ജീവിത മാർഗ്ഗങ്ങൾ നഷ്ടപ്പെട്ടവർ പൊട്ടിത്തെറിയിലേക്ക് എത്തുമെന്ന കാര്യം തീർച്ചയാണ്

68

ജീവിത മാർഗ്ഗങ്ങൾ നഷ്ടപ്പെട്ടവർ പൊട്ടിത്തെറിയിലേക്ക് എത്തുമെന്ന കാര്യം തീർച്ചയാണ്. അവരുടെ എണ്ണവും ചരിത്രത്തിൽ എങ്ങും ഉണ്ടായിട്ടില്ലാത്ത വിധം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. അത്രയും ആവശ്യങ്ങൾ നടത്തിച്ചെടുക്കാൻ സർക്കാരുകൾക്ക് കഴിയില്ല. അങ്ങിനെ നിവർത്തിച്ചു കൊടുക്കണം എന്നുണ്ടെങ്കിൽ സ്വകാര്യ ഉത്പാദന രംഗത്ത് പലയിടങ്ങളിലും താഴിട്ടു പൂട്ടേണ്ടി വരും. അതിനു സ്വകാര്യ ഉത്പാദകർ സമ്മതിക്കുകയുമില്ല. കൊറോണ വരുന്നതിനു തൊട്ടുമുന്നെതന്നെ കൂടുതൽ അവസരങ്ങളുണ്ടാക്കാനുള്ള പദ്ധതികൾ എമ്പാടും തറക്കല്ലിട്ടത് പൂട്ടിക്കെട്ടാനോ അവ ജനനങ്ങൾക്കും നൽകാനോ സമ്മതിച്ചെന്നുവരില്ല.

ഈ വൈരുധ്യം ദേശീയമായി നടക്കുമ്പോൾ ഇതിനേക്കാൾ വലിയ മത്സരമായിരിക്കും അന്തർദേശീയ രംഗത്ത് ഉണ്ടാകാൻ പോകുന്ന വടംവലികൾ. അമേരിക്കയും, ഫ്രാൻസും, ബ്രിട്ടനും, ജർമ്മനിയും, റഷ്യയും, ബ്രസീലും തുർക്കിയും ചൈനയും ഇന്ത്യയും ആസ്‌ത്രേലിയയും സൗത്ത് ആഫ്രിക്കയും ഈ മത്സരത്തിൽ എവിടെയെങ്കിലും വിട്ടുവീഴ്ച നടത്താൻ അനുവദിക്കില്ല. അഥവാ ഇനി അനുവദിച്ചാൽ തന്നെ അത് ചെറുകിട വ്യവസായങ്ങളെ അപ്പാടെ ഇല്ലാതാക്കാനുള്ള വഴിയായിരിക്കും. അങ്ങിനെ വന്നാൽ വീണ്ടുമൊരു മാലപ്പടക്കമായിരിക്കും പൊട്ടുക.. ജനങ്ങൾ വീണ്ടും തെരുവിൽ.മുന്നേതന്നെ തകർച്ചയുടെ വക്കത്തെത്തിയിരുന്ന പോർച്ചുഗലും ഗ്രീസും ഇറ്റലിയും ഇനി എവിടെച്ചെന്നു പതിക്കുമോ എന്നതിന് യാതൊരു നിശ്ചയവുമില്ല.

സ്വകാര്യ സാമ്പത്തിക ശക്തികൾ അവരുടെ കയ്യിലുള്ള പണമെടുത്ത് വിതരണം ചെയ്യില്ല. സർക്കാരുകളെകൊണ്ട് ഇല്ലായ്മയും ദാരിദ്ര്യവും വിഷമങ്ങളും ദേശീയ സ്നേഹവും സാമൂഹ്യ സ്‌നേഹവും സഹജീവികളോട് ദയയുള്ളവരായിരിക്കണം എന്നൊക്കെ പറഞ്ഞുകൊണ്ട് ജനങ്ങളുടെ കയ്യില്നിന്നുതന്നെ പിരിച്ചെടുക്കാനുള്ള വഴികളും സർക്കാർ ശമ്പളങ്ങളും പെൻഷനും പ്രോവിഡന്റ് ഫണ്ടുകളും പിരിച്ചെടുക്കാനുമൊക്കെയായിരിക്കും ആലോചിക്കുക.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും ഇടത്തരക്കാരുമായ ഭൂരിഭാഗം വരുന്നവർ എന്തുചെയ്യും? കുട്ടികളുടെ ഫീസടക്കാൻ സാധിക്കാതെ, മരുന്നും ചികിത്സയും നടത്താൻ സാധിക്കാതെ, വിലവർദ്ധനവുമൂലം സാധനങ്ങൾ മേടിക്കാനാകാതെ, വാടക കൊടുക്കാൻ സാധിക്കാതെ, വൈദ്യുതി ബിൽ അടക്കാൻ സാധിക്കാതെ, ലോണുകൾ അടക്കാൻ സാധിക്കാതെ, വട്ടിപ്പലിശ കുറിക്കമ്പനികൾ എന്നതിലേക്ക് പണം അടക്കാൻ സാധിക്കാതെ… അങ്ങിനെ ചെറുതും വലുതുമായ നൂറു നൂറു വ്യത്യസ്തങ്ങളായ പ്രശ്‌നങ്ങൾ ഓരോ കുടുംബങ്ങൾക്കും ഉണ്ടാകാം.. എന്തുചെയ്യും? ആര് പരിഹരിക്കും?