ഇന്ത്യൻ മുതലാളിത്തത്തിന്റെ കശാപ്പ് ഭരണം

146
Venu Gopal
ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ച തികച്ചും ഒരു ജീർണ്ണമായ അവസ്ഥയിൽ എത്തി നിൽക്കുകയാണ്. സാമ്പത്തികമായി വൻ തകർച്ചയിലും എത്തി നിൽക്കുന്നു. ലോക വിപണിയിലുള്ള മത്സരത്തിൽ മുന്നിട്ടു നിൽക്കാനുള്ള വെപ്രാളത്തിൽ മൂലധനം സമാഹരിക്കാൻ അവർ പെടാപാട് പെടുകയാണ്. ഓരോ ഇന്ത്യക്കാരനും വേണ്ടി അവർ ഉത്പാദിപ്പിച്ചുണ്ടാകുന്ന വസ്തുക്കളിൽ നിന്നുള്ള ലാഭം മാത്രം പോരാതെ വരും. ഓരോ ഇന്ത്യക്കാരനും കൊടുക്കുന്ന നികുതിപ്പണവും പൊതുസ്രോതസ്സുകളും അവർക്കു സർക്കാർ സ്ഥാപനങ്ങൾ വഴി നിസ്സാര തുകക്കും പലിശക്കും അവരുടെ മൂലധനമായി ലഭിക്കാനുള്ള തരത്തിൽ രാജ്യത്തെ നിയമങ്ങളെയും നയങ്ങളെയും മാറ്റിയെടുക്കേണ്ടി വരുന്നതുകൊണ്ട് അവരുടെ താത്പര്യത്തിനനുസരിച്ച് തിരഞ്ഞെടുപ്പും വോട്ടും പറഞ്ഞു വിജയിക്കാനുള്ള തരത്തിലേക്ക് സംഘടിപ്പിക്കേണ്ടി വരുന്നുണ്ട്. വിദ്യാഭ്യാസവും മാധ്യമ പ്രചാരണങ്ങളും അതിനനുസരിച്ച തരത്തിലായിരിക്കും സംഘടിപ്പിക്കുക. സംശയം വേണ്ട. രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ എല്ലാ ആശയങ്ങളും നിയമങ്ങളും മുതലാളിത്തം ഈ ഏജന്റുകൾ വഴിയായിരിക്കും നടത്തിയെടുക്കുക.
ജനങ്ങൾ ജനങ്ങളുടെ രാഷ്ട്രീയ നിലവാരമനുസരിച്ച് ജനാധിപത്യം മതേതരം എന്നൊക്കെയുള്ള വാക്കുകളിൽ വഴുതിവീണു വശംവദരായി ഏതെങ്കിലുമൊരു കശാപ്പുകാരന് തലവെച്ചുകൊടുക്കുകയും ചെയ്യും. ഇത്തരമൊരു അവസ്ഥയിൽ ജനങ്ങൾ ആരുടെയൊപ്പം നിൽക്കണം എന്ന തീർച്ചപ്പെടുത്തലും മുതലാളിത്തം നടത്തിയെടുക്കും. തങ്ങളുടെ കൈകളിൽ നിന്ന് ഭരണകൂടത്തിന്റെ നിയന്ത്രണം ഒരിക്കലും ജനങ്ങളുടെ പക്ഷത്തേക്ക് പോകാതിരിക്കാനുള്ള സർവ്വ പഴുതുകളും അടയ്ക്കുന്നതിലുള്ള തിരക്കിലുമായിരിക്കും മുതലാളിത്ത വിപണിയുടെ സ്റ്റീയറിങ് തിരിക്കുന്നവർ.
മുതലാളിത്തത്തിന്റെ, സ്വകാര്യ സാമ്പത്തിക നേട്ടങ്ങളുടെ താത്പര്യം ആര് സംരക്ഷിക്കാൻ മുന്നിലേക്ക് ജനങ്ങളെ വിശ്വസിപ്പിച്ചു മുന്നോട്ടു വരുന്നുവോ അവരായിരിക്കും അഥവാ അവർക്കായിരിക്കും സർവ്വ സഹായങ്ങളും ലഭിക്കുക. ഇത്രയും നാൾ അത് കോൺഗ്രസ്സിനായിരുന്നു താവഴിയായി ലഭിച്ചുകൊണ്ടിരുന്നതെങ്കിൽ ഇപ്പോഴത് ബിജെപിക്കായി ആ കാരണവർ സ്ഥാനം നൽകിയിട്ടുണ്ട്.
ഇനി ബിജെപിക്കു പകരം, അഥവാ ജനങ്ങൾ ബിജെപിയെ ബിജെപിയുടെ മാർക്കറ്റിങ് ശേഷിക്കുറവ് മൂലം എന്ന് ക്ഷീണം സംഭവിക്കുന്നുവോ അന്ന് തിരിച്ചു കോൺഗ്രസ്സായിരിക്കും, കോൺഗ്രസ്സിനെയായിരിക്കും അല്ലെങ്കിൽ അതുപോലുള്ള മറ്റൊന്നിനെയായിരിക്കും ഭരണത്തിലേക്ക് കൊണ്ടുവരിക.
ജനങ്ങൾ അപ്പോഴും ബിജെപിയോടുള്ള പക വീട്ടിയതിൽ സന്തോഷിച്ചിരിക്കുമ്പോഴും ഭരണത്തിൽ കയറുക മുതലാളിത്തത്തിന്റെ തൊട്ടടുത്ത സുഹൃത്തായിരിക്കും. ഒന്നുകിൽ കോൺഗ്രസ്സ് അല്ലെങ്കിൽ തങ്ങൾക്കുവേണ്ടി നിലകൊള്ളാൻ പ്രാപ്തനായ നേതാവുള്ള പുതിയതൊന്നിനെ ഉയർത്തികൊണ്ടുവരാം. ഭരണ രീതികൾ അപ്പോഴും ഏറിയും കുറഞ്ഞും ഇതുവരെയുള്ളതിന്റെ തുടർച്ച തന്നെയായിരിക്കും. ചില നിറങ്ങളിൽ മാത്രം മാറ്റം വരുത്തി മരുന്നുകൾ മുൻപുള്ളതുതന്നെ തയ്യാറാക്കിവെക്കും.