മോഡേൺ മെഡിസിൻ; മോഡേൺ മനുഷ്യന്റെ ജീവിതശൈലിക്ക് ചേർന്നത്

395

എഴുതിയത് : Venu Gopal

ആരോഗ്യകരമായ ഒരവസ്ഥ ശരീരത്തിനുണ്ടാക്കുക എന്നതാണ് ആയുർവേദം കൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച് രോഗം വന്നാൽ അതിനെ പെട്ടെന്ന് മാറ്റുക എന്നൊരു പ്രവർത്തനത്തിന്റെ പരിപൂർണ്ണ വിജയം അതിനു സാധിച്ചെന്നു വരില്ല. അറുപതു-എഴുപതു വര്ഷം മുൻപുള്ള പരിസ്ഥിതിയല്ല ഇന്ന് ആയുർവേദത്തിനുള്ളത്. കാരണം ആയുർവേദം മോഡേൺ സയൻസിന്റെ സഹായങ്ങളുമായി വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. അതിന്റെ ഭാഷയും മനസ്സിലാക്കലുകളും ഭാഷാപരമായ ന്യായ വാദ പ്രതിരോധ രീതികൾ പോലും ഇന്ന് മാറിയിട്ടുണ്ട് എങ്കിൽ അതിനും മോഡേൺ സയൻസിന്റെ സഹായം കൊണ്ട് വന്നു ചേർന്നതാണ്. ഓരോ ചെടികളിലെയും മിശ്രിതങ്ങളിലും അടങ്ങിയിട്ടുള്ള സത്തിനെ കുറിച്ചതും അതിന്റെ പ്രവർത്തനം ശരീരത്തിൽ എങ്ങിനെ നടക്കുന്നു എന്ന മനസ്സിലാക്കലിനും സഹായിച്ചത് മോഡേൺ സയൻസിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണ്.

ശരീരത്തിന് മതിയായ ഭക്ഷണവും അതിൽനിന്നുള്ള പോഷകാഹാരവും ലഭിച്ചാൽ തന്നെ ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിക്കുന്നെന്നും രോഗങ്ങൾ വരാതിരിക്കാൻ അത് സഹായിക്കുന്നുവെന്നും മോഡേൺ സയൻസ് കണ്ടുപിടിച്ചിട്ടുണ്ട്. തരംതിരിച്ചറിഞ്ഞിട്ടുണ്ട്. ഭക്ഷണം നല്ലതാണെന്നു പൂർവ്വികർ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എന്തൊക്കെ, ശരീരത്തിൽ എങ്ങിനെ പ്രവർത്തിക്കുന്നു, സസ്യങ്ങളുടെയും ജീവികളുടെയും ശരീരത്തിന് എന്തെല്ലാം മൂലകങ്ങൾ അടിസ്ഥാനപരമായി വേണമെന്നും ഉള്ള മനസ്സിലാക്കലുകളിൽ വ്യക്തത വന്നത് മോഡേൺ സയൻസിന്റെ വളർച്ചയിലൂടെയാണ്.

അങ്ങിനെ വളർന്നപ്പോഴാണ് ഇന്നയിന്ന ഭക്ഷണങ്ങൾ കഴിച്ചാൽ, ഇന്നയിന്ന വസ്തുക്കൾ മണ്ണിലേക്ക് നിക്ഷേപിച്ചാൽ മനുഷ്യനും സസ്യങ്ങൾക്കും അവ പോഷകങ്ങളായി വരുമെന്നും മനസ്സിലാക്കിയത്. അതും കൂടാതെ ഏതെല്ലാം കീടങ്ങൾ, ബാക്ടീരിയകൾ, ഫംഗസുകൾ, വൈറസുകൾ എങ്ങിനെയൊക്കെ പ്രവർത്തിക്കുന്നു, അതിന്റെയെല്ലാം ജീവിത ചക്രം എങ്ങിനെ എന്നതൊക്കെ മനസ്സിലാക്കിയത് മോഡേൺ സയൻസിന്റെ സഹായം കൊണ്ടാണ്. അതുവരെ എല്ലാം ‘നല്ലതാണ്’ അല്ലെങ്കിൽ നല്ലതല്ല, വിഷമുള്ളതാണ് എന്ന അനുഭവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ നല്ലതെന്ത്? ചീത്തയെന്ത്? വിഷമുള്ളതെന്ത്? എന്നിങ്ങനെയും അതിൽ അടങ്ങിയിട്ടുള്ള വസ്തുക്കൾ എങ്ങിനെ ജീവിത പരിസരത്തും ശരീരത്തിലും പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ചതും ശരീര ഘടനയെ കുറിച്ചതും ആയ വിവരങ്ങൾ മനസ്സിലാക്കിയിരുന്നില്ല.

നമ്മൾ മനസ്സിലാക്കിയ വിറ്റാമിനുകൾ, രക്തത്തിന്റെ സ്വഭാവം, ശരീരത്തിലെ ഓരോ അവയങ്ങളുടെയും പ്രവർത്തനം, വിറ്റാമിനുകളും ശരീരവും എങ്ങിനെ പ്രവർത്തിക്കുന്നു, രക്തത്തിന്റെ സ്വഭാവവും ധർമ്മവും, തലച്ചോറും നാഡീവ്യൂഹവും എല്ലുകളും സെൻസുകളും ശരീരത്തെയും ബോധത്തെയും എങ്ങിനെ സമഗ്രമായി പ്രവർത്തിക്കുന്നു എന്നതൊക്കെ മനസ്സിലാക്കിയിട്ടു അധികം ദശകങ്ങളായിട്ടില്ല. ഇപ്പോഴും നമുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത അനവധിയാനവധി ഇടങ്ങളിലേക്ക്, നമ്മുടെ ശരീരത്തിലും, സസ്യങ്ങളിലും പ്രകൃതിയുടെ മറ്റു ഇടങ്ങളിലെക്കും എത്താനുള്ള പ്രവർത്തനം തുടർന്നുന്നതേയുള്ളൂ. അത്തരം മനസ്സിലാക്കലുകളും വിജയകരമായി പോകണമെങ്കിൽ മോഡേൺ സയൻസിന്റെ, മനുഷ്യ സമൂഹത്തിന്റെ സാമൂഹ്യമായ വളർച്ചയുടെ അറിവുകളുടെ വളർച്ചയുടെ സഞ്ചിത രൂപം, വളർച്ചയിൽനിന്നു മാത്രമേ സാധിക്കൂ.

ഈ മനസ്സിലാക്കുകളുടെ വളർച്ചയിലൂടെയാണ് മനുഷ്യന് അവന്റെ പരിസ്ഥിതിയെയും പരിതഃസ്ഥിതിയെയും ഏകദേശം കൃത്യമായ രീതിയിൽ മനസ്സിലാക്കാനും നിയന്ത്രിക്കാനും ബന്ധപ്പെടുത്താനും ഉപകരിക്കുന്ന രീതിയിൽ രൂപാന്തരപ്പെടുത്താനും സാധിച്ചുതുടങ്ങിയത്. അങ്ങിനെയാണ് ആയുർവേദം അടക്കം മോഡേൺ സയൻസിന്റെ സഹായത്തോടെ അതിന്റെ ബാലാരിഷ്ടതകളിൽ നിന്ന് ഒരൽപം ആരോഗ്യത്തോടെ നിൽക്കാൻ കഴിയുന്ന സാഹചര്യത്തിൽ ഇന്നെത്തിയത്.

മാത്രവുമല്ല മുഴുവൻ മേഖലകളിലും കച്ചവടവും ആധുനിക ഭക്ഷണ ക്രമങ്ങളിൽ ലാഭാർത്തി വരുത്തിവെച്ച വിനകളിൽ നിന്ന് രക്ഷ നേടാനുള്ള വഴികളും തേടിയുള്ള അലച്ചിലും മോഡേൺ സയൻസിനെ കുറ്റക്കാരനാക്കിയപ്പോൾ പകരം എന്തെന്ന അന്വേഷണവും ഉയർന്നുവന്നു. അതിനുള്ള പരിഹാരവും മോഡേൺ സയൻസിന്റെ കാഴ്ചപ്പാടിലൂടെ മാത്രമേ മനസ്സിലാക്കാനും കഴിഞ്ഞുള്ളു. മുതലാളിത്ത ഉത്പാദന-വിതരണ-വിൽപ്പന ലാഭാർത്തി ഭക്ഷണങ്ങളിലൂടെ, ജീവിത സാഹചര്യങ്ങളിലൂടെയെല്ലാം വളർന്ന സമ്മർദ്ദങ്ങളും ലാഭത്തിനു വേണ്ടിയുള്ള നിർമ്മാണ രീതികളും മോഡേൺ സയൻസിനെയാണ് എതിര്പക്ഷത്തു നിർത്തിയത്.

സത്യത്തിൽ ഇവിടെ മോഡേൺ സയൻസ് അല്ല കുറ്റകരമായ പ്രവർത്തനം നടത്തുന്നത്. മോഡേൺ സയൻസ് സത്യത്തിൽ ഇത്തരം മനുഷ്യ വിരുദ്ധമായ, സാമൂഹ്യ വിരുദ്ധമായ, പരിസ്ഥിതി വിരുദ്ധമായ വശങ്ങളെ കുറിച്ചതും മുന്നറിയിപ്പ് നൽകുന്ന വിധത്തിൽ അതിന്റെ ചിന്തകളെ വളർത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും തന്നെ ഗൗനിക്കാതെയാണ് മുതലാളിത്തം അതിന്റെ ഉത്പാദന വിതരണ ലാഭാർത്തി മുന്നോട്ടു കൊണ്ടുപോകുന്നത്.
ഇത്തരത്തിലുള്ള സൂഷ്‌മവും സമഗ്രവുമായ മനസ്സിലാക്കലുകളിൽ വിജയിക്കുമ്പോഴാണ് ജീവിതവും,മനുഷ്യ ശരീരവും കൃഷിയും കന്നുകാലി വളർത്തലും ഭക്ഷ്യോത്പാദനവും അതിന്റെ കുറവുകൾ, ചുറ്റുപാടുകൾ, ഉപയോഗ ക്രമങ്ങൾ, പ്രയോഗ രീതികൾ, സമീപന രീതികൾ എന്നിവയിൽ വിജയം വരിക്കാൻ സാധിക്കൂ.