സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ ആ സമൂഹത്തിൽ നിന്നോ മറ്റൊരു സമൂഹത്തിൽ നിന്നോ ദോഷകരമായ പ്രവണതകൾ അംഗീകരിച്ചു കൊടുക്കുന്നതല്ല

0
74
Venu Gopal
സ്വാതന്ത്ര്യം എന്നത് എന്തും പറയാനും പ്രവർത്തിക്കാനും ഉള്ളതല്ല. അങ്ങിനെയൊരു കൺസെപ്റ്റ് സ്വാതന്ത്ര്യമെന്ന വാക്കിനുമേൽ വായിച്ചെടുക്കുന്നത് വളരെ വളരെ മനുഷ്യ വിരുദ്ധവുമാണ്. ചെറിയ കുട്ടികൾ എന്തെങ്കിലും അരുതായ്മകൾ കാണിച്ചാൽ പ്രായമായവർ തിരുത്താറുണ്ട്, അതുമല്ലെങ്കിൽ കുട്ടികൾ ചെയ്യുന്ന അരുതായ്മകളെ തടയിടാറുണ്ട്.
കുട്ടികൾക്ക് വേണമെങ്കിൽ വലിയവർ തടസ്സം സൃഷ്ട്ടിക്കുന്നതിനെ ചൊല്ലി എനിക്ക് മുതിർന്നവർ സ്വാതന്ത്ര്യം തരുന്നില്ലെന്നു പറഞ്ഞു വാദിക്കാം. പ്രത്യക്ഷത്തിൽ ശരിയുമാണ്. അപ്പോൾ എന്താണ് ഈ അരുതായ്മകൾ എന്നതിനെ മനസ്സിലാക്കേണ്ടിവരും. അനുഭവപരിചയങ്ങൾ, ഒരു പ്രത്യേക ഘട്ടത്തിൽ ഒരു സമൂഹത്തിൽ മൊത്തമായി അംഗീകരിക്കപ്പെട്ട സാമൂഹ്യമായ അർത്ഥത്തിലുള്ള ശരിതെറ്റുകൾ, എന്നിവയെ ചൊല്ലിയാണ് ഈ അരുതായ്മകൾ എന്ന് പറയുന്നത്.
ഇതേപോലെ ഒരു സമൂഹത്തിലും ഒരു പ്രത്യേക ഘട്ടത്തിൽ ഏറ്റവും ശാരിയുടെ പ്രയോഗങ്ങൾ നടത്തിയെടുക്കുമ്പോൾ അതിനു വിരുദ്ധമായ രീതികളിൽ അനുഭവങ്ങളിലും മറ്റും കുറവുള്ള മുതിർന്ന പൗരന്മാരെപോലും ഒരു പ്രത്യേക ലക്ഷ്യത്തോടെ സാമൂഹ്യ വളർച്ചയുടെ പ്രയോഗങ്ങളിൽ വരുത്തിയെടുക്കേണ്ട വസ്തുതകളിൽ തെറ്റുകൾ ആവർത്തിക്കുന്നത് കണ്ടാൽ അവരെ തടയേണ്ട സാഹചര്യം വരാം. അതിൽ ആ മുതിർന്ന പൗരന്മാരെന്നു പറയുന്നവർ എനിക്ക് സ്വാതന്ത്ര്യമില്ല എന്ന് പറയുന്നത് നേരത്തെ പറഞ്ഞ കുട്ടികളോട് അരുതെന്നു പറയുന്ന മുതിർന്നവരുടെ നിലവാരവുമായി താരതമ്യം ചെയ്‌താൽ മനസ്സിലാക്കാം.
ഒന്നുകൂടി വ്യക്തമാക്കിയാൽ ഒരു സമൂഹത്തിൽ ഒരു വിഭാഗം ജനങ്ങൾ മന്ത്രവാദവും മറ്റും ആചരിക്കുന്നെന്നു കരുതുക. കേരളത്തിൽ പോലും ഏതാനും മാസങ്ങൾക്കു മുൻപ് ഒരു വ്യക്തി സ്വന്തം വീട്ടിൽ തന്നെ മന്ത്രവാദം നടത്തി നരബലിയിൽ വിശ്വസിച്ചു പ്രവർത്തിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. ആ നരബലി നടത്താൻ മുതിർന്ന വ്യക്തി എനിക്ക് സ്വാതന്ത്ര്യമില്ല, ഞാൻ വിശ്വസിക്കുന്നത് ആചരിക്കാൻ എനിക്ക് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കാൻ തുടങ്ങിയാൽ ആ സമൂഹം ആ പ്രവർത്തിയെ അംഗീകരിക്കില്ല. കാരണം സാമൂഹ്യ വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ ആ ആചാരം വെറും അന്ധമായ വിശ്വാസമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അത് സാമൂഹ്യ ചിന്തയുടെ വികാസത്തിനും മുഴുവൻ മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും വിരുദ്ധവുമാണ്. അതുകൊണ്ടാണ് ക്രിമിനൽ നിയമപ്രകാരം അയാൾക്കെതിരെ കേസെടുക്കുന്നതും ശിക്ഷിക്കുന്നതിനും കാരണമാകുന്നത്.
നമ്മുടെ വീട്ടിൽ കുട്ടികൾ പോൺ സൈറ്റുകളിൽ കടന്നു വ്യവഹരിക്കുന്ന കാര്യം മനസ്സിലാക്കിയാൽ എന്താണ് ചെയ്യുക? അവിടെ അതിനെ തടയിടാൻ ശ്രമിക്കും അല്ലെ? അതിനെ കുട്ടി എനിക്ക് സ്വാതന്ത്ര്യമില്ല എന്ന് പറഞ്ഞാൽ അതിനെ അംഗീകരിക്കാൻ പ്രയാസമാണ്. അപ്പോൾ പിന്നെ ഒരു ഭരണകൂടം തന്നെ ഇത്തരം പ്രവർത്തികൾ സാമ്പത്തിക ലാഭങ്ങൾക്കു വേണ്ടി പ്രചരിപ്പിക്കാൻ തുടങ്ങിയാൽ നമ്മൾ എന്തുചെയ്യും? തീർച്ചയായും ആ സമൂഹത്തിലെ മനുഷ്യർ ഒന്നടങ്കം അതിനെ തടയിടാൻ വേണ്ടുന്ന നടപടികൾ കൈക്കൊള്ളും. അതിനെ ആ സമൂഹത്തിൽ ജീർണ്ണിച്ചവശരായ വ്യക്തികൾ ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല. കാരണം ഒരു സമൂഹത്തിന്റെ സാംസ്കാരികമായ, ആരോഗ്യകരമായ വളർച്ചയെ അത് ബാധിക്കും എന്നതുകൊണ്ട് അതിനെ തടയിടാൻ ശ്രമിക്കും.
അപ്പോൾ സ്വാതന്ത്ര്യം എന്നത് ഓരോ സാമൂഹ്യ വളർച്ചയുടെയും വികാസത്തിന് ബോധപൂർവ്വം നമ്മൾ ഒരു പ്രത്യേക ഘട്ടത്തിലെ ഏറ്റവും നല്ല ശരികളെ ഏറ്റവും നല്ല പ്രവർത്തന പദ്ധതികളെ ബോധപൂർവ്വം ആ സമൂഹത്തിലേക്ക് പ്രയോഗിച്ചു മനുഷ്യ സമൂഹത്തിന്റെ സമാധാനവും പുരോഗതിയും ശരിയായ മാനസികവും ശാരീരികവുമായ വളർച്ചയെ കരുതി എടുക്കുന്ന നിലപാടുകളാണ് അത്. അതിനു വിഘാതം വരുത്തുന്ന ഒന്നും തന്നെ ആ സമൂഹത്തിൽ നിന്നോ മറ്റൊരു സമൂഹത്തിൽ നിന്നോ വിരുദ്ധമായ പ്രവണതകൾ അംഗീകരിക്കാൻ സാധിക്കില്ല.