ജനങ്ങൾ സമരങ്ങളെ വെറുത്ത ഒരു സാഹചര്യത്തിൽ ഷാഹീൻബാഗ് പോലുള്ള സമരങ്ങൾ അതും സ്ത്രീകളുടെ നേതൃത്വത്തിൽ വളരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്, ചിലരെ അസ്വസ്ഥരാക്കുന്നുമുണ്ട്

0
114

Venu Gopal

ദില്ലി മരണ സംഖ്യ 13. ബിജെപി തങ്ങളുടെ അക്രമ രാഷ്ട്രീയം കൊണ്ട് അടിച്ചമർത്താനും സമരം ചെയ്യുന്നവരിൽ നിന്ന് അതേ രീതിയിൽ പ്രതികരണം ഉണ്ടാക്കുവാനും തുനിയുന്നുണ്ട്. തികച്ചും സമാധാനപരമായിട്ടാണ് ഇന്ത്യയില്‍ വിവിധ ഭാഗങ്ങളില്‍ ഷഹീന്‍ബാഗുകള്‍ ഉയര്‍ന്നത്. അതെങ്ങിനെ ഇത്രയും പെട്ടെന്നൊരു അക്രമത്തിലേക്ക് നീങ്ങിയത്? അത്തരമൊരു സമരമുറ അനാവശ്യമായിരുന്നു. അത് തീർച്ചയായും ഷഹീൻബാഗുകൾക്കെതിരെ ഒരു വികാരമുണ്ടാക്കാൻ ഭരണകൂടത്തിന് ഉപകരണമായി മാറിയേക്കാം. ഇപ്പോഴുണ്ടായ അക്രമങ്ങൾ പോലും കൃത്യമായും ഭരണകൂടത്തിന്റെ ഉത്തമ സഹചാരികൾ സൃഷ്ടിച്ചതാണെന്നുള്ള കാര്യം അവരുടെ പ്രസ്താവനകളിലൂടെ തെളിയിക്കപ്പെട്ടതാണ്.

അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ സർവ്വ ഒത്താശയും അക്രമം അഴിച്ചുവിടലും ഭരണകൂടത്തിൽ നിന്നും പ്രതീക്ഷിക്കാം. വ്യവസ്ഥിതിയുടെ സവിശേഷതകൊണ്ട് സ്വന്തം താത്പര്യങ്ങളിലും ഭാഗ്യാന്വേഷണങ്ങളിലും മാത്രം മാത്രം സംരക്ഷിക്കുന്ന ഒരു സമൂഹം മുഴുവനായും ഷാഹീൻബാഗ് സമരങ്ങളെ പിന്തുണയ്ക്കാനും വ്യവസ്ഥക്കെതിരെ പ്രതികരിച്ചു വരുവാനും ഇനിയും സമയമെടുക്കും.

ജനാധിപത്യ സമരങ്ങൾ ജനകീയ കമ്മറ്റികൾ രൂപീകരിച്ചു തുടങ്ങണം. ജനകീയ കമ്മറ്റികളുടെ ഘടനയില്ലാതെ സമരങ്ങൾ അധികനാൾ പിടിച്ചു നിൽക്കില്ല. കൂടാതെ അക്രമങ്ങൾക്കു വശംവദരാവുകയോ അക്രമികൾ നുഴഞ്ഞു കയറാനോ കാരണമാകാം. തികച്ചും ജനാധിപത്യപരമായ സമരം മാത്രമേ ആകാവൂ… യാതൊരു തരത്തിലും വിഭാഗീയതക്ക് വഴിമാറരുത്.. പിന്നോക്കമെന്നോ മുന്നോക്കമെന്നോ ഉള്ള വിഭാഗീയതപോലും അരുത്.

ജനങ്ങൾ സമരങ്ങളെ വെറുത്ത ഒരു സാഹചര്യത്തിൽ ഷാഹീൻബാഗ് പോലുള്ള സമരങ്ങൾ അതും സ്ത്രീകളുടെ നേതൃത്വത്തിൽ വളരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏവരെയും അസ്വസ്ഥരാക്കുന്നുമുണ്ട്. മുഖ്യധാരാ ഇടതു രാഷ്ട്രീയ വിപ്ലവത്തിന്റെ നെടുംകോട്ടകൾ എന്ന് നെഗളിക്കാറുള്ള ബംഗാളിൽ നിന്നോ കേരളത്തിൽ നിന്നോ അല്ല, അവിടെ വിപ്ലവങ്ങൾ സുഖമായി ഉണ്ടുറങ്ങുകയാണ്. പക്ഷെ ദില്ലിയിൽ നിന്നാണ് ഉയർന്നത്. അതേ ദില്ലിയിൽ ഏവരുടെയും വോട്ടുകൾ നേടി മോദിക്കെതിരെയുള്ള ജനവിരുദ്ധതയിലൂടെയും വിജയം നേടിയ ആം ആദ്‌മിയും സുഖമായി കേവലപ്രസ്താവനകളിൽ രമിക്കുകയാണ്. ആം ആദ്‌മിയും ഇത്തരം സമരങ്ങളെ ഭയപ്പെടുന്നുണ്ട്.എന്തിനധികം പറയുന്നു ഇടതുപക്ഷം പോലും ഭയപ്പെടുന്നുണ്ട്, അപ്പോൾ പിന്നെ ആം ആദ്‌മിയുടെ കാര്യം പറയാനുണ്ടോ?

പൊളിറ്റിക്കൽ പവർ, എക്കൊണോമിക്കൽ സെൻട്രലൈസേഷൻ, കൾച്ചറൽ ഡീഗ്രേയ്‌ഡ്‌, ഡക്കോയിറ്റി… തുടങ്ങി സർവ്വതും ഇവിടെ പ്രയോഗിക്കപ്പെടുന്നുണ്ട്. അമേരിക്കയിലിരുന്നു മോഡിക്കെതിരെ പ്രസ്താവന നടത്തിയിരുന്ന ട്രംപ് ഭരകൂടവും ഇന്ത്യയിലെ വ്യാവസായിക നേട്ടം കനത്ത ഷൂട്ടകേസുകളിൽ നിറച്ചപ്പോൾ നിറം മാറ്റി പ്രസ്താവനകൾ ഇറക്കിയത് ശ്രദ്ധിക്കേണ്ടതാണ്. പുരകത്തുമ്പോൾ വാഴവെട്ടുന്ന നീക്കങ്ങൾ എവിടെയും കാണാം. അതുകൊണ്ട് പുരകത്തിക്കുക എന്നതുതന്നെയാണ് ആവശ്യമായി ഈ ദ്രോഹികൾ ചിന്തിക്കുന്നത്.

ഇതെല്ലാം കൊണ്ടുതന്നെ ബജറ്റ് ചർച്ചകൾ ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കാതായി. അത്തരം സാഹചര്യം ഇല്ലാതാക്കി. സമരങ്ങൾ ജീവിതത്തിന്റെ നാനാവശങ്ങളെയും ബന്ധിപ്പിച്ചായിരിക്കണം മുന്നോട്ടുപോകേണ്ടത്.ജനങ്ങളുടെ ജീവിതവുമായി അത് പൂർണ്ണമായും ബന്ധപ്പെട്ടുനിൽക്കണം, അതിന്റെ പഠനങ്ങൾ ആ സമരങ്ങളിലൂടെ ചർച്ച ചെയ്യപ്പെടണം. ആ ചർച്ചകൾ നടക്കുന്നില്ലെങ്കിൽ സമരങ്ങൾ ജനങ്ങളുടെ ജീവിതവുമായി സംവദിക്കില്ല.