തൊഴില്‍ സൃഷ്ടിക്കുമെന്ന സര്‍ക്കാരുകളുടെ വാദം വഞ്ചനയായി മാത്രം കണ്ടാല്‍ മതി, അത് മോദിയല്ല ആര് വിചാരിച്ചാലും ഈ വ്യവസ്ഥയിൽ സാധിക്കില്ല

0
114

Venu Gopal

തൊഴില്‍ സൃഷ്ടിക്കുമെന്ന സര്‍ക്കാരുകളുടെ വാദം വഞ്ചനയായി മാത്രം കണ്ടാല്‍ മതി. മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ആധുനിക കാപ്പിറ്റലിസ്റ്റ് വ്യവസ്ഥയ്ക്ക് കഴിയില്ല. അത് മോദിയല്ല ആര് വിചാരിച്ചാലും ഈ വ്യവസ്ഥയിൽ സാധിക്കില്ല. അങ്ങിനെയൊരു സ്വപ്നം കാണുന്നത് അബദ്ധമായിരിക്കും.

കാപിറ്റലിസ്റ്റ് വ്യവസ്ഥ എല്ലാത്തിനേയും വെടക്കാക്കുകയും തനിക്കാക്കി മാറ്റുകയോ തന്റേതായ ലാഭങ്ങൾക്കുള്ള വഴിയൊരുക്കി വെടക്കാക്കുകയോ ചെയ്യുമെന്നത് അനവധിയായ പൊതുമേഖലകളിലൂടെയും സ്വകാര്യ മല്ലന്മാർ തമ്മിൽ തമ്മിലുള്ള വടംവലിമൂലവും തെളിയിക്കപ്പെട്ട വസ്തുതകളാണ്. അതിന്റെ ഉദാഹരണമാണ് എല്ലാ പൊതുമേഖലകളും തകർന്നടിയുന്നത്, എല്ലാ പൊതുമേഖലകളും വിറ്റഴിക്കുന്നത്, എല്ലാ പൊതുസ്രോതസ്സുകളും സ്വകാര്യ ലാഭങ്ങൾക്കുവേണ്ടി തീറെഴുതികൊടുക്കുന്നത്.

കണ്ണായ സ്ഥലങ്ങളും കമ്പനികളും വൻലാഭം ലഭിക്കുന്ന എണ്ണപ്പാടങ്ങളും എണ്ണക്കമ്പനികളും… അതും കൂടാതെ സ്വകാര്യ മല്ലന്മാർ തമ്മിൽ തമ്മിലുള്ള മത്സരം മൂലമാണ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരുപതോളം ഫോൺ കമ്പനികൾ പൂട്ടേണ്ടി വന്നത്… അതിൽ റ്റാറ്റാ ഡോക്കോമയും പെടുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് അതിന്റെ ആഴം മനസ്സിലാക്കാൻ സാധിക്കുക.

പിന്നെയും ബാക്കിയുള്ള സേവനമേഖലകളിൽ നിയമനം നടത്താതെയും ഇരുന്നാൽ അത്രയും പണം സ്വകാര്യ വ്യക്തികൾക്കു വേണ്ടുന്ന അടിസ്ഥാന നിർമ്മാണങ്ങളുടെയോ മറ്റു അനുകൂല സാഹചര്യങ്ങൾ ഒരുക്കാൻ വേണ്ടുന്ന നടപടികൾക്കോ സമ്പത് ഒഴുക്കാനും സാധിക്കുമെന്നതുകൊണ്ടാണ് നിയമനങ്ങൾ നടക്കാതെയും നടത്താതെയും പോകുന്നത്. അല്ലാതെ ഉദ്യോഗസ്ഥരോ മന്ത്രിമാരോ മണ്ടന്മാരായതുകൊണ്ടല്ല. അവർ അതിനുള്ള വകയിരുത്തില്ല. വകയിരുത്താൻ അവരുടെ പദ്ധതികൾ അവരെ അനുവദിക്കില്ല. അപ്പോൾ പിന്നെ നിയമനങ്ങൾ നടക്കാതെ പോകും.. നിയമനങ്ങൾ നടക്കാതെ വന്നാൽ സ്വാഭാവികമായും അടിസ്ഥാന ആവശ്യങ്ങൾ പോലും നടത്തിയെടുക്കാൻ സാധിക്കാതെ ലക്ഷങ്ങൾ തെണ്ടേണ്ടി വരുന്ന അവസ്ഥ ഇനിയും മനാസ്സിലാക്കേണ്ടി വരില്ല.

അത്രയും പ്രതിസന്ധിയിലാണ് ഇന്ന് ജനങ്ങൾ. അതിനിടെ അടിക്കടിയുണ്ടാകുന്ന വിലകയറ്റങ്ങളും കൂടിയായാൽ എന്തുചെയ്യും? ആ സമൂഹം സാംസ്കാരികമായും അധപ്പതിക്കാൻ അധികം നേരം വേണ്ടി വരില്ല. വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ജീവിതമെങ്കിൽ, നിലനിൽപ്പെങ്കിൽ വരുമാനമില്ലാത്തയാൾ എല്ലാത്തരം രണ്ടാം തരം ഇടപാടുകളിലേക്കും സമൂഹം അറിയാതെ തന്നെ നീങ്ങുകയും അധപ്പതനങ്ങൾ വെച്ചടി വെച്ചടി വർദ്ധിക്കുകയും ചെയ്യും.

ഇത്രയും രൂക്ഷമായ പ്രതിസന്ധികൾ നിറയുമ്പോൾ ജനങ്ങൾ പൊട്ടിത്തെറിക്കാതിരിക്കില്ല. ആ പൊട്ടിത്തെറിയെ വഴിമാറ്റി വിടാൻ ഇന്ത്യയിലെ ഏക ഉപകരണമാണ് ജാതിയും മതവും അതിന്മേലുള്ള മാന്തലുകളും.. ജനങ്ങൾ പിന്നെ അതിനുപിന്നാലെ പായുകയും ചെയ്യും. അത്രയും ബോധമില്ലാത്തവരായ ഒരുകൂട്ടം ജനങ്ങളായി മാറുകയും ചെയ്യാം.
എല്ലാവരെയും വിഭാഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയോ മറ്റൊരു വിഭാഗം ജനങ്ങളാണ് അവസരങ്ങൾ തട്ടിപ്പറിക്കുന്നതെന്നോ പ്രചരിപ്പിക്കാനുള്ള നീക്കങ്ങളുടെ രാഷ്ട്രീയം വളരാനും വളർത്താനുമുള്ള പ്രചാരം വർദ്ധപ്പിക്കുകയും അതിലൂടെ ഭരണകൂട വ്യവസ്ഥ രക്ഷപ്പെടുകയും ചെയ്യും.

സവർണ്ണ അവർണ്ണ ഹിന്ദു മുസ്‌ലിം എന്നൊക്കെ പറഞ്ഞുള്ള രാഷ്ട്രീയത്തിനും അങ്കം കുറിക്കലും സമൃദ്ധമായി വളരുകയും വളർത്തുകയും ചെയ്യും.
നിയമനങ്ങൾ നടക്കാതാകുമ്പോൾ പിന്നെ സംവരണത്തിന് പോലും പ്രസക്തിയില്ലാതാകും.

എല്ലാവര്ക്കും വിദ്യാഭ്യാസം നൽകാൻ സാധിക്കുന്ന, എല്ലാവര്ക്കും തൊഴിൽ നൽകാൻ സാധിക്കുന്ന ഒരു സാമൂഹ്യ ക്രമത്തിനുവേണ്ടി പരിശ്രമിക്കുകയാണെങ്കിൽ ഈ തരത്തിൽ മനുഷ്യൻ ഒരേ സമൂഹത്തിലുരുന്നു പരസ്പരം മത്സരിക്കില്ല. ജാതിയുടെയോ മതത്തിന്റെയോ മറ്റു ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതയെ കുറിച്ചോ മത്സരിക്കുകയോ വിദ്വേഷങ്ങൾ വളരാനുള്ള വഴികളോ വളരില്ല. ഇന്ന് ഉള്ള സംവരണം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തൊഴിൽ മേഖലയിലായാലും വിദ്യാഭ്യാസ മേഖലയിലായാലും ശരി. അങിനെ വരുമ്പോൾ സംവരണത്തിന് തന്നെ സാദ്ധ്യതകൾ കുറഞ്ഞുകുറഞ്ഞു വരികയാണ്. അത്തരമൊരു സാഹചര്യത്തിൽ തൊഴിൽ ലഭിക്കാത്തവർ, വിദ്യാഭ്യാസം നേടാൻ സാധിക്കാത്തവർ തന്റെ അവസരങ്ങൾ മറ്റുള്ളവർ തട്ടിയെടുക്കുന്നെന്ന ചിന്ത വളരും. കാരണം ഓരോ മനുഷ്യനും തന്റെ ഭാവിയെ പ്രതി ഇന്ന് ആശങ്കാകുലരാണ്. ഒരു മനുഷ്യൻ അവന്റെ സമൂഹത്തിൽ നിലനിൽക്കാൻ ആഗ്രഹിക്കാതിരിക്കില്ല. അതേതു വിഭാഗവുമായിക്കൊള്ളട്ടെ. ആഗ്രഹങ്ങളും താത്പര്യങ്ങളും സ്നേഹവും പരിഗണനയുമെല്ലാം ആഗ്രഹിക്കുന്ന ജീവിയാണ് മനുഷ്യൻ. മനുഷ്യ പ്രകൃതം തന്നെ അതാണ്. മനുഷ്യനെന്ന സ്പീഷീസ് ബീയിങ് അങ്ങിനെയാണ്. അതിലൂടെയാണ് മനുഷ്യന്റെ സാമൂഹ്യ വീക്ഷണത്തിന്റെ സംഭാവനകൾ വളരാനും വളർത്താനുമുള്ള വഴികൾ തുറക്കുന്നത്. അതേസമയം അവിടെ വിഭാഗീയമായുള്ള ഏതൊരു ചലനവും തുടർന്നവനെ കൂടുതൽ കൂടുതൽ വിഭാഗീയനാക്കി മാറ്റുകയേയുള്ളൂ. അത് സാമ്പത്തികമായ അർത്ഥത്തിലായാലും ശരി. അതുകൊണ്ടും കൂടിയാണ് ഇന്ന് ഏവരും തികച്ചും ഭാഗ്യാന്വേഷികളായി മാറുന്നത്.. സാസംകാരികമായി തകർന്നു കൊണ്ടിരിക്കുന്നത്. എല്ലാവര്ക്കും വിദ്യാഭ്യാസം, ആരോഗ്യപരിചരണം തൊഴിൽ എന്നതിലേക്ക് മുദ്രാവാക്യങ്ങൾ ഉയരേണ്ടതാണ്. കൂടുതൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കാനുള്ള വിധത്തിൽ ഉത്പാദനവും വിതരണവും മാറണം.