Share The Article

എഴുതിയത്  : Venu Gopal

ഈ വിഷയം എഴുതാൻ കാരണം ഇന്നത്തെ മാതൃഭൂമിയിൽ വന്ന കാർഷിക വായ്പയെ സംബന്ധിച്ച വാർത്തയാണ്.

മൂന്ന് വർഷം കഴിഞ്ഞു രാജസ്ഥാനിലെ ജൈസൽമീർ ജില്ലയിലെ എന്റെ കർഷക സുഹൃത്തിനെ കണ്ടു പിരിഞ്ഞിട്ട്. എങ്കിലും ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഒരു ഫോൺ വിളി വരാറുണ്ട്.. എം എ ബി എഡ് ഡിഗ്രി കഴിഞ്ഞും തന്റെ പൂർവ്വികർ വളർത്തിയിരുന്ന ഒരു പറ്റം താർപ്പാക്കാർ പശുക്കളെ വളർത്തി സംരക്ഷിക്കാനായി പെടാപാട് പെടുന്നു. അതും പുരാതനവും ശുദ്ധ ബ്ലഡ് ലൈൻ ട്രൈറ്റ് ഉള്ളതുമായ രാജസ്ഥാൻ ഥാർ മരുഭൂമി പ്രദേശത്തെ അപൂർവ്വങ്ങളിൽ അപൂർവ്വ ഇനം ട്രൈറ്റ്… ഏകദേശം ഒരു ദിവസം 20-25 ലിറ്റർ പാൽ തരുന്ന ട്രൈറ്റ്. താർപ്പാക്കാർ ഇനത്തിൽ ആദ്യമായി ബ്രൗൺ/ബ്ലാക്ക് നിറത്തിൽ പശുവിനെ കണ്ടത് പ്രവീണിന്റെ വീട്ടിലായിരുന്നു. സാധാരണ വെളുത്ത ഇനമാണ് താർപാക്കാർ. ചിലപ്പോൾ ഗിർ റെഡ് സിന്ധി ഇനങ്ങളിൽ നിന്നും മുൻകാലങ്ങളിൽ ഉണ്ടായ സ്വാധീനമായിരിക്കാം. പക്ഷെ അതിസുന്ദരിയായ ഒരു പശു. അവരുടെ ഏറ്റവും പ്രിയപ്പെട്ടവൾ.
തന്റെ വീട്ടിൽ വളർത്തുന്ന ഓരോ ഇനം പശുക്കളെയും കുറിച്ച് വിവരിക്കുമ്പോൾ സ്വന്തം കുടുംബത്തിലെ അംഗങ്ങളെക്കാൾ അഭിമാനത്തോടെയാണ് പറയുക. വീട്ടിലെ അംഗങ്ങളെക്കാൾ സ്നേഹത്തോടെയാണ് അവരെ പരിചരിക്കുക.

അത് പ്രവീൺ മാത്രമല്ല മറ്റൊരു സുഹൃത്തായ രാകേഷ് നിഹാൽ (മോക്കളവാസ്, ജോധ്‌പൂർ, രാജസ്ഥാൻ) തന്റെ കോളേജ് പ്രൊഫസർ ഉദ്യോഗം രാജിവെച്ചു തന്റെ പൂർവ്വികർ നൽകിയ താർപാക്കാർ ഇന്നത്തെ സംരക്ഷിക്കാൻ ജോലി രാജിവെച്ചു പശുക്കളോടൊപ്പം ചേർന്ന് ജീവിക്കുന്നു. നമ്മുടെ കേരളത്തിൽ വീടുകളിൽ ആരുമില്ലാതാകുമ്പോൾ ചില പരിസ്ഥിതികളിൽ ചിലർ ജോലി രാജിവെക്കുന്നപോലെ.

അങ്ങിനെയുള്ള കർഷക കുടുംബങ്ങളാണ് വലിയൊരു ശതമാനം യു പി, ബീഹാർ, ഗുജറാത്ത് പഞ്ചാബ്, ഹരിയാന ഹിമാചൽ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലെ കർഷക കുടുംബങ്ങൾ ഏവരും അങ്ങിനെ തന്നെ, സ്വന്തം വീട്ടിലെ അംഗങ്ങളെക്കാൾ കാര്യമായ പരിഗണയും ആദരവും ബഹുമാനവുമാണ് അവർക്കു പശുക്കളോടുള്ളത്. അത് കണ്ടും അനുഭവിച്ചും അറിഞ്ഞാലേ ആ ശുദ്ധ പാവങ്ങളായ മനുഷ്യരുടെ ജീവിത രീതികൾ മനസ്സിലാക്കാൻ സാധിക്കൂ. ഒരു പക്ഷെ ജയ് ശ്രീറാം ജയ് ഹനുമാൻ ജയ് മഹാകാളി എന്ന് പറയുന്നതിനേക്കാൾ അവർ പറയുക ജയ് ഗോമാതാ എന്നുതന്നെയാണ്. അത്രകണ്ട് അവരുടെ ജീവിതത്തിന്റെ നാനാ മേഖകളുമായി ബന്ധം മറ്റൊരു ജീവികൾക്കും ഇല്ലെന്നപോലെ.

പ്രവീണിന്റെ കാര്യത്തിലേക്കു മടങ്ങാം.. രണ്ടു വര്ഷം മുൻപ് ഏകദേശം പതിനഞ്ചു ലക്ഷം രൂപ പലിശക്കെടുത്താണ് പശുക്കൾക്ക് വെള്ളവും കൃഷി നടത്താനും ചെലവഴിച്ചത്.. അത്രയും ജലക്ഷാമം. അതും പോരാതെ കഴിഞ്ഞ വര്ഷം അഞ്ചു ലക്ഷം പിന്നെയും മേടിക്കുകയും ഉണ്ടായിരുന്ന ഭൂമിയിൽ നിന്ന് പകുതി വിറ്റും ചില കടുത്ത കാർഷിക പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെട്ടു. എന്നിട്ടും രക്ഷപ്പെടാൻ സാധിക്കുമെന്ന് തോന്നുന്നില്ല. പാൽ വിൽക്കുന്നത് ലിറ്ററിന് വെറും 32 രൂപ. കുടുംബത്തിന്റെ ചെലവും മറ്റും ഈ വരുമാനം കൊണ്ട് തികയുന്നുമില്ല. എന്നിട്ടും പശുക്കളെ വിട്ടുള്ള കളിയില്ല. സർക്കാർ എന്തെങ്കിലും സഹായം നൽകുമെന്ന പ്രതീക്ഷയിലാണ് അവർ.

പുതിയ നിയമം വന്നതോടെ അവർക്കു കാളകളെ വിൽക്കാൻ സാധിക്കുന്നില്ലെന്ന ദേഷ്യവുമുണ്ട്. പ്രത്യേകിച്ച് ബജ്‌റംഗ്ദൾ ഗുണ്ടാഗിരിയോട്.

സാധാരണ ഒരു വര്ഷം പ്രായമെത്തിയാൽ അന്യ സംസ്ഥാനങ്ങളിലെയോ മറ്റു ജില്ലകളിലെയോ ധാന്യ കർഷകർക്ക് നൽകുകയാണ് പതിവ്. അതല്ലെങ്കിൽ കൂടുതൽ പാൽ തരുന്ന പശുവിന്റെ ഒന്നോ രണ്ടോ വര്ഷം പ്രായമായ കുട്ടി കാളകളെ അടുത്ത പ്രദേശത്തുള്ള പശുവളർത്തുന്നവർക്കു വിത്തിനത്തിനായി കൈമാറുക എന്നതാണ് രീതി. തിരിച്ചും അങ്ങിനെ ചെയ്യാറുണ്ട്.

പശുവിനെ അറക്കുക എന്നൊരു പതിവ് ഈ സംസ്ഥാനങ്ങളിൽ അപൂർവ്വങ്ങളിൽ അപൂർവ്വം. അതുകൊണ്ടുതന്നെ അവർ വില്പന നടത്തുമ്പോൾ അതേക്കുറിച്ചു ചിന്തിക്കാറില്ല.

എനിക്ക് അത്ഭുതം തോന്നിയിട്ടുള്ളത് അവരുടെ പരിചരണ രീതികളാണ്. രോഗവിമുക്തരായ പശുക്കൾ എന്നാൽ യാതൊരു മരുന്നുകളും നൽകാതെ തന്നെ നാട്ടു രീതികളിൽ ചെറു ചെറു ചികിത്സകൾ.. ചികിത്സ എന്നൊന്നും അതിനെ പറയാൻ കഴിയില്ല. പക്ഷെ ഒരു തരത്തിലൊരു സംരക്ഷണം.

അപ്പോൾ വാർത്തയിലേക്കു വരാം. ഇത്തരം കർഷകർക്ക് സംരക്ഷണം നൽകുന്ന രീതികളിൽ പദ്ധതികൾ ഇല്ലെങ്കിൽ അവർ മുടിഞ്ഞതുതന്നെ. അതും ലോകോത്തര ബ്രീഡുകളെ സംരക്ഷിക്കുന്ന പാവങ്ങൾ. ചിലപ്പോഴൊക്കെ പണത്തിനു ബുദ്ധിമുട്ടു വരുമ്പോൾ വീട്ടിൽ ശേഷിപ്പുള്ള സ്വർണ്ണ പണ്ടങ്ങൾ പാത്രങ്ങൾ എന്നിവ അടുത്തുള്ള ബനിയായുടെ കൈകളിൽ നൽകി പണം മേടിക്കുന്നവരുമുണ്ട്. ചിലപ്പോൾ തിരിച്ചെടുക്കാൻ സാധിക്കും അല്ലെങ്കിലില്ല. ഇവർക്ക് വേണ്ടത് കൃഷിക്കും മൃഗ പരിപാലത്തിനും വേണ്ടുന്ന വെള്ളമാണ്. ഒപ്പം കാലിത്തീറ്റ സ്വന്തമായുണ്ടാക്കൻ വേണ്ടുന്ന പലിശയില്ലാ സഹായങ്ങൾ. കാർഷിക യന്ത്രോപകരണങ്ങൾ എന്നിവയും.

അവരുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്.. ജൈസാ ഗായ് വൈസാ ഹോയ് മൻ.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.