കൊറോണ കൃത്യമായ പരിചരണം വഴി മാറ്റിയെടുക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് പതിനായിരങ്ങൾ രക്ഷപ്പെട്ടു വരുന്നത്

77

Venu Gopal

കൊറോണ കൃത്യമായ പരിചരണം വഴി മാറ്റിയെടുക്കാൻ സാധിക്കുമെന്നതിന്റെ തെളിവാണ് പതിനായിരങ്ങൾ രക്ഷപ്പെട്ടു വരുന്നത്. പക്ഷെ പരിചരണത്തിനുള്ള സൗകര്യങ്ങളും ലഭ്യതകളും ഈ സാമ്പത്തിക ദുരന്ത കാലത്ത് ഇല്ലായെങ്കിൽ സാധാരണ ജനങ്ങൾ പരിചരണത്തിന് മടിക്കുകയോ വേണ്ടവിധം ഉണർന്നു പ്രവർത്തിക്കാനോ മുതിർന്നെന്നു വരില്ല. ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പകരം മുഖ്യമായും ആയുധ കച്ചവടങ്ങളിലും പൊതുമേഖലകൾ അപ്പാടെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതികളുമാണ് കഴിഞ്ഞ മുപ്പതു വർഷത്തിലേറെയായി നടത്തിയിരുന്നത്. അതിനു ഇന്ത്യൻ ജനങ്ങൾ അനുവദിക്കുകയും ചെയ്തു. എപ്പോഴെല്ലാം ഇന്ത്യയിലെ ജനങ്ങൾ ഇതിനെതിരെ പ്രതികരിക്കാൻ മുതിർന്നുവോ അപ്പോഴെല്ലാം ജാതിയും മതവും പൊക്കിപ്പിടിച്ചു അവരെ ഭിന്നിപ്പിക്കുകയും നേരായി ചിന്തിക്കാൻ അനുവദിക്കാതിരിക്കുകയും സാമൂഹ്യ വീക്ഷണം ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അങ്ങിനെ സാമ്പത്തിക ദുരന്തം അതിന്റെ കൊടുമുടിയിലെത്തുകയും ഓരോ രാജ്യങ്ങളും പരസ്പരം കൊമ്പുകോർക്കുകയും ചെയ്തത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് ഏവരും കണ്ടതാണ്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും അമേരിക്കയും കാനഡയും ജപ്പാനും ചൈനയും ബ്രസീലും സൗത്ത് ആഫ്രിക്കയും ഇന്ത്യയും പരസ്പരം കനത്ത പോരിൽ വന്നെത്തിയത് ആരും മറന്നുകാണില്ല. കൊറോണ പാൻഡെമിക് ലോകമാകെ വ്യാപിച്ചപ്പോൾ പോലും ജനങ്ങൾക്കെന്നു പറഞ്ഞുകൊണ്ട് അവതരിപ്പിച്ച പാക്കേജുകൾ ആരുമാരും ശ്രദ്ധിച്ചു കാണാത്ത ഒരു കാര്യമുണ്ട്. പാക്കേജുകളിലെ ബഹുഭൂരിപക്ഷം ശതമാനവും തകർന്നടിയുന്ന സ്വകാര്യ സ്ഥാപനങ്ങളെ പിടിച്ചു നിർത്താനാണ് ചെലവിട്ടത്. ഇന്ത്യയിൽ കൊറോണ വ്യാപനവാർത്ത തുടങ്ങുന്നതിനു ആഴ്ചകൾക്കു മുൻപാണ് അത്തരമൊരു നീക്കം യെസ് ബാങ്ക് തകർച്ചയിലൂടെ പുറത്തുവന്നത്. അത് ഇന്ത്യയിലെ മാലപ്പടക്ക തകർച്ചയുടെ തുടക്കമായിരുന്നു. അതുകൊണ്ടായിരിക്കാം ഫിനാൻസ് മിനിസ്റ്റർ 1.7 ലക്ഷം കോടി പാക്കേജ് പ്രഖ്യാപിച്ചപ്പോൾ പോലും ഏതെല്ലാം സെക്ഷനിലേക്കാണ് ഈ തുകകൾ നീക്കിയിരിപ്പു നടത്തിയിരിക്കുന്നതെന്നതിനു മറുപടിപറയാതെ മൗനം പാലിച്ചത്. കൂടാതെ ജങ്ങൾക്കെന്നു പറഞ്ഞ വീതം എത്രയെന്നു കൃത്യമായി മനസിലാക്കിയാൽ ഒരു കുടുംബത്തിന് ഏകദേശം 1000 രൂപ എന്ന കണക്കിലാണ് സഹായമെന്ന വാക്കുപയോഗിച്ചുകൊണ്ടു നൽകാൻ തുനിയുന്നത്. ഒരു കുടുംബത്തിന് ആയിരം രൂപകൊണ്ടും അഞ്ചുകിലോ അരികൊണ്ടും ഒരു കിലോ പരിപ്പുകൊണ്ടും എന്താകാനാണ് എന്നത് അവിടെ കാണുക തന്നെ ചെയ്യണം എന്ന് ചിന്തിക്കുമ്പോൾ പോലും സാധാരണ ജനങ്ങൾ എത്രവലിയ ദുരന്തത്തിലാണ് വന്നെത്തി നിൽക്കുന്നതെന്ന കാര്യവും പരിഗണിക്കണം. ഒപ്പം ഒരു രാജ്യമപ്പാടെ കൊറോണയുടെ പേരിൽ കർഫ്യു ഏർപ്പെടുത്തി പോലീസ് പട്ടാള മർദ്ധനങ്ങൾ വരെ ലോകമെങ്ങും നടത്തുന്നുണ്ട്. പട്ടാള ക്യാമ്പുകളും പോലീസ് ക്യാമ്പുകളും കൃത്യമായി നൂറുകണക്കിനു പേര് ഒരുമിച്ചു താമസിച്ചു സകല തയ്യാറെടുപ്പുകളും നടത്താൻ തയ്യാറായി നിൽക്കുന്നുമുണ്ട്. അഞ്ചുപേർ ഒരുമിച്ചു നിൽക്കാൻ പാടില്ലെന്ന് പറഞ്ഞുകൊണ്ട് അഞ്ചുപേർക്കെതിരെ നൂറുകണക്കിന് പോലീസും പട്ടാളവും ഒരുമിക്കുന്നതെങ്ങിനെ? കൊറോണ വ്യാപനം തടയിടുകതന്നെ വേണം. ജനങ്ങൾ അത് ഗൗരവമായി കാണുകതന്നെവേണം. പക്ഷെ, കൊറോണ മാത്രമാണോ ഇവിടെ വില്ലൻ?