നാല് പ്രതികളെ വെടിവെച്ച വിഷയത്തെ സല്യൂട്ട് ചെയ്തത് പോലീസ് ജുഡീഷ്യറി നിയമം കയ്യിലെടുത്തു നടത്തിയ കൃത്യങ്ങളെ ഒട്ടും മനസ്സിലാകാതല്ല

165

Venu Gopal

പോലീസ് ജുഡീഷ്യറി നിയമം കയ്യിലെടുത്തു നടത്തിയ കൃത്യങ്ങളെ ഒട്ടും മനസ്സിലാകാതല്ല, അതിലെ ജനാധിപത്യ വ്യവസ്ഥിതിയിൽ നടത്തിയെടുക്കേണ്ടുന്ന തീർപ്പുകളെയും മനസ്സിലാകാതല്ല ഇന്ന് രാവിലെ നാല് പ്രതികളെ വെടിവെച്ച വിഷയത്തെ സല്യൂട്ട് ചെയ്തത്. ജനാധിപത്യത്തിലെ പ്രതീക്ഷയുടെ യാതൊരു നടപടികളും ദശകങ്ങളായി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക നീതിന്യായ രംഗത്തുനിന്നും ഉണ്ടാകുന്നുമില്ല. ദീര്ഘവീക്ഷണത്തോടെ നടത്തിയെടുക്കേണ്ടുന്ന യാതൊരു സംരക്ഷണ നടപടികളും ഈ പറഞ്ഞ രംഗങ്ങളിൽനിന്നും ഉണ്ടാകുന്നില്ല.

ഏതുസമയത്തും ഏതൊരു പുരുഷന്മാരെപോലെതന്നെ സ്ത്രീകളും കുട്ടികളും വൃദ്ധരായവരും ആക്രമിക്കപ്പെടുന്നു. അതും യാതൊരു ദയയും പരിഗണിക്കാത്ത വിധത്തിൽ തന്നെ നിസ്സഹായരായവർ മർദ്ധനങ്ങൾക്കിരകളായി മാറുന്നുണ്ട്. അവിടെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ജനങ്ങളുടെ ജീവനെയും ജീവിതത്തെയും ഹനിക്കുകയും ചെയ്യുന്നുണ്ട്.

ഹൈദരാബാദിലെ സംഭവം നടന്ന അതേ ആഴ്ചയിൽ തന്നെ ഉന്നാവോ സംഭവത്തിലെ ഇരയും ചുട്ടു കത്തിക്കലിന് ഇരയായി. ഇതുപോലെ വാർത്താപ്രാധാന്യം ലഭിക്കാതിരുന്ന അനവധി കേസുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സംഭവങ്ങളും പത്രങ്ങളുടെ അപ്രധാനമായ പേജുകളിൽ സ്ഥാനം പിടിച്ചെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. ഒപ്പം തന്നെ ഭരണകൂടവും നിരപരാധികളെ തടങ്കലിൽ വെക്കുകയും വെടിവെപ്പിലൂടെ കൊന്നൊടുക്കിയ വാർത്തകളും ഏതാനും ആഴ്ചകൾക്കു മുൻപുണ്ടായി. മറ്റൊരു അന്വേഷണത്തിൽ മാവോവാദി ഭീകരവാദം എന്ന പേരിൽ കൊന്നൊടുക്കിയവർ മാവോ വാദികൾ അല്ലായിരുന്നു എന്ന സത്യാവസ്ഥയും പുറത്തുവന്നിരിക്കുന്നു.

ഇനി ജനങ്ങളുടെ ഭാഗത്തുനിന്നുകൊണ്ടു ചിന്തിക്കുക. എവിടെയാണ്, ആരുടെ രാഷ്ട്രീയങ്ങളാണ്, ആരുടെ സാമ്പത്തിക രാഷ്ട്രീയ നയങ്ങളാണ് ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക സ്ഥലത്തെ ഇത്രയധികം ജീർണ്ണിപ്പിക്കുന്നത് എന്നതിന് ജനങ്ങളോട് അവർക്കു മനസ്സിലാകുന്ന ഭാഷയിൽ, അവരുടെ ജീവിതത്തിന്റെ സകലമാന ഇടങ്ങളിലും നീതി നിഷേധം, സ്വാതന്ത്ര്യ നിഷേധം, സുരക്ഷിതമായ ജീവിത മാർഗ്ഗങ്ങൾ സകലതും അടച്ചു ജീവിതത്തിനു യാതൊരു സുരക്ഷയും നൽകാതിരിക്കുന്നത് എന്ന കാര്യം മനസ്സിലാക്കിപ്പിക്കുക. എന്തിനും ഏതിനും ഒരു കാരണമുണ്ടായിരിക്കും എന്നത് തീർച്ച.

സാമൂഹ്യ ജീർണ്ണതയ്ക്കും തോന്നിയവാസങ്ങൾക്കും സ്ത്രീകൾക്ക് നേരെയുള്ള സർവ്വതരത്തിലുമുള്ള അക്രമങ്ങൾക്കും ലഹരി ഉപയോഗങ്ങൾക്കും ബ്ലൂ ഫിലിം പ്രചാരണങ്ങൾക്കും ആചാര വിശ്വാസ പ്രചാരണങ്ങൾക്കും യാതൊരു നിയന്ത്രണവുമില്ലാതെ വൻപ്രചാരങ്ങളും ജനങ്ങൾ നോക്കിനിൽക്കെ തന്നെ, ഒരുവിധത്തിൽ പറഞ്ഞാൽ ജനങ്ങളുടെ പകുതി സമ്മതത്തോടെ തന്നെ നടത്തിയെടുക്കാൻ തക്ക വിധത്തിൽ അവരുടെ സാംസ്കാരിക നിലവാരത്തെയും ജീർണ്ണിപ്പിച്ചിരിക്കുന്നു. അക്രമം കണ്ടാൽ ജനങ്ങൾക്ക് നോക്കിനിൽക്കാൻ മാത്രമേ കഴിയുന്നുള്ളൂ. ജനങ്ങൾക്ക് ഭയമാണ് അനീതിക്കെതിരെ സംസാരിക്കാൻ. തുടർന്നുണ്ടാകുന്ന നൂലാമാലകൾ ഏവരുടെയും ജീവിതത്തെ തന്നെ തകർക്കുമെന്ന തരത്തിൽ ഇടതുവലതു വ്യത്യാസമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു. അപ്പോൾപിന്നെ ആര് ശബ്ദിക്കാൻ?

കുറ്റം ചെയ്തവർ തന്നെ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി വളരെയെളുപ്പത്തിൽ ഇറങ്ങിപോരുന്ന കാഴ്ചകളും കാണുന്നു. അപ്പോൾ പിന്നെ നീതിയും നിയമവും ആരുടെ പക്ഷത്തായി മാറുന്നു? ആരാണ് ഇര? ആരാണ് പ്രതി? ആരാണ് കുറ്റക്കാരൻ? ആരാണ് നിരപാരാധി? ഇവിടെ, ഇന്ത്യയിൽ പെൺകുട്ടികളുടെ ജീവിതത്തിനു യാതൊരു വിലയുമില്ലെന്നോ? വൈകാരികമായിട്ടുതന്നെയാണ് രാവിലെ ആ വാർത്ത കേട്ടപ്പോൾ പ്രതികരിച്ചത്. നിർഭയക്ക് മുന്നേ തുടങ്ങി നിർഭയയിലൂടെ അഹമ്മദാബാദ് പെൺകുട്ടിയിലൂടെ ഉന്നാവോ ഇരയിലൂടെ നമ്മൾ കണ്ട ജനാധിപത്യവും നിയമ സംരക്ഷണവും എന്താണ്? എവിടെയാണ് പിഴക്കുന്നത്? കാരണമെന്താണ്? ഹിന്ദി ഭാഷ അറിയാവുന്നവർ ഈ വീഡിയോ ഒരല്പനേരം കേൾക്കുക.