കൊറോണ വൈറസ് എന്നല്ല, മറ്റെന്തുമായിക്കൊള്ളട്ടെ, അതിന്റെ സ്വഭാവങ്ങൾ ഏകദേശം കൃത്യമായിത്തന്നെ മനസ്സിലാക്കാനും അതിന്റെ വ്യാപനം തടയാനുമുള്ള രീതി മനുഷ്യൻ മനസ്സിലാക്കിയിട്ടുണ്ട്

89
Venu Gopal
മെഡിക്കല് സയൻസ് പകർച്ച വ്യാധികൾ ഉണ്ടാക്കാനും ഉണ്ടാകാനും സാധ്യതയുള്ള ബാക്ടീരിയകളെയും ഫംഗസ്സുകളെയും വൈറസ്സുകളെയും തരംതിരിച്ചറിഞ്ഞതോടെയാണ് ഇവയുടെ വ്യാപനം എങ്ങിനെ തടയണമെന്ന പരിഹാരം നിശ്ചയിച്ചത്. മെഡിക്കൽ സയൻസ് എന്ന് പറയുമ്പോൾ മറ്റുള്ളവർ ഉറഞ്ഞു തുള്ളുകയൊന്നും വേണ്ട. അത് ഏതെങ്കിലും സ്വകാര്യതാത്പര്യത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണെന്ന ധാരണ വേണ്ട. മനുഷ്യ സമൂഹത്തിന്റെ മുഴുവൻ വളർച്ചയുടെയും അറിവുകളിലെ സഞ്ചിതരൂപമെന്ന മനസിലാക്കലാണ് ആദ്യം വേണ്ടത്. ഇനി കണ്ടുപിടിക്കാനും തരംതിരിച്ചറിയാനുമുള്ള ഏതൊരറിവും മനുഷ്യ സമൂഹത്തിന്റെ ഉയർച്ചക്കുവേണ്ടിയുള്ള, സുഖകരമായ യാത്രയ്ക്കുവേണ്ടിയുള്ള മുന്നോട്ടുപോക്കിന്റെ ഈ ശേഖരണത്തിലേക്കു ചെന്നുചേരുമെന്നുള്ളതുകൊണ്ട് അവിടെ പിന്നെ എന്റെ ആയുർവേദം, എന്റെ ഹോമിയോ എന്റെ യൂനാനി എന്നൊക്കെയുള്ള വാദങ്ങൾ നടത്തുന്നവർ ശുദ്ധ വിഡ്ഢികളായാണ് കണക്കാക്കേണ്ടത്. കൊറോണ വൈറസ് എന്നല്ല, മറ്റെന്തുമായിക്കൊള്ളട്ടെ, അതിന്റെ സ്വഭാവങ്ങൾ ഏകദേശം കൃത്യമായിത്തന്നെ മനസ്സിലാക്കാനും അതിന്റെ വ്യാപനം തടയാനുമുള്ള രീതി മനുഷ്യൻ മനസ്സിലാക്കിയിട്ടുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾകൊണ്ട് അത് അനുസരിക്കാനുള്ള വിദ്യാഭ്യാസവും ചിന്തയും ജീവിത സാഹചര്യങ്ങളും മനുഷ്യ സമൂഹത്തിൽ ഇല്ലെങ്കിൽ ഈ പകർച്ചവ്യാധി ഒരു കൊലയാളിയായി മാറുന്നു. മെഡിക്കൽ സയൻസ് എത്രമാത്രം പരിശ്രമിച്ചാലും ഈ കൂട്ടകൊലപാതകങ്ങളും ഭീതിയും ഉന്മൂലനം ചെയ്യാൻ സാധിക്കില്ല. ഡോക്ടർമാരും മറ്റും എത്രയൊക്കെ പണിപ്പെട്ടാലും ഒരു പരിധിവരെ മാത്രമേ പ്രതിരോധിക്കാൻ സാധിക്കൂ. ഒരു സാധാരണക്കാരന് ഈ പകർച്ചവ്യാധി പിടിപെട്ടാൽ ഡോക്ടറുടെ ഉപദേശപ്രകാരം അയാൾ രണ്ടാഴ്ച ഒറ്റപ്പെട്ടു കഴിയണം എന്നതാണ് ആ പരിശോധനയുടെ ഫലമായി ഡോക്ടർ പറയുക. അത് അനുസരിക്കുക എന്നതാണ് അവിടുത്തെ തീരുമാനം. പക്ഷെ അപ്പോൾ പോലും ഒരു കുടുംബത്തിന്റെ വരുമാനം ആ വ്യക്തിയെ ആശ്രയിച്ചാണ് നീങ്ങുന്നതെങ്കിൽ ആ രണ്ടാഴ്ച അയാളുടെ കുടുംബം എങ്ങിനെ കഴിയും?
മത്സരബുദ്ധിയും അവസരം നോക്കി മറ്റുള്ളവരുടെ വരുമാനവും ലഭ്യതകളും തട്ടിപ്പറിക്കുന്ന ഈ സമൂഹത്തിൽ, യാതൊരു സുരക്ഷയുമില്ലാത്ത നമ്മുടെ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ പാശ്ചാത്തലത്തിൽ ഒരു ദിവസത്തെ ജീവിതം തന്നെ തള്ളിമാറ്റാൻ പെടാപാട് പെടുന്നവർ ഒരാഴ്ച്ച ഒറ്റപ്പെട്ടിട്ടാലുള്ള അവസ്ഥ ഡോക്ടർമാർക്ക് ആലോചിക്കേണ്ടി വരുന്നില്ല. പക്ഷെ ഈ സമൂഹം ആലോചിക്കേണ്ടതല്ലേ ?