ജാതീയതയും വർഗ്ഗീയതയും ഇന്ത്യയിലും ആഫ്രിക്കയിലും നിലനിൽക്കാൻ കാരണമെന്ത് ?

81

Venu Gopal

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറ്റവും വ്യാപകമായ വിധം സ്വാധീനിക്കുന്നത് ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. ഇന്ത്യയിലെ വിഷയങ്ങൾ നമുക്ക് നേരിട്ട് അറിയാവുന്നതാണ്. ആഫ്രിക്കൻ രാജ്യങ്ങളിലും ഇത്തരം അന്ധവിശ്വാസങ്ങളുടെ കൂമ്പാരമാണ്. കൂടാതെ ട്രൈബൽ ശത്രുത ആധുനികയുഗത്തിലും ഇത്രമാത്രം കൊണ്ടുനടക്കുന്ന ഒരു ദേശം വേറെ കാണില്ല. ഇന്ത്യൻ പ്രദേശമായിരുന്ന പാകിസ്ഥാനിലും ഇത് വലിയതോതിൽ നടക്കുന്നുണ്ട്.

മനുഷ്യൻ മനുഷ്യനു നേരെത്തന്നെ നടത്തിയെടുക്കുന്ന വിഭാഗീയതയുടെ അങ്ങേത്തലമാണ് ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യൻ പ്രദേശത്തും കാണാൻ കഴിയുക. ഇത് മറ്റു രാജ്യങ്ങളിൽ ഇല്ലെന്നല്ല, പക്ഷെ താരതമ്യേന കുറവാണ്. ചില പ്രദേശങ്ങളിൽ ഒരേ മതത്തിൽ തന്നെയുള്ളവർ അതിനുള്ളിൽത്തന്നെയുള്ള വിഭാഗങ്ങളുമായി ഏറ്റുമുട്ടി കൊല്ലും കൊലയും നടത്താറുണ്ട്.

ഇതേ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സ്വാധീനം മാത്രമല്ല മനുഷ്യന്റെ ആവശ്യങ്ങൾ നടത്തിയെടുക്കാനുള്ള വഴികൾ അടയുമ്പോഴും ഈ പ്രവണത വളരുകയോ വളർത്തുകയോ ചെയ്യാറുണ്ട്. അവർ ഇല്ലായ്മകളുടെ കാരണം മറ്റുള്ളവരിൽ ആരോപിക്കുകയോ അല്ലെങ്കിൽ മറ്റുള്ളവരുടെ ലഭ്യതകൾ തട്ടിയെടുക്കുകയോ ചെയ്യുന്നതിന്റെ കാരണവും അതാത് സമൂഹത്തിലെ ഉത്പാദനത്തിന്റെയും വിതരണസംബ്രദായങ്ങളുടെയും സ്വഭാവമെന്താണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അടിസ്ഥാനപരമായി മനുഷ്യന്റെ ലഭ്യത ഇല്ലാതാക്കുന്ന വ്യവസ്ഥയും സാംസ്കാരികമായി അവരിൽ വളർന്നു വലുതാകുന്ന അന്ധതകളുമാണ് ഈ വൈരങ്ങളുടെ കാരണം.

സാമൂഹ്യ വിഷയങ്ങളിലോ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളുടെ വിഷയങ്ങളിലോ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളിലോ ആ സമൂഹം എത്രകണ്ട് അജ്ഞരാകുന്നുവോ അത്രകണ്ട് ആ സമൂഹം വൈകൃതങ്ങളിലേക്ക് തിരിയാതിരിക്കില്ല. മനുഷ്യൻ മനുഷ്യനെ ശത്രുവായി കണ്ടുകൊണ്ടേയിരിക്കും.

ഇന്ത്യയില്‍ പോലും ജാതീയതയും വര്‍ഗ്ഗീയതയും നിലനില്‍ക്കുന്നത് മേല്പറഞ്ഞ സാംസ്കാരിക രംഗത്താണ്. കൂടാതെ ലഭ്യതകൾ ഇല്ലാതാക്കുന്ന, ഇല്ലാതാവുന്ന ഉത്പാദന വിതരണ വ്യവസ്ഥയും. അവ തകർക്കാതെ ജാതീയതയും വർഗ്ഗീയതയും ഇല്ലാതാക്കാൻ കഴിയില്ല. അതേസമയം ഉത്പാദന വിതരണ വ്യവസ്ഥയെ തികച്ചും സാമൂഹ്യമാക്കി മാറ്റണമെങ്കിൽ സാംസ്കാരിക രംഗം വളരെ ഉയർന്ന നിലയിലേക്ക് പോകേണ്ടതുമുണ്ട്. എങ്കിൽ മാത്രമേ മനുഷ്യർ തമ്മിൽ തമ്മിൽ ഒന്നിക്കുകയുള്ളൂ.