ചിദംബരം കേസ് വഴി ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും വരച്ച വരയിൽ നിർത്താൻ ബിജെപിക്ക് സാധിക്കും

538

Venu Gopal എഴുതുന്നു 
 Venu Gopal
Venu Gopal

ചിദംബരം കേസ് വഴി ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷത്തെയും അതിലെ നേതാക്കളെയും വരച്ച വരയിൽ നിർത്താൻ ബിജെപിക്ക് സാധിക്കുമെന്ന ദിശാസൂചകമാണ് കാണിക്കുന്നത്. കാരണം പ്രതിപക്ഷങ്ങളിലെ നേതാക്കളിൽ വൻഭൂരിപക്ഷം പേരും ഒന്നല്ലെങ്കിൽ മറ്റൊരു അഴിമതികളിൽ പങ്കുകാരാണ്. ബിജെപി അടക്കം. പക്ഷെ ഭരണത്തിൽ ഇരിക്കുന്നത് ബിജെപി ആയതുകൊണ്ടും ഹിമാലയൻ ഭൂരിപക്ഷം ഉള്ളതുകൊണ്ടും അവർ മറഞ്ഞിരുന്നായാലും സകല പണച്ചാക്കുകളായ പ്രതിപക്ഷ നേതാക്കളെയും വേട്ടയാടും.

ഒന്നുകിൽ നിശ്ശബ്ദരായിരിക്കുക, അല്ലെങ്കിൽ അവർ പറയുന്നതിനനുസരിച്ചു നീങ്ങുക എന്ന നയം സ്വീകരിക്കേണ്ടി വരും. മുൻകാലങ്ങൾ തൊട്ടുതന്നെ ജനാധിപത്യസങ്കല്പങ്ങൾക്ക് പുല്ലുവില കൽപ്പിച്ചു രാജ്യം വെടക്കാക്കി മാറ്റിയ രാഷ്ട്രീയങ്ങളുടെ ഫലമാണ് ഇന്നത്തെ പ്രതിസന്ധി.

ഹിന്ദുത്വ ശീലങ്ങളെ ആവോളം പ്രീണിപ്പിച്ചു ബിജെപി ഭരണം നടത്തുകയും ഇന്ത്യൻ കുത്തകവത്കരിക്കപ്പെട്ട മുതലാളിത്തത്തിന് ലോകവിപണിയിൽ ആവുംവിധം സംരക്ഷണം നൽകുകയും ചെയ്യും. അവർക്കു തടസ്സമാകുന്ന ചെറു ചെറു മുതലാളിത്തം വരെ ഒന്നുകിൽ ഇല്ലാതാക്കും അല്ലെങ്കിൽ ലയിപ്പിക്കും. വിപണിയിലെ ചെറു ചെറു മത്സരങ്ങളെ പോലും ഇനി അനുവദിക്കില്ല. ചെറു ചെറു മീനുകളിൽ നിന്ന് നികുതിപിരിവുകളും ഫീസിനങ്ങളും കൃത്യമായി ശേഖരിച്ചെടുക്കും. ഈ നികുതികളും ഫീസിനങ്ങളും കേന്ദ്രീകൃത കുത്തകകളുടെ വളർച്ചക്ക് നീക്കുകയും ചെയ്യും.

ഇന്ത്യൻ ഹിന്ദുത്വ വൈകാരികതയാണ് അവരുടെ വളവും. അത് കൃത്യമായി ഉപയോഗിച്ച് രാഷ്ട്രീയ മേൽക്കോയ്മയിൽ നിന്ന് വീഴാതിരിക്കാനുള്ള ശ്രമങ്ങളും നടത്തും. അതിൽ എത്രമാത്രം വിജയിക്കുന്നുവോ അതുവരെയെങ്കിലും. അത്തരമൊരു അവസ്ഥ ഇല്ലാതാകണമെങ്കിൽ വിഭാഗീയതകൾ, കക്ഷി രാഷ്ട്രീയങ്ങൾ വെടിഞ്ഞു ഇന്ത്യൻ ജനത ഒന്നാവുകയും രാഷ്ട്രീയ ബോധം ജനാധിപത്യ ബോധം വളരുകയും വേണം. ഇന്നത്തെ കക്ഷി രാഷ്ട്രീയങ്ങളും സ്വത്തവാദ ബോധങ്ങളും അതിനു അനുവദിക്കാൻ വഴിയൊരുക്കുകയുമില്ല. സമയം പിടിച്ചേക്കാം, പക്ഷെ ഇന്ത്യൻ ജനങ്ങൾ ഉണരുകതന്നെ ചെയ്യും.