വിശ്വാസങ്ങൾ സ്വകാര്യമാകണം അതിനെ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്, തെരുവുകൾ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾക്കാകണം
Venu Gopal
ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ സിക്കുകാരനോ ദളിതനോ സവര്‍ണ്ണനോ അവര്‍ണ്ണനോ ആരുടേയും ശത്രുവല്ല. ഈ ഇനങ്ങളിലെ ഉപവിഭാഗങ്ങളും പരസ്പരം ശത്രുക്കളാണെന്ന് ജനങ്ങള്‍ കരുതുകയും വേണ്ട. അതെ സമയം ഈ വക സാധനങ്ങള്‍ തന്റെ സ്വകാര്യതാത്പര്യങ്ങളില്‍ നിന്നും ഉപരിയായി സാമൂഹ്യമായി, പൊതുവായി ഒരിടത്തേക്ക് കൊണ്ടുവരുമ്പോള്‍ തീര്‍ച്ചയായും മറ്റുള്ളവര്‍ക്ക് ആലോരസമുണ്ടാക്കുകയും ചെയ്യുമെന്നത് ഉറപ്പായ കാര്യം. അതുകൊണ്ട് വിശ്വാസം ആചാരം എന്നിവ ഓരോരുത്തരുടെയും സ്വകാര്യമായ കാര്യം എന്ന നിലയിലോ അത് നിങ്ങളും ദൈവവുമായുള്ള സ്വകാര്യ സംഭാഷണം എന്ന നിലയിലോ ഒതുക്കി നിര്‍ത്തിയാല്‍ മതി.
ഇത്തരം വിശ്വാസങ്ങള്‍ ഉപയോഗിച്ച് യാതൊരു രാഷ്ട്രീയ നീക്കുപോക്കുകളും നേട്ടങ്ങളും നടത്താന്‍ ശ്രമിക്കാതിരിക്കുക. അത് മറ്റുള്ളവരില്‍ പ്രകോപനം സൃഷ്ടിക്കുമെന്നത് തീര്‍ച്ച. മനുഷ്യനെന്ന നിലയില്‍, ഏവരുടെയും സാമൂഹ്യ ജീവിതവും കുടുംബ ജീവിതവും ഒന്നെന്ന നിലയില്‍ ഏവരുടെയും ലഭ്യതയും അവസരങ്ങളും കെടുത്താതിരിക്കുക, കെടുത്തുന്ന നിലയിലേക്ക് പോകാതിരിക്കുക, കെടുത്തുന്ന വ്യവസ്ഥക്കെതിരെ ശബ്ദിക്കുകയും കഴിയാവുന്നത്ര പ്രവര്‍ത്തിക്കുകയും ചെയ്യുക. വിദ്യാഭ്യാസം നേടാനും ആരോഗ്യ പരിരക്ഷ, ഭക്ഷ്യ ലഭ്യത, കുടിവെള്ളം സാമൂഹ്യ സുരക്ഷ, തൊഴില്‍ എന്നിങ്ങനെ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ നടത്തിയെടുക്കാനുള്ള കൂട്ടായ്മകള്‍ നേരത്തെ പറഞ്ഞ വിശ്വാസങ്ങള്‍ക്കും മറ്റും അതീതമായി പ്രവര്‍ത്തിക്കുക. അവിടെ യാതൊരു തരത്തിലുമുള്ള വിഭാഗീയ വിദ്വേഷ പ്രകടനങ്ങളോ വാക്കുകളോ കൊണ്ടുവരാന്‍ ശ്രമിക്കരുത്.
സാമൂഹ്യ ജീവിതത്തെ താറുമാറാക്കുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങളെ കുറിച്ച് മനസ്സിലാക്കുക. ഏതൊരു രാജ്യത്തിലെയും ജനങ്ങളുടെ ജീവിതത്തിലെ സര്‍വ്വ മേഖലകളിലും ദുരിതങ്ങളും ദുരന്തങ്ങളും വരുത്തിവെക്കുന്നത് അതാതു രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ നയങ്ങളാണ്. അവിടെ ജാതിക്കോ മതത്തിനോ വിശ്വാസങ്ങള്‍ക്കോ ദൈവത്തിനുപോലുമോ സ്ഥാനമില്ല. ഉദാഹരണം നോട്ടു നിരോധനവും പൗരത്വ ബില്ലുകളും അതുപോലുള്ള അനേകമനേകം ജനവിരുദ്ധ നയങ്ങളും പരിശോധിച്ച് നോക്കുക. അത് ഏവരുടെയും ജീവിതത്തെ കൂടുതല്‍ കൂടുതല്‍ ദുരിതങ്ങളില്‍ തള്ളിവിടുന്ന ഒന്നാണ്. അത് ദൈവം വിചാരിക്കുന്നതോ വിധിയോ തലയിലെഴുത്തോ ഒന്നുമല്ല. മറിച്ചു മനുഷ്യന് സൃഷ്ട്ടിക്കുന്നതാണ് എന്ന തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരങ്ങളിലും തട്ടി നില്‍ക്കരുത്. മനുഷ്യനെന്ന വാക്ക് അവിടെ ഉപയോഗിക്കുമ്പോള്‍ മനുഷ്യന് നാളിതുവരെ നേടിയെടുത്ത സാമൂഹ്യ വളര്‍ച്ചയെ തള്ളിക്കളയുന്നതിനു തുല്യമാകും. മറിച്ച് ഇത് കൃത്യമായും നിലവിലെ സാമ്പത്തിക രാഷ്ട്രീയ കുത്തകകളുടെ, അവരുടെ താത്പര്യങ്ങളുടെ സൃഷ്ട്ടിയാണെ ന്നുള്ള കൃത്യമായ ധാരണയും മനസ്സിലാക്കലും ഉണ്ടായിരിക്കണം.
നിങ്ങള്‍ മതങ്ങളും ജാതിയും മറ്റു വിഭാഗീയതകളും വിശ്വാസങ്ങളും മറ്റും പൊതു ഇടങ്ങളിലേക്ക് ഇത്തരം അവസ്ഥയില്‍ വാക്കുകൊണ്ടോ പ്രവര്‍ത്തനം കൊണ്ടോ കൊണ്ടുവരും തോറും പരസ്പരം തമ്മില്‍ തല്ലാനെ നേരം കാണൂ.നിലവിലെ വ്യവസ്ഥക്കെതിരെ പോരാടാനും സാമൂഹ്യ സുരക്ഷ, പൊതു ജീവിതം പുതിയൊരു തലങ്ങളിലേക്ക് കൊണ്ടുവരാനുള്ള കൂട്ടായ പ്രവര്‍ത്തങ്ങളില്‍ നിരവൃതരാവുക.