രാസവളപ്രയോഗം മണ്ണിന്റെ ഘടനയെ എങ്ങനെയൊക്കെ ബാധിക്കുന്നു

312

Venu Gopal

സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ രീതിയിൽ മണ്ണിൽ കാണപ്പെട്ട പ്രധാന മൂലകങ്ങളായ നൈട്രജൻ, ഫോസ്‌ഫറസ്‌, പൊട്ടാസ്യം എന്നിവയുടെ സാന്നിദ്ധ്യം മെച്ചപ്പെടുത്തുക എന്നതാണ് കൃത്രിമ സംയുക്തമായ രീതിയിൽ മണ്ണിലേക്ക് രാസവള പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈവിധം രാസവളങ്ങൾ നിർമ്മിക്കുന്നതിന്, അവ ഉണ്ടാക്കാനുള്ള മീഡിയം നിർമ്മിക്കുന്നതിനും വലിയ അളവിൽ സൾഫ്യുറിക് ആസിഡ്, ഹൈഡ്രോക്ളോറിക് ആസിഡ്, നൈട്രിക് ആസിഡ് എന്നിവയുടെ ആവശ്യവുമുണ്ട്.

രാസവളങ്ങൾ മണ്ണിലേക്ക് സസ്യങ്ങൾക്കാവശ്യമായ മൂലകങ്ങളായി ചെന്നുചേർന്ന് സസ്യങ്ങളുടെ, പൂക്കളുടെ, കായ്‌കളുടെ എല്ലാം വളർച്ചയെ സഹായിക്കുമെങ്കിലും താരതമ്യേന ജൈവ രീതിയിൽ സഹായിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ സമയത്തേക്ക് മാത്രം.

നിരന്തരമായ രാസവളപ്രയോഗം കാരണം അവ മണ്ണിലേക്കും വെള്ളത്തിലേക്കും ഒഴുകിയെത്തുകയും ചെയ്യും. മണ്ണിൽ രാസവളം ചേരുന്നതോടെ അവ വളരെ പെട്ടെന്ന് അലിയുകയും മണ്ണിലേക്കും വെള്ളത്തിലേക്കും ചെന്ന് ചേരുകയും ചെയ്യും. സസ്യങ്ങളുടെ വേരുകൾ ഈ മൂലകങ്ങളെ ആഗിരണം ചെയ്യുന്നതിനേക്കാൾ വേഗതയിൽ അവ മണ്ണിലേക്കും വെള്ളത്തിലേക്കും ലീച് ചെയ്യുന്നത് വഴി സസ്യങ്ങൾക്കു കുറവും മറ്റിടങ്ങളിലേക്ക് കൂടുതലായും അരിച്ചിറങ്ങുന്ന അവസ്ഥ ഉണ്ടാകുന്നു. ഈ അരിച്ചിറങ്ങൽ വെള്ളത്തെ മാത്രമല്ല കേടാക്കുക, അതോടൊപ്പം മേൽമണ്ണിന്റെ തൊട്ടുതാഴെയുള്ള, മേല്മണ്ണിൽ നിന്നും ഏകദേശം നാല് ഇഞ്ചു താഴെയുള്ള ഭാഗം, അടിമണ്ണിന്റെ ആരോഗ്യത്തെയും ഘടനയെയും നശിപ്പിക്കുന്നു. ഈ ഒലിച്ചിറങ്ങുന്നതിലൂടെ ചെന്ന് ചേരുന്ന രാസമൂലകങ്ങൾ അടിമണ്ണിലെ ചെളിയുമായി പ്രവർത്തിച്ചു ചെളിയുടെ സ്വാഭാവിക രൂപത്തെ മാറ്റി ഒരുതരം ഉറച്ച ഘടനയിലേക്കു മാറ്റുന്നു. ഇവിടെയാണ് സസ്യങ്ങയുടെ വേരുകൾ പ്രവർത്തിക്കുന്നത്, മിനറൽസ് അടങ്ങിയിരിക്കുന്നത്, വലിയൊരു വിഭാഗം സൂഷ്മാണുക്കളും മണ്ണിരകളും പ്രവർത്തിക്കുന്നത്. അവിടെയാണ് ഈ രാസ മൂലകങ്ങൾ ചെന്ന് ആ പശിമയുള്ള, എല്ലാ പോഷകങ്ങളെയും സംരക്ഷിച്ചു നിർത്തുന്ന ഘടനയെ, സൂഷ്മാണുക്കൾ വളരാൻ സഹായിക്കുന്ന ഘടനയെ, അവയുടെ ആവാസ വ്യവസ്ഥയെ ക്ഷീണിപ്പിക്കുന്നത്.

No photo description available.ആദ്യ രാസവള പ്രയോഗത്തിൽ ഒരല്പവും രണ്ടാമതും മൂന്നാമതും പ്രയോഗിക്കുന്നതിലൂടെ പൂർണ്ണമായും ഈ വ്യവസ്ഥക്ക് മാരകമായ തോതിൽ ക്ഷീണം സംഭവിക്കുന്നു. ഒരേ സീസണിൽ തന്നെ, ഒരേ വിളവിന്റെ കാലയളവിലും തന്നെ രണ്ടും മൂന്നും തവണ പ്രയോഗിക്കുന്ന രീതികളുണ്ട്. അങ്ങിനെ രണ്ടോ മൂന്നോ നാലോ സീസണോടെ വലിയൊരളവിൽ ചിലപ്പോൾ ഏകദേശം പൂർണ്ണമായും സൂഷ്മാണുക്കൾ വളരാൻ പാകത്തിലുള്ള ഘടനയെ ഇല്ലാതാക്കുന്നു. അതും കൂടാതെ ഓരോ പ്രയോഗത്തിലും രാസവളങ്ങളിൽ അടങ്ങിയിട്ടുള്ള ആസിഡുകൾ – സൾഫ്യുറിക് ആസിഡ്, ഹൈഡ്രോക്ളോറിക് ആസിഡ് എന്നിവ – മണ്ണിന്റെ പിഎച്ച് അളവിലും വ്യത്യാസം വരുത്തുന്നതോടെ സൂഷ്മാണുക്കൾക്ക് ജീവിക്കാനുതകുന്ന തരത്തിലോ ഇരട്ടിപ്പിക്കാൻ കഴിയുന്ന രീതിയിലോ ഓർഗാനിക് മാറ്റർ ജീർണ്ണിപ്പിച്ചു വിഘടിപ്പിക്കാൻ കഴിയുന്ന ആരോഗ്യമോ ഇല്ലാതാകുന്നു.

അപ്പോൾ പോലും ഏറ്റവും ലഘൂകരിക്കപ്പെട്ട അഥവാ നേർപ്പിച്ച രീതിയിൽ രാസവളം വേരിന്റെ പരിസരങ്ങളിലേക്ക് എത്തിയാൽ ചെടികൾക്ക് പ്രയോജനമായിത്തീരാം. പക്ഷെ ആ പ്രവർത്തനത്തിന്റെ വേഗതയും പിന്നീട് മണ്ണിന്റെ ഘടന മാറുന്നതോടെ നടന്നുകൊള്ളണമെന്നില്ല. രാസവള പ്രയോഗത്തിലൂടെ ചെന്നെത്തുന്ന സൾഫ്യൂറിക് ആസിഡ് ഹൈഡ്രോക്ളോറിക് ആസിഡ് എന്നിവയാണ് പ്രധാനമായും ഈ അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നത്. അടിമണ്ണ് അഥവാ വളമണ്ണിന്റെ ഈ ഘടനാപരമായ അവസ്ഥ മാറുന്നതോടെ ഏതൊരു വസ്തുവും ആഴ്ന്നിറങ്ങാനുള്ള ഗുണവും മണ്ണിന്റെ വായു സഞ്ചാരവും ഇല്ലാതാക്കുന്നു. ഈർപ്പം നിലനിർത്താനുള്ള ശേഷിയും വലിയതോതിൽ നശിപ്പിക്കുന്നു. അതോടെ ബാക്ടീരിയകളുടെ വളർച്ചക്കുവേണ്ട ഘടനയും ഇല്ലാതാകുന്നു. രാസവള പ്രയോഗം നടത്തിയ മണ്ണ് നമ്മുടെ കൈകൊണ്ടു മാന്തിയാൽ പോലും വരാത്ത വിധം ഒരു തരം ഉറച്ച അവസ്ഥയിലേക്ക് മാറും. ഒരു ചെറിയ വടിയെടുത്ത് മണ്ണിൽ തട്ടി നോക്കിയാൽ ചെണ്ടയിൽ കൊട്ടുന്നപോലെ തോന്നാം.

സൂഷ്മാണു ജീവികൾ ഓരോന്നും വിവിധ ധർമ്മങ്ങളാണ് അനുഷ്ഠിക്കുന്നത്. അവയുടെ സഖ്യാവർദ്ധനവ് മണ്ണിൽ ഇല്ലായെങ്കിൽ സസ്യങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന, വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഇലകളിലും തണ്ടുകളിലും വേരുകളിലുമെല്ലാം ഒരു തരം പ്രതിരോധ മരുന്നുപോലെ പ്രവർത്തിക്കുന്ന സൂഷ്മാണുക്കളുടെ പ്രവർത്തനം ഇല്ലാതാകുന്നതോടെ സസ്യങ്ങൾ വളരെ വേഗതയിൽ വിവിധ തരാം രോഗങ്ങൾക്ക് കീഴടങ്ങാൻ തുടങ്ങും. ഇനി അഥവാ ചെറിയ തോതിൽ രോഗങ്ങളെ പ്രതിരോധിച്ചു നിലനിന്നാൽ തന്നെയും പൂവിന്റെയും കായ്കളുടെയും എണ്ണവും വണ്ണവും തൂക്കവും രുചിയും തികച്ചും ശോഷിപ്പോടെയായിരിക്കും വളരുക. അവസാനം കർഷകൻ ഫലങ്ങൾ ഇല്ലാതെ വാവിട്ടു കരയേണ്ട ഗതികേടിലേക്കു എത്തുകയും ചെയ്യും. ഇങ്ങിനെ മണ്ണ് കേടായിപ്പോയാൽ പിന്നെ എത്ര വളമിട്ടിട്ടും ഇനി ജൈവ വളം തന്നെ പ്രയോഗിച്ചിട്ടും കാര്യമില്ല എന്ന അവസ്ഥയിലാകും. ജൈവ വളം ഉപയോഗിച്ചിട്ട് കാര്യമില്ല എന്നല്ല ഇവിടെ ഇടുന്ന ജൈവ വളത്തെപ്പോലും ജീർണ്ണിപ്പിച്ചു പെട്ടെന്ന് ചെടികൾക്ക് നൽകാൻ പാകത്തിലുള്ള സൂഷ്മാണുക്കളുടെ സംഖ്യ ഇല്ലെന്നുള്ളതാണ് മനസ്സിലാക്കേണ്ടത്. പിന്നെ ആശ്രയിക്കേണ്ടി വരിക ജൈവ വളം ചേർക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള സൂഷ്മാണുക്കളെയാണ്. അവയുടെ സംഖ്യയും കുറവാണെങ്കിൽ എന്ത് കാര്യം? കാര്യം ഇല്ലായ്കയല്ല, പക്ഷെ ജീർണ്ണിപ്പിക്കൽ പ്രക്രിയ വളരെ പതുക്കെയേ നടക്കുകയുള്ളൂ. രാസവള പ്രയോഗം നൈട്രജൻ ഫിക്സ് ചെയ്യുന്ന ബാക്ടീരിയകളുടെ ആരോഗ്യത്തെയും ബാധിക്കുന്നു എന്നതുകൊണ്ട് നൈട്രജൻ പിന്നീട് ചേർത്താൽ തന്നെയും സസ്യങ്ങൾക്ക് എളുപ്പത്തിൽ ആഗിരണം ചെയ്തെടുക്കണം എന്നില്ല. ഈ നൈട്രജനെ ഫിക്സ് ചെയ്യുന്ന ബാക്ടീരിയയാണ് സസ്യങ്ങൾക്ക് പ്രധാനമായും വായുവിലുള്ള നൈട്രജൻ ആഗിരണം ചെയ്തു നൽകുന്നതിൽ സഹായിക്കുന്നത്.