ചാള്‍സ് ഡാര്‍വിന്‍ എന്ന മഹാ പ്രതിഭ

0
47

Venu Gopal

ജീവന്‍റെ ഉത്ഭവത്തെകുറിച്ചുള്ള വിഷയത്തില്‍ ഇത്രയേറെ സ്വാധീനിക്കപ്പെട്ട ഇംഗ്ലീഷ് പ്രകൃതി ശാസ്ത്ര പണ്ഡിതനായ ഡാര്‍വിനേക്കാള്‍ മറ്റൊരു പ്രകൃതി ശാസ്ത്രപണ്ഡിതന്‍ ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല. ജീവി വര്‍ഗ്ഗങ്ങലെല്ലാം തന്നെ ഒരു പൊതുപൂര്‍വ്വികരില്‍ നിന്ന് കാലക്രമേണ പ്രകൃതിനിര്‍ദ്ധാരണം വഴി രൂപപ്പെട്ടുവന്നതാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും പ്രകൃതിനിര്‍ദ്ധാരണത്തെ അടിസ്ഥാനമാക്കി ജീവശാസ്ത്രത്തിന് തികച്ചും ആധികാരികതയോടെ ഒരു ഏകീകൃതമായ ശാസ്ത്രീയ സൈദ്ധാന്തിക അടിത്തറ നല്‍കികൊണ്ട് പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായി അഥവാ ജന്തുജീവജാലങ്ങളുടെ പരിണാമ ചരിത്രത്തെ സസ്യ ജീവശാസ്ത്രവുമായി കോര്‍ത്തിണക്കികൊണ്ട് ഒരു അടിത്തറ നല്‍കിയ അമരക്കാരന്‍ എന്ന നിലയില്‍ ഡാര്‍വിന്‍ ഇന്ന് ലോകം അറിയുന്നു.

അദ്ദേഹത്തിന്റെ സുപ്രസിദ്ധവും വിവാദം സൃഷ്ട്ടിച്ചതുമായ ഈ ശാസ്ത്രീയ വെളിപ്പെടുത്തലിലൂടെ ജീവന്‍റെ ഉല്പത്തിവിവരത്തെ സംബന്ധിച്ച് അന്നുതുടങ്ങി വെച്ച കോലാഹലങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ലായെങ്കിലും സസ്യജീവശാസ്ത്രമേഖല അദ്ദേഹം നല്‍കിയ അറിവുകളെ വളരെ ഉത്സാഹത്തോടെയും പൂര്‍ണ്ണമനസ്സോടെയും ഏറ്റെടുത്തുകൊണ്ട് അറിവിന്‍റെ പുതിയ തലങ്ങളിലെക്കുള്ള യാത്ര ശാസ്ത്രം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ജീവശാസ്ത്രത്തെയെന്നപോലെതന്നെ നരവംശശാസ്ത്രത്തെ കുറിച്ച്, സാമൂഹ്യചരിത്രത്തെകുറിച്ച്, മനുഷ്യച്ചരിത്രത്തെകുറിച്ചൊക്കെതന്നെയും പഠനം നടത്തുമ്പോള്‍ ചാള്‍സ് ഡാര്‍വിന്‍ എന്ന പ്രകൃതിശാസ്ത്രജ്ഞനെ ബഹുമാനിക്കാതെ മുന്നോട്ടു പോകുവാനാകില്ല. ചാള്‍സ് ഡാര്‍വിന്‍ 1809-1882 ഒരു കുലീനകുടുംബത്തിലെ അംഗമായിരുന്ന റോബര്‍ട്ട് വാറിംഗ് ഡാര്‍വിന്‍റെയും വ്യവസായിയായ ജോസിയ വേഡ്ഗ്ഗ് വൂഡിന്റെ മകളായ സൂസന്ന വേഡ്ഗവുഡിന്‍റെയും ആറുമക്കളില്‍ അഞ്ചാമനായി ബോബി എന്ന ഓമനപ്പേരില്‍ ചാള്‍സ് ഡാര്‍വിന്‍ ജനിച്ചു.

പിതാവ് പ്രസിദ്ധനായ ഒരു ഡോക്ടറും പണമിടപാടുകാരനുമായിരുന്നു. മുത്തച്ചന്‍, ഏറാസ്മസ് ഡാര്‍വിന്‍, ഉയര്‍ന്ന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അന്നത്തെ പ്രശസ്തനായ ഒരു ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു. ഡാര്‍വിന്റെ അമ്മ ഡാര്‍വിന് എട്ടുവയസ്സുള്ളപ്പോള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് മൂത്ത സഹോദരിമാരുടെ സംരക്ഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. സാമ്പത്തികമായി വളരെ ഉയര്‍ന്ന കുടുംബമായതിനാല്‍ ബാല്യകാലം വളരെ സുഖസൌകര്യങ്ങള്‍ നിറഞ്ഞതായിരുന്നു.

സ്കൂള്‍ പഠനത്തില്‍ വിമുഖത കാണിച്ചിരുന്ന ഡാര്‍വിന്‍ രസതന്ത്രത്തില്‍ അതീവ താല്‍പര്യം കാണിക്കുകയും ചെയ്തിരുന്നു. സത്യം മനസ്സിലാക്കാനുള്ള ഏക വഴി കൃത്യവും ക്രമവുമായ അന്വേഷണം അല്ലെങ്കില്‍ സൂഷ്മ പരിശോധന എന്നീ സമീപനങ്ങളിലൂടെ മാത്രമാണെന്ന ധാരണ വളര്‍ന്നു വന്നത് തന്‍റെ സഹോദരനായ ഏറാസ്സ്മസിനോടൊപ്പം വീടിന്റെ പിന്‍ഭാഗത്തുള്ള ഗാരേജില്‍ സൌകര്യപ്പെടുത്തിയ രസതന്ത്ര പഠനത്തിനുവേണ്ടിയുള്ള ലാബില്‍ ഏറാസ്മസ്സിന്‍റെ സഹായിയായി കൂടെ കൂടിയതാണ് എന്നാണു മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുള്ളത്. ലാബിലൂടെ നേടിയ പരീക്ഷണ നിരീക്ഷണപാടവം ചെറുപ്പത്തിലെ ഉണ്ടായിരുന്ന സസ്യശാസ്ത്ര പഠനത്തിലും പ്രകൃതി നിരീക്ഷണത്തിലും ഒരു ചിട്ടയോടുകൂടിയ നിരീക്ഷണത്തിനു സഹായിച്ചിരിക്കാം.

ഇതേ സമയത്താണ് തന്‍റെ വീടിനു തൊട്ടടുത്തായി സൌത്ത് അമേരിക്കയിലെ ഗയാനക്കാരനായ ജോണ്‍ എഡ്മണ്‍സ്റ്റണ്‍ എന്ന് പേരായ സ്വതന്ത്രനായ ഒരു കറുത്തവര്ഗ്ഗക്കാരന്‍ താമസിക്കാന്‍ വന്നത്. ജോണ്‍ ആകട്ടെ പക്ഷികളെയും മൃഗങ്ങളെയും സ്റ്റഫ്‌ ചെയ്തെടുക്കുന്നതില്‍ മിടുക്കനായിരുന്നു. അധികം താമസിയാതെ രണ്ടു പേരും സുഹൃത്തുക്കള്‍ ആകുകയും ജോണില്‍ നിന്ന് ഡാര്‍വിന്‍ പക്ഷികളെയും മൃഗങ്ങളെയും സ്റ്റഫ്‌ ചെയ്തെടുക്കുന്ന വിദ്യ പഠിക്കുകയും ചെയ്തു. ഈ അറിവ് പിന്നീട് ബീഗിള്‍ യാത്രയില്‍ വളരെ ഉപകരിച്ചിരുന്നു എന്ന് കാണാന്‍ സാധിക്കും.

അതോടൊപ്പം തന്നെ ചെറുപ്പത്തില്‍ വായിച്ച ലോകാത്ഭുതങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും പ്രകൃതി ശാസ്ത്രത്തെ കുറിച്ചുള്ള (ഇതില്‍ പ്രധാന പുസ്തകം റെവറന്റ് ഗില്‍ബര്‍ട്ട് വൈറ്റിന്റെ ‘നാച്ചുറല്‍ ഹിസ്റ്ററി ഓഫ് സെല്‍ബോണ്‍’ ആയിരുന്നു) പുസ്തകങ്ങളും വായിച്ചതില്‍ നിന്നായിരിക്കാം പ്രകൃതിസ്നേഹം ഇത്രയും കടുത്തതാക്കി മാറ്റുവാനുള്ള മറ്റൊരു കാരണം. അതിനൊരു കാരണം കൂടിയുണ്ട്. അദ്ദേഹത്തിന്റെ വേനലവധിക്കാലം മുഴുവന്‍ ചിലവഴിച്ചത് ബ്രിട്ടണിലെ വടക്കന്‍ വെയില്‍സ് എന്ന സ്ഥലത്തായിരുന്നു. ബ്രിട്ടണിലെ വശ്യസുന്ദരമായ പ്രദേശമായിട്ടാണ് ഈ ഭാഗത്തെ കണക്കാക്കുന്നത്. അപ്പോള്‍ പിന്നെ പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള ഉത്സാഹം ജനിച്ചില്ലായെങ്കിലെ അത്ഭുതമുള്ളൂ. അതുകൊണ്ടുതന്നെയായിരിക്കാം ഒരു സഞ്ചാരിയായി അതും കാല്‍നടയായിതന്നെ പ്രകൃതിഭംഗി വീക്ഷിച്ചും നിരീക്ഷിച്ചും പരിശോധിച്ചും ആസ്വദിച്ചുകൊണ്ടും മറ്റുള്ളവരില്‍നിന്നും വ്യത്യസ്ഥനായി ചുറ്റുപാടില്‍ നിന്നും കണ്ടുകിട്ടുന്ന, തന്‍റെ കാഴ്ചയില്‍ കൌതുകമുണര്‍ത്തുന്ന എന്തും ശേഖരിച്ചു വെക്കുവാനുമുള്ള ഒരു അസാധാരണ താല്‍പര്യം ഡാര്‍വിനില്‍ ജനിചിരിക്കാന്‍ സാദ്ധ്യത. അതില്‍ മുഖ്യമായും വിവിധതരം കക്കകളും പാറക്കല്ലുകളും പലതരം പ്രാണിവര്‍ഗ്ഗങ്ങളുമായിരുന്നു. ഇതുകാരണം കൊണ്ടുതന്നെ സ്കൂള്‍ പഠനവിഷയങ്ങളെക്കാള്‍ ഉത്സാഹം പ്രകൃതി നിരീക്ഷണത്തിലായിരുന്നു. പഠനത്തില്‍ ഉണ്ടായിവന്ന ഈ മടി മൂലം പിതാവില്‍ നിന്ന് നിരന്തരം ആക്ഷേപങ്ങളുയര്‍ന്നു. പഠിക്കാന്‍ പോയാല്‍ പഠിക്കില്ല പകരം പട്ടിയെയും പൂച്ചയെയും നായാട്ടു നടത്താനും അലഞ്ഞുതിരിഞ്ഞു നടക്കാനും മാത്രമേ അറിയൂ എന്നായിരുന്നു പിതാവിന്റെ പരാതി. നായാട്ടു നടത്താനുള്ള താല്‍പര്യം ജനിച്ചത്‌ തന്‍റെ അമ്മാവന്മാരിലൂടെയായിരുന്നു.

ലാറ്റിന്‍ ഗ്രാമറും ഗ്രീക്ക് ക്ലാസ്സിക്കും വഴങ്ങാതിരുന്ന ഡാര്‍വിന്‍ അങ്ങിനെ ഒന്‍പതാം വയസ്സില്‍ ഷ്രൂസ്ബറിയിലെ റെവറന്റ് ബട്ട്ലര്‍ സ്കൂളില്‍ തുടങ്ങിയ പഠനം അവസാനിപ്പിച്ചുകൊണ്ട് പതിനാറാം വയസ്സില്‍ സ്കോട്ട്ലാന്‍ഡിലെ എഡിന്‍ബര്‍ഗ്ഗ് യൂണിവേര്‍‌സിറ്റിയില്‍ മെഡിസിന് ചേര്‍ന്നു. പിതാവിന്‍റെ ആഗ്രഹായിരുന്നു ഡാര്‍വിനെ തന്നെപ്പോലെതന്നെ ഒരു ഡോക്ടറാക്കി മാറ്റുക എന്നത്. അപ്പോഴും എന്തുകണ്ടിട്ടാണ് പിതാവ് എന്നെ ഒരു ഡോക്ടര്‍ ആകാന്‍ തീരുമാനിച്ചതെന്ന് ചിന്തിക്കുമായിരുന്നു സ്വാഭാവികം, മെഡിസിന്‍ പഠനവും ഡാര്‍വിനെ സംബന്ധിച്ചിടത്തോളം മടുപ്പുളവാക്കുന്ന ഒന്നായിരുന്നു കൂടാതെ ശസ്ത്രക്രിയകള്‍ നടത്തുന്നത് കാണാനുള്ള മനോധൈര്യവും ഉണ്ടായിരുന്നില്ല. അന്ന് ഇന്നത്തെ പോലെ വേദനാസംഹാരികളോ ബോധം കെടുത്തിയോ ആയിരുന്നില്ല ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. ഡാര്‍വിന്‍ മെഡിസിനില്‍ ശ്രദ്ധ കൊടുക്കുന്നില്ലെന്നുള്ള അറിവ് പിതാവ് ഒരു സാഹചര്യത്തില്‍ സ്വയം മനസ്സിലാക്കുകയും സഹോദരിമാര്‍ വഴി അറിയുകയും ചെയ്തതോടെ പിതാവ് തന്നെ ഡാര്‍വിന്റെ മെഡിസിന്‍ പഠനവും ഉപേക്ഷിപ്പിച്ചു പുരോഹിതനാകുവാന്‍ നിര്‍ദ്ദേശിച്ചു (മടിയനായ ഡാര്‍വിന്‍ ഒന്നിനും കൊള്ളാത്തവന്‍ പുരോഹിതനാകട്ടെ എന്ന് പിതാവ് ഉദ്ദേശിച്ചു കാണില്ല. ഒരു പക്ഷെ അതായിരിക്കും ഡാര്‍വിന് ഏറ്റവും യോജിച്ച മേഖല എന്ന് അദ്ദേഹം സ്വയം തീരുമാനിച്ചു കാണും) അതെ സമയം അന്വോഷണകുതുകിയായ ഡാര്‍വിനാകട്ടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ ആശയ സംഹിതകളില്‍ മനശ്ചാഞ്ചല്ല്യവും ഉണ്ടായിരുന്നു. (മാതാവ് സൂസന്ന അദ്വൈതവാദിയും പിതാവ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്‍റെ പക്ഷവും ആയിരുന്നു) തീരുമാനങ്ങള്‍ക്കൊടുവില്‍ ഡാര്‍വിന്‍ പുരോഹിതനാകുവാന്‍ തന്നെ തീരുമാനിച്ചു. അങ്ങിനെ കേംബ്രിഡ്ജില്‍ ദൈവശാസ്ത്രം പഠിക്കാന്‍ ചേരുകയും ചെയ്തു. തിയോളജിയില്‍ ബിരുദം നേടുവാന്‍ അന്ന് ബി എ ഓണേഴ്സ് എടുക്കണമായിരുന്നു. തുടര്‍ന്ന്, ബി എ പൂര്‍ത്തീകരിച്ചുവെങ്കിലും തിയോളജി ട്രെയിനിങ്ങിനു പോയില്ല. അപ്പോഴും പ്രകൃതിനിരീക്ഷണവും സസ്യശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ വന്ന താല്പര്യങ്ങളും ഉപേക്ഷിക്കാതെ തുടരുകതന്നെ ചെയ്തു.

കോളേജ് പഠനകാലത്താണ് കേംബ്രിഡ്ജ് യൂണിവേര്‍‌സിറ്റിയിലെ രണ്ടു പ്രമുഖരായ പ്രൊഫസര്‍മാരുമായി സൌഹൃദം സ്ഥാപിക്കുന്നത്. അത് തുടര്‍ന്നുള്ള വലിയൊരു യാത്രയുടെ വഴിത്തിരിവായി മാറുമെന്നു സ്വപ്നത്തില്‍പ്പോലും ഡാര്‍വിന്‍ കണ്ടുകാണില്ല. പുരോഹിതനാകാന്‍ ചെന്നുപെട്ട അദേഹത്തിന്‍റെ സൌഹൃദം അന്നത്തെ പ്രശസ്തരായ ജിയോളജിസ്റ്റ് ആദം സെഡ്വിക്കും ബോട്ടണിസ്റ്റ് ജോണ്‍ ഹെന്‍സ്ലോ എന്നിവരിലേക്കുമായിരുന്നു. മിക്കവാറും എല്ലാ ക്ലാസുകളും പങ്കെടുക്കാതിരുന്ന ഡാര്‍വിന്‍ പക്ഷെ, ബോട്ടണി പ്രോഫസ്സരായിരുന്ന ഹെന്‍സ്ലോയുടെ ക്ലാസുകള്‍ ഒന്നും തന്നെ മുടക്കുമായിരുന്നില്ല. ഡാര്‍വിനെ പ്രശസ്തിയുടെ പടവുകളിലേക്ക് കൈപിടിച്ചുയര്‍ത്തിയവരില്‍ പ്രമുഖസ്ഥാനം ഹെന്‍സ്ലോക്ക് തന്നെയാണ്. അന്നത്തെ പ്രോഫസ്സര്‍മാര്‍ തമ്മില്‍ തമ്മില്‍ ഡാര്‍വിനെ വിളിച്ചിരുന്നത്‌ “പ്രോഫസ്സര്‍ ഹെന്‍സ്ലോയുടെ കൂടെ നടക്കുന്ന ആള്‍” എന്നായിരുന്നു. ഒരു നിഴല്‍ പോലെ, അത്രയും ഊഷ്മളമായ അടുപ്പമായിരുന്നു അവര്‍ തമ്മില്‍.

തുടര്‍ന്നായിരുന്നു ഹെന്‍സ്ലോ ഡാര്‍വിനെ ജിയോളജി പഠിക്കുവാന്‍ പ്രേരിപ്പിച്ചത്. ഇതേ സമയത്തുതന്നെയായിരുന്നു പ്രോഫസ്സര്‍ ആദം സെഡ്വിക്ക് ഒരു ജിയോളജിക്കല്‍ പര്യവേഷണത്തിനായി വടക്കന്‍ വെയില്‍സിലെ പഴക്കമേറിയ പാറക്കെട്ടുകളില്‍ ഒരു അന്വോഷനത്തിനായി തയ്യാറാകുന്നത്. അദ്ദേഹത്തെ അനുഗമിക്കാനായിരുന്നു പ്രൊഫസര്‍ ഹെന്‍സ്ലോ ഡാര്‍വിനെ നിര്‍ദ്ദേശിച്ചത്. അങ്ങിനെയാണ് ഹെന്‍സ്ലോ ഡാര്‍വിന്റെ പ്രിതൃഗ്രിഹത്തില്‍ വന്നു താമസിച്ചുകൊണ്ട് വടക്കന്‍ വെയില്‍സില്‍ ജിയോളജിക്കല്‍ പര്യവേഷണം നടത്തുന്നത്. ഡാര്‍വിന്‍ അദ്ദേഹത്തിന്‍റെ പര്യവേഷണത്തോടൊപ്പം സദാസമയവും അനുഗമിച്ചിരുന്നു. ദിവസങ്ങളുടെ പര്യവേഷണത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ഡാര്‍വിനെയും കാത്ത് ഹെന്‍സ്ലോയുടെ കത്ത്. കത്തിലെ ക്ഷണം ഇതായിരുന്നു. റോയല്‍ നേവി ഷിപ്പിന്റെ ക്യാപ്റ്റന്‍ ഫിറ്റ്സ്രോയ് ബീഗിള്‍ സൌത്ത് അമേരിക്കന്‍ യാത്രയില്‍ തന്നോടൊപ്പം അനുഗമിക്കുവാന്‍ തന്‍റെ കാബിന്റെ ഒരു ഭാഗം സൌജന്യമായിതന്നെ പങ്കിടുവാനും ഒരു പ്രകൃതി ശാസ്ത്രജ്ഞനെതന്നെ അതിലേക്കായി കൂട്ടുവാനും താല്പര്യപ്പെടുന്നു. അതിലേക്കു ഡാര്‍വിന്റെ പേരാണ് ഞാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്! ആദ്യത്തെ എതിര്‍പ്പ് സാധാരണപോലെ തന്നെ പിതാവില്‍ നിന്നായിരുന്നു. ഒരു ബുദ്ധിശൂന്യമായ കാര്യമായിട്ടാണ്‌ ഡാര്‍വിന്റെ പിതാവിന് ഈ യാത്രയെ സംബന്ധിച്ച് തോന്നിയത്. പക്ഷെ ബന്ധുക്കളുടെ ഇടപെടല്‍ മൂലം ഈ യാത്രക്ക് പിതാവ് അവസാനം സമ്മതിക്കുകയായിരുന്നു.

1831 ഡിസംബര്‍ 26നു യാത്ര തിരിക്കെണ്ടിയിരുന്ന എച് എം എസ് (ഹിസ്‌ മജെസ്റ്റി ഷിപ്പ്) ബീഗിള്‍ കപ്പല്‍, പക്ഷെ, കപ്പല്‍ ജോലിക്കാര്‍ പകുതിയും ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തു ക്ഷീണിതരായാതിനാല്‍ അടുത്ത ദിവസം 27നു രാവിലെയാണ് പ്ലൈമൂത്ത് ഹാര്‍ബറില്‍ നിന്ന് 71 പേരടങ്ങിയ കപ്പല്‍ ജോലിക്കാരുമായി റോയല്‍ നേവി ഷിപ്പിന്റെ രണ്ടു വര്‍ഷത്തെ പര്യവേഷണയാത്ര തുടങ്ങിയത് എങ്കിലും ആ യാത്ര അഞ്ചുവര്‍ഷം നീണ്ടു നിന്നു.. എച് എം എസ് ബീഗിളിനെ സംബന്ധിച്ചിടത്തോളം ഈ യാത്ര രണ്ടാമത്തേതും ആയിരുന്നു. ബീഗിള്‍ യാത്ര കമ്മിഷന്‍ ചെയ്തത് അഡ്മിറല്‍ ഫ്രാന്‍സിസ് ബ്യൂഫോര്‍ട്ട്‌ ആയിരുന്നു. സൌത്ത് അമേരിക്കന്‍ ജലപാതയുടെയും തീരപ്രദേശങ്ങളുടെയും സര്‍വേ നടത്തി ബ്രിട്ടീഷ് നേവിക്കുവേണ്ടി സുരക്ഷിതമായ കപ്പല്‍ യാത്രകള്‍ക്കുള്ള വഴിയൊരുക്കുക എന്നതായിരുന്നു ലക്‌ഷ്യം. കടുത്ത വിശ്വാസിയായിരുന്ന ഫിറ്റ്സ്രോയ് ഈയാത്രയില്‍ മിഷനറി പ്രവര്‍ത്തനത്തിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഈ യാത്രയോടെയാണ് മൂന്നു വാല്യങ്ങള്‍ ഉള്ള Narrative of the Surveying Voyages of His Majesty’s Ships Adventure and Beagle ഫിറ്റ്സ്രോയ് എഴുതി തീര്‍ത്തത്. ഒന്നും രണ്ടും വാള്യങ്ങള്‍ ഫിറ്റ്സ്രോയ് ഒറ്റക്കും മൂന്നാമത്തേത് ഡാര്‍വിനുമായി ചെര്‍ന്നുകൊണ്ടും എഴുതി തീര്‍ത്തു. അപ്പോഴും മറ്റൊരു പുസ്തകം ലോക ചരിത്രം മാറ്റിയെഴുതാന്‍ പാകത്തില്‍ ഡാര്‍വിന്റെ മസ്തിഷ്കത്തില്‍ ബീജം കൊണ്ടിരുന്നു. ജലപാതയുടെയും തീരപ്രദേശത്തെയും സര്‍വ്വേ പഠനത്തിനായി കണ്ട കാര്യങ്ങള്‍ അതെ പടി പകര്‍ത്തിയെഴുതാന്‍ ഫിറ്റ്സ്രോയ് സമയം ചിലവഴിച്ചപ്പോള്‍ മനുഷ്യ ചരിത്രത്തിന്റെയും ജീവ പരിണാമ ചരിത്രത്തിന്റെയും മുഴുവന്‍ പാതകളുടെ അടഞ്ഞുകിടന്നിരുന്ന സത്യങ്ങളുടെ ഒരു വന്‍ സര്‍വ്വേ തന്നെയായിരുന്നു ഡാര്‍വിന്റെ മസ്തിഷ്കത്തിലൂടെ ഈ യാത്രയില്‍ കടന്നുപോയ്ക്കൊണ്ടിരുന്നത്. ശാസ്ത്ര ലോകത്തിനു ലഭിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ മഹത് വ്യക്തിയെയാണ് ബീഗിള്‍ യാത്ര ലോകത്തിനു സമ്മാനിച്ചത്‌.

ചാള്‍സ് ഡാര്‍വിന്‍ എന്ന മഹാ പ്രതിഭ തന്‍റെ സ്വയം പരിണാമം അവസാനിച്ചു ലോകത്തോട്‌ വിടപറഞ്ഞത് ഏപ്രില്‍ 19 1882 ഇല്‍ ആയിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ബഹുമാനാര്‍ത്ഥം ഡാര്‍വിന്റെ ഭൌതികശരീരത്തെ വെസ്റ്റ്മിനിസ്റ്റര്‍ അബ്ബെയില്‍ ജോണ്‍ ഹെര്‍ഷളിന്റെയും ആല്‍ബര്‍ട്ട് ഐന്‍സ്റീന്‍ന്‍റെയും ശവകുടീരത്തിനു തൊട്ടടുത്തുതന്നെ അടക്കം ചെയ്തു ആദരവ് പ്രകടിപ്പിച്ചു.