എഴുതിയത് : Venu Gopal

പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സീറോ ബജറ്റ് ഫാം പ്രചാരണം ശുദ്ധ തട്ടിപ്പ്.

Venu Gopal
Venu Gopal

മണ്ണിനെയും ചെടികളെയും ഫലങ്ങളെയും സംരക്ഷിക്കുക, മണ്ണിന്റെ വളക്കൂറും അതിലൂടെ ഉത്പാദനവും വർദ്ധിപ്പിക്കുക കീടങ്ങളിൽ നിന്നും സംരക്ഷിക്കുക എന്നതാണ് കൃഷിയുടെ വിജയത്തിന്റെ അടിസ്ഥാനം. കൃഷിയുടെ വിജയമെന്ന് പറയുമ്പോൾ മനുഷ്യന്റെ സാമൂഹ്യജീവിതവുമായി ബന്ധപ്പെടുത്തിവേണം അതിനെ നോക്കിക്കാണാൻ. അതല്ലാതെ മനുഷ്യന്റെ സാമൂഹ്യ ജീവിതത്തെ മനസ്സിലാക്കാതെ കൃഷിയെ മാത്രം മനസ്സിലാക്കാൻ ശ്രമിച്ചാൽ കൃഷികൊണ്ടുള്ള ഉദ്ദേശം അതിന്റെ പൂർണ്ണതയിൽ എത്തുകയില്ല. അതും കൂടാതെ കൃഷി എന്ന് പറയുമ്പോൾ കേവലം അത് പച്ചക്കറികളോ ധാന്യങ്ങളോ ഉണ്ടാക്കുന്ന ഒരു പ്രവർത്തിയാണ് എന്നും കരുതരുത്. കൃഷിയുമായി ബന്ധപ്പെട്ടുതന്നെയാണ് മനുഷ്യ ജീവിതമെന്നപോലെ ചുറ്റുപാടുമുള്ള മുഴുവൻ സസ്യലതാതികളും പക്ഷികളും മൃഗങ്ങളും സൂഷ്മജീവികളും മറ്റു പരിസ്ഥിതികളുമെല്ലാം.

ആ നിലയ്ക്ക് ഈ നാനാജീവികളുമടങ്ങുന്ന ജൈവ സമൂഹത്തെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും ഉള്ള കൃത്യമായ ധാരണകളും പഠനങ്ങളും മെച്ചപ്പെടുത്തലുകളും നടക്കുന്നില്ലെങ്കിൽ എവിടെയെങ്കിലുമൊക്കെ അത് മുഴച്ചു നിൽക്കുകയോ ബന്ധം വേർപ്പെട്ടു നിൽക്കുകയോ ആത്യന്തികമായി അത് ഒരു തകർച്ചയിലേക്ക് നീങ്ങുകയോ ചെയ്യാം. ഈ ദ്വന്താത്മക ബന്ധത്തെ കുറിച്ചുള്ള ധാരണകളാണ് വളരേണ്ടത്. മനുഷ്യനെന്ന ജീവി സ്വന്തം ജീവിതത്തെ കുറിച്ചുള്ള ധാരണകൾ വളർത്തുന്നതോടൊപ്പം തന്നെ മറ്റു സഹജീവികളുടെയും വളർച്ചക്കുവേണ്ട ധാരണകൾ വളർത്തിയിട്ടുണ്ട്. അവന്റെ ഉത്പാദന രീതി എന്നത് സ്വന്തം വളർച്ചക്കുവേണ്ടി മാത്രമല്ല സഹജീവികളുടെ സുരക്ഷിതമായ ജീവിതാവസ്ഥകൾക്കുവേണ്ടിയും കൂടിയാണ്. അല്ലാതൊരു നിലനിൽപ്പ് മെച്ചപ്പെട്ട അവസ്ഥയിലേക്ക് മനുഷ്യനെ നയിക്കുകയുമില്ല.

സുലഭതയിലും ദൗർലഭ്യത വളരുന്നുവെങ്കിൽ അത് മനുഷ്യ സമൂഹത്തിന്റെ ജീവിത രീതികളുടെ കുഴപ്പമായി ചിത്രീകരിക്കുന്നതിൽ അർത്ഥമില്ല. ജനസംഖ്യ വർദ്ധിക്കുന്നതുകൊണ്ടാണ് ദൗർലഭ്യത വളരുന്നതെന്ന മാൽത്തൂസിയൻ വാദവും ആഭാസമാണ്. മനുഷ്യന്റെ വളർച്ചയിൽ അവനുണ്ടാക്കിയ അത്ഭുതകരമായ സാങ്കേതിക വിദ്യകൾകൊണ്ട് മുൻകാലങ്ങളിൽ നിന്ന് പതിനായിരക്കണക്കിനും ലക്ഷക്കണക്കിനുമിരട്ടി ഉത്പാദന വർദ്ധനവ് ഉണ്ടാക്കാൻ കഴിയുന്ന വിധം അവന്റെ കഴിവുകളും അറിവുകളും വളർന്നിട്ടുണ്ട്.

ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ആയിരക്കണക്കിന് ഏക്കർ കൃഷിയോഗ്യമായ കൃഷിയിടങ്ങൾ തയ്യാറാക്കാനും വിത്തുകൾ നടാനും ജലസേചനം നടത്താനും കളപറിക്കാനും അവ കൊയ്തെടുക്കാനും വേർതിരിക്കാനും പാക്ക് ചെയ്യാനും അത് ഓരോ വൻകരകളിലേക്ക് ഏതാനും മണിക്കൂറുകൾ കൊണ്ട് എത്തിക്കാനും കഴിയുന്നൊരു അവസ്ഥയിലേക്ക് വളർന്നു. പണ്ട് കാലത്ത് ഒരു കാളയെയും വെച്ച് ഒരു ഇട്ടാവട്ടത്തെ കൃഷി നോക്കി കഷ്ട്ടപ്പെട്ടിരുന്ന അവസ്ഥയെല്ലാം ദശകങ്ങൾക്ക് മുൻപേ മറഞ്ഞു പോയി.

കാർഷിക രംഗത്തു നേരിടേണ്ടി വന്ന പ്രതിസന്ധികൾ പരിഹരിക്കാൻ കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ആവശ്യത്തിന് കൃഷിഭൂമിയില്ല, നിരന്തരമായ കൃഷിയും തുടർന്നുള്ള കൃത്യമായ വളപ്രയോഗ റീചാർജ്ജിങ് നടക്കാതിരുന്നതും ഓരോ ചെടികളുടെയും വളർച്ചക്കുവേണ്ട പ്രത്യേകം പ്രത്യേകം വളമൊരുക്കലും മണ്ണിലെത്തന്നെ വിവിധങ്ങളായ മൂലകങ്ങളെ കുറിച്ചും സസ്യങ്ങളുടെയും സൂഷ്മജീവികളുടെയും ജീവശാസ്ത്രപരമായ അറിവുകളും പരിചരണ രീതികളും കീടാണുക്കളുടെ ആക്രമങ്ങളിൽ നിന്നും രക്ഷനേടാനുള്ള പ്രതിവിധികളും ബാല്യാവസ്ഥയിൽ നിന്നിരുന്ന അന്നത്തെ ശാസ്ത്രശാഖകൾക്കു സഹായിക്കാൻ കഴിയുംവിധമായിരുന്നില്ല. അതും കൂടാതെ കാർഷിക രംഗത്തിനു ഒരിക്കലും ഒഴിച്ചുകൂടാൻ വയ്യാത്ത പക്ഷിമൃഗാദികളുടെയും മറ്റു സസ്യജാലങ്ങളുടെയും മറ്റും ജീവിതക്രമത്തെ കുറിച്ചുമുള്ള ധാരണകൾ വളരെ വളരെ ചെറിയ തോതിലായിരുന്നു. അതുകൊണ്ടുതന്നെ അവയുടെ ബ്രീഡ് ഡെവലപ്മെന്റ് വളരെ ശോഷിച്ച രീതിയിലുമായിരുന്നു. അപ്പോൾ പിന്നെ ഇന്ത്യൻ അവസ്ഥ പറയാതിരിക്കുകയാണ് ഭേദം.

ശാസ്ത്ര ലോകം അതില്നിന്നെല്ലാം വളരെയധികം മുന്നോട്ടു പോയി, കാർഷിക രംഗത്തെ അറിവുകൾ, യന്ത്രോപകരണങ്ങൾ, രസതന്ത്രം, ബയോളജി അതിന്റെയെല്ലാം ഉപശാഖകൾ വളർന്നു. മണ്ണിലും വിണ്ണിലും പരിസ്ഥിതിയിലും നടക്കുന്ന പ്രവർത്തനങ്ങൾ ഏകദേശം കൃത്യമായി മനസ്സിലാക്കാനുള്ള ഉയരത്തിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. നിരന്തരമായ കൃഷി മൂലം മണ്ണിന്റെ ഊഷരത വർദ്ധിപ്പിക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും പഠിച്ചു. വളർത്തുമൃഗങ്ങളുടെ ബ്രീഡ് ഡെവലപ്മെന്റ് പൂർവ്വികർ സ്വപ്നം കാണാത്ത രീതിയിലേക്ക് എത്തി. നാലും അഞ്ചും ആറും ലിറ്റർ തരുന്ന ഇന്ത്യൻ ബ്രീഡുകൾ ഇന്ന് അമേരിക്കൻ, യൂറോപ്പ്യൻ, ബ്രസീലിയൻ, ആസ്ട്രേലിയൻ, ന്യൂസിലാൻഡ് ഫാമുകളിൽ മുപ്പതും നാല്പതും ലിറ്റർ പാലുത്പാദിപ്പിക്കുന്ന ഗുണനിലവാരത്തിലേക്ക് എത്തി. ഇതെല്ലാം സംഭവിച്ചത് ഏതൊരു പക്ഷി മൃഗാദികളുടെയും സസ്യങ്ങളുടെയും അതിന്റെ പ്രകൃത്യായുള്ള പൊട്ടൻഷ്യൽ മനസ്സിലാക്കാനും അതിനനുസരിച്ചുള്ള പരിചരണ രീതികൾ സാധ്യമാക്കാനുള്ള പ്രയോഗപദ്ധതികൾ വികസിപ്പിച്ചതുകൊണ്ടാണ്. അതില്ലാതെ ഇത്രയും വളർച്ച ലോക കാർഷിക രംഗത്ത് സാദ്ധ്യമാകില്ലായിരുന്നു.

ഇന്ത്യൻ കാർഷിക രംഗം ആകട്ടെ ഈ വിഷയങ്ങളിൽ വളരെ വളരെ വൈകിയാണ് കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. വിപണിയുമായി മല്ലടിക്കുന്ന ഇന്ത്യൻ കര്ഷകന് ജീവിക്കാൻ സാധിക്കാത്ത ഒരു പ്രത്യേക സാമ്പത്തിക പരിസ്ഥിതിയും വന്നുചേർന്നു. അതോടെ ആത്മഹത്യകളുടെ എണ്ണവും വർദ്ധിച്ചു. അത്തരമൊരവസ്ഥയിൽ പലേക്കർ സീറോ ബജറ്റ് കൃഷി രീതികൾ കൃത്യമായും പറഞ്ഞാൽ അബദ്ധങ്ങളുടെ കൂമ്പാരമാണ്.

കാർഷിക വൃത്തിയിൽ ചെലവ് വർദ്ധിക്കുന്നത് കർഷകന്റെ ആർഭാടം കൊണ്ടല്ല. കര്ഷകന് കൃഷി ലാഭകരമല്ലാതാകുന്നത് അവന്റെ ജീവിതത്തിന്റെ മറ്റിടങ്ങളിൽ വന്ന തട്ടിപ്പുകളും വഞ്ചനാപരമായ രാഷ്ട്രീയ സാമ്പത്തിക നയങ്ങളുടെയും ഫലമാണ്. വളം, ജലസേചന സൗകര്യങ്ങൾ, മെച്ചപ്പെട്ടയിനം വിത്തുകൾ, കീടനാശിനി പ്രയോഗങ്ങൾ, യന്ത്ര സൗകര്യങ്ങൾ, കൃഷി രീതികളിലെ ആധുനിക രീതികൾ എന്നിവയിലുള്ള ലഭ്യതയില്ലായ്മയും വിപണിയിൽ തന്റെ വിളവുകൾക്കു വിലയുണ്ടായിട്ടും അതിന്റെ പകുതിയിൽ പകുതി പോലും ലഭിക്കാതാകുക എന്ന തട്ടിപ്പു വിപണിയും സാധാരണക്കാരുടെ ജീവിതത്തിലെ മറ്റാവശ്യങ്ങളുടെ ഇടങ്ങളിൽ തൊട്ടാൽ പൊള്ളുന്ന രീതിയിലുള്ള വിലവർദ്ധനവുകളുമാണ് കാരണം.
സീറോ ബജറ്റ് കൃഷി രീതികൾ മണ്ണിനെയും കാർഷിക പരിചരണ രീതികളെയും പക്ഷി മൃഗാദികളുടെ വളർത്തു രീതികളിലും അതിന്റെ മാക്സിമം പൊട്ടൻഷ്യൽ നിലകളിലേക്കു ഉയർത്താനുള്ള വളർച്ചയിലേക്ക് തടസ്സം നിൽക്കുന്ന ഒരു രീതിയാണ്.

പലേക്കർ കൃഷി രീതി നടത്തുന്നതിൽ തെറ്റില്ല, പക്ഷെ അത് ഒരു പതിനായിരം വര്ഷങ്ങള്ക്കു മുൻപുള്ള സാമൂഹ്യാവസ്ഥയിൽ നടത്താൻ പാകത്തിലുള്ളതാണ്. അതുകൊണ്ട് പലേക്കർ കൃഷി രീതിക്കാർക്ക് അത്തരമൊരു ഇടം ഇന്ത്യയിൽ എവിടെയെങ്കിലും ഒരു പത്തോ നൂറോ ഏക്കർ കൃഷി സ്ഥലം നൽകി ഒരു പ്രത്യേക ജീവ സമൂഹമായി അവിടെ കിടന്നു ജീവിക്കട്ടെ. ഏതൊരു മത ആചാര രീതികളും പ്രചരിപ്പിക്കാൻ ഏവർക്കും സ്വാതന്ത്ര്യമുണ്ടെന്നു പറയുന്നപോലെ അവർക്കും അവരുടെ സ്വാതന്ത്ര്യത്തെ കുറിച്ച് അവിടെ ഊറ്റം കൊണ്ട് ജീവിക്കട്ടെ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.