എഴുതിയത് : Venu Gopal

ഇന്ത്യൻ പ്രദേശത്തെ നൂറ്റാണ്ടുകൾക്കു മുൻപുള്ള ചില അറിവുകളിൽ ഊറ്റംകൊള്ളുന്നവരുണ്ട്. സകലതിനെയും അത്തരം അറിവുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെടുത്തി യാതൊരു ചരിത്രപരപരമായ സമീപനങ്ങളുമില്ലാതെ പൊയ്‌പ്പോയ കാലത്തെ മറ്റേതു കാലങ്ങളിലേക്കും ഉള്ള മഹനീയമായ അറിവുകളാക്കി എച്ചുചേർക്കാൻ കൊതിക്കുന്നവരുമുണ്ട്. ദയനീയമാണ് അത്തരം എച്ചുചേർക്കലുകൾ. അതും കൂടാതെ സാമൂഹ്യ മാറ്റം അനുസരിച്ചുള്ള രാഷ്ട്രീയ സാമ്പത്തിക രീതികൾ സാമൂഹ്യ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നുള്ള ധാരണ ഒരല്പം പോലും അവരിൽ വളർന്നുവികസിക്കുന്നുമില്ല. ശാസ്ത്രം എന്തെന്നോ ശാസ്ത്രീയ ധാരണകൾ എന്തെന്നോ അതിന്റെ പ്രയോഗ രീതികൾ ജീവിതത്തിന്റെ നാനാമേഖലകളുമായി ബന്ധപ്പെടുത്തി സമീപനങ്ങൾ വികസിപ്പിക്കണമെന്ന മിനിമം ധാരണകൾ പോലുമില്ലാതായി. ശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവരിൽ തന്നെ വലിയൊരു വിഭാഗത്തിന് ഈ സമീപന രീതി ഇല്ലാതായിട്ടുണ്ട് എന്നതാണ് ഏറ്റവും പരിതാപകരം. അങ്ങിനെ വളർന്നപ്പോൾ ശാസ്ത്രീയമായ അറിവുകളെ പോലും കേവലം പണമുണ്ടാക്കാനുള്ള ബുദ്ധിയിലൂടെ മാത്രമായൊതുങ്ങുകയും അത് ജീവിതത്തിന്റെ സമസ്തമേഖലകളെയും നിരസിക്കുകയും ലാഭക്കൊതിയിൽ മാത്രമായി ഒതുങ്ങുകയും ചെയ്തിരിക്കുന്നു.

ശാസ്ത്രീയ മനോഭാവങ്ങൾ ഏറ്റവും കൂടുതൽ വളർന്നെന്നു പറയപ്പെടുന്ന യൂറോപ്പ്യൻ അമേരിക്കൻ സമൂഹത്തിൽ ശാസ്ത്രീയമായ അറിവുകളും സാങ്കേതിക വിദ്യകളും ഇത്തരം ലാഭാർത്തി ലക്‌ഷ്യം മാത്രമായൊതുങ്ങി സമ്പത്ത് കേന്ദ്രീകരിക്കപ്പെടുകയും ചെയ്തപ്പോൾ മറ്റു വികസ്വര രാജ്യങ്ങളിലെ സമ്പദ് കേന്ദ്രീകരണങ്ങളും അതേപാതയിൽ സഞ്ചരിക്കാൻ തുടങ്ങി. സ്വാഭാവികം. അതോടെ സാമൂഹ്യ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും സാമൂഹ്യ ജീവിതത്തെയും ബന്ധപ്പെടുത്തി സമീപിക്കേണ്ടിയിരുന്ന രാഷ്ട്രീയം സാമ്പത്തികം ഉത്പാദനം വിതരണം എന്നിവയെ സംബന്ധിച്ചുള്ള നീതി ബോധത്തിനു പകരം തട്ടിപ്പറിയുടെ മൃഗബോധം വളർന്നുവന്നു. വെടക്കാക്കി തനിക്കാക്കുന്ന മനോഭാവങ്ങൾ വളർന്നുവന്നു. മനുഷ്യ ജീവിതത്തെ തൊട്ടറിയുന്ന സാഹിത്യവും സാഹിത്യകാരന്മാരും കലയും കലാകാരന്മാരും ചികിത്സയും ഡോക്ടർമാരും, വിദ്യാഭ്യാസവും പഠനവും അദ്ധ്യാപകരും ഗവേഷണവും പണ്ഡിതന്മാരും അടക്കം വലിയൊരു വിഭാഗം ഈ തട്ടിപ്പറിയിലും വെടക്കാക്കലിലും പങ്കു ചേർന്നു. അങ്ങിനെ മനുഷ്യ ജീവിതത്തിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളും അടക്കം വരുമാന മാർഗ്ഗമാക്കി മാറ്റാനുള്ള ലാഭാ രതിയിലുമെത്തിയിരിക്കുന്നു. മുതലാളിത്തം തൂക്കിലേറാനുള്ള സമയമാകുമ്പോൾ അവർക്കുവേണ്ടിയുള്ള തൂക്കുകയർ പോലും അവർ വിൽപനക്കായി ഉത്പാദിപ്പിച്ചു അതിന്റെയും ലാഭം നേടിയെടുക്കാൻ വിപണിയിൽ വിൽപ്പനക്കായി വെക്കും എന്ന മഹാനായ ലെനിന്റെ വാക്കുകൾ അത്രമാത്രം ശരിയായി വന്നിരിക്കുന്നു.

Image may contain: 1 person, text

സാമൂഹ്യമായി വളർന്നുവന്ന അറിവുകൾ തുടർന്നും സാമൂഹ്യമായി തന്നെ മെച്ചപ്പെടുത്തികൊണ്ടേയിരിക്കേണ്ട ബോധത്തെ സ്വകാര്യമായ ലാഭനേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ മാത്രം വികസിപ്പിക്കുന്നതിലേക്കും , ആർക്കാണ് ലാഭം ലഭിക്കേണ്ടത് എന്നതിലേക്കും ചുരുക്കിയെടുത്തു. അങ്ങിനെ ‘ആർക്കാണ്’ എന്ന ചോദ്യത്തിന് പ്രസക്തി വർദ്ധിച്ചതോടെ അതിനു പുറത്തുള്ളവർ അറിവിന്റെയും അതിന്റെ പ്രയോഗത്തിന്റെയും നിയന്ത്രണത്തിൽനിന്നും പ്രയോജനങ്ങളിൽനിന്നും പുറത്തായി. അതോടെ ഓരോ അറിവിനെയും ജീവിതത്തിന്റെ നാനാമേഖലകളുമായി ബന്ധപ്പെടുത്തി നിരന്തരമായി മെച്ചപ്പെടുത്തിയെടുക്കേണ്ട തലങ്ങളിൽ നിന്ന് അതിന്റെ ബന്ധം നഷ്ടമായി. സാമൂഹ്യമായ പരിഹാരങ്ങൾക്കോ നേട്ടങ്ങൾക്കോ അല്ല പകരം സ്വകാര്യ ലാഭ നേട്ടങ്ങളുടെ കേന്ദ്രീകരണത്തിനു പ്രസക്തി വർദ്ധിച്ചു.

അങ്ങിനെയാണ് സ്വകാര്യ നേട്ടങ്ങളുടെ വർദ്ധനവുകളിലൂടെ വളർന്നു രൂപപ്പെട്ട പ്രകൃതി ദുരന്തങ്ങൾ അതിലൂടെ ജീവിതത്തിന്റെ നാനാമേഖലകളിലും വളർന്നു വന്ന കൊടിയ ദുരിതങ്ങൾ പോലും ലാഭവും വരുമാനവും മറ്റു സ്ഥാപിത നേട്ടങ്ങളും വർദ്ധിപ്പിക്കാനുള്ള വഴികളായിത്തീർന്നത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.