ആയുർവേദത്തെ ആരും പുച്ഛിക്കുന്നില്ല, എന്നാൽ അതിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കുകയോ ഫലം നൽകുകയോ ചെയ്യുന്നില്ല

39
Venu Gopal
മനുഷ്യ സമൂഹത്തിന്റെ പുരാതന കാലങ്ങളിലെ അറിവുകളെ ആക്ഷേപിച്ചിട്ടു കാര്യമില്ല. അത്തരം അറിവുകളുടെയും പ്രതലത്തിലൂടെ സഞ്ചരിച്ചാണ് പുതിയ പുതിയ തലങ്ങളിലേക്ക് നമ്മൾ ഉയർന്നുവന്നത്. അതുകൊണ്ടുതന്നെ എനിക്ക് ആയുര്വേദം എന്ന് കേള്ക്കുമ്പോള് ദേഷ്യം വരാറില്ല. ചിലപ്പോഴൊക്കെ ചില നല്ല പോഷകവസ്തുക്കൾ എന്ന നിലയിൽ അരിഷ്ടങ്ങൾ കഴിച്ചിട്ടുണ്ട്. പ്രകൃതിയിലെ ഏതൊരു വസ്തുക്കൾക്കും അങ്ങിനെ ചില പ്രത്യേകതകൾ വിറ്റാമിനുകൾ വഴിയും അമിനോ ആസിഡുകൾ എന്നിവ വഴിയും ശരീരത്തിന് ഗുണകരമായ അവസ്ഥകൾ വന്നുചേരാം. നമ്മൾ അസുഖങ്ങൾ എന്ന് പറയുന്നവ പോലും ചെറിയൊരു ശതമാനം പോഷകങ്ങളുടെ കുറവുകൊണ്ടും കൂടിയാണല്ലോ.പക്ഷെ ശരീരത്തെയും ശരീരത്തിന്റെ ചുറ്റുപാടുകളെയും വീക്ഷിക്കാനും പ്രയോഗിക്കാനും തക്കവിധത്തിൽ സമഗ്രമായ ഒരു ജ്ഞാനശാഖ എന്നർത്ഥത്തിൽ ആയുർ വേദത്തിനു വളരാൻ കഴിഞ്ഞിട്ടില്ല. ബാക്ടീരിയകളെ കുറിച്ചും ഫംഗസുകളെ കുറിച്ചും വൈറസിനെ കുറിച്ചുമുള്ള ധാരണകൾ, ശരീരത്തിന്റെ മുഴുവൻ അനാട്ടമിയും അന്നവർക്കുണ്ടായിരുന്നില്ല. തലച്ചോറിന്റെയും ഹൃദയത്തിന്റെയും മറ്റു മുഖ്യാവയവങ്ങളുടെയും പ്രവർത്തനത്തെ കുറിച്ചുള്ള പൂർണ്ണ ധാരണ അന്നുണ്ടായിരുന്നില്ല. അതിനുതക്ക വിധത്തിൽ അറിവുകളും സാങ്കേതിക വിദ്യകളും അന്നുണ്ടായിരുന്നില്ല. ഒരു പക്ഷെ ഭാവനകളും ചിന്തകളുമൊക്കെ ഉണ്ടായിരുന്നിരിക്കാം പക്ഷെ ആ ഭാവനകൾക്കനുവരിച്ചു വസ്തുനിഷ്ടമായി ഒരു ഫലസിദ്ധി കൈവരുത്താനുള്ള വളർച്ച അന്നത്തെ അറിവുകൾക്കുണ്ടായിരുന്നില്ല.മോഡേൺ സയൻസ് ഇന്ന് ആയുർവേദത്തെ കൃത്യമായി പരിശോധിച്ച് ഉപകാരമുള്ളവയെ കൂടി മെഡിക്കൽ സയൻസിലേക്കു മാറ്റുകയാണ് വേണ്ടത്. ബാക്കിയുള്ള മറ്റുള്ളവ ഒരു പോഷകാഹാരമെന്ന പട്ടികയിൽ പെടുത്തുകയും ചെയ്യേണ്ടതാണ്. ഒരു വൈറസ് ബാധ ഓരോ ശരീരത്തിന്റെയും പ്രത്യേകവസ്ഥക്കനുസരിച്ചാണ് പ്രവർത്തിക്കുക. മരുന്നില്ല എന്നതുകൊണ്ട് എന്ത് മരുന്നും കഴിക്കാമെന്നില്ല. ഏതാനും ദശകങ്ങൾക്ക് മുൻപ് പേ വിഷ ബാധക്കും പാമ്പു കടിക്കും മരുന്നുണ്ടായിരുന്നില്ല മലേരിയയ്ക്കും വസൂരിക്കും മരുന്നുണ്ടായിരുന്നില്ല. എന്ന് വെച്ച് അതിനു പ്രതിരോധമൊരുക്കാൻ നമ്മുടെ മനുഷ്യ സമൂഹം പുതിയ അറിവുകളുടെ പ്രതലത്തിൽ നിന്നുകൊണ്ട് ചിന്തിക്കാതിരുന്നില്ല. ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തതുകൊണ്ടാണ് അവയ്‌ക്കൊക്കെ മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടത്. അതിനു മുൻപ് മരുന്നുണ്ടായിരുന്നില്ല എന്നതുകൊണ്ട് മനുഷ്യൻ കാലങ്ങളിലൂടെ വളർത്തിക്കൊണ്ടുവന്ന അറിവുകൾ ശരിയല്ല എന്ന് കരുതുന്നതിൽ അർത്ഥമില്ല.
സയൻസ് എന്നത് ഒരു പ്രത്യേക പ്രസ്ഥാനമോ സംഘടനയോ ഒന്നുമല്ല. അത് മുഴുവൻ മനുഷ്യസമൂഹത്തിന്റെയും അറിവുകളുടെ സഞ്ചിത രൂപമാണ്. അത് അറിവുകളായി അറിവുകളുടെ പ്രതലത്തിൽ നിന്നുകൊണ്ട് ലോകത്തുള്ള ഓരോ വ്യക്തികളുടെയും അറിവുകളിൽ വിവിധ തലത്തിൽ പ്രതിഫലിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുക. മരുന്നില്ല എന്നായാലും ഈ സമയത്ത് ഒരു മറു മരുന്ന് എന്ന രീതിയിൽ ചെയ്യേണ്ട നടപടിക്രമങ്ങൾ ആരിലും പ്രതിഫലിച്ചു വന്നിട്ടില്ല എന്നർത്ഥം. നാളെ വരുമായിരിക്കും.. ആരെങ്കിലും കണ്ടുപിടിക്കും… അല്ലെ? അപ്പോൾ അതൊരു പ്രസ്ഥാനം എന്ന രീതിയിൽ എതിരിട്ടു വീക്ഷിക്കേണ്ടതില്ല. ചിലപ്പോൾ ആ മരുന്നിനെ കുറിച്ച് നിങ്ങളിലോ എന്നിലോ അല്ലെങ്കിൽ നമ്മുടെ അയല്പക്കത്തെ ഏതെങ്കിലും ഗവേഷകരിലോ തെളിഞ്ഞെന്ന് വരാം. അപ്പോൾ ആ അറിവ് എവിടെയാണ് കിടക്കുന്നതെന്നു ചോദിച്ചാൽ നമ്മൾ കാണുന്ന ആരുടെയെങ്കിലും തലയിൽ ഇന്നല്ലെങ്കിൽ നാളെ ഉയർന്നുവരാം. അതുകൊണ്ടു മോഡേൺ സയൻസിൽ മരുന്നെവിടെ എന്ന് ചോദിക്കുന്നതിനര്ഥം നമുക്ക് അതിനുള്ള അറിവില്ല, അറിവായിട്ടില്ല എന്നർത്ഥം. ആ കുറവ് നമ്മുടെ ഓരോരുത്തരുടെയും കുറവാണ്. അങ്ങിനെ നമ്മൾ തന്നെ പുതിയ പുതിയ അറിവുകൾ കണ്ടെത്തി ശേഖരിക്കപ്പെടുന്ന അറിവുകളുടെ ഇടത്തെയാണ് മെഡിക്കൽ സയൻസ് എന്ന അറിവുകളുടെ സഞ്ചിത ഘടനാക്രമം. തുടർന്നും അത് പുതിയ തലങ്ങളിലേക്ക് നമ്മിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും.
Advertisements