ജനങ്ങളിൽ നിലനിൽക്കുന്ന മാനസികവും സാംസ്കാരികവുമായ നിർമ്മിതികളുടെയും ഏറിയ ഭാഗവും ജാതിയുടെയോ മതത്തിന്റെയോ മറ്റേതെങ്കിലും തരത്തിലുള്ള വിഭാഗീയതകളുടെയോ ആയിരിക്കെ ഭരണകൂടത്തിനു, ആധുനിക ഭരണകൂടത്തിന്, അതായത് ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ കാപ്പിറ്റലിസ്റ്റ് ഭരണ സമ്പ്രദായത്തിന് അവരുടേതായ സാമ്പത്തിക താത്പര്യങ്ങൾ നിലനിർത്തി ആവോളം സമ്പത്ത് ശേഖരിക്കാനും അവരുടെ സാമ്പത്തിക താത്പര്യങ്ങൾ നിലനിർത്താൻ കഴിയുംവിധമുള്ള നീതിന്യായ വ്യവസ്ഥകൾ ഭദ്രമായി നിലനിർത്താനും കഴിയുന്ന തരത്തിലാണ് ഓരോ പ്രദേശത്തെയും ഭരണകൂട വ്യവസ്ഥകൾ മുന്നോട്ടുപോകുന്നത്.
ബിജെപി ആരെ സേവിക്കുന്നു എന്ന് നോക്കിയാൽ വളരെ കൃത്യമായി കാണാൻ സാധിക്കും ഇന്ത്യൻ കാപ്പിറ്റലിസ്റ്റ് വ്യവസ്ഥയെ, അവരുടെ ഉത്പാദന വിതരണ സമ്പ്രദായത്തെ. ഏതെല്ലാം വിധത്തിൽ സംരക്ഷിക്കാനും വളർത്താനും സാധിക്കുമോ ആ വിധമെല്ലാം നടത്തിയെടുക്കുന്നുണ്ട് എന്നത് പകൽപോലെ വ്യക്തം. പിന്നെ അവർ കാണിക്കുന്ന, പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്ന, പ്രചരിപ്പിക്കുന്ന രീതികൾ എന്നത് എല്ലാ വിഭാഗം ജനങ്ങളിലും അടിയുറച്ചിരിക്കുന്ന സാംസ്കാരികമായ പിന്നോക്കാവസ്ഥയെ ഒന്നുകൂടി പിന്നോക്കം കൊണ്ടുപോവുന്ന പ്രക്രിയയുടെ വേഗത വർദ്ധിപ്പിക്കുക എന്നതുമാത്രമാണ്.
ഇന്ത്യയെപോലെയൊരു രാജ്യത്ത് ഇത്രമേൽ എളുപ്പം പ്രയോഗിക്കാവുന്ന മറ്റൊന്നില്ല. ഏതൊരു രാജ്യത്തെയും കാപ്പിറ്റലിസ്റ്റ് ഭരണകൂടങ്ങളെ എടുത്തു പരിശോധിച്ചാലും അവരവരുടെ രാജ്യത്തെ ഇത്തരത്തിലുള്ള വിഭാഗീയ കാഴ്ചപ്പാടുകളെ, അതിൽ അടിഞ്ഞുകൂടിയിരിക്കുന്ന സാമൂഹ്യ സംസ്കാരത്തെ, ആ പിന്നോക്കാവസ്ഥയെ വർദ്ധിപ്പിക്കുന്നതായി കാണാം… പാകിസ്ഥാനിൽ, ശ്രീലങ്കയിൽ, മ്യാൻമാറിൽ, ബേംഗ്ലാദേശിൽ, ആഫ്രിക്കയിൽ, അമേരിക്കയിൽ പോലും… ജാതിയും മതവും അല്ലെങ്കിൽ വംശീയമോ ഭാഷാപരമോ പ്രാദേശികമോ പോലുള്ള മറ്റെന്തെങ്കിലും ആയിരിക്കും അവർ ഉപയോഗിക്കുക.
മത രാഷ്ട്രമെന്ന് ഓമനപ്പേരിട്ടിട്ടുള്ള ഗൾഫ് നാടുകളിൽ പോലും മനുഷ്യ സമൂഹത്തിൻന്റെ ജീവിതവുമായി ബന്ധപ്പെട്ട ഏതേതു ഉത്പാദനവും വിതരണവും മറ്റെല്ലാ സാമ്പത്തിക നീക്കുപോക്കുകളും കാപ്പിറ്റലിസ്റ്റ് സമ്പ്രദായത്തിന്റെ മുഴുവൻ അച്ചുകൂടങ്ങളുമായിരിക്കും പ്രവർത്തിക്കുന്നതെന്ന് ആർക്കാണ് അറിയാൻ കഴിയാത്തത്.കാപ്പിറ്റലിസ്റ്റ് സമ്പ്രദായം അതിന്റെ ബാല്യാവസ്ഥയിൽ വിപ്ലവകരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് ഫ്യുഡൽ ഭരണത്തെ അവസാനിപ്പിച്ചെങ്കിലും സാംസ്കാരിക തലം – ഉപരിഘടന – അതേപോലെ നിലനിൽക്കുന്ന, അടിയുറച്ചു നിൽക്കുന്ന ഫ്യൂഡൽ ഭരണകാലത്തെ മുഴുവൻ ചിന്തകളെയും സംസ്കാരത്തെയും ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന തിരക്കിട്ട നിർമ്മിതിയിലാണ്.
മതം വിശ്വാസങ്ങൾ എന്നിവ മനുഷ്യ സമൂഹത്തിന്റെ നിത്യ ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള പ്രക്രിയയിൽ, നീതിന്യായ നിർവഹണത്തിൽ, ഉത്പാദന വിതരണ സമ്പ്രദായത്തിൽ, അതിന്റെ സാമ്പത്തിക രീതികളിൽ ലവലേശം പോലും പങ്കുകാരാകാൻ സാധിക്കില്ല.ഇനി ഏതെങ്കിലുമൊരു വ്യക്തി കാവിയുടുത്തുകൊണ്ടോ തൊപ്പിവെച്ചുകൊണ്ടോ നടത്തിയാൽ പോലും അയാളും കാപ്പിറ്റലിസ്റ്റ് വിപണിയുടെ സമ്പ്രദായത്തിലൂടെ ആവുന്ന സ്വത്തെല്ലാം തനിക്കാക്കി മാറ്റാൻ മാത്രമേ മുതിരൂ.
വളരെ കോമ്പ്ലിക്കേറ്റഡ് ആയ ഈ വിഷയത്തെ മനസ്സിലാക്കി ഏതെല്ലാം തരത്തിൽ രാഷ്ട്രീയവും സാംസ്കാരികവുമായ പ്രവർത്തനങ്ങൾ നടത്തിയെടുത്തു മനുഷ്യരിലെ ഐക്യം നിലനിർത്താനും സാമൂഹ്യ വികാസത്തെ മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്നതിൽ വിജയിക്കുന്നു എന്നതിനനുസരിച്ചായിരിക്കും മനുഷ്യ സമൂഹത്തിന്റെ വിജയം.