മരാഗ്‌ സൂപ്പ് എന്നും മരാഗ്‌ സ്റ്റ്യൂ എന്നും വിളിക്കാവുന്ന അടിപ്പൊളി അറബിക്/ഹൈദരാബാദി പാനീയം

0
56

Venu Gopal

മരാഗ്‌ സൂപ്പ് എന്നും മരാഗ്‌ സ്റ്റ്യൂ എന്നും വിളിക്കാവുന്ന ഒരു അറബിക്/ഹൈദരാബാദി പാനീയം.. ഒന്നുകിൽ ഇന്ത്യയിൽ നിന്ന് അല്ലെങ്കിൽ ഇറാനിൽ നിന്നോ വന്നതാകാനാണ് സാദ്ധ്യത.. ഇറാൻ, ലെബനോൻ, ആഫ്രിക്ക, പാകിസ്ഥാൻ, അഫ്ഗാൻ, ഇന്ത്യ എന്നിവിടങ്ങളിൽ പ്രാദേശികമായ വസ്തുക്കളുടെ ലഭ്യതയും പാചകക്കാരുടെ രുചികളെ സംബന്ധിച്ച ഭാവനകളും അനുസരിച്ച് മരാഗ്‌ ഉണ്ടാക്കുന്നതിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. അതേപോലെ ഇടക്കൊക്കെ ഞാൻ ചില വസ്തുക്കൾ എന്റേതായ ചില മാറ്റങ്ങൾ വരുത്തി ഉണ്ടാക്കിയിട്ടുണ്ട്. ചിലപ്പോൾ സൂപ്പ് ഉണ്ടാക്കാൻ എല്ലുകൾ (മാസം 80 ശതമാനം നീക്കിയ എല്ലുകൾ) വേവിക്കാൻ വെക്കുന്നതോടൊപ്പം ഗോതമ്പു രണ്ടോ മൂന്നോ സ്‌പൂൺ ഗോതമ്പു മണികളും ചിലപ്പോൾ ഒരു സ്പൂൺ കടലപ്പൊടിയും ചേർത്ത് പരീക്ഷിച്ചിട്ടുണ്ട്. ഓരോ പാചകങ്ങളും രുചികൾ വരുംവിധം എങ്ങിനെ മെച്ചപ്പെടുത്താമെന്നു ഓരോ തവണയും ശ്രദ്ധിക്കാറുണ്ട്.

വിദേശത്തായിരുന്നപ്പോൾ ചിലപ്പോഴൊക്കെ അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ അവിടുന്ന് നാട്ടിലേക്ക് എന്റെ സുഹൃത്തുക്കൾ കൊണ്ട് പോകാറുണ്ട്. സാധാരണ നാട്ടിൽ നിന്ന് വിദേശത്തേക്കാണ് കൊണ്ടുപോകാറുള്ളത്.. ചിലപ്പോഴൊക്കെ മട്ടൻ കറി ഓരോ വായ് കഴിക്കുമ്പോഴും വിശ്വാമിത്രന്‍ സത്യവ്രതനെ (ത്രിശങ്കു) ഉടലോടെ സ്വർഗത്തിലേക്ക് കൊണ്ടുപോയപോലെ ചിലരെ ഞാന്‍ കൊണ്ടുപോയിട്ടുണ്ട് .തിരിച്ചു മരാഗ് സൂപ്പിലേക്ക് വരാം.. ഒരു കാര്യം കൂടി പറയാനുണ്ട്. മരാഗ് എന്ന ഒരു സ്ഥലം ഫിലിപ്പൈന്‍സില്‍ ഉണ്ട്.. ആ സ്ഥലവുമായി ഈ സൂപ്പിനു യാതൊരു ബന്ധവുമില്ല. ഈ രുചികളില്‍ എനിക്ക് ഇഷ്ട്ടം തോന്നിയ ഇറാനിയന്‍ ടച്ചും എന്റെ ചില രുചികളും ചേർന്നതിലേക്കു കടക്കാം..

പാർട്ട് 1
1. വെജിറ്റേറിയൻ ആടിന്റെ നാല് കാലും തുടയെല്ലുകളും…
പാർട്ട് 2
2.അര സബോള കുനുകുനാ അരിഞ്ഞത്..
3.ഒരു ടീസ്‌പൂൺ ഉപ്പ്
4.ഒരു നുള്ള് മഞ്ഞൾപൊടി
5.കറുവപ്പട്ട തള്ളവിരൽ വലുപ്പത്തിൽ..
6. ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ആക്കിയോ അല്ലെങ്കിൽ കൊത്തിയരിഞ്ഞതോ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ..
പാർട്ട് രണ്ട് എല്ലാം കൂടി ഒരല്പം ഒലിവെണ്ണയിൽ മൂപ്പിച്ചു 10 കപ്പു വെള്ളത്തിൽ പ്രഷർ കുക്കറിൽ പാർട്ട് ഒന്നുമായി ഒരു കപ്പു ചുവന്ന പരിപ്പുമായി ചേർത്തു 7 വിസിൽ ചെറു തീയിൽ വേവിക്കുക.

എന്നിട്ടു കുക്കർ തുറന്നതിനു ശേഷം 6 അണ്ടിപ്പരിപ്പ്, അഞ്ചു സ്പൂൺ നാളികേരം ചിരകിയത്, 4 ബദാം എന്നിവ ചെറുതായൊന്നു ചൂടാക്കി അരച്ച് ചേർക്കുക.. അതിലേക്ക് രണ്ടു നുള്ള് ഗരം മസാല, രണ്ടു നുള്ളു മല്ലിപ്പൊടി എന്നിവ ചേർത്തു ചൂടാക്കാൻ വെക്കുക.. അതിലേക്ക് ഒരു കപ്പ് ഉടച്ച തൈര് ചേർത്ത് എണ്ണ കുക്കറിന്റെ വശങ്ങളിൽ വേർതിരിഞ്ഞു വരും വരെ ചെറുതീയിൽ ചൂടാക്കുക.. ഏകദേശം അഞ്ചോ ആറോ മിനിറ്റു വേണ്ടിവരും.. അതിലേക്ക് ഒരു കപ്പു മല്ലിയില കാൽകപ്പ് പുതിനയില ചേർത്തു രണ്ടു മിനിട്ടു തിളപ്പിക്കുക.ഇതിൽ ഏതാനും വസ്തുക്കൾ എന്റേതായ ചില പൊടിക്കൈകളിലേക്ക് ഇറാനിയൻ രുചിയെ മാറ്റിയിട്ടുണ്ട്.. ഇറാനികൾ ക്ഷമിക്കുക.ഇന്നലെ പറഞ്ഞ ഈറ്റ് ആൻഡ് ഡ്രിങ്ക് കടയിലെ സൂപ്പുമായി ഇതിനു സാമ്യം തോന്നാം.. ഓം വേണുഗോപാലായ നമഹ.