ജന്മിത്വകാലത്തെ മനോഭാവങ്ങൾ നമ്മുടെ വ്യക്തി-കുടുംബ-സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക തലങ്ങളിൽ നിന്ന് എന്നാണു ഇല്ലാതാകുക

0
390

എഴുതിയത്  : Venu Gopal

ഭാഷാ ഭ്രാന്തും ദേശീയവാദങ്ങളും പാരമ്പര്യ വാദങ്ങളും ജാതിമത ഭ്രാന്തുകളും ആചാരാനുഷ്ഠാനങ്ങളുടെയും മറ്റും ഭ്രാന്തുകളുടെയും കക്ഷി രാഷ്ട്രീയ ഭ്രാന്തുകളുടെയും ഒരു കൂത്തരങ്ങാണ് ഇന്ത്യയിലെ വ്യക്തി-കുടുംബം-സമൂഹം. നിസ്സാരമായ ഒരു പ്രശ്നം മതി അത് ആളിക്കത്താൻ. ഈ ഭ്രാന്തുകൾ ദേശീയ സ്വാതന്ത്ര്യസമരകാലത്തും ഉണ്ടായിരുന്നു എങ്കിലും ഇന്നത് വർദ്ധിതമായ തോതിൽ നടക്കുകയും പാർലിമെന്ററി നേട്ടങ്ങൾക്കുവേണ്ടി നടത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

നമ്മുടെ വിദ്യാഭ്യാസത്തിലൂടെ അതിൽ യാതൊരു കുറവും ഉണ്ടായിട്ടില്ലെന്നുമാത്രമല്ല നിരന്തരമായി വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്രമാത്രം അശക്തമാണ് ഇന്ത്യൻ കക്ഷി രാഷ്ട്രീയങ്ങൾ. അശക്തമെന്നു മാത്രമല്ല ഭ്രാന്തന്മാരുമാണ്. അതിൽ ഇന്നയിന്ന പ്രസ്ഥാനമെന്നൊന്നുമില്ല. വളരെ ഉന്നത സംസ്കാരം പുലർത്തേണ്ടുന്ന ഇടതു-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ പോലും ആ ഭ്രാന്ത് എല്ലാ പരിധികളും വിട്ടു സാമൂഹ്യ ദ്രോഹത്തിന്റെ അങ്ങേത്തലത്തിലേക്കു നീങ്ങുന്നത് അനുഭവം കൊണ്ട് ഏവരും പഠിച്ചുകാണും. എന്നിട്ടും നിവൃത്തിയില്ലാതെ എല്ലാവരെയും സഹിക്കുകതന്നെയാണ് ചെയ്യുന്നത്.

കൂടാതെ ജനദ്രോഹപരമായ രാഷ്ട്രീയങ്ങളെ ചോദ്യം ചെയ്യാൻ പോലും അശക്തമാണ് ഇന്ത്യൻ സാമൂഹ്യജീവിതത്തിൽ സാധാരണക്കാരുടെ നിവർത്തികേട്‌. സ്വന്തം ജീവിതം തന്നെ ഒരുവട്ടമെത്തിക്കാൻ പെടാപാടുപെടുന്ന ആ സാധാരണക്കാർക്കെന്തു സ്വാതന്ത്ര്യം? ഭീഷണിയും ദേഹോപദ്രവങ്ങളും ആ സാധാരണക്കാർക്ക് താങ്ങാൻ കഴിവുള്ളതല്ല. ഒരു നേരം തൊഴിൽ വരുമാനം നിലച്ചാൽ അവരുടെ ഒരു മാസത്തെ സർവ്വ പദ്ധതികളിലും ഗതികെട്ടുപോകുന്ന സ്ഥിതിയാകുമ്പോൾ എന്തുകണ്ടാലും കേട്ടാലും കണ്ണടച്ച് നീങ്ങേണ്ട ഗതികേട് വരുന്ന ഒരു സമൂഹത്തെ കുറിച്ച് ആലോചിച്ചു നോക്കൂ..

എന്ത് സ്വാതന്ത്ര്യവും സുരക്ഷിതവുമാണ് ആ സമൂഹത്തിൽ ഉണ്ടാവുക?

എല്ലാ തോന്നിയവാസങ്ങളും ഏറ്റുപാടാനും ജനദ്രോഹങ്ങൾ നടത്തിയെടുക്കാൻ ഒരു പറ്റം അണികൾ ഈ ദ്രോഹങ്ങൾക്കു കുടപിടിക്കുകയും ചെയ്താലോ? അതിന്റെ തീവ്രത വർദ്ധിക്കുകയേയുള്ളൂ.

അങ്ങിനെയൊരു ജീർണ്ണിതമായ സാഹചര്യത്തിലാണ് സാംസ്കാരികതലങ്ങളിൽ ഉയർന്ന നിലകളിൽ നിൽക്കുന്നവർ ആൾക്കൂട്ട ആക്രമങ്ങൾക്കെതിരെ പ്രതികരിച്ചത്..

അവർക്കെതിരെ കേസെടുക്കുക എന്നാൽ നിങ്ങൾക്ക് ഊഹിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ…

അതായത് അനീതിക്കെതിരെ ശബ്ദിക്കാൻ പോലും പാടില്ലെന്ന് പറയുന്ന ഒരു രാഷ്ട്രീയ നിലപാട് ഒരു രാജ്യത്ത് ഉയരുന്നു എങ്കിൽ ആ രാജ്യത്തിന്റെ യശസ്സും പരസ്പര ബഹുമാനവുമാണ് അതിലൂടെ നഷ്ടപ്പെടുന്നത്. ജീവിത സുരക്ഷയും സ്വാതന്ത്ര്യവുമാണ് നഷ്ടപ്പെടുന്നത്…

ഏതൊരു കക്ഷി രാഷ്ട്രീയപ്രസ്ഥാനങ്ങളും ഈ കാര്യം മനസ്സിലാക്കിയാൽ നന്ന്..

ജന്മിത്വ ഭരണകാലത്തെ അതേ മനോഭാവങ്ങൾ എന്നാണു നമ്മുടെ വ്യക്തി-കുടുംബ-സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക തലങ്ങളിൽ നിന്ന് ഇല്ലാതാവുക??!!