തല തിരിഞ്ഞു നിന്ന ബിംബങ്ങളെല്ലാം ഇത്രേം വേഗതയിൽ തകർന്ന ഒരു പാശ്ചാത്തലം ഉണ്ടായിട്ടില്ല

70

Venu Gopal

തല തിരിഞ്ഞു നിന്ന ബിംബങ്ങളെല്ലാം ഇത്രേം വേഗതയിൽ തകർന്ന ഒരു പാശ്ചാത്തലം ഉണ്ടായിട്ടില്ല. രാഷ്ട്രീയത്തിലും ഭക്തി പ്രസ്ഥാനങ്ങളിലും ഭക്തി-കച്ചവട പ്രസ്ഥാനങ്ങളിലുമെല്ലാം വളരെ വളരെ വേഗതയോടെ പൊടിഞ്ഞ അനുഭവം ഉണ്ടായികാണില്ല.
വസൂരിയും മലേരിയായും പടർന്നപ്പോൾ പോലും ജീവഭയം കൊണ്ട് എന്താണെന്നറിയാതെ കൂട്ടപ്രാർത്ഥനകളും മറ്റും നടത്തിയ കാലമുണ്ടായിരുന്നു. പക്ഷെ കാലം മാറുകയും വൈറസ്, ബാക്ടീരിയ എന്നിവയുടെയെല്ലാം സ്വഭാവത്തെ കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങൾ മനസ്സിലാവുകയും ചെയ്തതോടെ കൂട്ടങ്ങളായി നിൽക്കുന്ന, ജീവഭയം കൊണ്ട് മേലോട്ടുനോക്കുന്ന ആ കാലങ്ങളിലെ ചിന്തകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചിന്ത ഇന്ന് മനുഷ്യർക്കുണ്ട് എന്നതിന് വലിയൊരു തെളിവാണ് ഇന്നത്തെ പാശ്ചാത്തലം.
മനുഷ്യന്റെ നിലനിൽപ്പിനു ആവശ്യമായ അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത നിർബന്ധമായും വേണമെന്ന കാര്യത്തിൽ ആർക്കുമൊരു സംശയവുമില്ലാതായി. ഇവിടെ മനുഷ്യനെന്ന ജീവിയുടെ അടിസ്ഥാന പ്രവണതയെ തന്നെ ഉയർത്തിക്കാട്ടപ്പെട്ടിരിക്കുന്നു. ജാതിയോ മതമോ പ്രാർത്ഥനകളോ ഭജനകളോ സവർണ്ണനെന്നോ അവർണ്ണനെന്നോ ദളിതനെന്നോ പോലും ചിന്തിക്കാതെ മനുഷ്യനെന്ന ചിന്തക്ക് വലിയൊരു പ്രാധാന്യം വന്നിട്ടുണ്ട്. എന്തിനധികം പറയുന്നു പിന്നോക്കമെന്നും മുന്നോക്കമെന്നും പറഞ്ഞുള്ള ശതമാന കണക്കോ സംവരണ പ്രശ്നങ്ങൾ പോലുള്ള വിഭാഗീയ പ്രശ്നങ്ങൾ പോലുമോ ചിന്തിക്കാതെ മനുഷ്യനെന്ന ചിന്തക്ക് പ്രാധാന്യം വന്നിരിക്കുന്നു.
കനപ്പെട്ട തങ്കപ്പെട്ട നേതാക്കൾ പോലും ഈ വാക്കുകൾ കൊണ്ടുള്ള അമ്മാനമാട്ടം നിർത്തി മനുഷ്യന്റെ സമൂഹത്തിന്റെ വേദനയും ആകുലതകളും എന്ന പൊതുവികാരത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. മനുഷ്യരെല്ലാവരും തങ്ങളുടെ ഭരണകൂടത്തോട് തങ്ങളുടെ ഏവരുടെയും നിലനിൽപ്പിനു വേണ്ടി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് മാത്രമല്ല എന്റെ അടുത്തുള്ളവർക്കും അയൽക്കാർക്കും അവനും അവൾക്കും വേണമെന്ന ചിന്ത വന്നിരിക്കുന്നു. മറ്റുള്ളവർക്കുകൂടി സ്വാസ്ഥ്യം വന്നാലേ എനിക്കും സ്വസ്ഥമായ ജീവിതമുണ്ടാകൂ എന്ന് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.. പ്രാർത്ഥനയല്ല വസ്തുനിഷ്ടമായ പരിഹാരമാണ് ആവശ്യമെന്ന് കയർത്തു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ദുർവ്യയങ്ങളും പിടിപ്പുകേടുകളും സ്വകാര്യമാക്കി കീശവീർപ്പിക്കലുമാണ് ഞങ്ങളെ പെരുവഴിയിലാക്കിയതെന്ന് ഏവരും ഒരേ ശബ്ദത്തിൽ ഒച്ചവെക്കാൻ തുടങ്ങിയിരിക്കുന്നു. ഭരണകൂടമാണ് പ്രതിസന്ധികൾക്ക് കാരണമെന്ന മനസിലാക്കാൻ മനുഷ്യർക്കിന്നു വളരെയെളുപ്പം സാധിക്കുന്നു. ഭക്ഷണം, കുടിവെള്ളം, തൊഴിൽ, വിലനിലവാരങ്ങൾ, യാത്രാ സൗകര്യങ്ങൾ, ആരോഗ്യ രക്ഷാ സംവിധാനങ്ങൾ, ഉത്പാദന വിതരണ സമ്പ്രദായം എന്നിവയെകുറിച്ചെല്ലാം ചോദ്യങ്ങൾ ലോകമെമ്പാടും ഉയരുന്നു. സാഹചര്യങ്ങളോട്, സാമ്പത്തിക പ്രശ്നങ്ങളോട്, വിതരണ സംബ്രദായങ്ങളോട്, ഉത്പാദന രീതികളോട് പൊരുത്തപ്പെടാത്ത ആശയങ്ങളിൽ നിന്നും കൂട്ടം കെട്ടിക്കലുകളിൽ നിന്നുമൊക്കെ മാറാൻ ഇന്ന് മനുഷ്യ സമൂഹത്തെ പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. മനുഷ്യനെയും ജീവിതത്തെയും ജീവനെയും കാണാതിരുന്ന ബിംബങ്ങൾ അങ്ങിനെയാണ് കാലഹരണപ്പെടുന്നത്. ഇക്കാലമത്രയും പറഞ്ഞിരുന്ന ‘വികസനം’ ആർക്ക് ആരുടെതെന്ന ചോദ്യം വന്നിരിക്കുന്നു. ഈ പ്രതിസന്ധികളിൽ പോലും സഹായങ്ങളെന്ന വാക്കുകൾ പറഞ്ഞുകൊണ്ട് സമ്പത്തായ സമ്പത്തുകൾ എവിടേക്കാണ് ഒഴുകുന്നതെന്ന മനസ്സിലാക്കൽ വന്നിരിക്കുന്നു. അതെല്ലാം ചോദ്യം ചെയ്യപ്പെടുന്നു.ഈ സമയങ്ങളിൽ മനുഷ്യ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു തടസ്സം നിൽക്കുന്നവരെയും വിഭാഗങ്ങളെയും തുറുങ്കിലടക്കണമെന്നുള്ള പൊതുവികാരം വളർന്നിരിക്കുന്നു. അന്യായമായി മലയോളം ശേഖരിച്ചു മനുഷ്യ സമൂഹത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തിയ സമ്പത്തുകൾ കണ്ടുകെട്ടണമെന്ന ചിന്ത വന്നിരിക്കുന്നു. ആ വെളുത്ത താടിക്കാരൻ അപ്പൂപ്പന്റെ ആശയങ്ങളിലേക്ക് പറയാതെയും പഠിപ്പിക്കാതെയും തന്നെ ഏവരും മനുഷ്യ സമൂഹത്തിന്റെ സുരക്ഷിതമായ വളർച്ചയുടെ ഉയർന്ന ചിന്തകളിലേക്ക് തങ്ങൾ അറിയാതെ തന്നെ കാലെടുത്തു വെക്കുകയാണ്. ആ അശിരീരി പോലെയുള്ള വാക്കുകൾ കേൾക്കുന്നില്ലേ? ”ഐ ടോൾഡ് യു ഐ വാസ് റൈറ്റ്.. ”

Advertisements