ശാന്തിയും സമാധാനവും സ്വസ്ഥതയും ബിജെപിയെ തുരത്തുന്നതിലൂടെ ലഭിക്കുമെന്ന് ഇന്ത്യൻ രാഷ്ട്രീയാനുഭവത്തിൽ ജനങ്ങൾക്ക് തോന്നിയിട്ടുണ്ടാകുമെന്നത് തീർച്ച

121

Venu Gopal

വിദ്വേഷത്തിന്റെയും, പകയുടെയും, അക്രമത്തിന്റെയും , ജാതീയതയുടെയും, വർഗ്ഗീയതയുടെയുമെല്ലാം രാഷ്ട്രീയം വളരുന്നത് ഏതെങ്കിലും ഒന്നോ രണ്ടോ നേതാക്കൾ വിചാരിക്കുന്നതുകൊണ്ടല്ല. മറിച്ച് ജനങ്ങളിൽ വലിയൊരു വിഭാഗത്തിലെ സാമൂഹ്യമായ രാഷ്ട്രീയമായ, സാംസ്കാരികവും ചരിത്രപരവുമായ മനസ്സിലാക്കലുകളിലെ കുറവുകൾ വർദ്ധിക്കുന്നതുകൊണ്ടുണ്ടാകുന്ന നിലവാര തകർച്ചകൾ കൊണ്ടാണ്. ആ നിലവാര തകർച്ചയാണ് ഇത്തരം രാഷ്ട്രീയങ്ങളെ വളർത്തുന്നത്.

ജനങ്ങളിൽ വലിയൊരു വിഭാഗവും ശാന്തിയും സമാധാനവും സ്വസ്ഥമായൊരു ജീവിതവും ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള, നിലനിൽപ്പ് ഭദ്രമാകാനുള്ള വഴികൾ ജീവിതത്തിൽ ഇല്ലാതാകുമ്പോഴും മാനാഭിമാനം നഷ്ട്ടപ്പെടുന്ന അവസ്ഥ വളരുകയും ചെയ്യുമ്പോഴും ചെറുതും വലുതുമായും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലോ മറ്റുള്ളവരുടെ അവസരങ്ങൾ നഷ്ട്ടപ്പെടുത്തിയോ തട്ടിപ്പറിച്ചോ സ്വന്തം നിലനിൽപ്പ് ഭദ്രമാക്കാനുള്ള പ്രവണത വളരും. സാമൂഹ്യമായ വിതരണം ഭദ്രമല്ലെങ്കിൽ ഈ സ്വകാര്യ ലാഭേച്ഛയും കൈകടത്തലുകളും വർദ്ധിച്ചുകൊണ്ടേയിരിക്കും. ഈ പ്രവണത ഉണ്ടാകാനുള്ള കാരണം നമ്മുടെ ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട ഇക്കോണമി തന്നെയാണ് കാരണം. ആ എക്കോണമിയാകട്ടെ ആര്, ഏതു സ്വഭാവത്താൽ നിയന്ത്രിക്കുന്നു എന്നതിനസുകാരിച്ചിരിക്കും ഏതൊരു സമൂഹത്തിന്റെയും സാംസ്കാരികമായ വീക്ഷണങ്ങളിലെയും സമീപനങ്ങളിലെയും ഏറ്റക്കുറച്ചിലുകൾ.

ദില്ലി തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ആഗ്രഹിക്കുന്ന ശാന്തിയും സമാധാനവും സ്വസ്ഥതയും ബിജെപിയെ തുരത്തുന്നതിലൂടെ ലഭിക്കുമെന്ന് സ്വാഭാവികമായും പ്രതീക്ഷിക്കാനുള്ള കാരണവും ഇന്ത്യൻ രാഷ്ട്രീയാനുഭവത്തിൽ ജനങ്ങൾക്ക് തോന്നിയിട്ടുണ്ടാകുമെന്നത് തീർച്ച. അത്തരത്തിലായിരുന്നു ആ സംഘബലത്തിന്റെ ജനദ്രോഹ, സാമൂഹ്യദ്രോഹ നടപടികൾ. അപ്പോൾ പോലും ഇക്കോണമി ഭദ്രമല്ലെങ്കിൽ, ജനാധിപത്യം അതിന്റെ ഭദ്രമായ വഴികളിലൂടെ സഞ്ചരിക്കാൻ സാധ്യതയില്ലാത്ത ഉത്പാദന വിതരണ സമ്പ്രദായം നിലനിൽക്കുന്നുവെങ്കിൽ, അതാണ് സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയം നിയന്ത്രിക്കുന്നതെങ്കിൽ ബിജെപിക്ക് പകരമായി ആ തത്തുല്യഭീഷണി എന്നുമെന്നും നിലനിൽക്കുകയും ജനാധിപത്യം അതിന്റെ ശരിയായ വഴികളിലൂടെ സഞ്ചരിക്കേണ്ടുന്ന വഴികൾ വളരാനുള്ള വിദ്യാഭ്യാസം, സാംസ്കാരിക വളർച്ച, മാനാഭിമാനം, പരസ്പര വിശ്വാസം എന്നിവ ഉണ്ടാകണമെന്നില്ല.