സാമൂഹ്യ ദുരിതങ്ങൾ വർദ്ധിച്ചു വരുമ്പോൾ മൂക്കിന് താഴെയോളം എത്തുമ്പോൾ പിന്നെ പൂജയും പ്രാർത്ഥനയുമല്ല, ഏവരും സർക്കാരുകൾക്കെതിരെ ഇറങ്ങി തിരിക്കും തെരുവിലേക്ക്…

  98

  Venu Gopal

  ദാരിദ്ര്യം എന്നത് ഭക്ഷണം ലഭിക്കുന്നില്ല എന്നത് മാത്രമല്ല അത് വിദ്യാഭ്യാസത്തിലായാലും ആരോഗ്യ ക്ഷേമത്തിലായാലും തൊഴിൽ നേടുന്നതിലായാലും സാമൂഹ്യ സ്വാതന്ത്ര്യത്തിലായാലും എവിടെയും ഇന്ന് മനുഷ്യസമൂഹം രാഷ്ട്രീയ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ലോകമെങ്ങും അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ചിലർ പറയും ജനസംഖ്യ വർദ്ധിക്കുന്നതുകൊണ്ടാണെന്ന്.. അങ്ങിനെയെങ്കിൽ ജനസംഖ്യ തീരെ കുറവായ ആഫ്രിക്കൻ രാജ്യങ്ങളിൽ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും ജനസംഖ്യ ഇന്ത്യ-ചൈനയെപോലെ വർദ്ധിച്ചതുകൊണ്ടാണോ എന്ന ചോദ്യം ചോദിക്കേണ്ടിവരും. ദാരിദ്യം എന്നത് ഏതെങ്കിലും ഒരു മതമോ ജാതിയോ പ്രദേശത്തുകാരനോ പ്രത്യേകം പ്രത്യേകമായി അനുഭവിക്കുന്ന ദുരിതമല്ല. എല്ലാ മതക്കാരും ജാതികളും പ്രദേശത്തുകാരും ഒരേപോലെയനുഭവിക്കുന്നുണ്ട്. എല്ലായിടത്തുനിന്നും ചവിട്ടി പുറത്താക്കലും നടക്കുന്നുണ്ട്.. ഈ സ്ഥിതി അമേരിക്കയിലും ബ്രിട്ടനിലും ജർമ്മനിയിലും ഫ്രാൻസിലും ജപ്പാനിലും അനുഭവിക്കുന്നുണ്ട്.

  അപ്പോൾ പിന്നെ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന ഇടങ്ങളിലെ ജനങ്ങൾ വീണ്ടും വീണ്ടും പിന്നോക്കാവസ്ഥയിലേക്കു തന്നെയാണ് പോവുക.

  ദാരിദ്ര്യത്തിന് ഏതു ദേശക്കാരനായാലും ഒരേ വികാരമായിരിക്കും ഉണ്ടായിരിക്കുക. എല്ലാ തരം ദുരിതങ്ങളും അസഹനീയമാകുമ്പോൾ മതവും വിശ്വാസവും ജാതിയും അവർണ്ണ-സവർണ്ണ വിഭാഗീയതയും പ്രദേശവും കക്ഷി രാഷ്ട്രീയവും എല്ലാം മറക്കേണ്ടി വരും. മറന്നേ ഒക്കൂ. അല്ലാതെ ജന ഐക്യം സാധിക്കില്ല. ഇല്ലായ്മകളുടെ, ദുരിതങ്ങളുടെ, ദാരിദ്ര്യത്തിന്റെ അങ്ങിനെ എല്ലാ പ്രതിസന്ധികളുടെയും കാരണം നിലവിലെ കക്ഷി രാഷ്ട്രീയങ്ങളുടെയും അതിന്റെ പ്രചാരകരായ ഭരണകൂട താത്പര്യങ്ങളുമാണ് എന്നത് നിസ്സംശയം തെളിഞ്ഞതാണ്. അപ്പോൾ ഈ ദിശയിലേക്കു വേണം കാര്യങ്ങൾ നീങ്ങുവാൻ. അല്ലാതെ തിരിച്ചുള്ള പോക്ക് മൂവ്മെന്റുകളുടെ ഗതി മാറ്റുക എന്നതാകും.

  ഈ അവസ്ഥ മാറ്റുകയാണോ അതോ വിഭാഗീയത വാരാൻ സാദ്ധ്യതയുള്ള രാഷ്ട്രീയ ചിന്തകളും അമ്പലവും പ്രാർത്ഥനയും പൂജയുമാണോ വലുത് എന്നത് ഈ അവസ്ഥയെ നോക്കിവേണം നിശ്ചയിക്കാൻ. എല്ലാം ദൈവം തരുന്നതാണെന്ന വിധിവിശ്വാസത്തിൽ നടക്കുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം? അവർക്കു പിന്നെ മൂവ്മെന്റുകളെ കുറിച്ച് ചിന്തിക്കേണ്ടതില്ല. കൂട്ടായ പ്രയത്നത്തെ കുറിച്ച് സംസാരിക്കേണ്ടതില്ല. കാരണം എല്ലാം ദൈവത്തിൽ അർപ്പിതമാണെങ്കിൽ എന്ത് മനുഷ്യ കൂട്ടായ്മ? ദൈവം ഇന്നല്ലെങ്കിൽ നാളെ എല്ലാം തരുമല്ലോ എന്ന സമീപനമാണ് അവരുടേത്.. അതുമല്ലെങ്കിൽ ഈ ജന്മത്തിൽ വിധി ഇങ്ങിനെയാണ്‌ അഥവാ ഭാഗ്യക്കേടാണ് അതുമല്ലെങ്കിൽ ജാതകത്തിൽ സ്വസ്ഥ ജീവിതം എഴുതിയിട്ടില്ല എന്ന് പറഞ്ഞു സമാധാനിക്കാം. അതുമല്ലെങ്കിൽ ഏതെങ്കിലും ആശ്രമത്തിൽ പോയി ധ്യാനം നടത്താം. അതുകൊണ്ടാണല്ലോ ആശ്രമങ്ങളും ആത്മീയ ഗുരുക്കന്മാരും മുഴത്തിനു മുഴം നിറഞ്ഞു കവിഞ്ഞത്.

  പക്ഷെ ജനങ്ങൾ എത്രയെന്നു വിചാരിച്ചാണ് ക്ഷമിക്കുക? സാമൂഹ്യ ദുരിതങ്ങൾ വർദ്ധിച്ചു വരുമ്പോൾ മൂക്കിന് താഴെയോളം എത്തുമ്പോൾ പിന്നെ പൂജയും പ്രാർത്ഥനയുമല്ല ക്ഷേത്ര പ്രവേശനവുമല്ല ആരാധനാലയങ്ങളുമല്ല ഇനി ഇറങ്ങി തിരിച്ചാലേ കാര്യം നടക്കൂ എന്ന നിലവരുമ്പോൾ ഏവരും സർക്കാരുകൾക്കെതിരെ ഇറങ്ങി തിരിക്കും തെരുവിലേക്ക്… സർക്കാരുകളാകട്ടെ അഥവാ ഭരണകൂടമാകട്ടെ ഈ ജനവിഭാഗത്തെ മുഴുവൻ വീണ്ടും ജാതിയുടെ, മതത്തിന്റെ, വിശ്വാസങ്ങളുടെ പേരിൽ ഭിന്നിപ്പിക്കാനും തളച്ചിടാനും ശ്രമിക്കും.ഈ വൈരുദ്ധ്യമാണ്, ഈ സംഘർഷമാണ് ഇന്ന് വളരുന്നത്.