ്പിയെയും, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയും ധീരദേശാഭിമാനികളും വിപ്ലവകാരികളുമാക്കിയും തീര്‍ത്തത് എത്ര ലജ്ജാകരമാണ് നമ്മുടെ ചരിത്രകാരന്മാരുടെ നുണപ്രചാരണം.
ഇനി ആരൊക്കെയാണ് ചരിത്രപുരുഷന്മാര്‍ ആകുന്നതെന്ന് കണ്ടറിയണം. പക്ഷേ ഒന്നുണ്ട്. സ്വര്‍ണ്ണപാത്രം കൊണ്ട് മൂടിവെച്ചാലും സത്യം ഒരുനാള്‍ പുറത്തുവരും.
തിരുവിതാംകൂര്‍ ചരിത്രം : പി.ശങ്കുണ്ണി മേനോന്‍
കൊച്ചിന്‍ സ്റ്റേറ്റ് മാന്വല്‍ : എ.അച്യുത മേനോന്‍
നാഗം അയ്യ : ട്രാവന്‍കൂര്‍ മാന്വല്‍
ഡെസ്യുലേറ്ററി നോട്ട്‌സ് : ക്വാളിന്‍ മെക്കോളോ
ഡെല്യപലേറ്ററി നോട്ട്‌സ് അയച്ചുതന്ന രാമചന്ദ്രന്‍ സാറിന് നന്ദി.